Image

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാഷിംഗ്ടണിൽ ഉജ്വല വരവേൽപ്പ്

Published on 23 September, 2021
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാഷിംഗ്ടണിൽ ഉജ്വല വരവേൽപ്പ്
വാഷിംഗ്ടൺ, ഡി.സി: 
 
പ്രസിഡന്റ് ജോ ബൈഡൻ വിളിച്ചുചേർത്ത ക്വാഡ്  (Quadrilateral Security Dialogue) ഉച്ചകോടിയിൽ പങ്കെടുക്കാനും മറ്റു ലോക നേതാക്കളുമായി  ചർച്ചകൾ നടത്താനും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തി.
 
 
ബുധനാഴ്ച വൈകുന്നേരം വിഐപികൾ ഉപയോഗിക്കുന്ന വാഷിംഗ്ടണിന് പുറത്തുള്ള സൈനിക വിമാനത്താവളമായ ജോയിന്റ് ബേസ് ആൻഡ്രൂസിൽ ഇറങ്ങിയ  അദ്ദേഹത്തെ യുഎസ് ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്രജ്ഞരും ഇന്ത്യൻ പ്രവാസികളുറെ വൻ നിരയും  സ്വാഗതം ചെയ്തു.
 
അഞ്ച്‌ ദിവസത്തെ സന്ദർശനത്തിനായി എത്തിയ പ്രധാന മന്ത്രിയെ   സ്വീകരിക്കാൻ കനത്ത മഴ വക വയ്ക്കാതെ ആയിരങ്ങളാണു   വിമാനത്താവളത്തിലെത്തിയത്.
 
വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ സമൂഹത്തിന്റെ  ഹൃദ്യമായ സ്വീകരണത്തിന് നന്ദി അറിയിച്ച് മോദി ട്വീറ്റ് ചെയ്തു.  പ്രവാസികൾ നമ്മുടെ ശക്തിയാണ്. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾ എങ്ങനെ വേറിട്ടുനിൽക്കുന്നു എന്നത് പ്രശംസനീയമാണ്
 
വെള്ളിയാഴ്ച, പ്രസിഡണ്ട്   ബൈഡനുമായി കൂടിക്കാഴ്ച  നടത്തും.
 
ചർച്ചയിൽ അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെത്തുടർന്ന് നിലവിലെ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും  തീവ്രവാദവും  അതിർത്തി കടന്നുള്ള തീവ്രവാദവും ആഗോള ഭീകര ശൃംഖലകളെ പൊളിച്ചെഴുതുന്നതും  വിഷയമാകുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശ്രിംഗല  ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 
 
ഇന്ത്യൻ വംശജയായ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഓസ്‌ട്രേലിയയിലെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാനിലെ യോഷിഹിഡ് സുഗ എന്നിവരുമായും മോദി   കൂടിക്കാഴ്ച നടത്തും.
 
"ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയ്ക്കിടയിലുള്ള ക്വാഡ് പങ്കാളിത്തം  വിപുലപ്പെടുത്തുമെന്ന് പ്രസിഡന്റ്  ബൈഡൻ ചൊവ്വാഴ്ച യുഎന്നിൽ പറഞ്ഞു.
 
ക്വാഡിന്റെ ആദ്യ  ഉച്ചകോടിയാണിത്.
 
തന്റെ "മെയ്ക്ക് ഇൻ ഇന്ത്യ" പദ്ധതിക്ക് വേണ്ടി ബിസിനസ്സ് നേതാക്കളുമായും നിക്ഷേപകരുമായും മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
 
നേരത്തെ  വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്ത  മോദി  ലോകരാജ്യങ്ങൾ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ പരസ്‌പരം അംഗീകരിക്കുക വഴി അന്താരാഷ്‌ട്ര യാത്രികർക്ക് യാത്രാസൗകര്യം സുഖകരമാകുമെന്ന് പറഞ്ഞു. ഫൈസർ വാക്‌സിൻ വാങ്ങുന്നത് ഇരട്ടിയാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്‌താവന സ്വാഗതം ചെയ്തു.
 
150ലധികം രാജ്യങ്ങൾക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യ വിതരണം ചെയ്‌തുവെന്ന് അറിയിച്ച പ്രധാനമന്ത്രി മനുഷ്യരാശിയെ ഇന്ത്യ ഒരു കുടുംബമായാണ് കാണുന്നതെന്ന് പ്രതികരിച്ചു. ആദ്യ ഡിഎൻഎ അധിഷ്‌ഠിത വാക്‌സിൻ ഉൾപ്പടെ രണ്ട് തദ്ദേശീയ വാക്‌സിനുകൾ ഇന്ത്യ ഇതിനകം വികസിപ്പിച്ചതായും ഇവ അനുമതിയ്‌ക്കായി കാക്കുകയാണെന്നും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക