ആണത്ത്വവും പുരുഷത്ത്വവും ശക്തിയാണെന്ന് മനസ്സിൽ കോറി നടക്കുന്ന കുറെ കോമാളികൾ. അതിപ്പം 15 വയസ്സുകാരൻ വരെ പട്ടാപകൽ സ്ത്രീകളെ ഉപദ്രവിക്കുന്നതിൽ ധീരത കാട്ടി കഴിഞ്ഞു .
ഈ അവസ്ഥ എങ്ങനെ എവിടെ നിന്ന് ആർജ്ജിക്കുന്നു എന്നതിനെക്കുറിച്ച് വിചിന്തനം ചെയ്തപ്പോൾ പുതിയ പുതിയ സോഷ്യൽ സിനിമകൾ കുറച്ചയൊക്കെ ഉത്തരവാദികളെല്ലെ എന്ന തോന്നിപ്പോകുന്നു .
പിന്നെ കൂട്ടുകുടുംബത്തിന്റെ അഭാവം, വയസ്സായ മാതാപിതാക്കൾക്ക് പുല്ലുവില കല്പിക്കുന്ന സ്ഥിതിവിശേഷം; പിന്നെ ഇന്റർനെറ്റ് യുഗത്തിന്റെ അതിപ്രസരം. മുട്ടയിൽ നിന്ന് വിരിയാത്ത കുഞ്ഞുങ്ങൾക്കുമുണ്ടൊരു കൂട്ടുകെട്ട്- അതായത് ഫോണും കംപ്യുട്ടറും ഒക്കെ .
കോവിഡ് നമ്മെ അങ്ങനെയും ശിക്ഷിച്ചു . മക്കൾ സ്‌കൂളിൽ പോകാതെ വീട്ടിൽ മാതാപിതാക്കൾക്ക് ഇരട്ടി പണിയായി. എന്തിനേറെ, വന്നു വന്നു നാട്ടിൽ പെൺകുട്ടികൾക്ക് ഇറങ്ങി ഒറ്റയ്ക്ക് നടക്കാൻ പേടിയായി തുടങ്ങി . വളരെ ധൈര്യമുള്ള എന്റെ ഒരു നീസിനെ വിളിച്ചപ്പോൾ പറഞ്ഞു , ഒറ്റയ്ക്ക് ആങ്ങളയുടെ ഫാമിലിയെ പിക്ക് ചെയ്യാൻ വണ്ടി ഓടിക്കാൻ പേടിയാണ്. കൂടെ അപ്പനെ കൂട്ടി പോകണം എന്നു കരുതുന്നു .
കുഞ്ഞുങ്ങൾ ജീവിതം വീട്ടിൽ നിന്നും ജീവിക്കാൻ സ്‌കൂളിൽ നിന്നും പഠിക്കണമെന്നാണല്ലോ ആപത്‌വാക്യം. അതിനിപ്പോൾ സ്‌കൂളിൽ പോയിട്ട് വേണ്ടേ?. പെൺ കുഞ്ഞുങ്ങളെ കള്ളം പറയാൻ പഠിപ്പിക്കാതിരിക്കുക. ചിലപ്പോഴെങ്കിലും ഞാൻ കേട്ടിട്ടുണ്ട്. മക്കളെ അച്ഛൻ ഇവിടെ ഇല്ലെന്ന് പറയണം അതായത് കടക്കാരായിരിക്കും വരുന്നത്. അവിടെ തുടങ്ങി അവരുടെ കള്ളത്തരത്തിന്റെ കളരിയുടെ ആദ്യപാഠം. പിന്നെ മിക്കവീടുകളിലെ സാമ്പത്തിക ബുദ്ധിമുട്ടു മൂലമുള്ള അശാന്തി അവരെ തകർക്കും ഇത്തരുണത്തിൽ ഞാൻ ഓർത്ത് പോകുകയാണ് അന്നൊരിക്കൽ എന്റെ മകൻ അവന്റേത് അല്ലാത്തൊരു പെൻസിൽ വീട്ടിൽ കൊണ്ടുവന്നതും ഞാൻ കുപിതയായി വാങ്ങി അത് ചന്നം പിന്നം മുറിച്ചു കളഞ്ഞതും എന്തായാലും അവനത് ഒരു പാഠമായി എന്ന് ഞാൻ വിശ്വസിക്കുന്നു .
ശിക്ഷയുടെ കാഠിന്യമില്ലായ്മ കുഞ്ഞു മനസ്സിൽ വൈകല്യം ഉണ്ടാക്കുന്നു. പണ്ടൊക്കെ ഒരു ചൂരൽ ഒരു വീട്ടിൽ കാണും. ഇപ്പോൾ അതൊക്കെ സൂക്ഷിച്ചാൽ ജയിൽ ശിക്ഷ ഉറപ്പ്. ഒരു കുട്ടിയും ക്രിമിനൽ ആയി ജനിക്കുന്നില്ല. തക്കതായ ശിക്ഷ യഥാസമയം കൊടുത്ത് വളർത്തുന്ന ഒരു കുട്ടി ഒരിക്കലും ചീത്തയായതായി കേട്ടിട്ടില്ല. പിന്നീടവർ എല്ലാവർക്കും ഒരു താങ്ങായും തുണയായും തീരും തീർച്ച. ഉത്തമ ഉദാഹരണം ബൈബിളിൽ ഉണ്ട് മക്കളെ ശിക്ഷിച്ച വളർത്തുക എന്നത് .
എന്തായാലും കുട്ടികളുടെ വളർച്ച സൂക്ഷിച്ച് വീക്ഷിക്കേണ്ടത് തന്നെ , ആർക്കും അതിനൊന്നും സമയമില്ല എന്നത് സത്യം . നല്ല തലമുറയെ വാർത്തെടുക്കൽ നാം വീട്ടിൽ നിന്നും തന്നെ തുടങ്ങണം. സമയം കണ്ടെത്തണം .
പിന്നെ സ്‌കൂളുകളിൽ കൗൺസിലിംഗ് സൈക്കോളജിസ്റ് ഒക്കെ നിർബന്ധമാക്കണം . പ്രകൃതിയെ സംരക്ഷിക്കുന്നതിനെക്കുറിച്ചും വായു മലിനീകരണത്തെക്കുറിച്ചുമൊക്കെ ബേസിക് ആയ ക്ളാസുകൾ സ്‌കൂളുകളിൽ കൂടിയേ തീരു .
രാഷ്ട്രീയം മതം ഒക്കെ അവർക്കൊരു ഭീഷണി തന്നെ . കുട്ടികൾ ജാതിനോക്കി സ്നേഹിക്കണം , സ്നേഹമാണഖിലസാരമൂഴിയിൽ, സ്നേഹിക്കുന്ന ആൾക്കാർ തമ്മിൽ യോജിക്കട്ടെ . അല്ലാതെ സഹോദരനും മാതാപിതാക്കളും അവരെ തല്ലിച്ചതക്കുകയല്ല വേണ്ടത്. പിന്നീടവരുടെ ജീവിതം ആർക്കും ഇല്ലാതെ ഏകാന്തതയിൽ കഴിയുന്ന കാഴ്ചയും കണ്ടിട്ടുണ്ട് .
പണ്ടൊക്കെ ശിക്ഷ കുരിശുമരണം വരെയായിരുന്നു. ഇപ്പോൾ ശിക്ഷ കുറേഞ്ഞു. ചിലപ്പോൾ പിന്നെയൊരു ജാമ്യക്കാരനെ സംഘടിപ്പിച്ചു പുറത്ത് ഇറങ്ങുക എളുപ്പം . ഒരു രാഷ്ട്രീയക്കാരൻ വീട്ടിലുണ്ടായാൽ കാര്യം കുശാൽ.
കരിക്കുലവും ശിക്ഷാ നിയമങ്ങളും അഴിച്ചു പണിയേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു . എല്ലാവർക്കും മന്ത്രിയാകണം എന്നതൊഴിച്ചാൽ പിന്നെ ഇപ്പോൾ ന്യുസിൽ ജോജുവും മാവുങ്കലും ആണല്ലോ പ്രധാന വിഷയം. വല്ല കഴമ്പും ഉള്ള കാര്യങ്ങൾ കേട്ട് ആൾക്കാർ ആശ്വസിക്കട്ടെ .
ഒരു അഴിച്ചുപണി എല്ലാത്തിനും വേണമെന്ന ഭാഷ്യമാണെനിക്കുള്ളത്. അല്ലെങ്കിൽ നാട് കുട്ടിച്ചോറാകുമെന്ന ഭീതി എന്നെ അലട്ടുന്നുണ്ട് . നാട്ടിൽ വെക്കേഷൻ കാലം കഴിച്ചുകൂട്ടണമെന്ന ആഗ്രഹവും അസ്ഥാനത്താകുന്നു . നമ്മുടെ പൈതൃകത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കാൻ അഴിച്ചു പണികൾ കൂടിയേ തീരു .
ജയ്ഹിന്ദ്