റിബെക്ക - ഒരു മിന്നാമിനുങ്ങിന്റെ നക്ഷത്രത്തിളക്കം (വാല്‍ക്കണ്ണാടി - കോരസണ്‍)

കോരസണ്‍ Published on 27 November, 2021
 റിബെക്ക - ഒരു മിന്നാമിനുങ്ങിന്റെ നക്ഷത്രത്തിളക്കം  (വാല്‍ക്കണ്ണാടി - കോരസണ്‍)
2021 താങ്ക്‌സ് ഗിവിങ്ങ്ദിവസം റെബേക്ക പതിവിലേറെ സന്തോഷവതിയായിരുന്നു. വെന്റ്റിലേറ്ററിന്റ്റെ സഹായത്തോടെ മാത്രം ശ്വസിക്കാവുന്ന, ശ്വാസംകൊണ്ടുമാത്രം ചലിപ്പിക്കാവുന്ന കസേരയില്‍ ഇരുന്നു, മുഖംമാത്രം ചലനശേഷിയുള്ള ഈ പുതിയ ജീവിതത്തില്‍ ആര്‍ക്കാണ് എന്തിനാണ് നന്ദിപറയേണ്ടത് എന്നറിയാതെ ചിരിച്ചുകൊണ്ടിരുന്നു; അവള്‍ അങ്ങനെത്തന്നെയായിരുന്നു. 21 വയസ്സുവരെയുള്ള  നിലക്കാത്ത ഓട്ടങ്ങള്‍ക്കു ശേഷം മുന്നോട്ടുള്ള ജീവിതംമുഴുവന്‍ ഈ കസേരയില്‍ത്തന്നെ. കൂടെ പിതാവ് സ്‌കോട്ടും അമ്മ ആഡ്രിയും മുത്തച്ഛന്‍ വാറന്‍, മുത്തശ്ശി ഹെലനും, ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയുണ്ട്; റീഹാബിലിറ്റേഷന്‍ സെന്ററിലെ സ്റ്റാഫും നേഴ്സുമാരും കൂടിചേര്‍ന്നാണ് ചേര്‍ന്നാണ് ഈ പുതിയ ജീവിതത്തിലെ അവളുടെനന്ദിപറച്ചില്‍.  
 
കഴിഞ്ഞ കുറേവര്‍ഷങ്ങളായി കോള്‍ട്ടന്‍ കുടുംബത്തോടൊപ്പമാണ് ഞങ്ങള്‍ അമേരിക്കയിലെ താങ്ക്‌സ് ഗിവിങ്ങ്  അഘോഷിക്കാറുള്ളത്. അത് കുട്ടികള്‍ തമ്മിലുള്ള സുഹൃദത്തില്‍ നിന്നും തുടങ്ങി ഞങ്ങളില്‍ എത്തിയതാണ്. സാധാരണ അമേരിക്കന്‍ കുടുംബങ്ങള്‍ അവര്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ ചേര്‍ന്നാണ് താങ്ക്‌സ് ഗിവിങ്ങ്ഡിന്നര്‍ പങ്കിടുക. എന്താണ് ഞങ്ങളെ അടുത്ത ബന്ധുവലയത്തില്‍ പെടുത്തിയെതെന്നറിയില്ല. അമേരിക്കയില്‍ തലമുറകളായി ജീവിച്ചുവന്ന, സാമ്പത്തികമായും തൊഴില്‍പരമായും ഇവര്‍ എത്രയോ മുന്നിലാണെന്നറിയാം എങ്കിലും  ഇവരുടെ ഏറ്റവും അടുത്ത ബന്ധുക്കളും ഞങ്ങളെ ചേര്‍ത്തുനിറുത്തുന്നതിലെ സാംഗത്യം ഇതുവരെപിടികിട്ടിയില്ല; എന്തായാലും, ഏറ്റവുംനന്മയുള്ള ഒരു കുടുംബമാണെന്നു തിരിച്ചറിഞ്ഞു.   
 
2012 ഒക്ടോബറില്‍ ന്യൂയോര്‍ക്കില്‍ അടിച്ച സാന്‍ഡി കൊടുങ്കാറ്റ് ഏതാണ്ട് ദിവസങ്ങള്‍ വിദ്യുച്ഛക്തിയും ഗ്യാസ്ഹീറ്റും  ഇല്ലാതെ അതിശൈത്യത്തില്‍ ദുരിതത്തില്‍ ആഴ്ത്തി. ഏതാനും വീടുകളില്‍ മാത്രം ചൂടുണ്ടാക്കുന്ന സംവിധാനം ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ കയറാന്‍ സാധിക്കില്ല അത്രയ്ക്ക് കടുത്ത തണുപ്പ്, വണ്ടിയില്‍ ഹീറ്റ്ഇട്ടു എങ്ങോട്ടെന്നറിയാതെ കുറ്റാകുറ്റിരുട്ടില്‍ കറങ്ങിനടക്കുന്ന ദിവസങ്ങള്‍. പെട്രോള്‍ അടിക്കാന്‍ മൈലുകള്‍ നീണ്ട നിര, ഭക്ഷണത്തിനും ബുദ്ധിമുട്ട്. അപ്പോഴാണ് അടുത്ത ബന്ധുവിന്റെ വീട്ടില്‍ കരണ്ട് ഉണ്ടെന്നറിഞ്ഞു കുടുംബത്തോടെ അങ്ങോട്ടുപോയി. തറയില്‍ കിടക്കാന്‍ ചില ഷീറ്റുകള്‍ തന്നിട്ട് അവര്‍ മുകളിലുള്ള അവരുടെ കട്ടിലുകളില്‍ കിടക്കാന്‍ പോയി. നിസ്സഹായതയും സ്വന്തം എന്നുകരുതിയ ബന്ധുക്കളില്‍ നിന്നും നേരിട്ടതിരസ്‌ക്കാരവും വേദനയുണ്ടാക്കി. എന്തായാലും മരവിച്ചു വെളിയില്‍ കിടന്നു മരിക്കേണ്ടിവന്നാലും ഇനി അങ്ങോട്ടില്ല എന്ന് തീര്‍ച്ചപ്പെടുത്തി വീടിനു മുന്നില്‍നിലയുറപ്പിച്ചപ്പോള്‍ അഡ്രിയും റെബേക്കായും പ്രത്യക്ഷപ്പെട്ടു. തങ്ങളുടെ വീട്ടില്‍ ചൂടും വെട്ടവും ഉണ്ട് നിങ്ങളെ തിരക്കി എത്തിയതാണ് എന്നുപറഞ്ഞു വിളിച്ചുകൊണ്ടുപോയി. അവിടെ അവര്‍ ഞങ്ങളെ സുരക്ഷിതരായി പരിരക്ഷിച്ചു. ആ കടപ്പാട് ഒരിക്കലും മറക്കാനാവില്ല. 
 
ഇത്തവണയും കോള്‍ട്ടന്‍ കുടുംബത്തോടൊപ്പം താങ്ക്‌സ് ഗിവിങ്ങ്  ആഘോഷിക്കാന്‍ പറ്റുമോ എന്ന് കരുതിയിരുന്നില്ല. അത്രയ്ക്ക് തകര്‍ന്നുപോയിരുന്നു റെബേക്കായുടെ അപകടവാര്‍ത്തയും അതിനുശേഷം അവളുടെ തുടര്‍ന്നുള്ള ദിവസങ്ങളും. റിബെക്കാ കൂടില്ലാത്ത ആദ്യത്തെ താങ്ക്‌സ് ഗിവിങ്ങ് ദിനമായിരുന്നെങ്കിലും ഞങ്ങള്‍ ചെന്നപ്പോള്‍ അവര്‍ ഓരോത്തരായി വന്നു സ്‌നേഹം പങ്കുവച്ചു. അമ്മ അഡ്രി വലിയ പുഞ്ചിരിയോടെ വന്നു അലിഗനം ചെയ്തു, ഞങ്ങള്‍ കടന്നുചെന്നതില്‍ നന്ദി പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ തന്നെ അവരുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി, അവര്‍ ആകെ തകര്‍ന്നിരിക്കുകയാണെന്നും വിഷാദത്തെ തരണം ചെയ്യാന്‍  ഇതുവരെ കഴിഞ്ഞിട്ടില്ല എന്നും മനസ്സിലായി. റിബെക്കാ  കമ്പ്യൂട്ടറില്‍ അപ്പോള്‍ പ്രത്യക്ഷപ്പെട്ടു എല്ലാവരോടും സംസാരിച്ചു അവള്‍ തന്നെ തന്റെ കണ്ണുകളും ശ്വാസവുംകൊണ്ടും മാത്രം  എല്ലവരുടെയും ചിത്രമെടുത്തു. അത് ഓരോരുത്തര്‍ക്കും അയച്ചുതരാമെന്നും ഏറ്റു. ഇപ്പോള്‍ അവള്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് തന്റേതായ ടിക്ക്‌ടോക്ക് ഷോകള്‍ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കുകയാണ്. ഒക്കെ കണ്ണുകള്‍കൊണ്ട് മാത്രം ചെയ്യാവുന്ന അതി നൂതനമായ സാങ്കേതികവിദ്യ അവള്‍ സ്വായത്തമാക്കി. അവളുടെ ജീവിതത്തെപ്പറ്റി അവള്‍ക്കു നല്ല ബോധ്യം ഉണ്ടെങ്കിലും അവള്‍ വളരെ ഉല്ലാസവതിയായി കാണപ്പെട്ടു. അടുത്ത താങ്ക്‌സ് ഗിവിങ്ങ്‌നു നിങ്ങളുടെവീട്ടില്‍ നമുക്ക് ഇനിയും ഒന്നിച്ചുചേരണം എന്നുപറഞ്ഞപ്പോഴും അവള്‍ പ്രസന്നവതിയായി കുണുങ്ങിച്ചിരിച്ചു.  
 
റിബെക്കായുടെ നട്ടെല്ലിനു വന്ന ആഘാതം വലിയതായിരുന്നു. നട്ടെല്ലിന്റെ ആദ്യത്തെ ഒന്നും രണ്ടും ഇടങ്ങള്‍ (C1 & C2) തകര്‍ന്നാല്‍ പിന്നീട് ജീവിതകാലം മുഴുവന്‍ കഴുത്തിനു കീഴെ ചലനം നഷ്ട്ടപ്പെടുന്ന അവസ്ഥയാണ്. സ്വന്തമായി ഒന്നുശ്വാസം വിടാന്‍പോലും കഴിയാത്ത അവസ്ഥയില്‍ ഇങ്ങനെ ജീവിതം മുഴുവന്‍. ആശുപത്രിചിലവുകളും പരിചരണങ്ങള്‍ക്കും ഉടന്‍തന്നെ ഒരു മില്യണിലധികം ഡോളര്‍ വേണ്ടിവന്നു, പിന്നീട് എത്ര മില്യണ്‍ ഡോളര്‍ മുന്നോട്ടുള്ള ജീവിതത്തിനു ആവശ്യം എന്നുകണക്കുകൂട്ടാന്‍ പ്രയാസം. ടൗണിലും ഡിസ്ട്രിക്ടിലും ഉള്ള എല്ലാവരും ഒന്നുചേര്‍ന്ന് പണസമാഹരണം ആരംഭിച്ചു. ചില കടക്കാര്‍ അവരുടെ ഏതാനും ദിവസത്തെ പിരിവുകള്‍ മുഴുവന്‍ റെബേക്കാ ഫണ്ടിലേക്ക് കൊടുക്കുന്നു എന്ന് കടയുടെ പുറത്തു എഴുതിവെച്ചു. ആളുകള്‍ അവരുടെ എല്ലാ കഴിവുകളും പരിശ്രമവും കൊണ്ട് കുറെയേറെ പണം സമാഹരിച്ചു. അവര്‍ കൂടിപോയ്‌ക്കൊണ്ടിരുന്ന  യഹൂദറ്റെമ്പിളുകളില്‍ പ്രത്യേകം പ്രാര്‍ത്ഥനകളും പണപ്പിരിവുകളും നടന്നു. പലതിലും പങ്കെടുത്തപ്പോള്‍ ഒരു പെണ്‍കുട്ടിക്കുവേണ്ടി ഒരു ഗ്രാമം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നതില്‍ അത്ഭുതപ്പെട്ടു. ചെറുപ്രായത്തില്‍ അവള്‍ ഒരു വലിയ കൂട്ടം ആളുകളുടെ പ്രിയങ്കരിയായതു ഈ അപകിടത്തില്‍ പെട്ടതുകൊണ്ടു മാത്രമല്ല, അവള്‍ ജീവിതങ്ങളില്‍ ഇടപെട്ടത്തിന്റെ രീതികള്‍കൊണ്ടുകൂടിയാണ്.     
 
ഏറ്റവും ഒടുവില്‍ അവള്‍ ഓടിച്ചാടി വീട്ടിലേക്കു വന്നത് കഴിഞ്ഞ ജനുവരിയിലെ ഒരു തണുത്ത ദിവസത്തിലായിരുന്നു. എലിമെന്ററി സ്‌കൂള്‍ മുതല്‍ എന്റെ മകള്‍ ക്രിസ്റ്റലിന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നനിലയില്‍ ഒന്നിച്ചു കളിച്ചുവളര്‍ന്നു, വീട്ടിലെ നിത്യസന്ദര്‍ശക മാത്രമല്ല, റിബെക്കായും കുടുംബവുമില്ലാത്ത ഒരു കുടുംബചടങ്ങുകളും ഞങ്ങള്‍ക്ക് ഇല്ലായിരുന്നു. ന്യൂയോര്‍ക്കില്‍ കോവിഡ് കൊടികുത്തിനിന്ന ആ ദിവസങ്ങളൊന്നില്‍ ഞാന്‍ ബേസ്മെന്റില്‍ ഇരുന്നായിരുന്നു ജോലിചെയ്തുകൊണ്ടിരുന്നത്. പതിവായി എല്ലാ വ്യഴാച്ചകളിലും റിബെക്കായും ക്രിസ്റ്റലും തമ്മില്‍ കണ്ടിരിക്കും എന്ന് അവര്‍ തീരുമാനം എടുത്തിരുന്നു. അതുകൊണ്ടു എത്ര തിരക്കായാലും എവിടെയായാലും അവര്‍ കാണുകയോ സംസാരിക്കുകയോ ചെയ്യും, അതു മുടക്കമില്ലാതെ പൊയ്‌ക്കൊണ്ടിരുന്നു. അവള്‍ വീട്ടില്‍ കയറി വന്നപ്പോള്‍ത്തന്നെ നേരെ ബേസ്മെന്റില്‍ എന്റെ അടുത്തുവന്നു കുശലം പറഞ്ഞുതുടങ്ങി. മെഡിക്കല്‍ സ്‌കൂളിലേക്ക് അഡ്മിഷന്‍ തരപ്പെട്ടു, ഏതു സ്‌കൂള്‍ തിരഞ്ഞെടുക്കണം എന്ന തീരുമാനം മാത്രമേ ഇനിയുള്ളൂ , എന്‍ട്രന്‍സ്‌ടെസ്റ്റ് അത്ര പ്രയാസം ഇല്ലായിരുന്നു. ഓരോന്നു പറയുമ്പോഴും അവള്‍ കുലുങ്ങിച്ചിരിക്കുകയും സ്വര്‍ണ്ണനിറമുള്ള മുടിയിഴകളില്‍ വിരലിട്ടു കറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അന്ന് കുറെയേറെ നേരം എന്റെയടുത്തുവന്നു സംസാരിച്ചുനിന്നു. എന്റെ അമ്മയുടെ മരണം കഴിഞ്ഞു ഞാന്‍ നാട്ടില്‍നിന്നും വന്നിട്ട് അധികം ദിവസം ആയിരുന്നില്ല. എന്നെ സമാശ്വസിപ്പിക്കാനും കൂടിയായിരിക്കണം അവള്‍ കുറെയേറെ സംസാരിച്ചു. 
 
ആഡ്രി, സൈക്കിള്‍ ചവിട്ടി വീടിനു മുന്നില്‍ വന്നു സംസാരിച്ച കാര്യം പറയുമ്പോള്‍ നാട്ടില്‍നിന്നും വന്നുടനുള്ള സമയമാറ്റത്തിന്റെയോ എന്തോ അവരുടെ പേരു ഓര്‍ത്തെടുക്കാന്‍ അല്‍പ്പം വൈകി, അവള്‍ വലിയ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ടു ക്രിസ്റ്റലിനെ കാണാന്‍ മുകളിലേക്കു കയറിപ്പോയി. ഞാന്‍ പതുക്കെ അടുത്ത ഇന്ത്യന്‍ റെസ്റ്റോറെന്റിലേക്കു പാഞ്ഞു. ബ്രൗണ്‍ ബാഗില്‍ പൊതിഞ്ഞുകൊണ്ടുവരുന്ന സമൂസ അവള്‍ക്കു പ്രിയമായിരുന്നു . അതുകൊണ്ടു രണ്ടു കക്ഷികളും ഞാന്‍ വരുന്നതും കാത്തിരിക്കും. സമൂസകള്‍ ചൂടാക്കി കൈകൊണ്ട് കുത്തിയെടുത്തു കഴിക്കുമ്പോള്‍ അവളുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല ചെറുപ്പം മുതല്‍ അത് അങ്ങനെത്തന്നെയായിരുന്നു. 
 
മഞ്ഞുമൂടിയ മലയിടുക്കുകളില്‍ക്കൂടി ഹിമപ്പരപ്പിലൂടെ തെന്നിപ്പായുക (സ്‌കീയിങ്ങു), കോള്‍ട്ടന്‍ കുടുംബത്തിനു ഏറ്റവും ഹരമായ വിനോദം ആയിരുന്നു. വര്‍ഷത്തില്‍ കുടുംബവുമായുള്ള നിരവധി വിനോദയാത്രകള്‍ കൂടാതെ, കിട്ടുന്ന സമയമെല്ലാം മഞ്ഞില്‍കൂടി തെന്നിത്തെന്നി വേഗത്തില്‍ പായാന്‍ അവരെല്ലാം മത്സരിച്ചിരുന്നു. വീട്ടില്‍ നിറയെ അവരുടെസ്‌കീയിങ് ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരുന്നു. കുടുംബമായി സ്‌കീയിങ് നടത്തി വന്നതിനുശേഷം വീണ്ടും കുട്ടികള്‍ തനിയെ വെര്‍മെന്‍ഡ് സ്‌കീറിസോര്‍ട്ടില്‍ പോയതാണ്. ഒപ്പം ഉണ്ടായിരുന്ന സഹോദരന്‍ എറിക്ക് മറ്റു കൂട്ടുകാരുമൊത്തു പോയതിനിടയില്‍ റെബേക്ക മറ്റൊരുവഴിയില്‍ പോകാനുറച്ചു. അത് വളരെ അപകടം പിടിച്ച വഴിയാണ് തനിയെ പോകേണ്ടാ എന്നു എറിക്ക് വിലക്കിനോക്കി. നമുക്കുഅവിടെകാണാം എന്നുപറഞ്ഞു റെബേക്ക കഴുകന്‍ മേഘത്തില്‍ പറന്നുപോകുന്നതുപോലെ പോയി. അവള്‍ എപ്പോഴും അങ്ങനെത്തന്നെയായിരുന്നു. അതിസാഹസികമായ എന്തിനും തയ്യാര്‍, ഒട്ടും ഭയംകാണില്ല. 
 
പ്ലൈന്‍വ്യൂ ജോണ്‍ എഫ് കെന്നഡി ഹൈസ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഒരാള്‍ നാലു മേജര്‍ കായിക വിഭാഗങ്ങളില്‍ ചേരുന്നത്, അത് റെബേക്ക ആയിരുന്നു. അതിനു സ്‌കൂള്‍ഡിസ്ട്രിക്ടിട് മെഡലുകള്‍ നല്‍കി അവളെ അംഗീകരിച്ചിരുന്നു. ഓരോ ഇനങ്ങളിലും ഉള്ള പരിശീലങ്ങളില്‍ ഒന്നും അവള്‍ ഒഴിവാക്കിയില്ല, അത്രയ്ക്ക് നിശ്ചയദാര്‍ഢ്യമുള്ള ഒരു കായികാഭ്യാസി, ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലെ പദപ്രശ്‌ന കടംകഥയിലെ പ്രതിഭ, ലൈഫ് ഗാര്‍ഡ്, കുട്ടികളുടെ ക്യാമ്പ് ഗൈഡ് തുടങ്ങി എത്ര വിഷയങ്ങളില്‍ തിളങ്ങിനിന്നു എന്നറിയില്ല, ഈ ചെറുപ്രായത്തില്‍ അനിതാസാധാരണമായ മികവോടെ ഏതു വിഷയത്തിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ അപൂര്‍വ സിദ്ധിയുള്ള കുട്ടിയായിരുന്നു അവള്‍.    അപാരമായ വായനാശീലവും, പഠന വിഷയങ്ങളില്‍ ഉല്‍കൃഷ്ടതയും ഒട്ടും കുറച്ചുമില്ല. ക്രിസ്റ്റലും റിബെക്കായും ചേര്‍ന്നുള്ള ബാസ്‌കറ്റ്ബാള്‍ കളിക്കളം കളിക്കാര്‍ക്കിടയില്‍ പ്രസിദ്ധമായിരുന്നു. അധികം ഉയരം ഇല്ലാതിരുന്ന റിബെക്കായെ എതിരാളികള്‍ അത്ര ഗൗരവമായി കരുതുകയില്ല. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ഒരു പുലിയെപ്പോലെ അവള്‍ ബാസ്‌കറ്റ്ബാള്‍ തട്ടിയെടുത്തു ഉയരമുള്ള ക്രിസ്റ്റലിനു എത്തിച്ചുകൊടുക്കയും അത് ബാസ്‌ക്കറ്റ് ആവുകയും ചെയ്യുമായിരുന്നു. ആര്‍ക്കും ഒരിക്കലും പ്രതീക്ഷിക്കാവുന്ന തരത്തിലായിരുന്നില്ല അവള്‍ ബോള്‍ തട്ടിപ്പറിച്ചുകൊണ്ടുപോയിരുന്നത്. ജയിക്കാനുള്ള ബാസ്‌കറ്റ് ലഭിച്ചുകഴിയുമ്പോള്‍ ക്രിസ്റ്റല്‍, ബാസ്‌കറ്റ്‌ബോള്‍ തട്ടി തട്ടി റിബെക്കായിക്കു സ്‌കോര്‍ ചെയ്യാന്‍ പരുവത്തില്‍ കൊടുക്കുന്നതും സ്‌നേഹമുള്ള ഓര്‍മ്മകള്‍ ആയിരുന്നു.
 
1995 ഇല്‍ സൂപ്പര്‍മാന്‍ എന്ന സിനിമയില്‍ അഭിനയിച്ചു പ്രസിദ്ധനായ ക്രിസ്റ്റഫര്‍ റീവ് ഒരു അശ്വാഭ്യാസ മത്സരത്തിനിടെ കുതിരപ്പുറത്ത് നിന്ന് തെറിച്ചുവീണ് റീവിന്റെ കഴുത്ത് ഒടിഞ്ഞു.  പരിക്ക് റീവിനെ തോളില്‍ നിന്ന് തളര്‍ത്തി, ജീവിതകാലം മുഴുവന്‍ വീല്‍ചെയറും വെന്റിലേറ്ററും ഉപയോഗിച്ചു. വീല്‍ചെയറില്‍ നിന്ന്, റീവ് ക്രിയേറ്റീവ് ജോലിയിലേക്ക് മടങ്ങി, ഇന്‍ ദി ഗ്ലോമിംഗ് (1997) സംവിധാനം ചെയ്യുകയും റിയര്‍ വിന്‍ഡോയുടെ ടെലിവിഷന്‍ റീമേക്കില്‍ അഭിനയിക്കുകയും ചെയ്തു. സ്റ്റില്‍ മി, നതിംഗ് ഈസ് ഇംപോസിബിള്‍ എന്നീ രണ്ട് ആത്മകഥാപരമായ പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. ഒരു അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു, 'എന്തുകൊണ്ടാണ് ഒരു അപകടം സംഭവിക്കുന്നതെന്ന് ആര്‍ക്കറിയാം. അതിനുശേഷം നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നതാണ് പ്രധാനം. ഞെട്ടല്‍, ദുഃഖം, ആശയക്കുഴപ്പം, നഷ്ടം എന്നിവയുടെ കാലഘട്ടം രണ്ട് തിരഞ്ഞെടുപ്പുകളിലേക്ക് നയിക്കുന്നു. ഒന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി ക്രമേണ ശിഥിലമാകുക. മറ്റൊന്ന്, നിങ്ങളുടെ എല്ലാ വിഭവങ്ങളും സമാഹരിച്ച്, അവ എന്തുതന്നെയായാലും, പോസിറ്റീവായ എന്തെങ്കിലും ചെയ്യാന്‍ ഉപയോഗിക്കുക എന്നതാണ്. അതാണ് ഞാന്‍ സ്വീകരിച്ച പാത. അത് എനിക്ക് സ്വാഭാവികമായി വരുന്നു. ഞാന്‍ ഒരു മത്സരാധിഷ്ഠിത വ്യക്തിയാണ്, ഇപ്പോള്‍ ഞാന്‍ അപചയത്തിനെതിരെ മത്സരിക്കുന്നു. ഓസ്റ്റിയോപൊറോസിസോ മസില്‍ അട്രോഫിയോ ഡിപ്രെഷനോ എന്നെ തോല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ ദൈനംദിന ജീവിതരീതിയിലാണ് ആത്മീയത കണ്ടെത്തുന്നത്. മറ്റുള്ളവരെ കുറിച്ച് ചിന്തിച്ച് സമയം ചിലവഴിക്കുക എന്നതാണ് ആത്മീകത. ഏതെങ്കിലും തരത്തിലുള്ള ഉയര്‍ന്ന ശക്തി ഉണ്ടെന്ന് സങ്കല്‍പ്പിക്കാന്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അത് ഏത് രൂപത്തിലാണെന്നോ കൃത്യമായി എവിടെയാണെന്നോ നമുക്ക് അറിയേണ്ടതില്ല; അതിനെ മാനിച്ച് ജീവിക്കാന്‍ ശ്രമിച്ചാല്‍ മാത്രം മതി'.ക്രിസ്റ്റഫര്‍ ആന്‍ഡ് ഡാണാ ഫൗണ്ടേഷനും റെബെക്കായുടെ റിക്കവറി സഹായത്തിനു സഹകരിച്ചു. 
 
ശ്വസനനാള ശസ്ത്രക്രിയക്കു ശേഷം ഒന്നര മണിക്കൂറില്‍ കൂടുതല്‍ സ്വന്തമായി ശ്വസിക്കാനാവില്ല, ശ്വാസം വലിച്ചെടുത്തു പുറത്തേക്കുവിട്ടുമാത്രം ചലിക്കാന്‍ സാധിക്കുന്ന വീല്‍ ചെയറില്‍, ദിവസം അഞ്ചുമണിക്കൂറുകള്‍ എങ്കിലും വ്യയാമം ചെയ്തില്ലെങ്കില്‍  പേശീചുരുക്കം അസ്ഥിക്ഷയം ഒക്കെ എപ്പോള്‍ വേണമെങ്കിലും ഉണ്ടാവാം. ജീവിച്ചിരിക്കുന്നതില്‍ സന്തോഷമുണ്ട്, കടപ്പാട് കൊണ്ടല്ല, ജീവിതം ജീവിക്കാന്‍ യോഗ്യമായിരുന്നു. ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകുന്നതു എന്തുകൊണ്ടാണെന്ന് ആര്‍ക്കറിയാം?. 
 
എന്തായാലും റിബെക്കായുടെ ജീവിതം അതിന്റെ പൊരുളുകള്‍ അന്വേഷിച്ചു ഗതിമാറി ഒഴുകിത്തുടങ്ങി. ഓരോ ജീവിതവും മറ്റൊരു ജീവിതത്തിനു ഉത്തരം കണ്ടെത്തുകയാവാം. തമാശകള്‍ പറയുന്ന കൂട്ടത്തില്‍ മുത്തശ്ശന്‍ വാറന്‍ പൊട്ടിചിരിച്ചുകൊണ്ടു പറഞ്ഞു, സ്‌കോട്ട് ഇപ്പോള്‍ വളരെ നല്ല മനുഷ്യനായിക്കഴിഞ്ഞു. അടര്‍ന്നുവീഴുന്ന ജീവിതത്തിന്റെ ഓരോ നിമിഷവും അടുത്തതില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത ഒരു കടംകഥയാണ് നമ്മുടെ ജീവിതം എന്ന് ഓര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. യാത്രപറഞ്ഞു പടിയിറങ്ങുമ്പോള്‍ അവരുടെ ഗാഢമായ ആലിംഗനത്തില്‍നിന്നും പുറത്തുകടക്കാന്‍ പ്രയാസപ്പെട്ടു, നിറഞ്ഞുതുളുമ്പിയ കണ്ണുകള്‍ പങ്കുവച്ചു ..നന്ദി നന്ദി ..
 
കോള്‍ട്ടന്‍ ഫാമിലിയില്‍വച്ചു താങ്ക്‌സ് ഗിവിങ്ങ് ഡിന്നറിനു വൈന്‍ ടോസ്റ്റ് ചെയ്യുമ്പോള്‍ എല്ലാവരും ഉച്ചത്തില്‍ പറഞ്ഞിരുന്ന ഹിബ്രു വാക്ക് 'ലഖൈമ്' (L'Chaim) 'to life - ജീവിതത്തിലേക്ക്' എന്നാണെന്നു ഒരിക്കല്‍ വാറന്‍ പറഞ്ഞത് ഓര്‍ക്കുന്നു. ഒരായിരം തവണ അത് മന്ത്രമായി  മുഴങ്ങികൊണ്ടിരുന്നു. 
 
 റിബെക്ക - ഒരു മിന്നാമിനുങ്ങിന്റെ നക്ഷത്രത്തിളക്കം  (വാല്‍ക്കണ്ണാടി - കോരസണ്‍) റിബെക്ക - ഒരു മിന്നാമിനുങ്ങിന്റെ നക്ഷത്രത്തിളക്കം  (വാല്‍ക്കണ്ണാടി - കോരസണ്‍) റിബെക്ക - ഒരു മിന്നാമിനുങ്ങിന്റെ നക്ഷത്രത്തിളക്കം  (വാല്‍ക്കണ്ണാടി - കോരസണ്‍) റിബെക്ക - ഒരു മിന്നാമിനുങ്ങിന്റെ നക്ഷത്രത്തിളക്കം  (വാല്‍ക്കണ്ണാടി - കോരസണ്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക