Image

കോവിഡ് മരണത്തിന് അരലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ നല്‍കണം; മാര്‍ഗ്ഗരേഖ സുപ്രീംകോടതിക്ക് നല്‍കി

Published on 22 September, 2021
കോവിഡ് മരണത്തിന് അരലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ നല്‍കണം; മാര്‍ഗ്ഗരേഖ സുപ്രീംകോടതിക്ക് നല്‍കി
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗ്ഗരേഖ സുപ്രീംകോടതിക്ക് കൈമാറി.

കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പുറത്തിറക്കിയ മാര്‍ഗ്ഗരേഖ പ്രകാരം കോവിഡ് കാരണം മരണം എന്ന് രേഖപെടുത്തിയ മരണങ്ങള്‍ക്ക് മാത്രമേ സഹായം ലഭിക്കൂ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മരണപ്പെട്ടവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന കോവിഡ് മരണങ്ങള്‍ക്കും ഈ മാര്‍ഗരേഖ പ്രകാരം നഷ്ടപരിഹാരം നല്‍കും

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം സാമ്പത്തിക സഹായത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള മാര്‍ഗ്ഗരേഖ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയത്.

സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് സഹായം നല്‍കുന്നതിനുള്ള തുക വിതരണം ചെയ്യേണ്ടത്. സംസ്ഥാന അതോറിറ്റി തയ്യാറാക്കിയ ഫോമിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ജില്ലാ ദുരന്ത നിവാരണ ആതോറിറ്റി പരിശോധിക്കും. അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും മാര്‍ഗ്ഗ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക