ഈപ്പൻ വളരെ വൈകിയാണ് വിജയനെ ഫോണിൽ വിളിച്ചത്. ജോയി ആശുപത്രിയിലാണെന്ന വാർത്ത പറയാൻ . ഉറക്കത്തിലേക്കു തിരികെ പോകാനാവാതെ വിജയൻ എഴുന്നേറ്റു. ലളിതയ്ക്കു ജോലിയുള്ള രാത്രിയാണ്.
വിജയൻ ടി.വി ഓണാക്കി വാർത്തകളിൽ കറങ്ങി നടന്നു. കെ - മാർട്ടുകൾ എല്ലാം അടച്ചുപോവുകയാണ്. കാനഡയുടെ വ്യവസായ പ്രമുഖൻ ഹഡ്സൺ ബേ കമ്പനിയാണ് കെ - മാർട്ടിന്റെ കടകൾ വാങ്ങിയിരിക്കുന്നത്. ബേയുടെതന്നെ മോടികുറഞ്ഞ കടകളായി അവ തുറക്കപ്പെടും. നിർധനർക്കു , പ്രത്യേകിച്ച് കുടിയേറ്റക്കാർക്ക് ആശ്രയമായിരുന്ന കെ - മാർട്ടുകൾക്കു പകരംവരുന്ന കടകൾ പുതിയ തലമുറ ഉപേക്ഷിക്കുമെന്നു വിജയനു തോന്നി.
ടി.വി.യിലെ വാർത്തകൾ കഴിഞ്ഞപ്പോൾ വിജയൻ കമ്പ്യൂട്ടറിലേക്കു തിരിഞ്ഞു. പക്ഷേ, തനിയെ പൊങ്ങി വന്ന ചെറിയ വിൻഡോ അടയ്ക്കാൻ ശ്രമിച്ചതും സ്ക്രീനിൽ മുഴുവനായി മറ്റൊരു വിൻഡോ പൊങ്ങിവന്നു. നീലനിറത്തിൽ, കമ്പ്യൂട്ടറിൽ വൈറസു തിരയുന്നുവെന്ന എഴുത്തുമായി. ഏതോ കമ്പനിയുടെ പരസ്യം. ആന്റി വൈറസ് വിൽക്കുവാനുള്ള ഉപായം.
വിജയൻ അടയ്ക്കുന്തോറും തുറന്നുതുറന്നു വരുന്ന നീലച്ചതുരങ്ങൾ അയാളെ പരാജയപ്പെടുത്തി. അയാൾക്ക് മകനെ സഹായത്തിനു വിളിക്കണമെന്നുണ്ടായിരുന്നു. മറ്റാരും , പ്രത്യേകിച്ചു വീട്ടിലുള്ളവർ അവന്റെ മുറിയിൽ കയറുന്നത് സന്ദീപിന് ഇഷ്ടമല്ല. വിജയൻ ചെറിയൊരു മടിയോടെ സന്ദീപിന്റെ കിടക്കയ്ക്കരികിൽ എത്തി.
സ്വന്തം വീട്, എന്നിട്ടും മകന്റെ മുറിയിൽ കയറുമ്പോൾ താനെന്താണു ഭയപ്പെടുന്നത് ? വിജയൻ ആ ചോദ്യം സ്വയം ചോദിച്ചു. ഇരുട്ടിൽ സന്ദീപിന്റെ മുഖം കാണാൻവയ്യ. താളത്തിൽ അവന്റെ ശ്വാസോച്ഛ്വാസം കേൾക്കാം.
- അതേ, ഇതെന്റെ മകനാണ്.
വിജയൻ തന്നോടുതന്നെ പറഞ്ഞു. ഇളം കുഞ്ഞായി നെഞ്ചിൽ കിടന്നുറങ്ങിയ സ്നേഹം. അച്ഛന്റെയും മകന്റെയും ഹൃദയമിടിപ്പ് ഒന്നായി ലയിച്ചിരുന്ന കാലം. അതൊക്കെ എങ്ങനെയാണ് നഷ്ടമായത് !
സ്കൂൾ ട്രിപ്പുകൾക്ക് ഡാഡി വരണമെന്നു ചെറുപ്പത്തിൽ അവൻ വാശി പിടിച്ചിരുന്നു. അഭിമാനത്തോടെ മടിയിൽ കയറിയിരുന്നിരുന്നു. പിന്നെ സ്കൂളിലേക്ക് ആരും ചെല്ലുന്നത് അവനിഷ്ടമില്ലാതെയായി.
- ഞാൻ നടന്നു പൊയ്ക്കോളാം.
എന്തിനും ദേഷ്യം, ചോദ്യങ്ങൾക്ക് ഉത്തരമില്ല. ചിലപ്പോഴൊരു മൂളൽ മാത്രം. പതിയെ ചോദ്യങ്ങളും നിന്നു പോയി. അങ്ങനെയൊക്കെ ഓർമ്മകളെ കൂട്ടിക്കുഴച്ച് അയാൾ കുറച്ചു സമയം മകനെ നോക്കിനിന്നു. കൈ നീട്ടി തൊടാൻ അയാൾക്കു ഭയമായിരുന്നു. ഉറക്കത്തിൽ അവൻ കെട്ടിയുണർന്നു ഭയപ്പെട്ടെങ്കിലോ എന്നും കരുതി അയാൾ ശബ്ദമുണ്ടാക്കാതെതന്നെ അവന്റെ മുറിയിൽനിന്നും ഇറങ്ങി.
കാലം മാറുകയാണ്. വലിയ വീട്ടിൽ ഈപ്പൻ ഒറ്റയ്ക്കാണ്. അയാൾ മക്കളെക്കുറിച്ചോ തെയ്യാമ്മയെപ്പറ്റിയോ ഒന്നും പറയാറില്ല. പക്ഷേ, അസമയത്തു വിളിക്കും. ചിലപ്പോൾ മുന്നറിയിപ്പില്ലാതെ കയറിവരും. ഈപ്പൻ പഴയ ഈപ്പനല്ല എന്നു വിജയനു തോന്നി. ജോലിയിൽ മാറ്റങ്ങൾ വന്നതോടെ ജിമ്മിയും മാറി, തിരക്കായിരിക്കാം. ഇപ്പോൾ സ്ട്രോക്ക് ജോയിയെ തകർത്തിരിക്കുന്നു.
ഓ കാനഡ ഇനിയും മാറാം. ഫ്രഞ്ചിലല്ലേ ഓ കാനഡ എഴുതപ്പെട്ടത്. അന്ന് പഞ്ചാബിൽ നിന്നുംവന്ന കർഷകർ ബ്രിട്ടീഷ് കൊളംബിയയിൽ അധ്വാനിക്കുമ്പോൾ അവർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. ആയിരത്തിതൊള്ളായിരത്തി ആറിൽ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യപ്പെടുന്ന കാലത്താണു കൂടുതൽ ഇന്ത്യക്കാർ കാനഡയിലേക്കു കുടിയേറുന്നത്.
ഓ കാനഡയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് വീണ്ടും വീണ്ടും രൂപഭേദംവന്നു .ഒടുവിലത്തെ ഭേദഗതി ഇപ്പോഴും അംഗീകാരം കാത്തുകിടക്കുന്നു. എന്നാൽ ഫ്രഞ്ചിലെഴുതിയ വരികൾ മാറ്റപ്പെടാതെ ഇന്നും പാടുന്നു. ഒരു രാജ്യത്തിന്റെ ദേശീയഗാനം രണ്ടു ഭാഷകളിൽ വ്യത്യസ്തമായിരിക്കുന്ന ഒരേയൊരു രാജ്യം കാനഡയായിരിക്കുമോ എന്ന് വിജയൻ അത്ഭുതപ്പെട്ടു.
O Canada,we stand on guard for thee
കാനഡയ്ക്കു കാവൽ നിൽക്കാമെന്നാണ് ഇംഗ്ളീഷിൽ പ്രഖ്യാപിക്കുന്നത്.
Protegera nos foyers et nos droits.
ശൗര്യത്തോടെ ഞങ്ങളുടെ ഭവനത്തെയും അവകാശങ്ങളെയും സംരക്ഷിക്കാനാണ് ഫ്രഞ്ചുസമൂഹം ആവശ്യപ്പെടുന്നത്. അന്നുമിന്നും, മാറ്റമില്ലാതെ .
ക്യൂബക് സംസ്ഥാനത്തിന്റെ കടുംപിടുത്തം, കാനഡയുടെ ഭാഗമായി ഞങ്ങൾ രൂപാന്തരപ്പെട്ടില്ല. സ്വതന്ത്ര രാജ്യമാവാൻ കഴിയാഞ്ഞതിൽ പ്രതിഷേധിച്ച് വിശിഷ്ട സമൂഹപദവി നേടി കാനഡയ്ക്കുള്ളിലെ ഫ്രാൻസുപോലെ ക്യൂബക് സ്ഥിതിചെയ്യുന്നു. കാനഡയിലെ മറ്റു സംസ്ഥാനങ്ങളിലും ഫ്രഞ്ചു വേണമെന്ന അവരുടെ ശാഠ്യം സാദ്ധ്യമായിരിക്കുന്നു. രാജ്യത്തെ എല്ലാ ഗവൺമെന്റ് ഓഫീസുകളിലും ഫ്രഞ്ചുഭാഷയിൽ സേവനം ലഭ്യമാണ്.
ക്യൂബക് സംസ്ഥാനത്തിൽ ഭരണഭാഷ മാത്രമല്ല എല്ലാ ഭാഷയും ഫ്രഞ്ചായി ചുരുങ്ങുന്നു. ഹൈവേകളിലെ ഗതാഗതസൂചനകളും അറിയിപ്പുകളും ഫ്രഞ്ചിൽ മാത്രം. കടകളിലും പമ്പുകളിലും സാധാരണ ഹോട്ടലുകളിലും ജീവനക്കാർ ഫ്രഞ്ചു മാത്രം സംസാരിക്കുന്നു. ഫ്രഞ്ചറിയാത്തവരെ പുച്ഛത്തോടെ അവഗണിക്കുന്നു. സഞ്ചാരികൾ മടങ്ങിവന്നില്ലെങ്കിലോ എന്ന ആശങ്കയില്ല. ചില നേട്ടങ്ങൾക്കു വേണ്ടി അവർ വഴങ്ങാൻ കൂട്ടാക്കുന്നില്ല. പകരം എന്റെ അവകാശങ്ങളെ സംരക്ഷിക്കാൻ കല്പിക്കുകയാണ്.
മാറ്റത്തെ ചെറുത്ത് ഭാഷയെ വെല്ലുവിളിച്ച് ക്യൂബക് മരവിച്ചു നിൽക്കുന്നു. വരാതെ പോകുന്ന ടൂറിസ്റ്റുകൾ, പാളിപ്പോകാവുന്ന ബിസിനസ്സ് സാധ്യതകൾ, നഷ്ടത്തെപ്പറ്റി വ്യാകുലപ്പെടുന്നില്ല. നഷ്ടപ്പെടാനുള്ളതിൽ മാത്രം മനസ്സുറപ്പിക്കുന്നു.
ടൊറന്റോയിലും പരിസരങ്ങളിലും കാലം മാറിക്കൊണ്ടിരിക്കുന്നു. അരിയും വെണ്ടയ്ക്കയും വഴുതനങ്ങയും സാധാരണ കടകളിൽ വിൽക്കാനുണ്ട്. നഗരത്തിൽ വെളുപ്പിനെ തോൽപ്പിച്ച് തവിട്ടുനിറം പടരുന്നത് കണ്മുന്നിൽ കാണാം. ടി.വി.യിലും ജോലി സ്ഥലങ്ങളിലും ഇന്ത്യക്കാരുടെ അനുപാതം കൂടിവരുന്നുണ്ട്. ജഡ്ജി റോസ് ലി അബെല്ലാ നൽകിയ പ്രത്യക്ഷ ന്യൂനപക്ഷം എന്ന വർണ്ണക്കിരീടം അതിനു സഹായിച്ചിട്ടുണ്ടെന്ന് വിജയനു വിശ്വാസമില്ല. പുതിയ കുടിയേറ്റക്കുട്ടികൾ ലിംഗഭേദമില്ലാതെ ജീൻസിലും ടീ - ഷർട്ടുകളിലും പ്ലെയിനിറങ്ങി വരുന്നു.
പിന്നിലേക്കു തള്ളിമാറ്റാൻ കഴിയാത്തത്ര ശക്തിയിൽ മുന്നേറുന്നത് വിദ്യാഭ്യാസവും ബുദ്ധിയും അദ്ധ്വാനശീലവുമാണെന്ന് ആ കുടിയേറ്റക്കാരൻ വിശ്വസിക്കുന്നു.
മാറ്റങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്.
ലളിത ജോലികഴിഞ്ഞു വരുന്നതുകാത്ത് വിജയനിരുന്നു.
( അടുത്ത ലക്കത്തോടെ നോവൽ പൂർണ്ണമാകുന്നു. )