Image

ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ച അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസിദ്ധീകരിച്ചു

എ.സി. ജോര്‍ജ്ജ് Published on 08 November, 2021
 ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ച അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസിദ്ധീകരിച്ചു
ഹൂസ്റ്റണ്‍: അമേരിക്കയില്‍ അധിവസിക്കുന്ന പ്രസിദ്ധ മലയാള ഭാഷാസാഹിത്യകാരനും, ചരിത്രകാരനുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ച 'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം' പ്രസിദ്ധീകരിച്ചു. വടക്കെ അമേരിക്കയ്ക്കു പുരമെ കാനഡയിലെയും ആധുനിക മലയാള സാഹിത്യ ചരിത്രം ഈ ബൃഹത്തായ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അമേരിക്കയില്‍ ആദ്യമായി 2007ല്‍ 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം' എന്ന ഒരു ചരിത്ര പുസ്തകം ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ചിരുന്നു.

2021ല്‍ കൂടുതല്‍ വസ്തുതകളും ചരിത്രവും വിവരണങ്ങളുമായി 400 പേജുകള്‍ വരുന്ന പരിഷ്‌കരിച്ച ഈ ചരിത്ര ഗ്രന്ഥത്തിന് 'അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം' എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. കാരണം ഈ പുസ്തകത്തില്‍ ആധുനിക ഡിജിറ്റല്‍, ഓണ്‍ലൈന്‍, ബ്ലോഗ് ഭാഷാസാഹിത്യകാരന്മാരെയും, അവരുടെ രചനാചരിത്രങ്ങളെയും സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു, കൂട്ടിച്ചേര്‍ത്തിരിക്കുന്നു എന്നുള്ളതാണ്. 2007ല്‍ നിന്ന് 2021 വരെയുണ്ടായ ഭാഷാസാഹിത്യത്തിലെ മാറ്റങ്ങളും, പരിണാമങ്ങളും ഈ പുതിയ ചരിത്ര പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ചരിത്രങ്ങള്‍ കഴിയുന്നത്ര വിവരമായിട്ടും സത്യസന്ധമായിട്ടും കണ്ടുപിടിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക എന്നത് വളരെ വിഷമകരമായ ഒരു ദൗത്യമാണ്. അതിനായി ഈ രചയിതാവ് അമേരിക്കയിലെ പല വിഭാഗത്തിലുള്ള പ്രസിദ്ധീകരണക്കാരെയും എഴുത്തുകാരെയും സംഘടനാ പ്രതിനിധികളെയും, മത പ്രതിനിധികളെയും നേരില്‍ മുഖാമുഖം കാണുകയും, ഫോണ്‍വഴിയും ഇമെയില്‍ വഴിയും വിവരങ്ങള്‍ ശേഖരിച്ചതും അനേകം റഫറന്‍സ് ഗ്രന്ഥങ്ങള്‍ പരിശോധിച്ചതും ഗവേഷണങ്ങള്‍ നടത്തിയതും ജോര്‍ജ്ജ് മണ്ണിക്കരോട്ട് പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. നോവല്‍, ചെറുകഥ, ലേഖനങ്ങള്‍, നിരൂപണങ്ങള്‍ എന്നീ ശാഖകളില്‍ അനേക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള ഈ ഗ്രന്ഥകര്‍ത്താവിന്റെ ആഴത്തിലുള്ള പഠനങ്ങളും നിരീക്ഷണങ്ങളും ഈ ചരിത്രപുസ്തക രചനയില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം.

അനുബന്ധം ഉള്‍പ്പെടെ നാലു ഭാഗങ്ങളായിട്ടാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. ആദ്യഭാഗം അമേരിക്കയുടെ തന്നെ ചരിത്രമാണ്. അമേരിക്കയിലെ ആദിവാസികള്‍ അമേരിക്കയുടെ കണ്ടുപിടുത്തം യൂറോപ്യന്‍ കുടിയേറ്റം, കറുത്ത വര്‍ക്ഷക്കാരുടെ അടിമത്വം, കൊളോണിയലിസം, അമേരിക്കയിലെ ആഭ്യന്തരയുദ്ധങ്ങള്‍, സ്വാതന്ത്ര്യസമരം, സാമൂഹിക - സാംസ്‌കാരിക- സാമ്പത്തിക വളര്‍ച്ച, ജനാധിപത്യ ഭരണമുറകളെ പറ്റിയൊക്കെ ചരിത്രകാരന്‍ ഒരു വിഹഗവീക്ഷണം നടത്തിയിരിക്കുന്നു. തുടര്‍ന്ന് ഇന്ത്യാക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റം, അവരുടെ അതിജീവനപോരാട്ടങ്ങള്‍, സംഘര്‍ഷങ്ങള്‍, പുതിയ അമേരിക്കന്‍ സംസ്‌കാരത്തോടും ആശയങ്ങളോടുമുള്ള സഹിഷ്ണുതയും അസഹിഷ്ണുതയും, ആര്‍ഷഭാരതസംസ്‌കാരം അമേരിക്കയിലേക്കു പറിച്ചു നടാനുള്ള അതിവ്യഗ്രതയും സമഗ്രമായി ഗ്രന്ഥകാരന്‍ തുറന്നു കാട്ടുന്നു.

രണ്ടാംഭാഗത്തു മുഖ്യമായി അമേരിക്കയില്‍ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ഉയര്‍ച്ചയും വളര്‍ച്ചയും തളര്‍ച്ചയും വികാസപരിണാമങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവിടുത്തെ മലയാള ഭാഷാ വിദ്യാലയങ്ങള്‍, മലയാളപഠനം ഏര്‍പ്പെടുത്തിയിരിക്കുന്ന സര്‍വകലാശാലകള്‍, ആദ്യകാല മലയാള പ്രസിദ്ധീകരണങ്ങള്‍, തുടങ്ങിയവയെപ്പറ്റി വിവരിക്കുന്നു. മൂന്നാംഭാഗത്താണ് അമേരിക്കയിലെയും കാനഡയിലെയും എഴുത്തുകാരെയും അവരുടെ രചനകളെയും പരിചയപ്പെടുത്തിയിരിക്കുന്നത്.  വായനയ്ക്കും പഠനത്തിനുമുള്ള സൗകര്യാര്‍ത്ഥം അമേരിക്കയിലെ മലയാള സാഹിത്യ ശാഖകളെ 12 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അവ കവിത, ചെറുകഥ, നോവല്‍, നാടകം, ബാലസാഹിത്യം, ഹാസ്യം - നര്‍മ്മം, ഉപന്യാസം, സഞ്ചാരസാഹിത്യം, വിവര്‍ത്തനം, അനുഭവം- ആത്മകഥ- ജീവചരിത്രം, ആസ്വാദനം - നിരൂപണം, മതബോധനം - മതവിമര്‍ശനം എന്നിങ്ങനെയാണ്. ഇതില്‍ പ്രതിപാദിക്കുന്ന പല എഴുത്തുകാരും ഒരു വിഭാഗത്തില്‍ മാത്രമല്ല വിഹരിക്കുന്നതും എഴുതിയിരിക്കുന്നതും. അതനുസരിച്ച് അവരുടെ വിവിധ സാഹിത്യ രചനാ ശാഖയിലുള്ള കൃതികളും പേരുകളും ഈ ചരിത്ര രചനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരും കൃതികളും ഒറ്റനോട്ടത്തില്‍ എന്ന ഒരധ്യായവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. മലയാളം പഠിച്ച അമേരിക്കന്‍ വംശജരെപ്പറ്റിയും ഒരധ്യായം ഈ പുസ്തകത്തിലുണ്ട്.

ഭാഷാസാഹിത്യ വിശാരദനും പണ്ഡിതനും ഗവേഷകനുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ടിന്റെ ഈ ചരിത്രഗ്രന്ഥത്തിന്റെ പ്രാഥമികമായ ഒരു പ്രസിദ്ധീകരണ റിപ്പോര്‍ട്ടു മാത്രമാണിത്. ഈ ലേഖകന്റെ ഒരു ആസ്വാദനമോ, നിരൂപണമോ ഒന്നുമല്ല ഇത്. ഒരു പക്ഷെ ഈ ഗ്രന്ഥം ആഴത്തില്‍ നിരൂപണം നടത്തുകയോ പഠിക്കുകയോ ചെയ്യുമ്പോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതായ ചില എഴുത്തുകാരേയും, കൃതികളേയും ഭാഷാസാഹിത്യ റിപ്പോര്‍ട്ടറന്മാരേയും വിട്ടുപോയതായും, അര്‍ഹമായ രീതിയില്‍ പരിഗണിച്ചിട്ടില്ലായെന്നതും നിഷ്പ്രയാസം കണ്ടെത്തിയേക്കാം. ചിലരുടെ പേരുകള്‍ ചരിത്രത്തില്‍ ഇടം പിടിക്കാതിരിക്കുന്നതോ ഏതാനും  വരികളില്‍ മാത്രം ഒതുങ്ങിയിരിക്കുന്നതോ, ചിലരുടെ ജീവചരിത്രം തന്നെ കുറിച്ചിരിക്കുന്നതോ, എന്നാല്‍ ചിലരെപ്പറ്റി പരാമര്‍ശം പോലുമില്ലാതെ ചരിത്രം വായിക്കുമ്പോള്‍ ശരിയായ ചരിത്ര നിരൂപകനു നിരാശ തോന്നിയേക്കാം. അതെല്ലാം സ്വഭാവികം മത്രം.

എങ്കിലും വളരെയധികം പഠനവും, അന്വേഷണവും ഗവേഷണവും നടത്തി മാസങ്ങളോളം ചെലവഴിച്ച് എഴുതിയ അമേരിക്കയിലെ ആദ്യ മലയാള സാഹിത്യ ചരിത്രം അമേരിക്കയില്‍ എന്നല്ല, ലോക മലയാള വായനക്കാര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അമേരിക്കയിലെ ഭാഷാസാഹിത്യചരിത്ര അന്വേഷണകുതകികള്‍ക്ക്, വരുംതലമുറയ്ക്ക് ഒരു ഈടുള്ള റഫറന്‍സ് ഗ്രന്ഥം കൂടിയാണീ കൃതി. ഏതായാലും, ആര് എന്ത് ചരിത്രമെഴുതിയാലും ചെറിയ ന്യൂനതകള്‍ കാണുകയാണെങ്കില്‍ അതു സ്വാഭാവികം മാത്രം എന്നു കരുതുക. തിരുവനന്തപുരത്തുള്ള 'ഏയിസ്‌തെറ്റിക്‌സ്' എന്ന പബ്ലീഷിംഗ് കമ്പനിയാണ് പുസ്തക പ്രസിദ്ധീകരണം നടത്തിയിരിക്കുന്നത്. ഈ ചരിത്രഗ്രന്ഥത്തിന്റെ രചയിതാവ് ശ്രീ ജോര്‍ജ്ജ് മണ്ണിക്കരോട്ട് ഗ്രെയിറ്റര്‍ ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡില്‍ അധിവസിക്കുന്നു. അമേരിക്കയിലെ വിവിധ സംഘടനകളില്‍ സാരഥിയായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റാണ്. ധാരാളം പുരസ്‌കാരങ്ങളും ശ്രീ മണ്ണിക്കരോട്ടിനെ തേടിയെത്തിയിട്ടുണ്ട്. ഈ ചരിത്രം കുറിച്ച ചരിത്രഗ്രന്ഥത്തിനും, ഗ്രന്ഥകര്‍ത്താവിനും എല്ലാ നല്ല ആശംസകളും നേരുന്നു.



 ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ച അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസിദ്ധീകരിച്ചു
Join WhatsApp News
മത്തച്ചൻ വാഴയിൽ 2021-11-08 02:13:41
ആദ്യമായി മണ്ണിക്കരോട്ട് സാറിന് അഭിനന്ദനങ്ങൾ. അമേരിക്കൻ എഴുത്തുകാരുടെയും മറ്റും ചരിത്രം എഴുതുക എന്നുവച്ചാൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതും ഒത്തിരി കൂലിയെഴുത്തുകാർ വിഹരിക്കുന്ന ഇവിടെ നെല്ലേത് പതിരേത് എന്ന് തിരിച്ചറിയുക വളരെ പ്രയാസമാണ്. ആ നിലയിൽ ചരിത്രത്തിൽ ഇടം പിടിക്കാൻ ഒട്ടും അർഹതയില്ലാത്തവർ പോലും കയറിക്കൂടാൻ സാധ്യതകൾ കൂടുതലാണ്, അതുപോലെതന്നെ നല്ല കഴിവുള്ള സ്വന്തമായി എഴുതുന്ന സമർത്ഥരെ തഴയുകയോ, ചെയ്യാനുള്ള സാധ്യതകൾ കൂടുതലാണ്. സത്യസന്ധമായി മുഖം നോക്കാതെ , ഒരു ക്ലിക്കിൽ, പൊളിറ്റിക്സിൽ വിഭാഗീയതയിൽ, പെടാതെ ആണ് എഴുതിയതെങ്കിൽ ഇതിൽ സ്വീകാര്യത കൂടുമായിരുന്നു. ഏതായാലും പുസ്തകം ഞാൻ ഒന്നു വാങ്ങി വായിച്ചിട്ട് എപ്പോൾ എങ്കിലും സൗകര്യം കിട്ടുമ്പോൾ കൂടുതൽ എഴുതാം. പറയാം. ചരിത്രമെന്നത് ഉള്ളത് ഉള്ളത് മാതിരി ആയിരിക്കണം. ആരെയും പറ്റി പ്രത്യേകിച്ച് പൊലിപ്പിക്കരുത്. ആരെയും പ്രത്യേകം താഴ്ത്തികെട്ടുകയും ചെയ്യരുത്. മഹാബലിക്ക് പകരം വാമനനെ തോളിൽ കയറ്റരുത്. മഹാത്മാഗാന്ധി ക്ക് പകരം ഗോഡ്സെയെ വലിയവൻ ആകരുത്. ചരിത്രങ്ങൾ ഒരിക്കലും വളക്കരുതു അത് ഒടിക്കരുത്. പറഞ്ഞമാതിരി കൂടുതൽ വായിച്ചിട്ട് കൂടുതൽ അഭിനന്ദനങ്ങൾ തരാം. ഗുഡ് ലക്ക് സാർ
Joseph Ponnoly 2021-11-08 04:42:30
ശ്രീ ജോർജ് മണ്ണിക്കരോട്ടിന് അഭിനന്ദനങ്ങൾ. വളരെ ശ്രമകരമായ ഒരു ജോലിയാണ് അദ്ദേഹം ഏറ്റെടുത്തത്. അതു പൂർണ്ണതയിൽ എത്തി എന്നറിയുന്നതിൽ സന്തോഷം. രോഗശയ്യയിലായിട്ടും ഈ കൃതി രചിക്കാനും പബ്ളിഷ് ചെയ്യാനും അദ്ദേഹം നടത്തിയ ശ്രമങ്ങൾ എടുത്തു പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഗവേഷണചാതുരിയും അർപ്പണ മനോഭാവവും ശ്രദ്ധേയമാണ്. ആ ബൃഹുത്തായ കൃതിയുടെ വിഹഗവീക്ഷണം നൽകിയ എ സി.ജോർജിന് പ്രത്യേകം നന്ദി.
Sudhir Panikkaveetil 2021-11-08 13:11:57
ശ്രീ ജോർജ് മണ്ണിക്കരോട്ടിന് അഭിനന്ദനങ്ങൾ. അമേരിക്കൻ മലയാള സാഹിത്യം ഒരു ചരിത്രമായി അവശേഷിക്കുന്ന വിശേഷമാണ് നമ്മൾ കാണുന്നത്. വായനക്കാർ കുറവും എഴുത്തുകാർ കൂടുതലുമായ സ്ഥിതിവിശേഷം ആകാം കാരണം. എഴുത്തുകാരിൽ ഭൂരിപക്ഷം പേർക്ക് "ഞങ്ങൾക്ക് അങ്ങ് കേരളത്തിൽ അറിയപ്പെട്ടാൽ മതിയെന്ന ചിന്തയാണ്." ആ സമാധാനമാണ്. പൊതുജനം "നിങ്ങൾക്ക് സമാധാനം" എന്ന് ആശീർവദിച്ച് സഹതപിക്കുന്ന കാഴ്ച്ചയും രസകരമാണ്.
Samgeev 2021-11-09 22:42:06
How can I order a copy?
ആനക്കാട് മത്തായി 2021-11-09 23:41:03
ഇന്നലെ രണ്ട് പുസ്തക റിപ്പോർട്ട് അല്ലെങ്കിൽ നിരൂപണം വായിക്കാനിടയായി. അത് മൂന്നാമൂഴം എന്ന നോവലിനെ പറ്റി സുധീർ സാർ എഴുതിയതും, മറ്റൊന്ന് സാഹിത്യചരിത്ര പുസ്തകത്തെപ്പറ്റി എ സി ജോർജ് സാർ എഴുതിയതും ആണ്. ആ രണ്ട് എഴുത്തുകളെ പറ്റിയും സമയം ലഭിക്കാനായി എൻറെ ഒരു പൊതു അഭിപ്രായം ഞാൻ എഴുതട്ടെ. പേടിക്കേണ്ട ഒരു കുറ്റവും അല്ല കേട്ടോ. പുസ്തകങ്ങൾക്കും ആ പുസ്തക എഴുത്തുകാർക്കും അതിനെപ്പറ്റി നിരൂപണം നടത്തിയ, റിപ്പോർട്ട് ചെയ്ത രണ്ടുപേർക്കും അഭിനന്ദനങ്ങൾ. എന്നാൽ ഒന്ന്, രണ്ട് കാര്യങ്ങൾ ഞാൻ ഒന്ന് ചൂണ്ടിക്കാണിക്കട്ടെ. ആർക്കും വിഷമം തോന്നരുത് ആരും പരിഭവിക്കരുത്. ഒരു പൊതു അഭിപ്രായം ആണ് കേട്ടോ. ഇവർക്കൊക്കെ വേണ്ടി മാത്രമല്ല അമേരിക്കയിലെ എഴുത്തുകാർക്ക് വേണ്ടിയാ ഒരു എളിയ അഭിപ്രായമാണ് കേട്ടോ. പുസ്തകങ്ങളെ പറ്റി റിപ്പോർട്ട് ചെയ്യുമ്പോൾ അതിലെ പ്ലസ് പോയിൻറ്കൾ മാത്രം പറഞ്ഞു, അവരെയൊക്കെ പൊക്കി പൊക്കി പുകഴ്ത്തി മാത്രം പാടുന്നത് ശരിയാണോ? ന്യൂനതകൾ, വീഴ്ചകൾ ഉണ്ടെങ്കിൽ അതു കൂടെ ഒരു ചെറിയ തോതിൽ ചൂണ്ടിക്കാണിക്കുന്നത് അല്ലേ നിരൂപകരുടെ, എഴുത്തുകാരുടെ ചുമതല? എന്നാലല്ലേ ഈ പുസ്തകം എഴുത്തുകാർ, ഒന്നുകൂടെ നന്നാവുകയുള്ളൂ. അവരെയൊക്കെ പേടിച്ച് ഉള്ളത്, ഉള്ളത് മാതിരി പറയാതെ ഇരിക്കരുത്.. സത്യത്തിൽ അതും ഒരു പ്രോത്സാഹനം ആയിട്ട് വേണം ബുക്ക് എഴുത്തുകാർ കരുതേണ്ടത്. എന്നാൽ ഇവിടെയും ഒരുതരം പൊക്കൽ മാത്രമാണ് കണ്ടു വരുന്നത്. ഇവിടെ പരാമർശിച്ച ഈ രണ്ട് എഴുത്തുകാരും ആ രണ്ടു പുസ്തകങ്ങളെ പറ്റിയും പരമാവധി പൊക്കി തന്നെയാണ്എഴുതിയിരിക്കുന്നത്. പണ്ടത്തെ നിരൂപകൻ എം കൃഷ്ണൻ നായരുടെ മാതിരി നിരൂപണം ചെയ്തു എഴുത്തുകാരനെ നിരാശപ്പെടുത്തി കുപ്പയിൽ എറിയാൻ അല്ല പറയുന്നത്. പകരം ന്യായമായ തിരുത്തൽ വേണ്ടത് തിരുത്താൻ തന്നെ ഭയമില്ലാതെ പറയണം. അതായത് സാധിക്കുമെങ്കിൽ ബുക്കിലെ ന്യൂനതകൾ പറയണം എടുത്തു കാണിക്കണം എന്നതാണ് ശരിയായ നിരൂപണം അല്ലെങ്കിൽ റിപ്പോർട്ടിംഗ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക