Image

പൊരുതി ജയിച്ച എതിര്‍ടീമിനെ അനുമോദിച്ചാല്‍ അതു ദേശദ്രോഹമോ ഭീകരവാദമോ ആകുമോ?(ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 06 November, 2021
 പൊരുതി ജയിച്ച എതിര്‍ടീമിനെ അനുമോദിച്ചാല്‍ അതു ദേശദ്രോഹമോ ഭീകരവാദമോ ആകുമോ?(ദല്‍ഹികത്ത് : പി.വി.തോമസ് )
ഒക്ടോബര്‍ 24ന് ഞായറാഴ്ച ദുബായില്‍ വച്ചു നടന്ന റ്റി-20 ലോകകപ്പ് ക്രിക്കറ്‌റ് മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇന്‍ഡ്യയെ തോല്‍പിച്ചു. ഇത് ഇന്‍ഡ്യയിലെ ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികള്‍ ആഘോഷിച്ചു. ഇവര്‍ സന്ദര്‍ഭവശാല്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. ഇവര്‍ക്കെതിരെ വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍  ദേശദ്രോഹത്തിനും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും കേസ് എടുത്തു.(124-എ, യു.എ.പി.എ)
വിവിധ ദേശീയ ഇംഗ്ലീഷ് ദിനപ്പത്രങ്ങള്‍ ഇത് വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യപ്രസംഗത്തിലൂടെ വിമര്‍ശിച്ചു. 'പാക്കിസ്ഥാനു വേണ്ടി ആര്‍പ്പു വിളിച്ചതിന് ശ്രീനഗറില്‍ യു.എ.പി.എ., ആഗ്രയില്‍ എഫ്.ഐ.ആര്‍. ഉദയപ്പൂരില്‍ പിരിച്ചുവിടല്‍' ഒരു പത്രം എഴുതി. ഇത് എല്ലാം സംക്ഷിപ്തീകരിക്കുന്നു.

തീര്‍ന്നില്ല. തോറ്റുപോയ ഇന്‍ഡ്യന്‍ ടീമിലെ ഒരേ ഒരു മുസ്ലീം കളിക്കാരനായ മുഹമ്മദ് ഷാമിയെയും തീവ്രദേശീയവാദികള്‍ വെറുതെവിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഷാമിക്കെതിരെ വെറുപ്പിന്റെ ഒരു യുദ്ധം തന്നെ അഴിച്ചുവിട്ടു. ഷാമിയെ പാക്കിസ്ഥാന്റെ ചാരനായി പ്രഖ്യാപിച്ചു. അദ്ദേഹം ദേശദ്രോഹിയായി. അദ്ദേഹത്തോട് പാക്കിസ്ഥാനിലേക്ക് പോകുവാന്‍ പറഞ്ഞു. ഷാമി നല്ല ഒരു ക്രിക്കറ്റ് കളിക്കാരനാണ്. അദ്ദേഹം ഇന്‍ഡ്യക്ക് നിരവധി കളികളില്‍ അതുല്യമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മാച്ച് വിജയിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും തീവ്രദേശസ്‌ന്‌ഹേകള്‍ക്ക് ഒരു വിഷയമേ ആയില്ല. പാക്കിസ്ഥാനുമായുള്ള കളിയില്‍ അദ്ദേഹം ഇന്‍ഡ്യയെ തോല്‍പിച്ചു അത്രെ. ഒടുവില്‍ മുന്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റ് കളിക്കാരും ഷാമിയുടെ ടീമംഗങ്ങളും അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് രംഗത്ത് വരേണ്ടിവന്നു. ക്യാപ്റ്റന്‍ വിരാട് കോലി അതിശക്തമായ ഭാഷയില്‍ ഷാമിയെ പ്രതിരോധിച്ചു. അതിനു പ്രതികരണമായി തീവ്രദേശസ്‌നേഹികള്‍ കോലിക്കും കുടുംബത്തിനും എതിരെ ഭീഷണി പുറപ്പെടുവിച്ചു.

വിഷയം രാഷ്ട്രീയം ആയി. ഏറ്റവും കൂടുതല്‍ ഭീകരവാദവിരുദ്ധ കേസുകളും ദേശദ്രോഹകേസുകളും രജിസ്ട്രര്‍ ചെയ്ത ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ശത്രു രാജ്യത്തെ പിന്തുണച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ ഇന്‍ഡ്യ വച്ചു പൊറുപ്പിക്കുകയില്ല. അദ്ദേഹം മുന്നറിയിപ്പു നല്‍കി: നിങ്ങള്‍ ഇന്‍ഡ്യയില്‍ ആണ് ജീവിക്കുന്നതെങ്കില്‍ ഇന്‍ഡ്യയോട് കൂറുള്ളവര്‍ ആയിരിക്കണം. ഇവിടെ ജീവിച്ചു കൊണ്ട് പാക്കിസ്ഥാനോട് കൂറുപുലര്‍ത്തിയാല്‍ അതിന്റെ അനന്തരഫലം ഭയാനകം ആയിരിക്കും. രാഹുല്‍ഗാന്ധിയും പി.ഡി.പി.യും എന്‍.സി.യും ഗവണ്‍മെന്റിേേന്റത് പ്രതികാര നടപടി ആണെന്ന് ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ആണ് ഒരു സ്‌ക്കൂള്‍ അദ്ധ്യാപികയെ പാക്ക്ടീമിനെ പിന്തുണച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് എന്നത് മറ്റൊരു വസ്തുത. ബി.ജെ.പി.യും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഈ സംഭവത്തെ പരമാവധി രാഷ്ട്രീയവല്‍ക്കരിച്ച് മുതലെടുക്കുവാന്‍ ശ്രമിച്ചു. അടുത്ത വര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറാവുന്ന യോഗി ആദിത്യനാഥഇന് ഇത് മതധ്രൂവീകരണത്തിനായിട്ടുള്ള ഒരു നല്ല അവസരമായും ഭവിച്ചു. ഉത്തര്‍പ്രദേശില്‍ ദേശദ്രോഹത്തിനായി മൂന്ന് മുസ്ലീം വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്തത് ബജ്രങ്ങ്ദള്‍ സമരാഹ്വാനം നടത്തിയ ദിവസം തന്നെയാണ്. അലി എന്ന ഒരു ദിവസകൂലിപ്പണിക്കാരനെ ലക്‌നൗവില്‍ അറസ്റ്റ് ചെയ്തത് ഐ.റ്റി. നിയമപ്രകാരം ആണ്. കൂടാതെ ഇന്‍ഡ്യന്‍ ശിക്ഷാനിയമം 505(2) പ്രകാരവും. അലി വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ വെറുപ്പും സ്പര്‍ദ്ധയും വളര്‍ത്തുവാന്‍ ശ്രമിച്ചു അത്രെ പാക്കിസ്ഥാന്‍ ടീമിനെ പിന്തുണക്കുക വഴി. അദ്ദേഹത്തിനെതിരെ ദേശദ്രോഹവും ഭീകരവാദവും ചുമത്തിയിട്ടുണ്ട്. ഇതേ ഐ.റ്റി. നിയമം എന്തുകൊണഅട് മുഹമ്മദ് ഷാമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വെറുപ്പിന്റെ യുദ്ധം പ്രഖ്യാപിച്ചവര്‍ക്കെതിരെ പ്രയോഗിച്ചില്ല? ഷാമിയെ പരസ്യമായി അധിക്ഷേപിച്ചത് അദ്ദേഹത്തിന്റെ മതത്തിന്റെ പേരിലാണ്. അതുകൊണ്ടാണ് വിരാട് കോലി പറഞ്ഞത് മതത്തിന്റെ പേരില്‍ ഒരു വ്യക്തിയെ ആക്രമിക്കുന്നത് ശോചനീയം ആണെന്ന്. ഈ സംഭവ പരമ്പരയിലെ മറ്റൊരു കറുത്ത ഏട് ആയിരുന്നു ആഗ്രയിലെ അഭിഭാഷകരുടെ സംഘടന ദേശദ്രോഹ കുറ്റാരോപിതരായ ജമ്മു-കാശ്മീര്‍ വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും കോടതിയില്‍ പ്രതിരോധിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു നിലപാട് സ്വീകരിച്ചത്. ഇത് തൊഴില്‍ ധാര്‍മ്മികതക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ്.

മുഹമ്മദ് ഷാമിക്ക് എതിരെ സോഷ്യല്‍ മീഡിയയിലൂടെ തീവ്രദേശീയവാദികളായ ഒരു സംഘം മതഭ്രാന്തന്മാര്‍ സൈബര്‍ യുദ്ധം അഴിച്ചുവിട്ടപ്പോള്‍ ഗവണ്‍മെന്റ് ഒരു ശിക്ഷാനടപടിയും എന്തുകൊണ്ട് സ്വീകരിച്ചില്ല. അന്താരാഷട്ര അംഗീകാരം നേടിയ ഒരു ദേശീയ ടീം അംഗത്തെ അദ്ദേഹത്തിന്റെ മതത്തിന്റെ പേരിലും ഇന്‍ഡ്യന്‍ ടീമിന്റെ തോല്‍വിയുടെ പേരിലും വേട്ടയാടുവാന്‍ ഗവണ്‍മെന്റ് ഒരിക്കലും അനുവദിക്കരുതായിരുന്നു. കാശ്മീരിലെയും ഉത്തര്‍പ്രദേശിലെ വിദ്യാര്‍ത്ഥികളെ ദേശദ്രോഹികളായും തീവ്രവാദികളായും മുദ്രകുത്തി അറസ്റ്റു ചെയ്തത് ഇവര്‍ പാക്കിസ്ഥാന്‍ ടീമിനെ ആര്‍പ്പുവിളിച്ച് വിജയത്തില്‍ അനുമോദിച്ചതിന്റെ പേരില്‍ ആണ്. ഇവരൊന്നും ഭീകരവാദികളായി യാതൊരു കേസ് റെക്കോഡും ഇല്ലാത്തവരാണ്. ഇതിന് എന്ത് ന്യായീകരണം ആണ് ഉള്ളത് ? മത രാഷ്ട്രീയ പകപോക്കല്‍ ഗവണ്‍മെന്റ് ക്യാമ്പസുകളില്‍ അരങ്ങേറാമോ?

പാക്ക്ടീമിനെ പ്രോത്സാഹിപ്പിച്ചതിന്റെ പേരില്‍ കാശ്മീരി വിദ്യാര്‍ത്ഥികളെ ഭീകരവാദകുറ്റം ചുമത്തി അറസ്റ്റു ചെയ്തത് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഥമ ജമ്മു-കാശ്മീര്‍ സന്ദര്‍ശനവേളയില്‍ ആണെന്നതും ശ്രദ്ധേയം ആണ്. ഷാ കാശ്മീരിനെ രണ്ടായി വിഭജിച്ചതിനും കാശ്മീരിന് ഭരണഘടനയില്‍ വാഗ്ദാനം ചെയ്തിരുന്ന പ്രത്യേക പദവി(ആ്ര്‍ട്ടിക്കിള്‍ 370) പിന്‍വലിച്ചതിനും ശേഷം ഓഗസ്റ്റ് 6) ആദ്യമായിട്ടാണ് ഇവിടെ ഒക്ടോബറില്‍ സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം തന്നെ ജമ്മു-കാശ്മീരിനെ മുഖ്യധാരയുമായി വൈകാരികമായി സമന്വയിപ്പിക്കുക എന്നുള്‌ളതായിരുന്നു. ഒപ്പം  സകലകാശ്മീരികളുടെയും യുവജനങ്ങളുടെയും  മനസും ഹൃദയവും നേടുകയെന്നതും. പക്ഷേ, ഈ ലക്ഷ്യത്തെ കടകം മറിക്കുന്നതായിരുന്നു ക്രിക്കറ്റ് ഫലാന്തരമുണ്ടായ സംഭവങ്ങളും ഗവണ്‍മെന്റിന്റെ നടപടികളും. പക്ഷേ, വിരാട് കോലി അദ്ദേഹത്തിന്റെ ഭാഗം നന്നായി നിര്‍വ്വഹിച്ചു. ഷാമിയെ പ്രതിരോധിച്ചതുമാത്രം അല്ല അദ്ദേഹം ചെയ്തത്. പരാജയത്തെ തുടര്‍ന്ന് കളികളത്തില്‍ അദ്ദേഹം നേരെ നടന്നു ചെന്നത് പാക്കിസ്ഥാന്റെ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ അടുത്തേക്കാണ്. കോലി ബാബറിനെ കെട്ടിപ്പിടിച്ച് അനുമോദിച്ചു. ഇതാണ് സ്‌പോര്‍ട്‌സുമാന്‍ സ്പിരിറ്റ്. വിജയവും തോല്‍വിയും കളിയില്‍ ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ ആണ്. കോലിക്ക് അസമിനെ പരസ്യമായി അനുമോദിക്കാമെങ്കില്‍ ക്രിക്കറ്റ് പ്രേമികളായ ഇന്‍ഡ്യാക്കാര്‍ക്ക് അവര്‍ മുസ്ലീങ്ങള്‍ ആയിരിക്കാം ഹിന്ദുക്കള്‍ ആയിരിക്കാം- എന്തുകൊണ്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ അനുമോദിച്ചുകൂട? അവര്‍ പാക്കിസ്ഥാന്‍ ടീമിന് ജയ് വിളിച്ചെങ്കില്‍ അത് ആ ദിവസം കളിയുടെ ഓരോ വിഭാഗത്തിലും പരിപൂര്‍ണ്ണതയോടെ തിളങ്ങി കളിച്ചതിന് പാക്കിസ്ഥാന്‍ ടീമിനോടുള്ള ആദരവും അംഗീകാരവും പതറി പരാജയപ്പെട്ടുപോയ ഇന്‍ഡ്യന്‍ ടീമിനോടുള്ള നിരാശയുടെയും അരിശത്തിന്റെയും പ്രകടനമായി കണ്ടുകൂടെ? അതിന് എന്തിന് ഈ ദേശദ്രോഹ-ഭീകരവാദകുറ്റങ്ങള്‍? ഇവിടെ പരാമര്‍ശിക്കപ്പെടുന്നത് ഇന്‍ഡ്യയുടെയും പാക്കിസ്ഥാന്റെയും ക്രിക്കറ്റ് ടീമുകള്‍ ആണ്. രാജ്യങ്ങളോ സൈന്യമോ അല്ല. ഭരണാധികാരികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഇത് മന:പൂര്‍വ്വം തെറ്റിപ്പോയേക്കാം. പക്ഷേ, സാധാരണ പൗരന്‍ ഇത് തിരിച്ചറിയണം.

ദേശസ്‌ന്ഹത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് അല്ല ക്രിക്കറ്റ്. യോഗി ആദിത്യനാഥ് പറഞ്ഞതുപോലെ പാക്കിസ്ഥാനെ ഒരു ശത്രു രാജ്യമായി മുദ്രകുത്തിയിട്ടുണ്ടെങ്കില്‍ അത് രാഷ്ട്രീയമായിട്ടാണ്. കായികമായിട്ടല്ല. കായികമായിട്ടാണെങ്കില്‍ ആ രാജ്യവുമായി ക്രിക്കറ്റു തുടങ്ങിയ കായികമത്സരങ്ങള്‍ നടത്തരുത്. നടത്തിയാല്‍ നല്ല ടീമിനെ, ജയിക്കുന്ന ടീമിനെ കാണികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചെന്നിരിക്കും. അന്തര്‍ദേശദ്രോഹികളും ഭീകരവാദികളും ആയി ചിത്രീകരിച്ച് അവര്‍ക്കെതിരെ കേസ് എടുക്കരുത്. അതിനുശേഷം നടന്ന മത്സരത്തില്‍ ഇന്‍ഡ്യ ന്യൂസിലാന്റിനോട് പരാജയപ്പെട്ടു. ന്യൂസിലാന്റിനുവേണ്ടി ആര്‍പ്പു വിളിച്ചവരെ ഇതേ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്‌തോ? ന്യൂനപക്ഷ മതക്കാര്‍ പ്രത്യേകിച്ചും മുസ്ലീംങ്ങള്‍ അവരുടെ ദേശസ്‌നേഹവും ദേശീയതയും പ്രതിദിന അടിസ്ഥാനത്തില്‍ ഹിന്ദുത്വ തീവ്രവാദി ദേശസ്‌നേഹക്കാരെ ബോധ്യപ്പെടുത്തണമെന്ന് ശഠിക്കുന്നത് ആത്മനിന്ദയാണ്. അതും തെരഞ്ഞെടുപ്പുകള്‍ വരുന്നുണ്ടെന്നും കരുതി.

ഇന്‍ഡ്യയും പാക്കിസ്ഥാനും തമ്മില്‍ നടന്നത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരമാണ്. രണ്ട് സേനകള്‍ തമ്മിലുള്ള യുദ്ധം അല്ല. ഒരു കായിക മ്ത്സരത്തില്‍ നല്ലതുപോലെ കളിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക സ്വാഭാവികം ആണ്. പാക്കിസ്ഥാനുമായി ഇന്‍ഡ്യക്ക് രാഷ്ട്രീയതലത്തില്‍, അതിര്‍ത്തികാര്യത്തില്‍, ഭീകരവാദപ്രശ്‌നത്തില്‍ തര്‍ക്കമുണ്ട്. അത് ക്രിക്കറ്റുമായി കലര്‍ത്തരുത്. പാക്കിസ്ഥാനെ പ്രോത്സാഹിപ്പിക്കുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും, അവര്‍ക്ക് ഗവണ്‍മെന്റ് ജോലി നല്‍കുകയില്ല എന്നൊക്കെ മുന്നറിയിപ്പു നല്‍കുന്നത് ജനാധിപത്യ വിരുദ്ധമാണ്.
ക്രിക്കറ്‌റ് ഇന്‍ഡ്യയില്‍ ഒരു മതം ആണ്. അത് സ്വതന്ത്രമായി പിന്തുടരുവാന്‍, ആസ്വദിക്കുവാന്‍ ക്രിക്കറ്റ് പ്രേമികളെ അനുവദിക്കണം. ഇന്‍ഡ്യപോലുള്ള ശക്തമായ ഒരു മതേതര ജനാധിപത്യരാജ്യം ഒരു ക്രിക്കറ്റ് കളിയുടെ പരാജയത്തിലൂടെയോ ഒരു വിഭാഗം കാണികളുടെ പിന്തുണയില്ലായ്മകൊണ്ടോ തകരുകയില്ല. ഇന്‍ഡ്യന്‍ ക്രിക്കറ്റിനെയും അത് ബാധിക്കുകയില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്ള ഭരണാധികാരികളെയും രാഷ്ട്രീയക്കാരെയും അത് ബാധിച്ചേക്കാം, ഇന്‍ഡ്യയുടെ ദേശീയതയുടെ രാജ്യസ്‌നേഹത്തിന്റെയും ഉരകല്ല് ഇതുപോലുള്ള നിസാരകാര്യങ്ങള്‍ അല്ല.

Join WhatsApp News
Jose Cheripuram 2021-11-07 00:41:03
Is there a real democracy exists India? I don't think so, If India went into the hands of religious fanatics whose fault is that? I don't think we will ever come back to the so called secular India?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക