മേശപ്പുറത്തിരുന്ന ആഴ്ചപ്പതിപ്പ് കൈയിലെടുത്ത് മടക്കിവെച്ചിരുന്ന പേജിലേക്കു തിരിച്ച് വിജയൻ പറഞ്ഞു:
- ദേ ഈ ലേഖനത്തിൽ പറയുന്നതു കേട്ടോ , പ്രവാസികളു കാരണമാണു വൃദ്ധ സദനങ്ങൾ നാട്ടിൽ ഉണ്ടാവുന്നതെന്ന് .
- അതേ, എല്ലാത്തിനും കുറ്റം പറയാൻ പ്രവാസിയുണ്ടല്ലോ!
- ആ വാക്കു കേൾക്കുമ്പോ എനിക്കു കലിയിളകും. സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ചുപ്രയോഗിച്ച് വെല കളഞ്ഞു.
പണ്ട് ആയിരുന്നെങ്കിലും വിജയനൊരു അധ്യാപകനായിരുന്നില്ലേ !
- എൺപതുകളിൽ മുഴുവൻ ഇവര് വിദേശ മലയാളികൾ വരുത്തി വെക്കുന്ന വിലക്കയറ്റത്തെപ്പറ്റി പരാതിപ്പെട്ടു. മീനിനു വിലകൂടി, പച്ചക്കറിക്കു വില കൂടി വർഷത്തിൽ ചില ദിവസങ്ങളിലെങ്കിലും മീൻകാരനോ പച്ചക്കറിക്കാരനോ കുറച്ചു പണം കിട്ടുന്നതിൽ 'സാധാരണക്കാരനു' സഹിക്കാനാവുന്നില്ല. അവർക്കു കിട്ടുന്ന ബോണസോ ശമ്പളവർദ്ധനയോ ഈ പണിക്കാർക്കുണ്ടോ?
- തൊണ്ണൂറുകളായപ്പോഴേക്കും വയസ്സായിപ്പോയ അപ്പനേം അമ്മേം നോക്കാത്തതായിരുന്നു വിദേശത്തു പോയ മലയാളിയുടെ കുറ്റം.
- അല്ല സ്വദേശത്തു താമസിക്കുന്നവർ നോക്കുന്നുണ്ടോ ?
- എൺപതുകളിൽ മീനും പച്ചക്കറിയും കത്തുന്ന വിലയ്ക്കു വാങ്ങിയതല്ലേ ഈ അപ്പനും അമ്മയും.
ജോർജ്ജി ഈപ്പനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.
- അല്ല നമ്മളീ ജോലീം നമ്മുടെ പിള്ളേരുടെ പഠിത്തോം ഇട്ടിട്ടു പോയി അപ്പന്റേം അമ്മേടേം കൂടെ കഴിയണമെന്നാണോ ? അപ്പോൾ അവർക്കു മരുന്നു വാങ്ങാനുള്ള പണം ഈ എഴുത്തുകാരു തരുമോ?
- ശരിയാ. അതുകൊണ്ട് ഹോം നേഴ്സുമാർക്ക് ജോലിയുണ്ട്. എത്ര കുടുംബങ്ങൾ പട്ടിണീന്ന് രക്ഷപെടുന്നുണ്ട്. സത്യം പറഞ്ഞാ അമേരിക്കൻ മലയാളികൾ തന്നെ എത്ര പേർക്ക് ഇൻഡയറക്ടായി ജോലി നൽകുന്നുണ്ട്.
ജിമ്മി ന്യായീകരിച്ചു. പിന്നെ വിജയൻ മരണ വീഡിയോ എടുക്കുന്നതിനെ പരിഹസിക്കുന്ന കവിതയിലേക്കു കടന്നു.
അതേ, വീഡിയോഗ്രാഫറെ ഹയറു ചെയ്താൽ കുറ്റം! ഈ എഴുത്തുകാരാണ് ഏറ്റവും വലിയ ഹിപ്പൊക്രിറ്റുകൾ . അവർക്ക് നാട്ടിലിരുന്ന് നമ്മളെ കുറ്റം പറഞ്ഞ് എഴുതിയാൽ മതി. അവരുടെ പുസ്തകപ്രകാശനത്തിനും പ്രസംഗത്തിനും വീഡിയോഗ്രാഫറോ ഫോട്ടോഗ്രാഫറോ ആവാം. പക്ഷേ, നമ്മുടെ കല്യാണത്തിനോ വീടുകൂദാശയ്ക്കോ പാടില്ല. അവർ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിലും ക്ലേശപ്പെട്ടല്ലേ നമ്മളൊരു വീടു പണിയിക്കുന്നത് ? അതിന്റെ കൂദാശ ഓർത്തുവെക്കുന്നതും ഇടയ്ക്കൊന്നു കണ്ട് ഈ അടിമപ്പണിയുടെ കൂലിയെന്നോർക്കുന്നതും തെറ്റാണോ ?
- കരച്ചിൽ അഭിനയമാണെന്നു പറയാൻ എങ്ങനെ കഴിയുന്നു? മരണത്തിലെ അഭിനയം നന്നാവണമെങ്കിൽ നിശ്ശബ്ദതയേ ആകാവൂന്ന് അവരു നിശ്ചയിച്ചിട്ടുണ്ട്. മരണവീഡിയോയൊക്കെ പ്രധാനികൾക്കും പ്രമാണികൾക്കും മന്ത്രിമാർക്കുമൊക്കെ പോരെ . പ്രശസ്തനല്ലാത്ത ഈ പുറമ്പോക്കുകാരന്റെ അപ്പന്റെ ഓർമ്മ പിടിച്ചു വെച്ചിട്ടെന്തിനാണ്?
- ഇവരുടെയൊക്കെ അഭിനയം കോസ്റ്റ്യൂമോടു കൂടിയല്ലേ ? രാഷ്ട്രീയക്കാരന് വെള്ള ജൂബ്ബ, എഴുത്തുകാർക്ക് വെളുക്കാത്ത ജൂബ്ബ, നടപ്പിനും സംസാരത്തിനും പ്രത്യേക ശൈലി.
- ആർക്കുവേണ്ടിയാണീ കഥകളും കവിതകളും? അവരെഴുതിയ പത്തു പുസ്തകങ്ങളേക്കാൾ വിലപ്പെട്ട പലതും ലോകത്തിനു കൊടുത്തിട്ടുണ്ടാവും ഇവരൊക്കെ.
- ഏതു വല്യ എഴുത്തുകാരനെക്കാളും വലുതാ എനിക്കെന്റെ അപ്പൻ. അപ്പൻ കഷ്ടപ്പെട്ടിട്ടുള്ളതു പോലെ എനിക്കു വേണ്ടി ആരും കഷ്ടപ്പെട്ടിട്ടില്ല.
ജോർജ്ജി ലഹരിയോടെ പ്രസ്താവിച്ചു.
- ഒരു വീടു പണിയിപ്പിക്കുമ്പോൾ കേരളത്തിലെ ഇക്കോണമിയിലേക്ക് എത്ര ലക്ഷം രൂപയാണ് നമ്മൾ ചൊരിയുന്നത് ?
ഈപ്പന് കണക്കുകൾ കൃത്യമായി അറിയാം. കല്ലേറുകൊണ്ടു മനസ്സിടിഞ്ഞ പ്രവാസികൾ പരസ്പരം പരാതിപ്പെട്ടുകൊണ്ടിരുന്നു.
അവരിൽ ഓരോരുത്തർക്കും ഉണ്ടായിരുന്നതാണു പ്രാരബ്ധങ്ങൾ. ഇപ്പോഴും പൂർണ്ണമായി തീർന്നു എന്നു പറയാൻ പറ്റില്ല.
ജോണിവാക്കറിൽനിന്നും ഷിമാസ് റീഗലിലേക്ക് , എൺപതുകളിൽ നിന്നും തൊണ്ണൂറുകളിലേക്കുള്ള അകലമാണ്.
- ചത്ത പട്ടിയുടെ പല്ലിന്റെ ഭംഗി ആരെങ്കിലും കാണുമോ?
വിജയൻ പതുക്കെ പറഞ്ഞു, ലഹരി കയറിയാൽ അയാൾ പൊതുവേ നിശ്ശബ്ദനാവുകയാണു പതിവ്.
വിജയന്റെ മുഖത്തേയ്ക്കു നോക്കുമ്പോൾ ആകെ കാണാവുന്നത് കണ്ണടയായിരുന്നു. കണ്ണടയുടെ സ്വർണ്ണ ഫ്രെയിമും അധികമായ ഗ്ലെയറും വിജയന്റെ മുഖത്തെ മറ്റെല്ലാം മറച്ചു. അത്തരം കണ്ണടകൾ കാലം കഴിഞ്ഞവയായിരുന്നു. ഫ്രെയിമില്ലാത്ത നേരിയ കണ്ണടകളാണ് പുതിയ ഫാഷൻ. ഗ്ലെയർ തീരെയില്ലാതെ കണ്ണ് പൂർണ്ണമായും കാണാവുന്ന. വിജയന്റെ ഈ പുരാവസ്തു അയാളുടെ അത്രയ്ക്ക് ആകർഷകമല്ലാത്ത മുഖത്ത് അലങ്കാരമാണോ വൃത്തികേടാണോ എന്ന് ഉറപ്പിക്കാൻ ആവാത്തതുപോലെ ഇരുന്നു.
വിജയൻ ഒരെഴുത്തുകാരനും കൂടിയാണ്. ഒരു വായനക്കാരനും തന്റെ വരികൾക്കായി കാത്തിരിക്കുന്നില്ലെന്ന് വിജയന് അറിയാമായിരുന്നു. എന്നാൽ ആ അറിവ് അയാളെ ബുദ്ധിമുട്ടിച്ചതേയില്ല. എന്തെങ്കിലുമൊക്കെ എഴുതണമെന്നും എഴുതിയതൊക്കെ അച്ചടിമഷി പുരണ്ടു കാണണമെന്നുമുള്ള ഭ്രാന്തമായ ഒരാവേശമാണ് അയാളെ എഴുതാൻ പ്രേരിപ്പിച്ചത്. അയാളുടെ കൃതികൾ അമേരിക്കയിൽ നിന്നുള്ള മലയാളം പ്രസിദ്ധീകരണങ്ങളിൽ പതിവായി വരാറുമുണ്ട്. പക്ഷേ, അയാളെഴുതുന്നത് മടുപ്പൻ ഗൃഹാതുരതയെന്ന വിമർശനം കോടാലിയുടെ മൂർച്ചയും ശക്തിയുംകൊണ്ട് അയാൾക്കു നേരേ ചീറ്റി വരികയും ചെയ്തു.
തന്റെ ജീവിതം കാനഡയിൽ പോയി ജീവിക്കാനുള്ളതാണെന്ന് ജോയി സാലിയെ കല്യാണം കഴിച്ചപ്പോഴെ ജിമ്മിക്ക് അറിയാമായിരുന്നു എന്നിട്ടും കേരളത്തിലൊരു ഭാവി അവൻ സ്വപ്നം കണ്ടു. വിസ കിട്ടുമെന്നോ, കിട്ടിയാലും പുതിയ വീട് പൂട്ടി ഇട്ടിട്ടുപോവാൻ ജോയി ചിലപ്പോൾ നിർബന്ധിക്കില്ലെന്നും ജിമ്മി സങ്കല്പിച്ചു. അതുകൊണ്ട് കാനഡയ്ക്കു വരാതെ കേരളത്തിൽത്തന്നെ നിന്നാലോ എന്നൊരു അഭിപ്രായം ജിമ്മി ജോയിയോടു ചോദിച്ചു നോക്കി.
പ്രതീക്ഷിച്ച പ്രതികരണമായിരുന്നു ജോയിയുടേത്.
- പിന്നെ ഇങ്ങോട്ടു വരാതെ നീയവിടെ തെക്കുവടക്കു നടക്കാൻ പോവ്വാന്നോ ?
കാനഡയിൽ അമ്മയ്ക്കു ചികിൽസയ്ക്കു സൗകര്യമുണ്ട്. നാട്ടിൽ ആരു നോക്കും? എത്ര കഷ്ടപ്പെട്ടാലും കൈയിൽ പൈസയുണ്ടാവില്ല.
കാനഡയ്ക്കു പോവാതെ കഴിയില്ല എന്ന് ഉറപ്പായപ്പോൾ ജിമ്മിക്കു ഭ്രാന്ത്രിളകി. അയാൾ സിഗററ്റു വലിച്ചുനോക്കി. ബിയറു കുടിച്ചു നോക്കി. ഭ്രാന്ത് അടങ്ങിയില്ല. റോഡരികിലൂടെ ലെക്കുകെട്ടു നടന്നത് ജിമ്മിയോർത്തു.
ജിമ്മി കേരളത്തിൽ എവിടെ വേണമെങ്കിലും പോവാം. കാസർഗോഡു മുതൽ കന്യാകുമാരിവരെ.
കേരളത്തിനു വേണ്ടി ജോയിയോടു വാദിക്കാൻ എന്താണ് അവനുള്ളത്. ചൂട്, വെള്ളപ്പൊക്കം , വറുതി, പട്ടിണി, ജനപ്പെരുപ്പം, വൃത്തികേട്, കൊതുക്, ഉറുമ്പ് , ദാരിദ്ര്യം, തൊഴിലില്ലായ്മ, സമരം, അഴിമതി, കൈക്കൂലി, വിലകെട്ട രൂപ ... ജോയി പാർക്കുന്ന ദേശത്തുകാണാത്ത എല്ലാ ദുരവസ്ഥകളും നിറഞ്ഞ ഒരു കുഞ്ഞുപ്രദേശത്തിനുവേണ്ടി എന്തായുധംകൊണ്ടാണ് ജിമ്മി പോരാടേണ്ടത്?
ശരിയാണ്. ഒരു ദരിദ്രരാജ്യത്തിന്റെ പുത്രനാണവൻ. അവനെ പോറ്റാൻ അവന്റെ മാതൃരാജ്യത്തിനു ശേഷിയില്ല. ജിമ്മിയുടെ രാജ്യത്തിന്റെ ഏറ്റവും വലിയ കയറ്റുമതിച്ചരക്കിൽ അവനുംപെടുന്നു.
- പണം മാത്രമാണോ ജോയിച്ചായാ വലുത്?
ജോയിക്കു കലികയറി.
- നീയതിന്റെ ബുദ്ധിമുട്ടറിഞ്ഞിട്ടില്ല. അതുകൊണ്ടാ ! എടാ, ഒരു നേരം ഭക്ഷണം കഴിച്ചാ ഞാൻ ലോഡ്ജിൽ താമസിച്ചത്. ജോലി കിട്ടിയിട്ട് വയറുനിറച്ചു മൂന്നു നേരം കഴിക്കുമെന്ന് ഞാൻ അന്നു മനസ്സിലാശിച്ചിട്ടുണ്ട്. ഒരേയൊരു മുണ്ടാ എനിക്കു പഠിക്കുമ്പം ഒണ്ടാരുന്നത്. രണ്ടു ഷർട്ടും മാറിമാറിയിടും. എന്തുമ്മാത്രം നാണം കെട്ടിട്ടുണ്ടെന്നോ . കാശൊള്ള പിള്ളാരെ കാണുന്നതെനിക്കു കലിയായിരുന്നു. ഞാനവരോടു മിണ്ടത്തുപോലുമില്ലാരുന്നു. ചിലരൊക്കെ അവരുടെ ചെലവിൽ കാപ്പി കുടിക്കാൻ വിളിച്ചാലും ദുരഭിമാനംകൊണ്ടു ഞാൻ വേണ്ടാന്നു വെക്കും. അന്നത്തെ വാശിയായിരുന്നു എന്റെ കുഞ്ഞിന് അതൊണ്ടാകരുതെന്ന്. അപ്പച്ചൻ മരിക്കുമ്പോ മോനെ നിനക്ക് അഞ്ചു വയസ്സേ ഒള്ളാരുന്നു. ഓർക്കുന്നൊണ്ടോടാ എന്തേലും ?
സൗഹൃദങ്ങൾക്കു സമയവും സൗകര്യവും ഇല്ലാതിരുന്ന അച്ചാച്ചനെ ജിമ്മി ആദ്യമായി അറിയുകയായിരുന്നു. നരച്ച പാന്റും ഷർട്ടും ഇടുന്ന കൃഷ്ണൻകുട്ടിക്ക് തന്നോടു വിരോധം ആയിരുന്നിരിക്കണം എന്ന് ജിമ്മിയോർത്തു. കൃഷ്ണൻകുട്ടി ഇപ്പോഴെവിടെയാവും ?