Image

സഹകരണ ബാങ്കുകളിലെ ആർബിഐ ഇടപെടലിനെതിരേ കേരളം; നിയമജ്ഞരുമായി ചർച്ച നടത്തുമെന്ന് മന്ത്രി

Published on 24 November, 2021
 സഹകരണ ബാങ്കുകളിലെ ആർബിഐ ഇടപെടലിനെതിരേ കേരളം; നിയമജ്ഞരുമായി ചർച്ച നടത്തുമെന്ന് മന്ത്രി


തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകൾക്കെതിരേ സഹകരണ മന്ത്രി വിഎൻ വാസവൻ. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആർബിഐ ശ്രമിക്കുന്നതെന്നും പുതിയ വ്യവസ്ഥകൾ സംബന്ധിച്ച് നിയമജ്ഞരുമായി ചർച്ച നടത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.  ബാങ്കിങ് ഭേദഗതി നിയമത്തിന് ശേഷം സുപ്രീം കോടതി പുറപ്പെടുവിച്ച രണ്ട് വിധികളും സംസ്ഥാനത്തെ സഹകരണ മേഖലയുടെ താൽപ്പര്യം സംരക്ഷിക്കുന്നതായിരുന്നു. 97-ാം ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിധിയിൽ സഹകരണ മേഖലയിൽ കൈകടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം തടഞ്ഞിരുന്നു. 

ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വിധിയിൽ അംഗത്വത്തെ സംബന്ധിച്ചും വ്യക്തമാക്കിയിരുന്നു. വോട്ട് അവകാശമുള്ള അംഗങ്ങൾക്കും വോട്ടവകാശമില്ലാത്ത മറ്റ് കാറ്റഗറിയിൽപ്പെടുന്ന അംഗങ്ങൾക്കും തുല്യാവകാശമാണെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ ആർബിഐയുടെ കുറിപ്പിൽ ഭേദഗതി നിയമത്തെ വ്യാഖ്യാനിച്ച് സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. 


നിയമം നിലവിൽ വന്ന ശേഷമുള്ള രണ്ട് വിധികളുടെയും അടിസ്ഥാനത്തിൽ സഹകരണ സംഘങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പകൾ നൽകാനും കഴിയും. സംസ്ഥാന സഹകരണ നിയമം അനുസരിച്ചുതന്നെ ഇത്തരം ഇടപാടുകൾക്ക് സാധിക്കും. ആർബിഐയുടെ ഇപ്പോഴത്തെ നിർദ്ദേശങ്ങൾ കോടതിയുടെ തീരുമാനത്തിൽ നിന്നും വ്യത്യസ്തമായതുകൊണ്ടു തന്നെ നിയമജ്ഞരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാരുമായും ആശയ വിനിമയം നടത്തും. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങൾക്കും സമാനമായ സാഹചര്യമുണ്ട്. എന്നാൽ സർവീസ് സഹകരണ സംഘം മേഖലയിൽ ക്രെഡിറ്റ് സംഘങ്ങൾ കേരളത്തിലാണ് അധികമുള്ളത്. 69% ശതമാനവും കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. ജനകീയ പ്രതിരോധം ഉയർത്തേണ്ടി വരുകയാണെങ്കിൽ അതിനും ഒരുക്കമാണ്. നോട്ട് നിരോധനകാലത്ത് ജനകീയ പ്രതിരോധത്തിലൂടെയാണ് കേന്ദ്ര നിലപാടുകളെ മറികടന്നതെന്നും മന്ത്രി പറഞ്ഞു. 

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചായിരുന്നു റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കിയത്. വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നത് വിലക്കിയതിനൊപ്പം റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. 2020 സെപ്റ്റംബർ 29-ന് ഈ നിയമം നിലവിൽവന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു പുതിയ ഉത്തരവ് പുറത്തിറക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക