ഓണത്തിന്നോർമ്മകൾ കുമ്മിയടിക്കുമ്പോൾ (രജനി ഹരിദാസ്-കഥ)

Published on 24 September, 2021
ഓണത്തിന്നോർമ്മകൾ കുമ്മിയടിക്കുമ്പോൾ (രജനി ഹരിദാസ്-കഥ)

"അമ്മയ്ക്ക് തിരുവാതിരക്കളി അറിയാമോ ?"
കറിക്ക് കഷ്ണം നുറുക്കി കൊണ്ടിരിയ്ക്കയായിരുന്ന ഞാൻ മോളുടെ പെട്ടെന്നുള്ള ഈ ചോദ്യം കേട്ട് അല്പനേരം ഒന്ന് അമ്പരന്നു നിന്നു. എന്തുചോദ്യാണ് ഇവൾ ചോദിക്കുന്നത്. ഒരു കാലത്ത് ഓണസദ്യ പോലെ തന്നെ പ്രധാനമായിരുന്ന ആ തിരുവാതിരക്കളിയെക്കുറിച്ചാണ് അവളുടെ ചോദ്യമെന്ന് അവൾക്കറിയില്ലല്ലോ. ആദ്യമായി തിരുവാതിരക്കളി കളിക്കുന്നതിന്റെ ത്രില്ലിലാണ് അവളുടെ ചോദ്യം. എനിക്ക് അതൊന്നും പരിചയമില്ല എന്നൊരു ചോദ്യമുന എന്റെ ഓർമ്മകളുടെ കലമുടച്ചു കളഞ്ഞു. എത്രയേറെ നിറമുള്ള ഓണത്തിന്നോർമ്മകളാണ് അതിൽ നിന്നും പുറത്തേക്ക് വന്നത്.
അന്ന് തിരുവോണ സദ്യയുണ്ട് കഴിഞ്ഞാൽ അമ്മയുടെ വീട്ടിൽ പോകുന്ന പതിവുണ്ടായിരുന്നു. പാലക്കാടൻ കാറ്റ് ഞങ്ങളെ ഊറ്റിക്കുടിക്കാൻ കാത്തു നിൽക്കുന്നുണ്ടാവും. വല്ലാത്തൊരു കാറ്റാണത്. എന്നാലും അവിടേക്ക് പോകുന്നത് എനിക്കും എന്റെ കൂടപ്പിറപ്പുകൾക്കും വലിയ സന്തോഷമായിരുന്നു. അമ്മമ്മ ഞങ്ങളെയും കാത്ത് റോഡിലേയ്ക്കും നോക്കി ഇരിക്കുന്നുണ്ടാവും നെറ്റിയിൽ നീട്ടി വരച്ച ചന്ദനക്കുറിയും മുറുക്കി ചുവന്ന തെളിഞ്ഞ പുഞ്ചിരിയുമായി. എന്തൊരു ഐശ്വര്യമായിരുന്നു ആ മുഖത്ത് . ഓർമ്മയിലിന്നും നിലാവു പോലെ തെളിയുന്നുണ്ടത്. ഓവുപാലം കടക്കുമ്പോളേ കാണാം മുറ്റത്ത് നിരന്നു നിൽക്കുന്ന പെണ്ണുങ്ങളെ . തിരുവാതിരകളിയ്ക്ക് വട്ടം കൂട്ടുകയാണ് അവർ. അടുത്ത വീടുകളിലെ സ്ത്രീകളും മേമമാരും എല്ലാം കളിക്കാനായി തയ്യാറെടുക്കുകയാവും. എത്തിയപാടെ
 അമ്മയും അവരുടെ കൂടെ ചേരും. കുട്ടിയായ ഞാൻ അരത്തിണ്ണയിൽ തൂണും ചാരിയിരുന്ന് അവരുടെ ഓരോ ഭാവവും ചിരിയും നോക്കി ഇരിക്കും. അമ്മമ്മയും കൂട്ടാളികളും നീട്ടി പാടാൻ തുടങ്ങുമ്പോൾ അവരും ചേർന്നു പാടി ചുവടുവെയ്ക്കാൻ തുടങ്ങും. എന്തു രസായിരുന്നു അത് കാണാൻ . ഇന്നും ചെവിയിൽ അലയടിക്കുന്നുണ്ട് ആ കുമ്മിയടിയുടെ ആരവം. അല്പം കഴിയുമ്പോഴേക്കും രാഘവേട്ടനും കൂട്ടരും എത്തും ആട്ടക്കളത്തിന് . പിന്നെ ഓണത്തല്ല്. കൗതുകം നിറഞ്ഞ കണ്ണുകളോടെ അതു നോക്കി നിൽക്കുമ്പോ അമ്മമ്മ ഞങ്ങൾ കുട്ടികൾക്കു കളിക്കാനായി പത്ത് ഇല വരി വരിയായി വെച്ചിട്ടുണ്ടാവും. തവള ചാടും പോലെ ചാടി തട്ടിക്കളയണം അതെല്ലാം . എത്ര തവണ മൂക്കു കുത്തി വീണിട്ടുണ്ട് എന്നറിയ്വോ?
ഓരോ ഓണത്തിനും ഓരോ പ്രത്യേക കളികളും ഉണ്ടായിരുന്നു. ഒരിക്കൽ ഓണത്തിന് വിരുന്നുവന്ന  രാജിയെ തുമ്പി തുള്ളാനിരുത്തി. തുമ്പി ഉറയാൻ വേണ്ടി ഓരോ വരിയും കയറ്റി കയറ്റി ഞങ്ങൾ പാടിത്തുടങ്ങി ...
 " ഒന്നാനാം കൊച്ചു തുമ്പീ എന്റെ കൂടെ പോരാമോ നീ .." പാടി പാടി അവൾ ഇരുന്ന് തുള്ളാൻ തുടങ്ങി. തലമുടിയൊക്കെ അഴിച്ചിട്ട് തറയിലൂടെ ഇരുന്നു നിരങ്ങുന്ന അവൾ ഞങ്ങൾ പാട്ടു നിർത്തിയിട്ടും തുള്ളൽ നിർത്തുന്നില്ല. ഞങ്ങളാകെ അമ്പരന്നു ഇവൾക്കിതെന്തുപറ്റി.
 " ടീ .. രാജി, മതിയെടി ... നിർത്ത് . "
ഞങ്ങൾ പറയുന്നത് ആരു കേൾക്കാൻ ! അവൾ ഉറയലോട് ഉറയൽ. അവസാനം ഒന്ന് ഞങ്ങൾക്ക് മനസിലായി, കളി കൈവിട്ടു പോയി എന്ന്.
വേഗം ചെന്ന് അമ്മായിയെ വിളിച്ചോണ്ട് വന്നു. അവര് വന്ന് അവളുടെ മുഖത്തല്‌പം വെള്ളം തളിച്ചപ്പോൾ അവൾ തളർന്ന് തറയിൽ കിടന്നു. അല്പം കഴിഞ്ഞ് സാധാരണ പോലെ അവൾ എഴുന്നേറ്റിരുന്നു. അപ്പോളാണ് അറിഞ്ഞത് തുമ്പി തുള്ളലിന് തുള്ളാൻ വേണ്ടി ചൊല്ലുന്നതു പോലെ ആ ഉറയൽ ഇറക്കാനും പാട്ടുണ്ടത്രെ. ഇതൊക്കെ ആരറിയാൻ. അന്ന് നിർത്തിയതാണ് തുമ്പി തുള്ളൽ. പിന്നെ ഇന്നുവരെ അത് കളിച്ചിട്ടില്ല. ഇതൊക്കെയുണ്ടോ എന്റെ മോൾക്കറിയുന്നു. അവളെ പറഞ്ഞിട്ടും കാര്യമില്ല. അവൾ കണ്ട അമ്മ  തിരുവാതിരക്കളി പോയിട്ട് ഒരു മൂളിപ്പാട്ട് പോലും പാടാനാവാതെ ഏതു നേരവും തിരക്കിട്ട എന്തെല്ലാമോ ജോലിയുമായി കറങ്ങുന്ന ജീവനുള്ള ഒരു യന്ത്രത്തെയാണ്. ഓർമ്മയിലെ ഓണമാണ് യഥാർത്ഥ ഓണം. എല്ലാവരും ഒത്തൊരുമിച്ച് കളിച്ച് ചിരിച്ച് എല്ലാം പങ്കുവെച്ച് കഴിഞ്ഞിരുന്ന കാലം. വയലിൽ പച്ചക്കിളികൾ കിന്നാരം പറഞ്ഞ്, പറയും പത്തായവും നിറഞ്ഞ ആ ഓണക്കാലം . മനസ്സും വയറും ഒരു പോലെ നിറഞ്ഞ സമൃദ്ധിയുടെ ആ സുവർണ്ണകാലത്തെ ഓർമ്മകളിൽ ദൂരെയെവിടെയോ ഇരുന്ന് അച്ഛനും നീട്ടിപ്പാടുന്നുണ്ട് കൈ കൊട്ടിക്കളിയുടെ ആ പദങ്ങൾ ... " പൂമ്പാറ്റക്കെന്തിത്ര മോദമായീ ... പൂക്കൾ വിരിയുന്ന കാലമായീ ...."

ഓണത്തിന്നോർമ്മകൾ കുമ്മിയടിക്കുമ്പോൾ (രജനി ഹരിദാസ്-കഥ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക