Image

വെട്ടിമുറിക്കുന്ന കെ-റെയിൽ പദ്ധതി (നടപ്പാതയിൽ ഇന്ന്- 15: ബാബു പാറയ്ക്കൽ)

Published on 15 November, 2021
വെട്ടിമുറിക്കുന്ന കെ-റെയിൽ പദ്ധതി (നടപ്പാതയിൽ ഇന്ന്- 15: ബാബു പാറയ്ക്കൽ)

"ങ്ഹാ ഇയാൾ നാട്ടിൽ വന്നെന്നു കേട്ടു. എന്നെത്തി?"
"ഒരാഴ്ചയായി. എന്തൊക്കെയുണ്ടു വിശേഷങ്ങൾ പിള്ളേച്ചാ?"

"ഹോ ഇവിടെ എന്ത് വിശേഷം? മഴയല്ലേ മഴയോട് മഴ. മഴ തോർന്നിട്ട് ഒരു കാര്യവും നടക്കില്ല."
 

"ഇപ്പോൾ ഏതു മഴ സീസൺ ആണ്. തുലാവർഷമാണോ?"
"ഏയ് തുലാവർഷമൊന്നുമല്ല. ഇതു ന്യുനമർദ്ദം കൊണ്ടുണ്ടാകുന്നതാ."

"എന്തായാലും മഴ കാണാൻ നല്ല രസമാണ്. ഇപ്രാവശ്യം നാട്ടിൽ വന്നതിൻറെ ഏറ്റവും വലിയ ഗുണഫലം അതാണെന്നാണ് എനിക്ക് തോന്നുന്നത്."
 
"നിങ്ങൾക്കതു വലിയ റൊമാൻറിക് ഫീൽ ആണെന്നോ മഴയെ പ്രണയിക്കുന്നെന്നോ ഒക്കെ വേണമെങ്കിൽ പറയാം എഴുതാം. പക്ഷെ ഈ മഴക്കെടുതി അനുഭവിക്കുന്ന പാവപ്പെട്ട ആളുകളുടെ അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? വിളവെടുപ്പിന് ആറ്റുനോറ്റിരിക്കുന്നവരുടെ നശിക്കുന്ന കൃഷിയിടങ്ങളിൽ തകരുന്ന സ്വപ്നങ്ങൾ, വീടു ചോർന്നൊലിച്ചിട്ടു കിടന്നുറങ്ങാൻ കഴിയാത്ത കുടുംബങ്ങൾ, ദിവസേന കൂലിപ്പണിക്കു പോയി കുടുംബം പോറ്റിക്കൊണ്ടിരുന്നവർ നിസ്സഹായരായി നോക്കി നിൽക്കുന്നു, തുടർച്ചയായി പെയ്യുന്ന മഴ കാരണം വീട്ടിൽ വെള്ളം കയറിയിട്ട് തട്ടിൻപുറത്തിരിക്കുന്നവർ, അങ്ങനെ ആരെല്ലാം!"
 

"ഇതിനെന്തെങ്കിലും ചെയ്യാൻ പറ്റുമോ? ഈശ്വര കോപമാണോ?"
"എന്തു ചെയ്യാൻ? ഇതെല്ലം നാം തന്നെ വരുത്തിവച്ചതല്ലേ? പിന്നെ വെറുതെ ഈശ്വരനെ പഴിക്കുന്നതെന്തിനാണ്?"
"പിള്ളേച്ചൻ എങ്ങോട്ടാണ് ഇത്ര ധൃതിയിൽ?"
"എടോ ഇന്നിവിടെ ഒരു സമരം നടക്കുന്നുണ്ട്. അതിൽ സംബന്ധിക്കണം. പറ്റിയാൽ ഇയാളും കൂടണം."
"എന്തു സമരം? നമ്മുടെ നാട്ടിൽ എല്ലാറ്റിനും സമരം ആണ്. ഗുണം പിടിക്കാൻ സമ്മതിക്കില്ലല്ലോ."
"ഇയാൾ പറഞ്ഞത് ശരിയാണ്. ഈ നാട് അങ്ങനെയൊരു സംസ്‌കാരത്തിലേക്കാണ് എത്തി നിൽക്കുന്നത്. പക്ഷേ, ഇത് അങ്ങനെയല്ല. ന്യായമായ സമരം തന്നെയാണ്."
"എന്ത് സമരമാണ് പിള്ളേച്ചൻ പറയുന്നത്?"
"കെ റെയിൽ സിൽവർലൈൻ പദ്ധതി. ഒരു പാവയ്ക്കയുടെ വലുപ്പം മാത്രമുള്ള കേരളത്തെ നെടുനീളെ വെട്ടിമുറിച്ചു രണ്ടാക്കാനുള്ള കുത്സിത ശ്രമം. അതിനെ ചെറുത്തേ മതിയാവൂ."
"ഈ നാട്ടിൽകൂടി ഒരു ഹൈസ്പീഡ് ട്രെയിൻ വരുമെങ്കിൽ അത് നല്ല കാര്യമല്ലേ? അതിനെ നിങ്ങൾ എന്തിനാണ് എതിർക്കുന്നത്?"
"ഒന്നാമത് അതിൻറെ സർവ്വേ നടത്തി പ്ലാൻ ചെയ്തിരിക്കുന്നതനുസരിച്ചു ലൈൻ പോകുന്നത് മുഴുവൻ വലിയ ജനസാന്ദ്രതയുള്ള പ്രദേശത്തു കൂടിയാണ്. 50 മീറ്റർ വീതിയിൽ സ്ഥലമെടുത്തു പാതയിട്ടിട്ട് ഇരുവശവും 12 അടി പൊക്കത്തിൽ സുരക്ഷാ മതിൽ പണിയുമെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അതു നടപ്പിലായാൽ അക്ഷരാർത്ഥത്തിൽ കേരളം രണ്ടായി വിഭജിക്കപ്പെടും. എത്രയോ ആയിരങ്ങളെയാണ് കുടിയൊഴിപ്പിക്കേണ്ടി വരിക!"
"വെറുതെ അല്ലല്ലോ. നഷ്ടപരിഹാരമായി നല്ല തുക കിട്ടില്ലേ? പിന്നെയെന്താണു പ്രശ്നം? നാടിൻറെ പുരോഗതിക്കു വേണ്ടിയല്ലേ കുറച്ചൊക്കെ നമ്മൾ സഹിച്ചേ .പറ്റൂ."
"എടോ മുഖ്യമായ പ്രശ്നം എവിടെനിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത് എന്നതാണ്."
"അതല്ലേ സർക്കാർ പറയുന്നത് 37000 കോടി കടമെടുക്കും. ബാക്കി ചെലവ് സർക്കാർ വഹിക്കും എന്ന്."

"അതു വലിയ തമാശയാണ്. പഴയ ധനമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ പൂച്ച പെറ്റുകിടക്കുന്ന ഒരു ട്രെഷറിയുടെ മുകളിൽ കയറി ഇരിക്കുന്ന ഈ സർക്കാർ എവിടെ നിന്നാണ് ഏതാണ്ട് ഒരു ലക്ഷം കോടി രൂപ ഇതിനായി കണ്ടെത്തുന്നത്?"
 

"അപ്പോൾ പിന്നെ എങ്ങനെ ഇതു നടത്തുമെന്നാണ് സർക്കാർ പറയുന്നത്?"
"ഇതു നടക്കില്ലെന്നു സർക്കാരിനും അറിയാം. പക്ഷേ സർവ്വേ അനുസരിച്ചു വസ്തു അളന്നു തിട്ടപ്പെടുത്തി കല്ലിട്ടു മാർക്കു ചെയ്തു കഴിഞ്ഞാൽ ഇതു നടപ്പിലാക്കുമെന്നു ജനങ്ങൾ ധരിക്കും. പിന്നെ  മന്ത്രിമാർക്കെല്ലാം നല്ല കൊയ്ത്തല്ലേ? ഇഷ്ടം പോലെയല്ലേ കമ്മീഷനും കൺസൾട്ടൻസിയുമെല്ലാം കൂടി. പാവം ജനങ്ങൾക്ക് അവരുടെ വസ്തു ഇതിനായി മാർക്കു ചെയ്തിരിക്കുന്നതു കൊണ്ട് വിൽക്കാനും പറ്റില്ല. കൃഷി ചെയ്യാനും പറ്റില്ല. ഉദാഹരണത്തിന് എനിക്ക് ഒന്നര ഏക്കർ ഭൂമിയുണ്ട്. അതിന്റെ നടുക്കൂടെയാണ് ഈ റെയിൽ പോകുക. പിന്നെ എനിക്ക് അതിന്റെ മറുവശത്തേക്കു പോകാൻ പോലും സാധിക്കില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇതിനെതിരായി സമരം ചെയ്യുന്നത്. ഈ കൊള്ള റെയിൽ പദ്ധതി സർക്കാർ പിൻവലിക്കണം. ഇയാൾ വെറുതെ ഇരിക്കുകയാണെങ്കിൽ വരൂ. ഇവിടത്തെ സമര രീതിയൊക്കെ ഒന്ന് കാണുകയുമാകാമല്ലോ."
"ആയിക്കോട്ടെ ഞാനും വരാം."
"ഇവിടെ കുറച്ചു നാൾ കാണുമോ?"
"അതെ. ക്രിസ്തുമസ് വരെ കാണും."
"എന്നാൽ ഇപ്പോൾ വരൂ. നമുക്ക് വീണ്ടും കാണണം."
"ശരി. അങ്ങനെയാവട്ടെ."
______________

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക