പാലിയേറ്റീവ് കെയർ (കഥ : രമേശൻ പൊയിൽ താഴത്ത്)

Published on 28 November, 2021
പാലിയേറ്റീവ് കെയർ (കഥ : രമേശൻ പൊയിൽ താഴത്ത്)
വളരെ വലിയ വീട്ടിലാണെങ്കിലും ആ പ്രായമായ മനുഷ്യൻ അവിടെ കഴിയുന്ന സാഹചര്യമോർത്തപ്പോൾ ജിജിക്ക് വിഷമം തോന്നി. കാലുകൾ നിവർത്താനാവാതെ വസ്ത്രങ്ങളെല്ലാം മുറതെറ്റി ഒന്നു തിരിഞ്ഞു കിടക്കാൻ പോലുമാവാതെ കിടക്കപ്പായയിൽ തന്നെ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കേണ്ടി വന്ന് അലക്ഷ്യമായി ആരാലും ശ്രദ്ധിക്കപ്പെടാതെ ദുർഗന്ധം വമിപ്പിച്ചുള്ള കിടപ്പ്. ഒന്നു കുളിപ്പിച്ചിട്ടോ നനച്ചു തുടച്ചു വൃത്തിയാക്കിയിട്ടോ മാസങ്ങളാവണം.

പിന്നീട് എല്ലാം ജിജിയുടെ റോളായിരുന്നു. ഒരു കൈ ഡ്രൈവർ കമലും സഹായിച്ചപ്പോൾ ചരിച്ചു കിടത്താനും മുതുകിന് താഴെയുള്ള മാംസക്കുഴിയിൽ പുളച്ചു കഴിഞ്ഞിരുന്ന പുഴുക്കളെയും അവർക്കകറ്റാനായി. കുറച്ചു നേരത്തിൽ വൃത്തിയായി കുളിപ്പിച്ചു മുറ്റത്തെ ഇള വെയിലിൽ കസേരയിൽ ഇരുത്തിയപ്പോൾ ആ പഴയ അദ്ധ്യാപകൻ ചിരിച്ചു. തന്റെ മക്കൾക്ക് കഴിയാത്തത് മറ്റാരുടെയോ മക്കൾക്ക് ചെയ്യാൻ കഴിഞ്ഞല്ലോ എന്നതാവാം ആ ചിരിയിലെന്ന് ഞാൻ ഊഹിച്ചു. എന്നാലതിന്റെ പൊരുളറിയാതെ ഗംഗാധരൻ മാഷുടെ മകൻ വിസ്മയിച്ചു, ആ വീട്ടുകാരും.
ചില വീടുകൾ ജിജിയുടെ വരവിന് വേണ്ടി കാത്തിരിക്കും, ഒരു കൈത്താങ്ങോടെ അവരുടെ അച്ഛനെയോ അമ്മയെയോ കുളിപ്പിക്കാൻ അല്ലെങ്കിൽ ശരീരമാസകലം ചൂടു വെള്ളത്തിൽ നനച്ചു തുടയ്ക്കാൻ. അതുമല്ലെങ്കിൽ എന്തിനോ വാശിപിടിക്കുന്ന അവരെ സമാധാനത്തോടെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ.

കമൽ എന്നും ജിജിയുടെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയുടെ അടുത്ത് ഓമ്നി വാൻ നിർത്തി കാത്തിരിക്കുകയായിരുന്നു. വീട്ടിലെ ജോലികൾ കഴിഞ്ഞ് പ്രായമായ അച്ഛനെയും അമ്മയെയും അസുഖമായി കിടക്കുന്ന മോളേയും കുളിപ്പിച്ച് ഭക്ഷണമെല്ലാം ഒരുക്കിവെച്ച് മരുന്നുകളെല്ലാം എടുത്ത് കഴിക്കുന്ന വിധമെല്ലാം ഓർമ്മിപ്പിച്ച് ബാഗുമെടുത്ത് ഓടി വരുന്നതാണ് കമലിൻറെ ജിജിയെ കുറിച്ച നിത്യ കാഴ്ച.. ഓരോ ദിവസത്തെ കാത്തിരിപ്പിലും അവളുടെ തിരക്കു പിടിച്ച ഓട്ടം കമലിൻറെ മനസ്സിൽ കടന്നു വന്നകലും. അവളുടെ പ്രായമായ അച്ഛനുമമ്മയ്ക്കും പാലിയേറ്റീവ് കെയർ നൽകാൻ അവളല്ലാതെ വേറാരുമില്ല. പക്ഷേ അതിനെത്രത്തോളം നേരം ജോലി കഴിഞ്ഞ് ഒതുക്കാനാവുന്നു എന്ന് കമലിന്നറിയില്ല.

"ഇന്ന് കുറച്ച് ലേറ്റായിട്ടോ" എന്നത്തേയും പോലെ ജിജി  ഓടി വന്നു വണ്ടിയിൽ കയറി പറഞ്ഞു. അവളുടെ തിരക്കു കാണുമ്പോൾ അവളോട് അവളെ കുറിച്ച് എന്തെങ്കിലും ചോദിക്കാൻ വിചാരിച്ചാൽ അത് മറന്നു പോകും. പകരം അവൻ പറഞ്ഞത്,
"ഇന്ന് പുതിയതായി ഒരു രോഗിയെ കൂടെ കാണേണ്ടതുണ്ട്, പഞ്ചായത്ത് പ്രസിഡണ്ട് ആണ് ഇന്ന് തന്നെ ചെല്ലണമെന്ന് പറഞ്ഞത്".

"എവിടെയാ?'' ജിജിക്ക് അറിയണമായിരുന്നു. ഈ ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറി വന്നിട്ട് ഒരു വർഷമേ ആയുള്ളൂവെങ്കിലും പഞ്ചായത്തിൻറെ മുഴുവൻ ഊടുവഴികളും ഇതിനകം അവൾക്കറിയാം കമൽ പറഞ്ഞ അഡ്രസിൽ ഇത്രയും കാലം ആരും ഉള്ളതായി അവൾക്കറിയില്ലായിരുന്നു.

ആ ചോദ്യം മനസ്സിലുണ്ടെന്നറിഞ്ഞാവണം കമൽ കൂട്ടിച്ചേർത്തു.
"ഏഴു കൊല്ലം ജയിലിലായിരുന്നു. അവശനായി ജയിൽ ആശുപത്രിയിൽ നിന്നും ഇപ്പോൾ ശിക്ഷാ കാലാവധി കഴിഞ്ഞ് മടക്കിയതാണ്.”
ജിജിക്ക് മറ്റൊന്നും പറയാനില്ലായിരുന്നു. ഏത് കിടപ്പു രോഗിയായാലും തന്റെ ജോലി ചെയ്യണം. അത് തന്റെ കടമയാണ്.
കമൽ വളയം തിരിച്ചു. ഇന്ന് പോകേണ്ടുന്ന മൂന്നു വീടുകളുടെ എണ്ണത്തിൽ ഒന്നധികം ചേരുകയാണ്. ചിലയിടങ്ങളിലെത്തുമ്പോൾ അവനും കൈത്താങ്ങിനായ് കൂടാറുണ്ട്. അവനും അത് ശീലമായിവരുന്നു. ചില സന്ദർഭങ്ങളിൽ യാദൃശ്ചികമായി പഴയ സഹപാഠികളെ വീട്ടമ്മയായും ഗൃഹനാഥനായ് കാണുന്നതും  കമലിന് സന്തോഷകരമായി തോന്നി.

ഇന്നലെ കണ്ട മുംതാസിൻറെ മാതാവിന്റെ അവസ്ഥ കമലിൻറെ മനസ്സിൽ നിന്ന് മറഞ്ഞിരുന്നില്ല.. വളരെ ചടുലയായിരുന്ന അവളാകട്ടെ ഇന്ന് കുടുംബ പ്രാരാബ്ധങ്ങളിൽ ക്ഷീണിച്ച് ഭർത്താവിന്റെ പ്രായമായ അമ്മയെയും മക്കളെയും നോക്കാനാകാതെ നെട്ടോട്ടമോടുന്നു. ഒരു തരി പോലും ചിരിയുടെ പ്രസരമില്ലാതെ. ജിജിയാണോ മുംതസ് ആണോ കൂടുതൽ കഷ്ടപ്പെടുന്നതെന്ന് കമൽ മനസ്സിൽ കണക്ക് കൂട്ടി നോക്കി കാണണം. ഒന്നും തീർത്തു മനസ്സിലാക്കാനാവാതെ അവൻ നിഷേധാർത്ഥത്തിൽ അറിയാതെ തലയാട്ടിക്കൊണ്ടിരുന്നു.

ഉച്ചകഴിഞ്ഞ് വെള്ളക്കുപ്പായത്തിൽ ബി പി അപ്പാരറ്റസുമായി തടവ് ശിക്ഷ കഴിഞ്ഞ് വന്ന രോഗിയുടെ വീട്ടിൽ നിന്നും പടിയിറങ്ങി വന്ന ജിജിയുടെ മുഖം സാധാരാണ പോലെയായിരുന്നില്ല. രാവിലെ പരിചരിച്ച വൃദ്ധനോളം അവശനായിരുന്നില്ല ഈ മനുഷ്യൻ. അസുഖകരമായ അന്തരീക്ഷത്തിൽ കഴിയേണ്ടി വരുന്ന പ്രായമായവരുടെ പാലിയേറ്റിവ് കെയറിന് നിയോഗിക്കപ്പെട്ട നഴ്സിന് എപ്പോഴും അസ്വസ്ഥകരമായ അവസ്ഥകളിലുള്ള ഒട്ടനവധി രോഗികളെ പരിചരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ജിജിയുടെ ഈ ഭാവം കമലിന് വ്യത്യസ്തമായി തന്നെ തോന്നി.

കമൽ ആ വീട്ടിലെ അവസ്ഥ ഒന്നു ആഴമായി നിരീക്ഷിച്ചു. ഒരാളു പോലും തിരിഞ്ഞു നോക്കാൻ ഇല്ലെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. ഭാര്യ മരണപ്പെട്ടുവെങ്കിലും മകനും മകളും കുറച്ച് അടുത്തായി കുടുംബവുമായി കഴിയുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ജയിലിൽ നിന്ന് വന്നതിൽ പിന്നെ ആരും ഒന്നന്വേഷിക്കുകയോ ഭക്ഷണം കിട്ടുന്നുണ്ടോ എന്ന് പോലും തിരക്കിയിട്ടില്ല. ഒരു പക്ഷേ ജയിലിൽ പോയതിന്റെ കാരണം അറിഞ്ഞാൽ ഈ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടുമായിരിക്കും.
ഇങ്ങനെ ആ മനുഷ്യനെ കുറിച്ച് കമൽ ഓരോന്നും ആലോചിച്ച് നിൽക്കുമ്പോഴാണ് ജിജി പരിചരണം കഴിഞ്ഞ് തിടുക്കപ്പെട്ട് ഇറങ്ങി വന്നത്. ഇതിന് മുമ്പൊന്നും അവളുടെ മുഖം തെല്ലും മുഷിഞ്ഞു കണ്ടിട്ടില്ല. ഇന്ന്  ഈ രോഗിയെ പരിചരിപ്പിച്ചമ്പോൾ മാത്രം എന്തേ ജിജിയുടെ മുഖത്ത് ഇത്ര വിരക്തി എന്ന് കമലിന് മനസ്സിലായില്ല. അതും രാവിലെ കണ്ട അദ്ധ്യാപകനേക്കാൾ മെച്ചപ്പെട്ട നിലയിലായിരുന്നു ഈ ശേഖരൻ ചേട്ടൻ.
"എന്തു പറ്റി?" എന്ന ചോദ്യത്തിന് ജിജി മറുപടിയായ് തേങ്ങലൊളിപ്പിക്കാൻ ശ്രമിച്ചു. നിയന്ത്രിക്കാനാവാതെ കരയുന്ന പലരെയും ആശ്വസിപ്പിച്ച ജിജി ശബ്ദമടക്കി വിതുമ്പിയപ്പോൾ കമലിന് വണ്ടി മുന്നോട്ട് എടുക്കാതിരിക്കാൻ നിർവാഹമില്ലായിരുന്നു.
ഓമ്നി വാനിലെ തൊട്ടു ഇടതുവശത്തെ സീറ്റിലായിരുന്നിട്ടും ഒന്നിച്ചുള്ള മടക്കയാത്രയിലും അവൾ ഒന്നും മിണ്ടിയില്ല. ഒരുപാട് കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തിയപ്പോൾ താത്കാലികമായി കിട്ടിയതാണ് പാലിയേറ്റീവ് കെയർ യൂനിറ്റിന്റെ ആംബുലൻസ് വാഹനത്തിന്റെ ഡ്രൈവർ ജോലി. നാട്ടിലെ പ്രയാസകരമായ ചുറ്റുപാടിൽ പരിചരിക്കാനാളില്ലാതെ കഴിയുന്ന വൃദ്ധരായ ആളുകളെ കണ്ട് അവർക്ക് വേണ്ട ആതുര ശുശ്രൂഷ, പിന്നെ ആവശ്യമായ മറ്റു സഹായങ്ങൾ ചെയ്യുക എന്നത് ദൈവികമായ പ്രവർത്തിയായി കാണുന്നവളാണ് ജിജിയിപ്പോൾ. ഈ കൊറോണക്കാലം തുടങ്ങിയത് മുതൽ ആംബുലൻ സിൻറെ വളയം പിടിക്കുന്ന കമലിൻറെ കൂടെ ജിജി എന്ന നഴ്സുമുണ്ട്.

കമൽ പിന്നെയും പലതുമാലോചിച്ചു കാണണം. തൻറെ അച്ഛനുമമ്മയും അവസാന നാളുകളിൽ പറഞ്ഞതും ഒരിക്കലും പാടിക്കേട്ടിട്ടില്ലാത്ത അമ്മ ഒടുവിലായി അവനായിപ്പാടിയ പാട്ടും അവൻ വെറുതെ ഓർത്തു. ഈ ജോലിയിൽ കയറിയതിൽ പിന്നെ മരണ ദിനമടുക്കുമ്പോൾ വൃദ്ധർ എങ്ങനെയെല്ലാം പെരുമാറും എന്ന് അവനേതാണ്ടൊക്കെ അറിയാം. അപ്പോഴും ജിജിയുടെ വീട്ടുകാരെ കുറിച്ചോ മകളെ കുറിച്ചോ ഒന്നുമറിയില്ലല്ലോ എന്നവൻ ഓർത്തു.
അവൻ ഓരോ യാത്രയിലും ഓരോ മുഖങ്ങളും ഭാവങ്ങളും കണ്ടു. അറിയാതെ ഇനിയും ബുദ്ധിമുട്ടിക്കാതെ പോയ്ക്കൂടേ എന്ന് കണ്ണുകൾ കൊണ്ടും പ്രവർത്തി കൊണ്ടും ഞങ്ങളോട് പറയുന്നവരും പിന്നെ ഇങ്ങനെയെങ്കിലും കുറേകാലം ഞങ്ങളുടെ കൂടെ ഉണ്ടാവണമേ എന്ന് ആത്മാർത്ഥമായി പറയുന്നവരും പ്രാർത്ഥിക്കുന്നവരും.
മനുഷ്യസ്നേഹത്തിന്റെ വിവിധ ഭാവങ്ങളെയും രൂപങ്ങളെയും അവൻ തിരിച്ചറിയാൻ തുടങ്ങിയിരുന്നു. അത് പ്രകടിപ്പിക്കുന്നവരേയും പ്രകടിപ്പിക്കാനറിയാത്തവരെയും ആ സ്നേഹത്തിന് കേഴുന്നവരേയും അവൻ കണ്ടു. വളയത്തിനൊത്ത് ചിന്തകളും ചുറ്റിത്തിരിയുന്നതിനിടയിലാണ് കമലിൻറെ ഫോൺ ശബ്ദിച്ചത്.
"ജിജി കൂടെയുണ്ടോ?" മറുതലക്കൽ പ്രസിഡണ്ട് പ്രമീളേച്ചിയാണ്.

"ഉണ്ട് ഞങ്ങൾ മടങ്ങി വരികയാണ്, എന്താ?"
"ഞങ്ങളത് ഓർത്തില്ല, നമുക്ക് മറ്റെന്തെങ്കിലും ഏർപ്പാടാക്കാം അവളോട് വിഷമിക്കണ്ട എന്ന് പറയൂ" പ്രസിഡണ്ട് അത് പറഞ്ഞിട്ടും കമലിന് ഒന്നും മനസ്സിലായില്ല.
ഏഴെട്ടു വർഷങ്ങൾക്ക് മുമ്പ് അറുപത്തിനാലു വയസ്സുകാരൻറെ ക്രൂര പീഡനത്തിനിരയായ ലിജിമോൾ എന്ന പതിനൊന്ന് വയസ്സുകാരിയുടെ അമ്മ അതേ ക്രൂരനായ മനുഷ്യന്റെ പാലിയേറ്റീവ് കെയറിന് നിയോഗിക്കപ്പെടുന്ന സങ്കടകരമായ അവസ്ഥയെ അവന് പിന്നീടാണ് മനസ്സിലായത്.

പീഡനത്തിനിരയായ മോൾ ഇന്നും ആ ഷോക്കിൽ നിന്നും മുക്തയാവാതെ തുടർപഠനം പോലും നടത്താനാവാതെ വീട്ടിലെ ഇരുട്ടിൽ തന്നെ കഴിയുമ്പോൾ.
പക്ഷേ ജിജി അത് കാര്യമാക്കിയിരുന്നില്ല. അടുത്ത ആഴ്ചയിലെ ഊഴമായപ്പോഴും അവൾ ശേഖരേട്ടൻറെ വീട്ടിൽ പാലിയേറ്റിവ് കെയർ എന്ന കർത്തവ്യം നിർവഹിക്കാൻ എത്തി. മടങ്ങി വരുമ്പോൾ ശേഖരേട്ടൻ വിറയാർന്ന ചുണ്ടുകളോടെ കൈകൾ കൂപ്പി "മോളേ"എന്ന് വിളിച്ച് എന്തോ പറയാൻ ശ്രമിച്ചു.

ചെയ്ത തെറ്റിന് മാപ്പിരക്കുന്നത് അയാൾക്ക് ഉചിതമാണെങ്കിലും മാപ്പ് നൽകുന്നത് തന്റെ കർത്തവ്യമല്ല എന്നത് കൊണ്ട് ജിജി പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി. തൻറെ പരിചരണം കാത്ത് പ്രായമായ അച്ഛനും അതിലുപരി വീട്ടിന് പുറത്തേക്കിറങ്ങാൻ മടിക്കുന്ന തന്റെ കല്യാണപ്രായമായ മകളും വീട്ടിലുണ്ടാവുമെന്ന് അവൾക്കറിയാം.
Santhosh Gangadharan 2021-11-28 16:20:55
നല്ല കഥ. വ്യത്യസ്തമായ തീം. കഥാകഥനം നന്നായി.
Rameshan 2021-11-29 04:35:39
നന്ദി മാഷേ ഈ സ്നേഹത്തിന് പിന്നെ ഈ പ്രോത്സാഹനത്തിന്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക