നിർമ്മലയുടെ 'പാമ്പും കോണിയും': ഭാവങ്ങളുടെ നിര്‍മ്മലസുഭഗതകൾ : രാരിമ ശങ്കരൻകുട്ടി

Published on 13 October, 2021
നിർമ്മലയുടെ 'പാമ്പും കോണിയും': ഭാവങ്ങളുടെ നിര്‍മ്മലസുഭഗതകൾ : രാരിമ ശങ്കരൻകുട്ടി
കേരളത്തില്‍ എഴുപത് എണ്‍പതുകളിൽ പ്രവാസമെന്നത് എയർ മെയ്ൽ കത്തുകളും അതിനുള്ളിലുണ്ടാവുന്ന ചെക്കിനും ഡ്രാഫ്റ്റിനുമായുള്ള പ്രതീക്ഷയും, പെർഫ്യൂമുകളുടെ മണവും  ടെർലിൻ വസ്ത്രങ്ങളുടെ നിറവും ടാങ്ങ് ഡ്രിങ്കിൻ്റെ രുചിയും മാത്രമായിരുന്നു . ഇവിടുത്തെ ജീവിതങ്ങൾ ഭൂരിഭാഗവും പുഷ്കലമായത് ഇതുപോലുള്ള പ്രതീക്ഷകൾ യാഥാർത്ഥമായി മാറിയതു കൊണ്ട് മാത്രവും. 
പുരുഷ പ്രവാസികളെക്കാൾ സ്ത്രീകളാണ് തൊഴിലെടുത്ത് നാട് സമൃദ്ധമാക്കിയത്. പ്രധാനമായും നേഴ്സുമാർ. നാട്ടിലെ പ്രാരാബ്ധത്തിൽ നിന്നും നിവൃത്തിയില്ലാതെ പറന്നണഞ്ഞതാണവർ ഗൾഫിലും സായിപ്പിൻ്റെ നാടുകളിലും. മലയാളിയുടെ അമേരിക്കൻ കുടിയേറ്റമാണ് ഇതിൽ ഏറ്റം പ്രധാനം. സ്വന്തം കുടുംബവും ചുറ്റുമുള്ള ജീവിതങ്ങളും കെട്ടുപോകാതെ അവർ എത്ര ചേർത്തു പിടിച്ചോ അത്രയും തീവ്രതയോടെ ജീവിതം അവരെ പൊള്ളിച്ചുവെന്നതും മറഞ്ഞിരിക്കുന്ന സത്യം തന്നെയാണ്. അമേരിക്കയിലും കാനഡയിലുമൊക്കെ പോയി വിപരീത സാഹചര്യങ്ങളിൽ ജോലിയെടുത്ത ആദ്യകാല നഴ്സുമാരുടെ സത്യസന്ധമായ ജീവിതമാണ് നിർമ്മലയെഴുതിയ നോവൽ "പാമ്പും കോണിയും " . മലയാളിയുടെ അമേരിക്കൻ കുടിയേറ്റ ജീവിത ചരിത്രത്തിന്റെ ചുരുക്കെഴുത്താവുന്നു ഇത്. 
തങ്ങളുടെ അധ്വാനഫലമായി ലഭിച്ച പണവും പ്രൗഢിയും പദവികളും നാട്ടിലുള്ളവർ ആസ്വദിക്കുമ്പോഴും നേഴ്സുമാർ പരിഹാസപാത്രങ്ങളായിരുന്നു ആദ്യ കാലങ്ങളിൽ. ഇപ്പോൾ അങ്ങനെയൊന്നുമല്ല കാര്യങ്ങൾ. ജീവിതത്തെ നേരിടാനറിയുന്നവരാണ് എവിടെയും സ്ത്രീകൾ. ആശങ്കകളകന്ന് ഭയമകന്ന ജീവിതം നയിക്കുന്ന ഇന്നത്തെ ആളുകൾക്ക് മുൻ വഴികൾ തുറന്നു തുറന്നു പോയവർക്കുള്ള സ്നേഹ സമർപ്പണം എന്നു കൂടി നിർമ്മലയുടെ പരിശ്രമത്തെ വിശേഷിപ്പിക്കാം. ദൈവം നൽകുന്ന ഊന്നുവടി പോലെ പരിഹാസം പ്രചോദനമാക്കിയവരാണ് മലയാളി നേഴ്സുമാർ. ഭൂമിയിലെ മാലാഖമാർ എന്ന ഓമനപ്പേരൊന്നും ഇന്നവർക്ക് ആവശ്യമില്ല. ഉത്തരവാദിത്വങ്ങളും തങ്ങൾ പുലർത്തേണ്ട ധർമ്മങ്ങളും നന്നായറിയുന്നവരാണവർ.
കടന്നുവന്ന വഴികളെ രേഖപ്പെടുത്തുകയും ഓർമ്മപ്പെടുത്തുകയുമാണ് നിർമ്മല. പാമ്പും കോണിയും നമ്മളെ കൊണ്ടു പോവുന്നത് ആ ജീവിതങ്ങളിലേക്കാണ്.
പേര്‌ തന്നെയാണ്‌ എന്നെ ഇ- മലയാളിയിലൂടെ നോവലിലേക്ക് അടുപ്പിച്ചത്‌. ഇടയ്ക്ക്‌ വായന നിർത്താതെ,തീർക്കാൻ കഴിയുന്ന
എങ്ങനെ വായിച്ചാലും മനസ്സില്‍ തങ്ങുന്ന ചില മുഹൂര്‍ത്തങ്ങളും, ഉപാഖ്യാനങ്ങളുമുള്ള,  'കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍' പോയ നേഴ്‌സുമാരുടെ അനുഭവങ്ങൾ പറയുന്ന നോവൽ.  നാട്ടിൻപുറവിശേഷങ്ങളുടെ അടിയൊഴുക്ക് നിര്‍മ്മലയുടെ രചനകളെ വേറിട്ടതാക്കുന്നുണ്ട്  ഇതില്‍ തുടിക്കുന്ന മനസുകളുണ്ട് ,കാലമുണ്ട് , വിരഹമുണ്ട് ,നൊമ്പരങ്ങളുണ്ട്, എല്ലാത്തിനും മുകളില്‍ സ്നേഹവും വിട്ടുകൊടുക്കലുമുണ്ട്.
സാലി എന്ന നേഴ്സാണ് കഥാഖ്യാതാവ്  . അവളുടെ അനാഥമായ ബാല്യവും, കുടുംബം കരുപ്പിടിപ്പിക്കാനായി അനുഭവിക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങളും നമുക്ക് പരിചിതമാണ്.  സങ്കടങ്ങളിലേക്ക് കുഴിയാനയെപ്പോലെ
കുഴിച്ച് കുഴിച്ചിറങ്ങിപ്പോകുന്ന,
കാലം   അടർത്തിമാറ്റിയ  സന്തോഷങ്ങൾ ഒരിക്കലും  തിരിച്ച് കിട്ടില്ലെന്നറിഞ്ഞിട്ടും ജീവിതത്തെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്ന  സാലിയെ 
എവിടേയോ കണ്ടുമറന്നതാണ്.
പൊട്ടക്കിണറ്റിലേക്കുള്ള എടുത്തു ചാട്ടം പോലെ പെട്ടുപോയി, പിന്നങ്ങോട്ട് എന്നറിയാത്ത തെയ്യാമ്മയെ പോലുള്ളവരെ   നമ്മളറിയുന്നതാണ്.
നാട്ടിലെ ജനത്തിനുമുഴുവന്‍ വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തി അലഞ്ഞു നടന്ന കുഞ്ഞൂഞ്ഞുപദേശിയെ ആരാണറിയാത്തത്.  . വിദ്യാർത്ഥികളായ നാൾ തൊട്ട്  സ്വന്തം സ്വത്വം  ബാധ്യതയായി മാറിയ പുതിയ തലമുറയിലെ ഷാരനേയും മനുവിനേയും നമുക്ക് നല്ല പരിചയമുണ്ട്.സ്വന്തം അസ്തിത്വം എവിടെ എന്നറിയാതെ  ആ കുട്ടികളും പാമ്പിൻ്റെ  വായില്‍ അകപ്പെട്ട് കോണി കയറാൻ മടിച്ച് കുഴങ്ങുന്നവരാണ്.
 കഥാകാരി  വാക്കുകൾ കൊണ്ട്  വരക്കുന്ന ചില ജീവിത ചിത്രങ്ങൾ എടുത്തു പറയാതെ വയ്യ.
''കാനഡയിലെ ജീവിതവും സാലിക്ക് ഓട്ടപ്പന്തയമായിരുന്നു. ജോലി, വീട്, പള്ളി, ജോയി, മനു, ഷാരൻ ,വിരുന്നുകൾ അതിനിടയ്ക്ക് മഴയും മഞ്ഞും കാറ്റും കണ്ട് സാലി വെറുതെ ഇരുന്നിട്ടില്ല.
ആരും സാലിയോട് ഇരിക്കരുത് എന്നു പറഞ്ഞിട്ടില്ല. ഇതൊക്കെ ചെയ്തുതീർക്കണം എന്നും പറഞ്ഞിട്ടില്ല.എന്നിട്ടും എന്തിനാണ് ഇങ്ങനെ നിർത്താതെ ഓടിക്കൊണ്ടിരുന്നത് എന്ന് അവൾക്കു തന്നെ മനസ്സിലായില്ല. വെറുതെ എന്തിനു നെട്ടോട്ടം ഓടി എന്ന് അവൾ സ്വയം കുറ്റപ്പെടുത്തി.
അന്നത്തെ പെയ്ത്തു മതിയാക്കി പുറത്തെ മഴ മടങ്ങിയിരുന്നു. 
സാലിയുടെ കണ്ണിലെ മഴയും നിന്ന സമയമായിരുന്നു അത്. ''
പെണ്ണിൻ്റെ ജീവിതവും മഴയും തമ്മിലൊരു അദൃശ്യ ബന്ധം വരികൾക്കിടയിലൂടെയുള്ള വായന തരുന്നുണ്ട്.
സ്ത്രീജീവിതം മഴ പോലെ യാണ്.പുതുമഴയായും  
പനിനീർ മഴയായും ഉടലിനേയും  ഉയിരിനെയും തണുപ്പിച്ച്‌,   മടങ്ങുന്ന യൗവ്വനക്കാരിമഴയെ നമ്മൾ കാത്തിരിക്കും .അഭിലാഷങ്ങളുടെ കൊടുംവേനൽ കടന്നെത്തുന്ന ആദ്യമഴത്തുള്ളിയോട് എത്ര ഇഷ്ടമാണല്ലേ എല്ലാവർക്കും!
ഒടുവിൽ പെരുമഴയായും  തോരാത്തമഴയായും വരുന്ന അവളെ കണ്ട്   ഭയന്ന് വിറയ്ക്കുകയും വെറുക്കുകയും പ്രാകുകയും ചെയ്യും. മഴയൊഴിഞ്ഞ മകരസന്ധ്യയ്ക്കായ്  പിന്നെ നമ്മൾ  കാത്തിരിക്കും.. 
ജീവിതത്തിലെ നിസ്സഹായതക്ക് മുന്നിൽ ആടിത്തളർന്ന് ഒടുവില്‍ കീഴടങ്ങുന്ന നേര്‍കാഴ്ചകളെകുറിച്ച് സംവദിക്കുന്ന നോവൽ വായനക്കപ്പുറം എവിടെയൊക്കെയോ ചെന്ന് തൊടുന്നുണ്ട് അല്ലങ്കില്‍ എവിടെയൊക്കെയൊ കൊളുത്തിവലിക്കുന്നുണ്ട്.99 ൻ്റെ  പകിട എറിഞ്ഞു
കോണിയിലേക്ക് കേറിയിട്ട് 
 പാമ്പിൻ്റെ വായിലൂടെ പൂജ്യത്തിലെത്തിയവർ , ജീവിതത്തെ
എണ്ണിയെണ്ണിക്കുറച്ചവർ .ഇവരിൽ ചിലർ 
 സര്‍പ്പവായില്‍ പെട്ടെന്നോണം   കാലിടറി  താഴേക്ക് പതിക്കുകയും ചെയ്യുന്നുണ്ട് .ഉറഞ്ഞുകൂടിയ മഞ്ഞിൻ്റെ നിശ്ചലതയിലൂടെ കടന്നു പോകുന്ന  സ്ത്രീ പ്രവാസം  പ്രതിസന്ധികളിലൂടെ ചലിച്ചു കൊണ്ടേയിരുന്നു. നാടു വിട്ടു പുറപ്പെട്ടുപോകേണ്ടി വന്ന ഒരുകൂട്ടം പെണ്ണുങ്ങളുടെ ഒറ്റപ്പെട്ട മനസുകളാണിതിൽ. 
 കടലിനിപ്പുറം ഉപേക്ഷിച്ച നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍  ചാലിച്ച് സ്വന്തം ഭാവിക്ക് കളറിടാൻ വെച്ച പെൻസിലുകൾ കൊണ്ട് വേണ്ടപ്പെട്ടവരുടെ നാളുകൾക്ക് നിറം നൽകിയവരുടെ മനസാണ് കഥാപാത്രങ്ങൾക്ക്.ഒപ്പം ഹാസ്യത്തിന്റെ ഒരു അടിയൊഴുക്ക് നിര്‍മ്മലയുടെ രചനകളെ വേറിട്ടതാക്കുന്നുണ്ട്.

ഇനി നിർമ്മലക്ക് കാതോർക്കാം
 
 '' ഭൂമിയിൽ കാലുറപ്പിച്ചു നിൽക്കുന്ന കഥാപാത്രങ്ങളെയാണ്‌ എനിക്കിഷ്ടം.  കണ്ടറിഞ്ഞ അനുഭവിച്ച നിമിഷങ്ങളെ, ജീവിതത്തെ ചായം പുരട്ടി പുറത്തെടുക്കുന്ന വിദ്യയോടാണ്‌ മതിപ്പ്‌.  പറക്കുന്ന കുതിരകളും, സ്വർണ്ണ പഴങ്ങളുമുള്ള മുത്തശ്ശിക്കഥകൾ ചെറുപ്പത്തിൽ  ഇഷ്ടമായിരുന്നു. ഇപ്പോൾ ആ ഘട്ടം കടന്നിരിക്കുന്നു. ഞാനെഴുതിയ കഥ വായിച്ചിട്ട്‌ ഇതെന്റെ ജീവിതം തന്നെയാണെന്നു പറയുന്ന (മുൻ പരിചയമില്ലാത്ത) വായനക്കാർ തരുന്ന സന്തോഷം ഏറെയാണ്‌.  അംഗീകാരത്തിന് വേണ്ടി ഒരിക്കലും  ശ്രമിക്കരുത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.  അംഗീകാരവും, ബഹുമാനവുമെല്ലാം ഒരാളറിയാതെ ഉണ്ടാകേണ്ടതാണ്.  ഉണ്ടാക്കിയെടുക്കേണ്ടതല്ല.    ആത്മാർത്ഥതയോടെ, സത്യസന്ധതയോടെ, അഭിനിവേശത്തോടെ,  നമ്മുടെ കാമനകളെ  പിന്തുടരുക.  അതിൽ നിന്നും ഉണ്ടാകുന്ന ആത്മാഭിമാനം അതിനു  തുല്യമായി ഒന്നുമില്ല.   
സമൂഹത്തിന്റെ കണ്ണിനെ അവഗണിക്കാൻ മലയാളികൾ പഠിക്കണം.  പ്രവാസ സാഹിത്യം,  സ്ത്രീപക്ഷ രചന തുടങ്ങിയ വിഭജനങ്ങളൂം പഠനങ്ങളും  സാഹിത്യ വിദ്യാർത്ഥികൾക്കോ ഗവേഷകർക്കോ ഉള്ളതാണ്.  എഴുതുന്നവർ അത് പരിഗണിക്കേണ്ടതില്ല. .നിങ്ങൾക്ക് തോന്നുന്നത് എഴുതുക.  മറ്റുള്ളവരുടെ,  എൻ്റെതുൾപ്പടെ,  നിയമങ്ങളും നിർദ്ദേശങ്ങളും പാടേ ഉപേക്ഷിക്കുക.  തികഞ്ഞ ആത്മവിശ്വാസത്തോടെ  പിന്തിരിഞ്ഞു നോക്കാതെ മുമ്പോട്ട് പോവുക. '

കാനഡയിൽനിന്നും നാട്ടിൽ സ്ഥിരതാമസമാക്കുന്നതിനെപ്പറ്റി ചോദിക്കുമ്പോൾ  സർക്കസിലേക്കു പറഞ്ഞയച്ച മൃഗങ്ങൾക്ക് കുറേക്കഴിയുമ്പോൾ കാട്ടിൽ  ഇരപിടിക്കാനറിയാതാവും.  ഇലകളുടെ പച്ചപ്പും മണ്ണിൻറെ ഗന്ധവും പാറയുടെ ഉറപ്പും സ്വപ്‍നം കണ്ട് അവയുടെ ജന്മവാസനകളും ജന്മസിദ്ധികളും നഷ്ടമായേക്കും.... 
ഇങ്ങനെ  പറയാൻ രചയിതാവായ   നിർമ്മലക്കേ ആകൂ .
 
പ്രവാസികളായ മലയാളികള്‍ക്ക്  സ്വജീവിതത്തിലേയ്ക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണീ എഴുത്ത്. ഓരോ കഥാപാത്രവും കേന്ദ്ര കഥാപാത്രവുമായും കഥാ തന്തുവുമായും എപ്രകാരം ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്ന വസ്തുതയും വായനക്കാരനെ അതിശയിപ്പിക്കുന്നുണ്ട്. . കഥപറച്ചിലിന്റെ രീതിക്കപ്പുറം  തീഷ്ണത ഒട്ടും കുറയാതെമനുഷ്യന്റെ ഉള്ളിനെ തിരിച്ചും മറിച്ചും ചരിച്ചും പരിശോധിച്ച് അവതരിപ്പിക്കുന്നതിൽ    കഥാകാരി സൂക്ഷ്മത പുലർത്തിയിട്ടുണ്ട്. 
ലളിതമായ ഭാഷയും വളച്ചുകെട്ടില്ലാത്ത  അവതരണരീതിയും, തിരക്കു പിടിച്ച ഒരു വായനയ്‌ക്കുപോലും വഴങ്ങിത്തരുന്ന ഒരു ലാളിത്യമുണ്ടിതിന്‌. 
നോവൽ തീരുമ്പോൾ നമ്മുടെ നെഞ്ചിലെന്തോ ചുറ്റിപ്പിണഞ്ഞ് കണ്ണകളിൽ അദൃശ്യമായ ഒരു നീരുറവ പൊട്ടും.. പിന്നെ  ഒരു തീരാനോവുപോലെ കഥാപാത്രങ്ങൾ  പുനർജ്ജനിക്കും .എഴുത്തുകാരിയെപ്പോലെ നമ്മുടെ  സ്വകാര്യതയിലും  സാലി, ജോയി, ജിമ്മി, ഉഷ, കുഞ്ഞൂഞ്ഞ് ഉപദേശി, അമ്മാളമ്മച്ചി, തെയ്യാമ്മ, ഈപ്പൻ, മനു, ഷാരൻ, ജോര്‍ജി, ഷൈല, ലളിത, വിജയൻ.. സർവ്വരും അതിക്രമിച്ചു കടന്ന്‍ ചിലച്ചും ചിരിച്ചും കരഞ്ഞും സ്വൈര്യം കെടുത്തിക്കൊണ്ടിരിക്കും.
നിർമ്മലയുടെ കഥകളിൽ പലതിലും   ചേർത്ത് നിർത്തേണ്ടവർ തന്നെ, ചിറകു വച്ച് പറക്കുവാനൊരുങ്ങുന്ന സ്ത്രീചിന്തയുടെ ചിറകരിയുന്നതായി കാണാം.
നോവും നൊമ്പരവും കഷ്ടതയും നിസ്സഹായാതയും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ ആവിഷ്കരിച്ച ഒരു വായന സമ്മാനിച്ചതിന് നിർമ്മലക്ക് നന്ദി....  !!
ഭൂതകാലത്തിന്റെ ശേഷിപ്പുകൾ നിലകൊള്ളുന്ന, തന്റെ വേരുകൾ വ്യാപിച്ചുകിടക്കുന്ന നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന  പ്രവാസി സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍..!!
തിരുവല്ല  കോട്ടയം  പാലാ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും  ധാരാളം ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ നഴ്സിങ് പoനം കഴിഞ്ഞ് അമേരിക്കയിലും കാനഡയിലും ജര്‍മ്മനിയിലും ഗള്‍ഫ് രാജ്യങ്ങളിലും  ജോലി നോക്കാന്‍ പോവുന്നത് പതിവായി തുടങ്ങിയ കാലം. അവര്‍ നാട്ടില്‍ അവധിക്കായി തിരിച്ചെത്തുമ്പോള്‍ തൊഴിലില്ലാതെ നടക്കുന്ന ചെറുപ്പക്കാരിലാരെയെങ്കിലും വിവാഹം കഴിക്കുകയും അവരെ കൂടി വിദേശത്തേക്കു കൊണ്ടുപോകുകയും ചെയ്യുന്നതും സാധാരണമായിരുന്നു. ഇൻ്റർനാഷണൽ എയർപോർട്ടിൽ പതിറ്റാണ്ടുകൾ മുമ്പ് കണ്ട കാഴ്ച കൂടി കൂട്ടി ചേർത്താലെ  ആസ്വാദനക്കുറിപ്പ്  പൂർണ്ണമാവുകയുള്ളു. 
വളർച്ചവറ്റിയ  ചുരുണ്ട മുടിയും,അല്പം കുഴിയിലേക്കാഞ്ഞ കണ്ണുകളും , മുപ്പതിനു മുകളിൽ പ്രായമുള്ള ഇരുനിറക്കാരി, തിളങ്ങുന്ന പല്ലുകൾകാട്ടി  എന്നെ നോക്കി ചിരിച്ചതുകൊണ്ട് മാത്രമാകാം  അവൾ  മനസ്സിന്റെയാഴങ്ങളിലേക്ക് പതിഞ്ഞത്. ഒപ്പം നല്ല ഉയരമുള്ള ഇടതൂ൪ന്ന കറുത്തമുടിയുള്ള  നന്നേ ചെറുപ്പം തോന്നുന്ന സുന്ദരനായ ഭർത്താവ്. വാഷിംഗ്ടണിലേക്കാണ് യാത്ര. അവൾ അവിടെ  നേഴ്സായി ജോലി ചെയ്യുവാൻ തുടങ്ങിയിട്ട് 3 വർഷമായി . 
വിവാഹം കഴിഞ്ഞ് മാസങ്ങളെ ആയുള്ളു. ബി എ പാസ്സായി ഏതോ ഷോറൂമിൽ സെയിൽസ്മാനായിരുന്ന  ഭർത്താവിനേയും കൂട്ടിയുള്ള ആദ്യ യാത്രയാണ്.
തൊഴിലില്ലായ്മയും പൊതുവേ ചെറുപ്പക്കാര്‍ക്കിടയിലുണ്ടായിരുന്ന  ലക്ഷ്യബോധമില്ലായ്മയുമായിരുന്നു   നേഴ്സുമാരെ വിവാഹം ചെയ്ത് കുടുംബത്തിൻ്റേയും തൻ്റേയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുവാനുള്ള കടൽ കടന്ന അത്തരം യാത്രകൾക്ക് പിന്നിൽ.
കേരളത്തിലെ സമ്പദ്ഘടനയ്ക്കുപോലും തൻ്റെ വരുമാനംകൊണ്ട്  ഗുണം ചെയ്യുന്നുവെങ്കിലും   രൂപത്തിലും ലാവണ്യത്തിലും പിന്നിലായ അവരെ  
"ഓ ചുമ്മാതല്ല നേഴ്സാ."  എന്ന് പരിഹസിക്കുന്നു  ഞാനുൾപ്പടെയുള്ള സമൂഹം.
എന്തെല്ലാമോ  കൈ വെള്ളയിൽ നിന്നൂർന്നു പോകുന്നത് അറിഞ്ഞിട്ടും ചിരിമായാതെ പാമ്പില്ലാത്ത, കോണിയില്ലാത്ത കളത്തിലിരുന്ന്  പിന്നെയും കരുവെറിഞ്ഞു കളിക്കുന്ന സഹോദരിമാരെ മാപ്പ്!!
പക്ഷെ നിങ്ങൾ ഒറ്റക്കല്ല കേട്ടോ,    പരിഹാസം കേൾക്കാതെ  ജീവിതം പൂര്‍ത്തിയാക്കുവാൻ ഭാഗ്യം ചെയ്തവർ  ആരാണുള്ളത് ഈ മണ്ണിൽ !!!
 
 
 
 
                                   
                                                 നിർമ്മല
 
 
കാനഡയിലെ ഒന്റേരിയോ ഹാമിൽട്ടണിൽ സ്ഥിരതാമസം. കേരളത്തിലും പ്രവാസ ലോകത്തും സുപരിചിതയായ എഴുത്തുകാരി.
കൊച്ചി, കളമശ്ശേരിയാണ് സ്വദേശം.
പ്രധാന കൃതികൾ :
പാമ്പും കോണിയും (നോവൽ) - 2012-ൽ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചു. ഇപ്പോൾ ഇ - മലയാളിയിൽ പുന: പ്രസിദ്ധീകരിച്ചു വരുന്നു.
മഞ്ഞമോരും ചുവന്ന മീനും, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി , സ്ട്രോബറികൾ പൂക്കുമ്പോൾ , ആദ്യത്തെ പത്ത് (കഥാസമാഹാരങ്ങൾ).
നിർമ്മലയുടെ കഥ 'ചില തീരുമാനങ്ങൾ'  ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് ഇംഗ്ളീഷ് എന്ന സിനിമയ്ക്ക് അവലംബമാക്കി.
മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച നോവൽ' മഞ്ഞിൽ ഒരുവൾ' കേരളത്തിലെ മികച്ച പ്രസാധകരായ ഗ്രീൻ ബുക്സ് വഴി ഉടനെ പുസ്തകമായെത്തുന്നു.
നിരവധി സാഹിത്യ അംഗീകാരങ്ങൾ നേടിയിട്ടുള്ള നിർമ്മല എഴുത്തിൽ സജീവമായി തുടരുകയാണ്.
  
 
നിർമ്മലയുടെ 'പാമ്പും കോണിയും': ഭാവങ്ങളുടെ നിര്‍മ്മലസുഭഗതകൾ : രാരിമ ശങ്കരൻകുട്ടിനിർമ്മലയുടെ 'പാമ്പും കോണിയും': ഭാവങ്ങളുടെ നിര്‍മ്മലസുഭഗതകൾ : രാരിമ ശങ്കരൻകുട്ടിനിർമ്മലയുടെ 'പാമ്പും കോണിയും': ഭാവങ്ങളുടെ നിര്‍മ്മലസുഭഗതകൾ : രാരിമ ശങ്കരൻകുട്ടി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക