Image

വാലുമുറിഞ്ഞ് കോണ്‍ഗ്രസ്സ് (സാം നിലമ്പള്ളില്‍)

Published on 03 November, 2021
വാലുമുറിഞ്ഞ് കോണ്‍ഗ്രസ്സ് (സാം നിലമ്പള്ളില്‍)
ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കേണ്ടന്ന് പറയാറുണ്ട്. അതുപോലെയാണ് അമേരിക്കയിലുള്ള നമ്മുടെ അവസ്ഥ. എന്നാല്‍ അതൊരു ദുരവസ്ഥയല്ല, നല്ലതുതന്നെയാണ്. ഇവിടെ ആനപ്പുറത്തിരുന്നകൊണ്ട് നമുക്ക് കേരളത്തിലെ ദുരവസ്ഥ നോക്കിക്കാണാം.

എവിടെ ആയിരുന്നാലും നമുക്ക് ജന്മനാടിനെ മറക്കാന്‍ സാധ്യമല്ല. അതുകൊണ്ടാണ് രാവിലെ എഴുന്നേറ്റാലുടനെ ഒരുകപ്പ് കാപ്പിയുമായി കംപ്യൂട്ടറിന്റെ മുമ്പിലിരുന്ന് മനോരമയും മാതൃഭൂമിയുമൊക്കെ വായിക്കുന്നത്. അവിടെ എന്തുനടക്കുന്നു എന്നറിയാനുള്ള ആകാംക്ഷ. പേമാരിയും പേപിടിച്ച രാഷ്ട്രീയക്കാരും ഭ്രാന്തുപിടിച്ച മതതീവ്രവാദികളും എല്ലാംകൂടി നരകമാക്കിയ നമ്മുടെ നാടിനെയോര്‍ത്ത് വിലപിക്കാനല്ലേ സാധിക്കു. അവിടുത്തെ പട്ടികള്‍ (സോറി, പാര്‍ട്ടികളെന്നാണ് ഉദ്ദേശിച്ചത്. അക്ഷരത്തെറ്റ് സംഭവിച്ചതില്‍ ഖേദിക്കുന്നു.) നടത്തുന്ന കോലാഹലങ്ങള്‍ നമുക്കിവിടെ ആനപ്പുറത്തിരുന്ന് വീക്ഷിക്കാം., പരുക്കേല്‍കാതെ.

കഴിഞ്ഞ ദിവസത്തെ പത്രത്തില്‍ കോണ്‍ഗ്രസ്സുകാര്‍ നടത്തുന്ന വഴിതടയല്‍ സമരം വായിക്കാനിടയായി. എറണാകുളത്താണ് സംഭവം. പെട്രള്‍ വില കൂടിയതിന് കേന്ദ്രഗവണ്‍മെന്റിനെതിരെയുള്ള പ്രതിക്ഷേധമാണ് നടക്കുന്നത്. കേരളത്തിലെ ഏറ്റവും തിക്കേറിയ വൈറ്റില ജങ്ങ്ഷന്‍ തന്നെയാണ് സമരക്കാര്‍ വാഹന ഗതാഗതം തടയാനായി തെരഞ്ഞെടുത്തത്. തടയുകാണെങ്കില്‍ ഇമ്മിണി വലിയതുതന്നെ വേണ്ടേയെന്ന് വിചാരിച്ചിട്ടാണ് കോണ്‍ഗ്രസ്സുകാര്‍ അലക്കിത്തേച്ച വെള്ളക്കുപ്പായവും ധരിച്ച് രാവിലെതന്നെ വൈറ്റില ജംങ്ങ്ഷനില്‍ സമ്മേളിച്ചത്.

വിലകൂടിയ പെട്രോള്‍ കത്തിച്ച് വിലകൂടിയ കാറുകളിലും ബസ്സുകളിലും തടയല്‍ വേദിയിലെത്തി വാഹനങ്ങള്‍ റോഡില്‍ പാര്‍ക്കു ചെയ്ത് സമരം ഉത്ഘാടിച്ചു. തലമൂത്ത നേതാവ് കൊടിക്കുന്നില്‍ സുരേഷാണ് ഉത്ഘാടനം നിര്‍വഹിച്ചത്.

ദിവസം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന വൈറ്റില ജങ്ങ്ഷനില്‍ വഴിതടഞ്ഞ് സമരംചെയ്ത കോണ്‍ഗ്രസ്സുകാരുടെ സന്മനസ്സിനെ ചോദ്യംചെയ്യാനാകാതെ വഴിയാത്രക്കാര്‍ ക്ഷമയോടെ കാത്തുനിന്നു. അതില്‍ ഒരു തെരുവു ഗുണ്ട മാത്രം (കെ പി സി സി പ്രസിഡണ്ട് സുധാകരന്റെ ഭാഷയില്‍. ഒരു ഗുണ്ടക്കല്ലേ മറ്റൊരു ഗുണ്ടയെ തിരിച്ചറിയാന്‍ സാധിക്കു.) തന്റെ വിലപിടിപ്പുള്ള കാറില്‍ നിന്നിറങ്ങി വഴിതടഞ്ഞ കോണ്‍ഗ്രസ്സുകാരെ ചോദ്യംചെയ്തു. സിനിമ നടനായ ജോജു  ജോര്‍ജ് ആയിരുന്നു മദ്യപിച്ച് മുണ്ടുംമടക്കിക്കുത്തി ആടിയാടിവന്ന് സമരംചെയ്യുന്ന കുലസ്ത്രീകളോട് അപമര്യദയായി സംസാരിച്ച് പ്രശ്‌നം സൃഷ്ട്ടച്ചത്. (കോണ്‍ഗ്രസ്സ് ഭാഷ്യം)

വീട്ടിലിരുന്ന് ഭര്‍ത്താവിനും മക്കള്‍ക്കും ആഹാരമുണ്ടാക്കി കൊടുക്കേണ്ട സ്ത്രീകള്‍ എന്തിനാണ് വൈറ്റില ജെങ്ങ്ഷനില്‍ പൊരിവെയിലത്തിരുന്ന് വഴിയാത്രക്കാരെ ബുദ്ധിമുട്ടിച്ചതെന്ന സംശയം എന്റേന്റേതാണ്.

ജോജു  അവരെ വസ്ത്രാക്ഷേപം ചെയ്‌തെന്നാണ് ഗന്ധിശിഷ്യന്മാര്‍ പറയുന്നത്. അതുകൊണ്ട് അവര്‍ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍തന്നെ ജോജുവിന്റെ  കാര്‍ തല്ലിപ്പൊളിച്ചു. സമുന്നതനായ ഒരു കോണ്‍ഗ്രസ്സ് നേതാവുവന്ന് ( അദ്ദേഹം മുന്‍ കൊച്ചി മേയറാണ്) ജോജുവിനെ  അയാള്‍ വിളിച്ചതിനേക്കാള്‍ ഭംഗിയായി തെറിവിളിച്ച് സായൂജ്യമടഞ്ഞു. അങ്ങനങ്ങ് വിട്ടുകളയരുതല്ലോ. അദ്ദേഹത്തിന്റെ അനുയായികള്‍ നേതാവില്‍നിന്ന് ഊര്‍ജ്ജം പകര്‍ന്നുകിട്ടിയതിനാല്‍ ജോജുവിന്റെ  കാറ് തല്ലിപ്പൊളിക്കന്നതിന് ഉത്സാഹംകാട്ടി.

അതുവരെ നിഷ്‌ക്രിയരായി നോക്കിനിന്ന പോലീസ് സി ഐ യേമാന്റെ നേതൃത്വത്തില്‍ കര്‍മ്മനിരതരായത് അന്നേരമാണ്. സി ഐ ഏമാന്‍ ജോജുവിനെ  കാറില്‍കയറ്റി അദ്ദേഹംതന്നെ ഡ്രൈവ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടുകൂടി കഥക്ക് ശുഭകരമായ പര്യവസാനം.

ഇനിയാണ് നേതാക്കന്മാരുടെ അഭിപ്രായ കോലാഹലങ്ങള്‍ വരുന്നത്.. സുധാകരന്‍ സാറ് ജോജുവിനെ  തെരുവുഗുണ്ടയെന്ന് വിളിച്ച് സംതൃപ്തിയടഞ്ഞത് നേരത്തെ രേഖപ്പെടുത്തിയല്ലൊ. പഠിച്ചതല്ലേ പാടു. പാവം പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ മാന്യനും ശുദ്ധനുമാണ്. കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യത്ത അവസ്ഥയിലായിപ്പോയി അദ്ദേഹം. വൈറ്റിലയില്‍ എന്താണ് നടന്നതെന്ന് അറിയില്ലെന്നും അന്വേഷിച്ചിട്ട് മറുപടി പറയാമെന്നും പത്രക്കാരോട് പറഞ്ഞ് അദ്ദേഹം തടിയൂരി.

മൗനിബാബ ആന്റണിസാര്‍ തന്റെ നാക്ക് വിഴുങ്ങിപ്പോയതിനാല്‍ സംസാരിക്കാന്‍ സാധിക്കില്ലെന്ന രീതില്‍ പത്രക്കാരെ ആഗ്യം കാണിച്ചു. അദ്ദേഹം കഥകളി പ്രാക്ട്ടീസ് ചെയ്യുകയാണെന്ന് വിചാരിച്ച് അവര്‍ വന്നവഴിക്കു പോയി. ഉമ്മന്‍ ചാണ്ടി സാര്‍ താന്‍ നല്ല ഉറക്കത്തിലാണെന്ന് പത്രക്കാരോട് പറഞ്ഞേരെന്ന് ഭാര്യയോട് ശട്ടം കെട്ടിയിട്ട് മുറിയില്‍ കയറി വാതിലടച്ചു. പൂഞ്ഞാര്‍ പുലി പി. സി ജോര്‍ജ്ജിന് പണ്ടേപ്പോലെ ശൗര്യമില്ലെങ്കിലും എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ തന്നെ വോട്ടര്‍മാര്‍ മറന്നുപോകുമോയെന്ന് സംശയിച്ച് വല്ലപ്പോഴും ഗര്‍ജ്ജിക്കാറുണ്ട്. അവസരംപോലെ അഭപ്രായങ്ങള്‍ പറയുന്ന ജോര്‍ജ്ജ് തെറ്റെല്ലാം ജോജുവിന്റെ  തലയില്‍ചാര്‍ത്തി കയ്യടിവാങ്ങി.

ടീ വിയില്‍ കോമഡിസീന്‍ കണ്ടാല്‍പോലും ചിരിക്കാത്ത പിണറായി വിജയന്‍ വെറുതെയിരുന്ന് ചിരിക്കുന്നതു കണ്ട് അദ്ദേഹത്തിന്റെ ഭാര്യ അത്ഭുതപ്പെട്ടു. താന്‍ പോലീസുകാരെക്കൊണ്ട് ഒരുക്കിയ കെണിയില്‍പെട്ട് വാലുമുറിഞ്ഞ കോണ്‍ഗ്രസ്സുകാരെ ഓര്‍ത്താണ് അദ്ദേഹം ചിരിക്കുന്നതെന്ന് അവരുണ്ടോ അറിയുന്നു.

ഗുണപാഠം, അമേരിക്കന്‍ മലയാളികള്‍ക്ക്.

നിങ്ങള്‍ നാട്ടില്‍പോകുമ്പോള്‍ രാഷ്ട്രീയക്കാരുടെ വഴിതടയിലിലും ഹര്‍ത്താലിലും അകപ്പെട്ടാല്‍ ജോജുവിനെപ്പോലെ പ്രതികരിക്കാതിരിക്കുക. ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലംചെയ്യുമെന്ന് കേട്ടിട്ടില്ലെ. എല്ലാം സഹിച്ച് ക്ഷമിച്ച് വെക്കേഷന്‍ ചിലവഴിച്ചിട്ട് സുരക്ഷിതരായി തിരികെപ്പോരുക. ഗുഡ്ഡ് ലക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക