Image

യു.എസില്‍ കോവിഡ് കേസ്സുകള്‍ വര്‍ധിക്കുന്നു. പ്രതിദിനം 100,000 കവിഞ്ഞു

പി.പി.ചെറിയാന്‍ Published on 22 November, 2021
 യു.എസില്‍ കോവിഡ് കേസ്സുകള്‍ വര്‍ധിക്കുന്നു. പ്രതിദിനം 100,000 കവിഞ്ഞു
വാഷിംഗ്ടൺ, നവംബർ 22 :  യുഎസിൽ അവധിക്കാലം ആസന്നമായിരിക്കെ, കോവിഡ്  കേസുകളുടെ അപകടകരമായ പുതിയ തരംഗം മുന്നിൽക്കണ്ട് അതൊഴിവാക്കാൻ രാജ്യം ഉടൻ സജ്ജമാക്കണമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡയറക്ടർ  ആന്റണി ഫൗച്ചി  മുന്നറിയിപ്പ് നൽകി. ഇതിനായി അധികം സമയം മുന്നിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
കോവിഡ് അണുബാധകളിൽ രാജ്യത്ത്  പുതിയ വർദ്ധനവ് കാണുന്നുണ്ട്.കഴിഞ്ഞ ഏതാനും  ആഴ്ചകളിൽ  കേസുകൾ പ്രതിദിനം 100,000 ലേക്ക് അടുക്കുന്നതും അത്ര നല്ല സൂചനയല്ല.
 
ലക്ഷക്കണക്കിന് അമേരിക്കക്കാർ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വീടുകളിൽ  ആഘോഷങ്ങൾക്കായി ഒത്തുചേരുന്ന 'താങ്ക്സ്ഗിവിംഗ്' ഈ ആഴ്ചയാണ്. ഇത് കോവിഡിന്റെ മറ്റൊരു കുതിച്ചുചാട്ടത്തിന് കാരണമാകുമെന്ന് വിദഗ്ധർ ഭയപ്പെടുന്നു.
 
ക്രിസ്മസ്, ന്യൂ ഇയർ എന്നിവയും വരുന്ന മാസം  കോവിഡ് നിരക്ക് ഗണ്യമായി വഷളാക്കാൻ സാധ്യതയുണ്ട്.അത്  ഒഴിവാക്കാൻ ഇനിയും വൈകാതെ നിയന്ത്രണങ്ങളിലേക്ക് കടക്കണമെന്ന്  ഫൗച്ചി പറഞ്ഞു. മുതിർന്നവർ പൂർണ്ണമായി വാക്സിനേഷൻ എടുക്കുകയും ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിക്കുകയും അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകുകയും ചെയ്താൽ, അത് വൈറസിനെ കീഴടക്കാൻ സഹായിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
 രാജ്യത്ത് വാക്സിൻ എടുക്കാൻ അർഹതയുള്ള ഏകദേശം 60 മില്യൺ  ആളുകൾ ബാക്കിയുണ്ടെന്നും , ഇത് അപകടമാണെന്നും ഫൗച്ചി ഓർമ്മപ്പെടുത്തി.  വാക്സിനേഷൻ എടുക്കാത്ത ആളുകൾക്ക് രോഗം വന്നാൽ സങ്കീർണമായേക്കുമെന്നും  അത് കൂടുതൽ പേരിലേക്ക്  പകരുമെന്നും അദ്ദേഹം പറഞ്ഞു.
 വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ  എത്രയും വേഗം എടുക്കാനും; എടുത്തവർ ബൂസ്റ്റർ ഷോട്ട് എടുക്കാനും ഫൗച്ചി പ്രോത്സാഹിപ്പിച്ചു.പ്രതിരോധശേഷി കുറയുംതോറും അത് വീണ്ടെടുക്കാൻ ശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ, യുഎസിലെ പുതിയ കേസുകളുടെ പ്രതിദിന ശരാശരി 29 ശതമാനം ഉയർന്നു.
2021-ൽ യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2020-നെ മറികടന്നതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.
 ഏകദേശം 196 മില്യൺ ആളുകൾ രാജ്യത്ത് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. യുഎസ് ജനസംഖ്യയുടെ 59 ശതമാനം പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ, യോഗ്യരായ ജനസംഖ്യയുടെ ഏകദേശം 26.6 ശതമാനം  8 ഇതുവരെ ആദ്യ ഡോസ് പോലും എടുത്തിട്ടില്ല.
 
 കോവിഡിനെതിരെ പൂർണ്ണമായും വാക്സിനേഷൻ എടുത്താൽ, ഈ അവധിക്കാലത്ത് മാസ്ക് ഉപേക്ഷിക്കാമെന്നും ഫൗച്ചി പറഞ്ഞു.
യാത്ര ചെയ്യുമ്പോൾ ചുറ്റുമുള്ള ആളുകളുടെ വാക്സിനേഷൻ സ്റ്റാറ്റസ് അറിയാത്ത സാഹചര്യങ്ങളിൽ  മാസ്ക് ധരിക്കണമെന്ന് രാജ്യത്തെ ആരോഗ്യ  വിദഗ്ധർ വ്യക്തമാക്കി.
 
കോവിഡ്  തടയാൻ വാർഷിക ബൂസ്റ്ററുകൾ ആവശ്യമായി വരുമെന്ന് വാക്സിൻ നിർമ്മാതാക്കൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, വർഷം തോറും ബൂസ്റ്ററുകൾ ആവശ്യമുണ്ടോ എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് ഫൗച്ചി  പറഞ്ഞു.
 
ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച്, തിങ്കളാഴ്ച രാവിലെ വരെ, ലോകത്തിലെ ഏറ്റവും കൂടുതൽ കോവിഡ്   മരണങ്ങളും  കോവിഡ് കേസുകളും ബാധിച്ച രാജ്യമാണ്  യുഎസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക