ജുഡീഷ്യറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ആവശ്യമാണെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ. രാജ്യത്തെ നിയമ കോളേജുകളിലും സമാനമായ സംവരണം വേണമെന്ന ആവശ്യത്തെ ചീഫ് ജസ്റ്റീസ് പിന്തുണയ്ക്കുകയും ചെയ്തു. സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റീസ്.
ജുഡീഷ്യറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ആവശ്യമാണ്. ആയിരക്കണക്കിന് വര്‍ഷത്തെ അടിച്ചമര്‍ത്തലിന്റെ പ്രശ്നമാണിത്. ജുഡീഷ്യറിയുടെ താഴെ തലങ്ങളില്‍ 30 ശതമാനം സ്ത്രീകള്‍ മാത്രമാണ് ജഡ്ജിമാരായി ഉള്ളത്. ഹൈക്കോടതിയില്‍ ഇത് 11.5 ശതമാനമാണ്. സുപ്രീംകോടതിയില്‍ 11-12 ശതമാനമാണ് സ്ത്രീകളെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
രാജ്യത്തെ 1.7 ദശലക്ഷം അഭിഭാഷകരില്‍ 15 ശതമാനം മാത്രമാണ് സ്ത്രീകള്‍. സംസ്ഥാനങ്ങളിലെ ബാര്‍ കൗണ്സിലുകളിലേക്ക് രണ്ട് ശതമാനം സ്ത്രീകള്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. എന്തുകൊണ്ടാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നാഷണല്‍ കമ്മിറ്റിയ്ക്ക് ഒരു വനിത പ്രതിനിധി പോലും ഇല്ലാത്തതെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു.