കര്‍ഷക സമരം തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം

Published on 26 November, 2021
കര്‍ഷക സമരം തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം
ന്യൂഡല്‍ഹി ; വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ തുടങ്ങിയ സമരത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. സമരത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഇന്ന് കൂടുതല്‍ കര്‍ഷകരെത്തി. ഡല്‍ഹി സമരകേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ പങ്കെടുക്കുന്നു.

സിംഘുവിലും ഗാസിപൂരിലും പതിനായിരത്തോളം കര്‍ഷകരാണ് സമരകേന്ദ്രങ്ങളില്‍ ഒത്തുകൂടിയത് .
വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ ട്രാക്‌ടർ റാലികൾ നടക്കും. വിദേശങ്ങളിലും ഐക്യദാർഢ്യപരിപാടികൾ നടക്കും. 

കഴിഞ്ഞ നവംബർ 26ന്‌ രാജ്യത്തെ 25 കോടി തൊഴിലാളികൾ പണിമുടക്കിയ ദിവസമാണ് കർഷകരും കർഷകത്തൊഴിലാളികളും ‘ഡൽഹി ചലോ മാർച്ച്’ ആരംഭിച്ചത്.   മാര്‍ച്ച്, 27നാണ് ഡല്‍ഹി അതിര്‍ത്തിലെ സിംഗുവില്‍ എത്തിയത്. സമരക്കാരെ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞതോടെ സിംഗു കര്‍ഷകരുടെ സമരകേന്ദ്രമായി മാറുകയായിരുന്നു. 

ഡല്‍ഹിയുടെ മറ്റ് അതിര്‍ത്തികളായ ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലേക്കും കര്‍ഷകര്‍ ഒഴുകി എത്തിയതോടെ അത് പുതിയൊരു സമര ചരിത്രത്തിന് തുടക്കമാവുകയായിരുന്നു.

 യുപിയിലും പഞ്ചാബിലും തിരഞ്ഞെടുപ്പ് വരാനിരിക്കെ കഴിഞ്ഞ 19ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അതേസമയം എംഎസ്പി അടക്കം കൂടുതല്‍ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് സമരം കടുപ്പിക്കുകയാണ് കര്‍ഷകര്‍. 

 കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനൊപ്പം താങ്ങുവിലക്കായി നിയമം കൂടി കൊണ്ടുവന്നാല്‍ മാത്രമെ സമരം അവസാനിപ്പിക്കൂ എന്ന  നിലപാടിലാണ്കര്‍ഷകര്‍  . 

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക