ശില്പം(കവിത: അശോക് കുമാര്‍. കെ.)

അശോക് കുമാര്‍. കെ. Published on 08 November, 2021
ശില്പം(കവിത: അശോക് കുമാര്‍. കെ.)
ശില്പിയൊരു
കരിം ശിലയുടെ
നാദ ഹൃദ് തരംഗിണികള്‍
കൊത്തി കൊത്തി
ജീവനെഴും
ശില്പമൊന്നുണര്‍ന്നു ....

പ്രഭാതമൊരു പൂവിനെ
വിരിയിയ്ക്കും പോല്‍ ....

അമ്മക്കിളിയുടെ ചുണ്ടിലൊരു
കുഞ്ഞിക്കിളിയുണരും പോല്‍ ...

കണ്ണുകള്‍,
കാട്ടരുവിയുടെ
കണ്ണീര്‍ക്കയം നിറഞ്ഞു
ചുവന്ന പോലെ....

മുടിയിഴകള്‍,
കാട്ടുകാറ്റു പിഴുത
മാമര
വേരുകള്‍ പോലെ .....

ചൂണ്ടാന്‍ നിവര്‍ന്ന
ചൂണ്ടുവിരലുകള്‍
ഹിംസ്ര കടിയേറ്റ്
ചോര വാര്‍ന്നതുപോലെ ...

മഴനീരുവീണു തെളിഞ്ഞാ
ശില്പത്തിന്‍
അധരയിണകളില്‍
കണ്ടു ഞാന്‍ .....
രുധിരമനമിഴികളാല്‍ .

ചെറുതായൊരു
ചിരി....'
വിഷാദഛവിയുറങ്ങുമൊരു
ചിരി....
കാണാതായ
എന്‍ മകളുടെ
ചിരി........

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക