America

എസ്തപ്പാന്‍ (കഥ: ജോസഫ്‌ എബ്രഹാം)

Published

on

വോട്ടെണ്ണലില്‍ ലീഡുനില നന്നേ കുറഞ്ഞതോടെ  മുറ്റത്തും കോലായിലും  ഉണ്ടായിരുന്നവര്‍  മൂടും തട്ടി പതിയെ നടന്നകന്നു. ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ  കടലാസ് കപ്പുകളും, പ്ലേറ്റുകളും, സിഗരറ്റുകുറ്റികളും വീട്ടുമുറ്റത്ത് ചിതറിക്കിടന്നു.

 കുറച്ചു നേരം തനിയെ ഇരിക്കാനായി  എസ്തപ്പാന്‍ കൊതിച്ചു.  എല്ലാവരും പോയി കഴിഞ്ഞിട്ടും എപ്പോഴും കൂടെയുള്ള ഔസേപ്പുകുട്ടി  അയാള്‍ക്കരികില്‍ നിന്നും അപ്പോഴും മാറിയിരുന്നില്ല. എസ്തപ്പാന്‍ അയാളെ നിര്‍ബന്ധിച്ചു വീട്ടിലേക്കു പറഞ്ഞുവിട്ടു.

 അതുവരെ സദാ ചിലച്ചുകൊണ്ടിരുന്ന ഫോണുകള്‍ക്കും  മിണ്ടാട്ടം മുട്ടിപ്പോയി.
ഇടയ്ക്കിടക്ക് വീടിന്‍റെ മൗനം ഭഞ്ജിച്ചു കൊണ്ട് അകത്തുനിന്നും  ശകാരങ്ങളു നെടുവീര്‍പ്പുകളും  ഉയര്‍ന്നുകേട്ടു.

“തന്നെ ഒന്നിനും  കൊള്ളാത്തതു കൊണ്ടാണ് നാട്ടുകാര്‍ തോല്‍പ്പിച്ചത്. എന്‍റെ വിധി  ഇതായിപ്പോയല്ലോ കര്‍ത്താവേ”

മത്സരിക്കാന്‍  എസ്തപ്പാന് സീറ്റു കിട്ടിയപ്പോള്‍ മേഴ്സി അത്യധികം ആഹ്ലാദിച്ചിരുന്നു.
“ഇപ്പോള്‍ ജില്ലാപഞ്ചായത്ത്, അടുത്തപ്രാവശ്യം യെമ്മെല്ലെയു മന്ത്രിയുമൊക്കെയാകുമെന്നാണ് കോരസാര്‍ പറഞ്ഞേക്കണത്”

 മേഴ്സി പറയുന്ന വിശേഷങ്ങള്‍  കേട്ട  അയല്‍ക്കാരിപ്പെണ്ണുങ്ങളുടെ മുഖം പൌശ്യൂന്യത്താല്‍  വിവര്‍ണമാകുന്നതു കണ്ടപ്പോള്‍ അവള്‍    ഉള്ളില്‍ ചിരിച്ചു.

  ഓട് മേഞ്ഞ  ചെറിയ വീട്ടില്‍ നിന്നും,രണ്ടു നിലയുള്ള  സ്വപ്ന വീട്ടിലേക്കുള്ള ദൂരം കുറഞ്ഞതായി അവള്‍ക്കു തോന്നി.  കൊടിവെച്ച കാറും  ഗണ്മാനും, വീടിനു കാവല്‍ നില്‍ക്കുന്ന പോലീസുകാരും, അവളുടെ   പുലര്‍കാല സ്വപ്‌നങ്ങളില്‍  പതിവായി തെളിഞ്ഞു നിന്നു.
പക്ഷെ, ഇപ്പോളവളുടെ  വീട് പൂര്‍ണനിശബ്ദമായി  ഇരുളില്‍ ഒളിച്ചിരിക്കുകയാണ്.

ഗ്ലാസില്‍ നിറച്ച മദ്യവുമായി വീടിന്റെ  ഇളംതിണ്ണയില്‍  ഒറ്റയ്ക്കിരുന്നകൊണ്ട്  എസ്തപ്പാന്‍ പരാജയത്തിന്‍റെ കൈപ്പുനീര്‍ കുടിച്ചിറക്കി.

മഴപെയ്യാന്‍ തുടങ്ങി. കാലം തെറ്റിവന്ന മഴ വരണ്ടുണങ്ങിയ മുറ്റത്തു ആവി പടര്‍ത്തിയപ്പോള്‍  അയാള്‍ക്കു  വല്ലാതെ  ഉഷ്ണിച്ചു. മഴക്കൊപ്പമെത്തിയ   കാറ്റില്‍ ഊത്തലടിച്ചു  ദേഹം നനഞ്ഞുവെങ്കിലും മാറിയിരിക്കാന്‍ തോന്നിയില്ല.  മഴയെ അവഗണിച്ചു കുറച്ചാളുകള്‍ റോഡിലൂടെ വിജയാഹ്ലാദ മുദ്രാവാക്യം വിളിച്ചു വരുന്നുണ്ട്.  എസ്തപ്പാന്റെ വീടിനു മുന്‍പിലെത്തിയപ്പോള്‍ അവര്‍ മുണ്ടുകള്‍ മാടികുത്തി ഉറക്കെ മുദ്രാവാക്യം വിളിച്ചു. അവരില്‍ ചിലര്‍ വീടിനു നേരെ തിരിഞ്ഞുനിന്ന് മുണ്ടുപൊക്കി ശീമക്കൊന്ന വേലിയില്‍ മൂത്രമൊഴിച്ചു. ഇരുള്‍ ചൂഴ്‌ന്നു നില്‍ക്കുന്ന  വീടിന്റെ കോലായിലിരിക്കുന്ന എസ്തപ്പാനെ ആരും കണ്ടില്ല. മുദ്രാവാക്യത്തോടൊപ്പം  വിളിച്ച തെറികള്‍ മഴവെള്ളത്തില്‍ തെന്നിത്തെറിച്ചു അയാളുടെ  ഉടലിനെ നനച്ചുവെങ്കിലും അതെല്ലാം  വെള്ളത്തോടൊപ്പം മണ്ണിലേക്ക്   ഉതിര്‍ന്നു വീണു. ആള്‍ക്കൂട്ടത്തില്‍ നിന്നും ആരോ വലിച്ചെറിഞ്ഞ വള്ളിപൊട്ടിയ  ചെരുപ്പ് അവന്‍റെ മേല്‍ ചെളിതെറിപ്പിച്ചുകൊണ്ട്  മുറ്റത്തത്തെ   വെള്ളത്തില്‍ വീണു.

ഹന്നാന്‍ വെള്ളത്തിന്‍റെ വിശുദ്ധിയോടെ പെയ്തുകൊണ്ടിരുന്ന മഴയില്‍ എസ്തപ്പാന്‍ കുതിര്‍ന്നു ശുദ്ധനായി, ജ്ഞാനസ്നാനം ചെയ്തു.

II

മഴയില്‍ കുതിര്‍ന്ന   ഒരു ദിവസമായിരുന്നു എസ്തപ്പാനും ആദ്യമായി മുദ്രാവാക്യം വിളിച്ചത്. വൈകുന്നേരം സ്കൂള്‍വിട്ടു വരുന്നനേരം, ഇടവഴിയിലെ ചളിവെള്ളം  ചവിട്ടിതെറിപ്പിച്ചുകൊണ്ട്  ചെങ്കൊടികളുമായി  അന്നൊരു  ജാഥ വന്നു.
 “അരി തരാ സര്‍ക്കാര്‍  ഞങ്ങടേതല്ല,
തുണി തരാ സര്‍ക്കാര്‍   ഞങ്ങടേതല്ല
പണിതരാ  സര്‍ക്കാര്‍  ഞങ്ങടേതല്ല....”.

സ്കൂളില്‍ കൂടെ പഠിക്കുന്ന ലക്ഷംവീട്ടുകാരന്‍ സുകുമാരന്‍റെ അച്ഛന്‍, കുഞ്ഞുമോന്‍  ഈണത്തില്‍ വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യം കേട്ടപ്പോള്‍ മറ്റു കുട്ടികള്‍ക്കൊപ്പം എസ്തപ്പാനും ജാഥയുടെ പുറകില്‍ കൂടി.  ജാഥക്കാര്‍ക്കൊപ്പം മുദ്രാവാക്യം ഏറ്റുവിളിച്ചു.

മഴതെറിച്ചു ചളി പറ്റാതിരിക്കാനായി   വീടപ്പോളതിന്റെ കുപ്പായകൈകള്‍ തെറുത്തുവെച്ചിരുന്നു. മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തില്‍, നനഞ്ഞൊട്ടിപ്പിടിച്ച മൂന്നു കുഞ്ഞുങ്ങള്‍ പിഞ്ഞാണത്തിലെ വെള്ളത്തില്‍ വറ്റിനായി പരതി. കുടുക്കു പൊട്ടിപ്പോയ കുപ്പായം നെഞ്ചോട് ചേര്‍ത്തു പിടിച്ചു കൊണ്ട്  ഇളയവന്‍  ചമ്മന്തിയിലെ അവസാനതരി വരെ നക്കി തീര്‍ത്തു.  അവരുടെ അമ്മ അല്ലി കട്ടിളപ്പടിയില്‍ കുത്തിയിരുന്നു മക്കളുടെ പരവേശം കണ്ടു നെടുവീര്‍പ്പിട്ടു
“അമ്മാ,  ഇച്ചിരി കഞ്ഞി കൂടിത്താ വിശക്കുന്നു”
രാവിലെ പ്രാതലിനു  വാട്ടുകപ്പ തിളപ്പിച്ചത്  ബാക്കിയിരുന്നത് വളിച്ചു പോകാതിരിക്കാന്‍ വെള്ളമൊഴിച്ചിട്ടിരുന്നു.  അതിലെ വെള്ളം ഊറ്റികളഞ്ഞു,  ഉപ്പുനീര്‍ തളിച്ച്  അവരുടെ   മുന്നിലേക്കു അല്ലി നീക്കിവച്ചു.
“അമ്മാ,  കപ്പ വേണ്ട കഞ്ഞി മതി”
“കഞ്ഞി വെക്കാന്‍ നിന്റപ്പന്‍  ഇവിടെ അരിവാങ്ങി വച്ചിട്ടുണ്ടോ?; വേണമെങ്കില്‍  തിന്നേച്ചേറ്റുപോയി വല്ലതും പഠിക്ക് നശൂലങ്ങളെ”
അടച്ചാറ്റിയിന്മേല്‍  ഉപ്പുകല്ലു  കാന്താരിമുളകും വച്ച്  ചിരട്ട തവിക്കൊണ്ടുടച്ച മുളക് ചമ്മന്തി അടച്ചാറ്റിയോടെ അവരുടെ മുമ്പിലേക്കു നീക്കി വച്ചുകൊടുത്തുകൊണ്ട്  അല്ലി ദേഷ്യപ്പെട്ടു.  മുളക് പൊട്ടിച്ചതും  തൊട്ടുനക്കി മനസ്സില്ലാ മനസ്സോടെ വാട്ടുകപ്പ തിന്നവര്‍ പശിയടക്കി.

പഠിക്കാനിരുന്നെങ്കിലും എസ്തപ്പാന്റെ മനസ്സ് പതിവുപോലെ   പുസ്തകത്തില്‍ തറഞ്ഞു നിന്നില്ല.
വേലിക്കല്‍ നിന്നും  അപ്പന്‍റെ വരവറിയിച്ചുകൊണ്ട് പതിവ് പാട്ട് കേള്‍ക്കാന്‍   തുടങ്ങി. എന്നും ആവര്‍ത്തിച്ചു പാടുന്ന  ഒരേ ഒരു പല്ലവി. ഏതോ കള്ളുഷാപ്പില്‍ നിന്നും  അവരുടെ അപ്പന്‍, മത്തായിയുടെ നാവില്‍ കയറി കൂടിയതാണ്.
 അപ്പന്‍ നല്ല തണ്ടും തടിയുമുള്ള ഒത്തൊരാളാണ്. നാലുപേരെ ഒറ്റയ്ക്ക് നിന്നു തല്ലും. തടിപ്പണിക്ക് പോകും, രണ്ടാളുടെ പണിയെടുക്കും, നല്ലകാശും കിട്ടും. കിട്ടണ കാശൊക്കെ ഹോട്ടലിലും കള്ളുഷാപ്പിലും കൊടുത്തു വയര്‍ നിറച്ചിട്ടാണ്  വീട്ടില്‍ വരിക.
“എസ്തപ്പാനെ,  നീ.. ഒരു മനുഷ്യനാണോടാ,
എസ്തപ്പാനെ,  നീ..ഒരു മനുഷ്യനാണോടാ”
ആ പാട്ട് കേള്‍മ്പോള്‍ തന്നെ  എസ്തപ്പാന് കലിവരും. പാട്ടിപ്പോള്‍ മുറ്റത്തെത്തി. എസ്തപ്പാന്‍ എഴുന്നേറ്റു. വൈകുന്നേരത്തെ ജാഥ അവനപ്പോള്‍  ഓര്‍മ്മവന്നു.   നടയിലേക്കു കാലുകുത്തിയ അപ്പന്‍റെ മുഖത്ത് നോക്കി, കൈചുരുട്ടി മുഷ്ട്ടികള്‍ ആകാശത്തേക്കുയര്‍ത്തി അവന്‍   ഉറക്കെ വിളിച്ചു പറഞ്ഞു
“അരി തരാത്തപ്പന്‍  ഞങ്ങടേതല്ല”
  അനിയന്മാര്‍ എസ്തപ്പാനോട് ചേര്‍ന്നു  ഏറ്റു വിളിച്ചു
“അരി തരാത്തപ്പന്‍  ഞങ്ങടേതല്ല”

മക്കളുടെ സമരം വിളിയില്‍ മത്തായി ആദ്യമൊന്നു പരുങ്ങി. കോലായില്‍  നില്‍ക്കുന്ന അല്ലിയെ ചുവന്ന കണ്ണുകള്‍കൊണ്ട്   നോക്കി ദഹിപ്പിച്ചു.
“മാറി നില്‍ക്കടാ മൈരുകളെ”
എസ്തപ്പാനെ തള്ളിമാറ്റിക്കൊണ്ട്  മത്തായി തിണ്ണയില്‍ കയറി. മുറ്റത്തെ ചെളിയില്‍ എസ്തപ്പാന്‍  നിലതെറ്റി  വീണു. കണ്ണീരും ചെളിയും കലര്‍ന്ന വെള്ളം അവന്‍റെ  നെഞ്ചിലേക്കിറ്റിവീണു.
 ഷര്‍ട്ടൂരി അയയില്‍  ഇട്ടു, തിണ്ണയിലെ കട്ടിലില്‍  മത്തായി  മലര്‍ന്നു കിടന്നു.
“ഈ അപ്പനെ ഞാനെന്നെങ്കിലും കൊല്ലും”
 കണ്ണുതുടച്ച്‌, ദേഹത്തു പറ്റിയ ചെളി മഴയില്‍  കഴുകികൊണ്ട്  എസ്തപ്പാന്‍  വിളിച്ചു പറഞ്ഞത് അല്ലി കേട്ടില്ല  അതുകൊണ്ട്   അപ്രാവശ്യം അവനമ്മയുടെ അടി  കിട്ടിയുമില്ല.

കിടന്നപാടെ മത്തായിയുടെ കൂര്‍ക്കംവലി ഉയര്‍ന്നു. കിഴക്കന്‍ മലഞ്ചെരുവിലെ കൂറ്റന്‍ കാളിപ്പനകള്‍, ലോഭമില്ലാതെ ചുരത്തുന്ന  പനങ്കള്ളു കുടിച്ചു വീര്‍ത്ത വയര്‍ കൂര്‍ക്കം വലിക്കൊപ്പം ഉയര്‍ന്നു പൊങ്ങുന്നത് കണ്ടപ്പോള്‍, ചൊട്ടിയ വയറുള്ള മക്കള്‍ തുറന്നുവച്ച പുസ്തകത്തിനു മുന്നിലിരുന്നവരുടെ വിശപ്പ്‌ മറന്നു  ചിരിച്ചു.

വീട്ടു ചെലവിനായി വല്ലതും ബാക്കിയുണ്ടോന്നറിയാന്‍ അയയില്‍ അഴിച്ചിട്ടിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ അല്ലി തപ്പി നോക്കി.
“നാശം  ഇതിയാന്റെ ഒടുക്കത്തെ കൂര്‍ക്കംവലി കാരണം  പിള്ളേര്‍ക്കു പഠിക്കാന്‍ പോലും പറ്റൂല്ല”.
 പോക്കറ്റില്‍ നിന്നു ഒന്നു കിട്ടാതെ വന്നതോടെ അല്ലിക്ക് കലി വന്നു.
“ഈ കാലന്‍റെ അരിയെത്തിയിരുന്നെങ്കില്‍ ബാക്കിയുള്ളോര്‍ക്കു ഇച്ചിരെ സ്വൈര്യമെങ്കിലും കിട്ടുമായിരുന്നു.
“എണീറ്റ്‌ പോടാ, നീയൊക്കെ പഠിച്ചിട്ടുണ്ടോ കൊണം വരാമ്പോണത്. ഈ കാലന്റെ  വിത്തല്ലേ”
അമ്മയുടെ വാക്കു കേള്‍ക്കാന്‍  കാത്തിരുന്നു  പുസ്തകം മടക്കി എണീറ്റു പോകാന്‍.
നിലത്തു വിരിച്ച പായയില്‍ കിടക്കുമ്പോള്‍, ആകെ ഉണ്ടായിരുന്ന  തലയണ ആര്‍ക്കു വേണം എന്ന അടിയായി പിന്നെ.
പായയില്‍ ഉറങ്ങാന്‍ കിടക്കുന്ന മക്കളെ നോക്കി അല്ലി കുറച്ചു നേരമിരുന്നു. പിന്നെ വിളക്കൂതി അവര്‍ക്കരികില്‍ കിടന്നു.  പുറത്ത് മഴ നന്നായി പെയ്യുന്നുണ്ട്  കിഴക്കന്‍ മലയിലെവിടെയോ ഉരുള്‍ പൊട്ടി എന്നു പറഞ്ഞു കേട്ടിരുന്നു.

പുറത്തെ കട്ടിലില്‍ കിടക്കുന്ന മത്തായിയുടെ വയറ്റില്‍ കിടന്നു കപ്പക്കറിയും   പനങ്കള്ളും  പുളിച്ചു തികട്ടി.  നീണ്ടു നിന്ന ഒരു  വളിയായി  തികട്ടല്‍  പുറത്ത് ചാടിയപ്പോള്‍  പിള്ളേര്‍ ഉറക്കെ ചിരിച്ചു. കൈയെത്തിച്ചു  എസ്താപ്പാന്റെ  തുടയില്‍ നുള്ളു കൊടുത്തുകൊണ്ട് അല്ലി പറഞ്ഞു
“തന്തയുടെ വളികേട്ടിളിക്കാതെ, കിടന്നുറങ്ങടാ മൈറ്റാണ്ടികളെ”

അല്ലിയുടെ കോപം നൊടിയില്‍ സങ്കടമായി മാറി. അവള്‍ ഇരുളില്‍ തന്‍റെ നിഴലായി   കിടക്കുന്ന മക്കളെ നോക്കി. എന്നു കൊടുക്കാന്‍ പറ്റും  ഇതുങ്ങള്‍ക്കു വയറു നിറച്ചു വല്ലതും?
ഇറച്ചിചാറൊഴിച്ചു ചോറുണ്ണാന്‍ വലിയ കൊതിയാണവര്‍ക്ക്.
ഞായറാഴ്ച  പള്ളിയിലെ വേദപാഠ ക്ലാസിലിരിക്കുമ്പോള്‍,  പള്ളിക്കടുത്ത വീടുകളില്‍ ഇറച്ചിക്കറി വയ്ക്കുന്ന മണം മൂക്കിലടിക്കുമ്പോള്‍, പിള്ളേരുടെ വായില്‍ കപ്പലോടും. ഞായറാഴ്ച എല്ലാ വീടുകളിലും തന്നെ  ഇറച്ചിക്കറി വയ്ക്കും. വേദപാഠം കഴിഞ്ഞു വരുമ്പോള്‍, അവരാദ്യം ഓടിചെന്നു അടുക്കളയില്‍ നോക്കും.  പിന്നെ നിരാശയോടെ മൂന്നും പുറത്തേയ്ക്കിറങ്ങും.
അവര്‍ പോകുന്നത് തറവാട്ടിലേക്കാണെന്നറിയാമെങ്കിലും അല്ലി തടയാറില്ല. തറവാട്ടില്‍ അനിയനാണ് താമസിക്കുന്നത്. പിള്ളേരു  മൂന്നും അവിടെ മുറ്റത്തും കോലായിലുമായി ഇരിക്കുന്നത് കാണുമ്പോള്‍  കുഞ്ഞമ്മയ്ക്കു  കലിവരും. മക്കളെ വീട്ടിലേക്കു പറഞ്ഞു വിട്ട അല്ലിയെ കണക്കിനു പ്രാകും.
കുറച്ചു കഴിയുമ്പോള്‍  കുട്ടിചാച്ചന്‍  എഴുന്നേറ്റു ചെന്നു കുഞ്ഞമ്മയോടു പറയും
“എടീ ആ പിള്ളേര്‍ നില്‍ക്കുന്നത് കണ്ടില്ലേ? അവര്‍ക്കിച്ചിരെ എന്നാങ്കിലും  കൊടുക്ക്‌”
“ഇവിടൊണ്ടു രണ്ടുമൂന്നെണ്ണം,  എല്ലാത്തിനും കൊടുക്കാനിവിടെ അതിമാത്രം കൂട്ടി വച്ചിട്ടുണ്ടോ?”
അതു കേട്ടാലും കുട്ടിചാച്ചന്‍  വിളിക്കും
“പിള്ളേരെ, നിങ്ങള്‍ ചോറുണ്ടോ? ഇല്ലെങ്കില്‍ കൈയും, മുഞ്ഞീം  കഴുകി വാ”
അടുക്കള പുറത്തെ കോലായില്‍  അന്നേരത്തേക്കും  പ്ലേറ്റില്‍ കുറച്ചു ചോറും ഇറച്ചി ചാറും കുഞ്ഞമ്മ വച്ചിട്ടുണ്ടാകും. ഇറച്ചി കഷ്ണങ്ങള്‍ ഒത്തിരി ഉണ്ടാകില്ല  ചേമ്പോ  വാഴക്കയോ ഒക്കെയാകും കൂടുതലും.
 ഇറച്ചിചാറും കൂട്ടി അരവയര്‍ നിറച്ചവര്‍ അവിടെ നിന്നും വീട്ടിലേക്കോടും. ചിലപ്പോള്‍ അല്ലി ഇറച്ചിവെട്ടുകാരന്‍ തോമയുടെ അടുക്കല്‍ ചെന്നു പന്നികുടല്‍ വാങ്ങും. അതിനു കാശു കൊടുക്കണ്ട.  മഴയും വെള്ളവും ഉള്ളപ്പോഴേ  അത് വൃത്തിയാക്കാന്‍ പറ്റൂ. തോട്ടില്‍ വെള്ളമുള്ളപ്പോള്‍  തോട്ടിലെ വെള്ളത്തില്‍ പന്നിക്കുടല്‍ വൃത്തിയാക്കും. അല്ലിയുടെ ദാരിദ്രം കാണുന്ന വെട്ടുകാരന്‍ തോമാ ചിലപ്പോള്‍ കുറച്ചു പശളയും വെട്ടിചെറുതാക്കിയ വാരിയെല്ലുകളും തേക്കിലയില്‍ പൊതിഞ്ഞുകെട്ടി വെറുതെ കൊടുക്കും.
പന്നികുടല്‍ വാങ്ങുന്നത് കാണുമ്പോള്‍ ആളുകള്‍ കളിയാക്കും. എന്നാലും ഇറച്ചിക്കറി എന്നു പറഞ്ഞു മക്കള്‍  കൊതിയോടെ തിന്നുന്നത് കാണുമ്പോള്‍ അവളതെല്ലാം മറക്കും.
III
പതിനെട്ടാമത്തെ വയസില്‍ എസ്ത്തപ്പാന്‍ പത്താം ക്ലാസ്സിലെത്തി. അപ്പോഴേക്കും ശരീരം വളര്‍ന്നു അപ്പനൊപ്പമായി. പരീക്ഷ എഴുതി ഫലമറിയാന്‍  എസ്തപ്പാന്‍ കാത്തുനിന്നില്ല. ആദ്യം ഇറങ്ങിയത്‌ ബസ്‌സ്റ്റാന്റിലേക്കാണ്. ബസുകള്‍ കഴുകുന്ന ജോലി. പിന്നെ ഒരു ബസില്‍ കിളിയുടെ ജോലി. വാതിലില്‍ തൂങ്ങി, ഒറ്റചിറകില്‍  പറന്നു നിന്ന്, ആളുകളെ തള്ളികയറ്റി, മുന്നില്‍ പോകുന്ന ബസിനെ മറികടക്കാന്‍ വിസിലടിച്ചും, തുരുതുരെത ബെല്ലടിച്ചു  ഡ്രൈവറെ ആവേശം കൊള്ളിച്ചും കുറച്ചുനാളുകള്‍.
 
ശരീരം പ്രായത്തേക്കാള്‍ വളര്‍ന്നപ്പോള്‍, കൈകളില്‍ ഉറഞ്ഞുകൂടിയ കരുത്തു ലോകത്തെതന്നെ അടിച്ചൊതുക്കാനായി  തുടിച്ചു.
സമയം തെറ്റി വരുന്ന ബസുകാര്‍ക്ക്  പണികൊടുക്കുന്ന പണിയായി പിന്നെ. കൂട്ടത്തില്‍  ബസ് മുതലാളിയുടെ തന്നെ ചാരായ റേഞ്ചിലെ വാറ്റുകാരെ ഒതുക്കുന്ന പണികൂടായി. ധീരതയുടെ അടയാളങ്ങള്‍ പുറത്തും മുഖത്തും മായാത്ത മുദ്രകള്‍ ചാര്‍ത്തിയപ്പോള്‍  നാട്ടുകാര്‍ക്കു എസ്തപ്പാനോട് ചില്ലറ  ബഹുമാനമൊക്കെ തോന്നിതുടങ്ങി.

പിന്നെ തൊഴിലാളി യൂണിയനിലേക്ക്. ചങ്കുറപ്പും  കൈക്കരുത്തുമായി മുന്നില്‍ നിന്നപ്പോള്‍ തൊഴിലാളികള്‍ എസ്തപ്പാന്റെ  പിന്നില്‍ വിശ്വാസത്തോടെ അണിനിരന്നു. കൈക്കരുത്തിനോപ്പം ഈണത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിക്കാനുള്ള  പഠനംകൂടി കഴിഞ്ഞപ്പോള്‍ ജാഥകളുടെ   പിന്നില്‍ നിന്നും മുന്നിലേക്ക്‌ കയറി നില്ക്കാറായി.

ആദ്യം ഒരു കൈ നോക്കിയത് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ്.  പിന്നെ ബ്ലോക്ക്‌ പഞ്ചായത്തിലെത്തി. നാട്ടുകാര്യങ്ങള്‍ നോക്കി ഓടി നടക്കുന്നതിനിടയില്‍  എസ്തപ്പാന്‍ അപ്പനെപ്പോലെ വീടിനെ  മറന്നു.  വീട്ടില്‍ ഓരോ ആവശ്യങ്ങള്‍ക്കായി എസ്തപ്പാനെ കാണാന്‍ വരുന്നവര്‍ക്കു ചായ ഉണ്ടാക്കിക്കൊടുക്കുമ്പോള്‍, കാലിയാകുന്ന ചായപ്പൊടി ടിന്നില്‍ നോക്കി മേഴ്സി പല്ലിറുമ്മി, പിന്നെ പുഞ്ചിരിച്ച മുഖവുമായി എല്ലാവര്‍ക്കും ചായ നല്‍കി അവള്‍ സല്കരിച്ചു.

ഞായറാഴ്ച  പള്ളികഴിഞ്ഞു  വരുമ്പോള്‍, അമ്മ അല്ലി ചായക്കടയില്‍ നിന്നും പലഹാരങ്ങളുംവാങ്ങി വരും, കൂട്ടത്തില്‍  കറിവയ്ക്കാന്‍ ഇറച്ചിയും വാങ്ങി വരും. പിള്ളേര്‍ പലഹാരപൊതിയിലെ പങ്കിനായി കലപില കൂട്ടുമ്പോള്‍ സ്വന്തം മക്കളുടെ ബാല്യം ഓര്‍മ്മയിലെത്തും.   പേരക്കുട്ടികള്‍ ഇറച്ചിക്കറിയും കൂട്ടി വയര്‍ നിറച്ചു ചോറുണ്ണുന്നത് കാണുമ്പോള്‍, അവളുടെ വയറും നിറയും. എസ്തപ്പാന്‍ അപ്പോഴൊന്നും വീട്ടില്‍ കാണില്ല.

ഇടയ്ക്ക്  രാഷ്ട്രീയ  ചേരികള്‍  ഒന്നു രണ്ടു തവണ  മാറിനോക്കി.   സാര്‍വദേശീയ ജനതയുടെ ക്ഷേമത്തിനായി കോരസാര്‍ രൂപീകരിച്ച പ്രാദേശിക പാര്‍ട്ടിയില്‍   എത്തിയപ്പോള്‍  കോരസാറിന്റെ ബന്ധുവും എസ്തപ്പാന്റെ പഴയ മുതലാളിമായ  വെളിയനാട് പാപ്പിച്ചായാന്റെ  ആളായി ജില്ലാപഞ്ചായത്തിലേക്ക്    മത്സരിക്കാന്‍ എസ്തപ്പാന്  ടിക്കറ്റ് കിട്ടി.
IV

രാവിലെ പതിവുതെറ്റി ഏറെ താമസിച്ചാണ് എസ്തപ്പാന്‍ എഴുന്നേറ്റത്.  അതൊരു ഞായറാഴ്ച ആയിരുന്നു. നാണക്കേടും നിരാശയും  കാരണം മേഴ്സി അതുവരെ എഴുന്നേറ്റില്ല  കട്ടിലില്‍ തന്നെ കിടന്നു.
അല്ലി അന്നു പതിവിലും നേരത്തെ എസ്തപ്പാന്റെ വീട്ടിലെത്തി. കുര്‍ബാന മുഴുവനും കഴിയാന്‍ നിന്നില്ല.  വല്യമ്മച്ചി പൊതിയുമായി വേലികടന്നു വരുന്നത് കണ്ടപ്പോള്‍, മുറ്റത്തിരുന്നു വട്ടു കളിച്ചുകൊണ്ടിരുന്ന പിള്ളേര്‍ വല്യമ്മച്ചി എന്നു വിളിച്ച് അല്ലിയെ വട്ടം പൊതിഞ്ഞു.
പിള്ളേര്‍ക്കു അപ്പവും മുട്ടക്കറിയും വാങ്ങിക്കൊണ്ടാണ്  അല്ലി വന്നത്. കയ്യിലിരുന്ന ഇറച്ചിപ്പൊതി അടുക്കളയില്‍ കൊണ്ട് വയ്ക്കുമ്പോള്‍ കാലില്‍ ചുറ്റിയുരുമിയ  കുറിഞ്ഞിപൂച്ചയെ അല്ലി വഴക്ക് പറഞ്ഞു കാലുകൊണ്ട് തട്ടി മാറ്റി.  അല്ലിയുടെ ഭാവമാറ്റത്തില്‍ പകച്ചുപോയ കുറിഞ്ഞി മുറ്റത്തെ വാഴച്ചുവട്ടില്‍ പോയി പരിഭവിച്ചു കിടന്നു. കുറുമ്പ് കാണിച്ചു അവളുടെ അടുത്തെത്തി കുരച്ച ടോമി പട്ടിയെ അവഗണിച്ചുകൊണ്ട്  കുറിഞ്ഞികണ്ണുമടച്ചു കിടന്നു. കുറിഞ്ഞിയുടെ കിടപ്പ് കണ്ടുകൊണ്ട്  ടോമി കുറച്ചു നേരം അവിടെ ചുറ്റിപ്പറ്റി നിന്നു,  പിന്നെ ഇളം തിണ്ണയില്‍ വിരിച്ചിരുന്ന  അവന്‍റെ   കീറചാക്കില്‍ പോയി കിടന്നുകൊണ്ട്,  അതിന്‍റെ നൂലുകള്‍ കടിച്ചു പൊട്ടിക്കണ ജോലി  തുടര്‍ന്നു.

ചായവെച്ചത്  പിള്ളേര്‍ക്കുകൊടുത്തതില്‍ ബാക്കിയായ ഒരു  ഗ്ലാസ് ചായയുമായി അല്ലി കോലായിലേക്ക് വന്നപ്പോള്‍ എസ്തപ്പാന്‍ മമ്പിടിയിലിരുന്നു ബീഡി വലിക്കുന്നുണ്ടായിരുന്നു. തനിക്കായി കരുതിയ  ചായ  എസ്തപ്പാന് നേരെ നീട്ടിക്കൊണ്ട്  അല്ലി  പതം പറഞ്ഞു.
“എന്നാലും എന്‍റെ മകനെ, ഞാന്‍ ഓര്‍ക്കുവായിരുന്നു. കൊല്ലം കുറെയായി രാവും പകലും ഇവമ്മാര്‍ക്ക് വേണ്ടി നീ ഓടി നടക്കുവായിരുന്നില്ലേ? എന്നിട്ടും,  ഈ എരണം കെട്ട കൂട്ടര്‍ നിന്നെ അക്ഷരം പ്രതി ഊമ്പിച്ചു കളഞ്ഞല്ലോ!”

ചുണ്ടിലിരുന്ന ബീഡി മുറ്റത്തേക്ക്‌  നീട്ടി തുപ്പിക്കൊണ്ട് എസ്തപ്പാന്‍ ഏഴുന്നേറ്റു മുറ്റത്തെ തെങ്ങിന്‍ ചുവട്ടിലേക്ക്‌ നടന്നു.  നോട്ടമില്ലാത്തതിനാല്‍ മുരടിച്ചു  കായ്‌ ഫലം ഇല്ലാതായ തെങ്ങിന്‍റെ  തായ് തടിയില്‍ കയ്യൂന്നിക്കൊണ്ട്   എസ്തപ്പാന്‍ ചുറ്റുംനോക്കി.  തൊഴുത്തിന്റെ എരുമ്പില്‍ തൂക്കിയിട്ടിരിക്കുന്ന  തൂമ്പാ എടുത്തുകൊണ്ടു തിരികെ വന്നപ്പോഴേക്കും  പിള്ളേര്‍സെറ്റ് മുറ്റത്തു കളി തുടങ്ങിയിരുന്നു. അയല്‍പക്കത്തുള്ള പിള്ളേരും കളിക്കാന്‍ അവിടെ എത്തിയിരുന്നു. തലേന്ന്  ജാഥ നടത്തിയവര്‍ ഉപേക്ഷിച്ചു പോയ ഒരു കൊടിയുമായാണ് അവരുടെ കളി.  ജാഥ വിളിച്ചുള്ള കളിയാണ്‌ അവര്‍ കളിക്കുന്നത്.  
കള്ളുകുടിച്ചു കരളുപോയി ചത്ത അപ്പന്‍  വേലിക്കല്‍ നിന്നു പാടുന്നത്  കേട്ടപ്പോള്‍ എസ്തപ്പാന്‍ വേലിക്കലേക്ക് നോക്കി.
“എസ്തപ്പാനെ, നീ ഒരു മനുഷ്യനാണോടാ
എസ്തപ്പാനെ, നീ ഒരു മനുഷ്യനാണോടാ”

അപ്പന്‍റെ പാട്ടു കേട്ടപ്പോള്‍ എസ്തപ്പാന് എന്നത്തെപ്പോലെയും അപ്പോഴും കലി തോന്നി. അവന്‍   പല്ലിറുമ്മിക്കൊണ്ട്  പറഞ്ഞു
“ഈ അപ്പനെ ഒരു ദിവസം ഞാന്‍ കൊല്ലും”
 താന്‍ പറഞ്ഞത് ഇറയത്തിരിക്കുന്ന അമ്മച്ചി കേട്ടോന്നറിയാന്‍  എസ്തപ്പാന്‍ തിരിഞ്ഞുനോക്കി.  
പിള്ളേരുടെ  ജാഥകളിയുടെ  മുദ്രാവാക്യം വിളിയും ബഹളവുമാണെങ്ങും. അവരുടെ തിമര്‍പ്പിലേക്ക് കൂട്ടുചേരാന്‍ കൂടുതല്‍ കൂട്ടുകാരെത്തി.  അവരുടെ കളിവാക്കുകള്‍  
 “അരിതരാത്തപ്പന്‍ ഞങ്ങടേതല്ല
തുണിതരാത്തപ്പന്‍ ഞങ്ങടേതല്ല”.

എന്ന വിളികളായി കാതില്‍ പതിഞ്ഞപ്പോള്‍ എസ്തപ്പാന്റെ ഓര്‍മ്മകള്‍ പഴയൊരു മഴയില്‍ നനഞ്ഞു. അപ്പന്‍, അപ്പോള്‍ എസ്തപ്പാനെ നോക്കി ഉറക്കെ ചിരിച്ചുകൊണ്ടു പാട്ടും പാടി നടന്നകന്നു.  എസ്തപ്പാന്‍ തൂമ്പാ തലയ്ക്കു മുകളില്‍ ഉയര്‍ത്തി തറഞ്ഞു കിടന്ന തെങ്ങിന്‍ ചുവട്ടിലെ മണ്ണില്‍ ആഞ്ഞു വെട്ടി.
എസ്തപ്പാന്റെ വിയര്‍പ്പുമണം പരന്നപ്പോള്‍,  കാറ്റിനൊപ്പം തലയാട്ടി ചിരിച്ചുകൊണ്ട്  തെങ്ങതിന്റെ പൂക്കുലയില്‍ നിന്നും ഏതാനും പൂവുകള്‍ എസ്തപ്പാന്റെ ശിരസിലേക്ക് പൊഴിച്ചു.   അല്ലി, കാലുകള്‍ നീട്ടി  കോലായിലെ ചുവരില്‍ പുറം ചാരിയിരുന്നുകൊണ്ട്  ആശ്വാസത്തോടെ എസ്തപ്പാനെ നോക്കി  നെടുവീര്‍പ്പിട്ടു.
 

Facebook Comments

Comments

 1. വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്ക്കും നന്ദി

 2. Anish Chacko

  2021-10-25 00:27:10

  ഈ കഥയിലെ നൈർമ്മല്യവും ഭാഷയുടെ ദംഗിയും എടുത്തു പറയണ്ടതാണ് .ഒരു കഥ എന്ന സങ്കുചതത്തിൻ്റെ അപ്പുറത്തേക്ക് വായനക്കാരനെ പിടിച്ചു കൊണ്ടു പോകുന്നോരു കഥ.. ചരിത്രം തന്നെയാണ് വർത്തമാനവും ഭാവിയും എസ്തതപ്പാൻ്റ മക്കളും അങ്ങനെ തന്നെയുമെന്ന് സൂചന.. സൂപ്പർ കഥാ

 3. Sudhir Panikkaveetil

  2021-10-25 00:19:21

  ഇത് ഒരു political satire ആയി കാണാം. രാഷ്ട്രീയത്തിലെ നേരും നുണകളും ഹൃസ്വമായി പ്രതിഫലിപ്പിക്കുന്നുണ്ട്. എസ്താപ്പന്റെ അപ്പന്റെ കഥ പറഞ്ഞത് രാഷ്ട്രീയത്തിലേക്ക് എത്തുന്നവരുടെ പശ്ചാത്തലം കാണിക്കാനായിരിക്കും. രാഷ്ട്രീയത്തിൽ വിജയിക്കാനും അടവുകൾ വേണം. ജോസഫ് അബ്രാഹാമിന്റെ കഥ പറയാനുള്ള ചാതുര്യം ഇതിൽ കാണാം.

 4. പ്രിയ മൊല്ലാക്ക. താങ്കളുടെ വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി. പിന്നെ താങ്കൾ ചോദിച്ച സംശയം- എസ്തപ്പാന്റെ ചെറുപ്പകാലം ഒരു 40 വർഷത്തിന് മുൻപാണ്, കഥ നടക്കുന്നത് വർത്തമാന കാലത്തിലും. ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊള്ളുന്നു

 5. American Mollakka

  2021-10-24 21:12:08

  അസ്സലാമു അലൈക്കും ഔസേഫ് സാഹിബ് കഥ ഞമ്മക്ക് പെരുത്ത് ഇസ്റ്റായി. ഒരു സംസം കഥ നടക്കുന്നത് ഞമ്മടെ ഉപ്പുപ്പാന്റെ കാലത്തല്ലേ. എന്തായാലും എസ്‌താപനെ പോലെ ഇമ്മടെ കേരളത്തിലെ ജനങ്ങൾ പറമ്പിൽ ഇറങ്ങി പണി ചെയ്‌താൽ നാട് നന്നാകും. സാഹിബ് ഇനിയും ഇങ്ങനെയൊക്കെ എയ്തി ആ പിണു സഖാവിനെ ബിബരം അറിയിക്കുക. അപ്പൊ ബീണ്ടും കാണാം.

 6. അരിപ്രാഞ്ചി

  2021-10-24 15:49:29

  ഒരുപിടി അരിക്കു വേണ്ടി ജനാതിപത്യം മറിച്ചു വിൽക്കുന്ന മലയാളികൾ ഉണ്ടോ എന്നെങ്കിലും നന്നാവാൻ പോണൂ

 7. അരി തന്ന പിണറായി രണ്ടാമതും മുഖ്യ മന്തിയായി

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വെള്ളാരംകല്ല് (കവിത: രമണി അമ്മാൾ )

കാറ്റിൻ ഭാഷ ( കവിത: പുഷ്പമ്മ ചാണ്ടി )

മണ്ണിര ( കഥ : കുമാരി. എൻ കൊട്ടാരം.)

കളിയോഗം (കവിത: കെ.പി ബിജു ഗോപാൽ)

വന്യത (കഥ: ഉമാ സജി)

അരുളുക ദേവാ വിജ്ഞാനം (പി.സി. മാത്യു)

യാത്രാമൊഴി: പ്രദീപ് V D

രക്തസാക്ഷികൾ (കവിത: ഉമശ്രീ)

ആത്മാവില്‍ ദരിദ്രര്‍..... (കഥ: ജോസഫ്‌ എബ്രഹാം)

എന്നിട്ടും (കവിത: മഞ്ജുള ശിവദാസ്)

LIFE IN ARIZONA (chapter4: Sreedevi krishnan)

വീണ്ടും കാണവേ (കവിത: തസ്‌നി ജബീൽ)

കുരുക്ഷേത്രം (ഡോളി തോമസ് കണ്ണൂർ)

പാദരക്ഷ (കഥ: നൈന മണ്ണഞ്ചേരി)

പുസ്തക പരിചയം : പൂമരങ്ങള്‍ തണല്‍ വിരിച്ച പാതകള്‍ (എഴുതിയത് :സന്തോഷ് നാരായണന്‍)

എന്റെ ആത്മഹത്യ ഭീരുത്വത്തിന്റെ അടയാളമല്ല (കവിത: ദത്താത്രേയ ദത്തു)

ഞാൻ കറുത്തവൻ (കവിത : രശ്മി രാജ്)

മനുഷ്യ പുത്രന് തല ചായ്ക്കാൻ ? (കവിത: ജയൻ വർഗീസ്)

കഴുകജന്മം(കവിത : അശോക് കുമാര്‍ കെ.)

ചുമരിലെ ചിത്രം: കവിത, മിനി സുരേഷ്

Hole in a Hose (Poem: Dr. E. M. Poomottil)

അമ്മിണിക്കുട്ടി(ചെറുകഥ : സിജി സജീവ് വാഴൂര്‍)

മോരും മുതിരയും : കുമാരി എൻ കൊട്ടാരം

വിശക്കുന്നവർ (കവിത: ഇയാസ് ചുരല്‍മല)

ഛായാമുഖി (കവിത: ശ്രീദേവി മധു)

ഓർമ്മയിൽ എന്റെ ഗ്രാമം (എം കെ രാജന്‍)

ഒഴിവുകാല സ്വപ്നങ്ങൾ (കവിത : ബിജു ഗോപാൽ)

പൊട്ടുതൊടാൻ ( കഥ: രമണി അമ്മാൾ)

ഒരു നറുക്കിനു ചേരാം (ശ്രീ മാടശ്ശേരി നീലകണ്ഠന്‍ എഴുതിയ 'പ്രപഞ്ചലോട്ടറി' ഒരു അവലോകനം) (സുധീര്‍ പണിക്കവീട്ടില്‍)

ഷാജൻ ആനിത്തോട്ടത്തിന്റെ 'പകര്‍ന്നാട്ടം' (ജോണ്‍ മാത്യു)

View More