ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാലോചനയ്ക്കു ശേഷം; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം

Published on 28 November, 2021
 ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാലോചനയ്ക്കു ശേഷം; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം


ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പുനരാലോചിക്കുന്നു. അന്താരാഷ്ട്ര വിമാനസര്‍വീസ് ഉപാധികളോടെ ഡിസംബര്‍ 15-ന് പുനരാരംഭിക്കുമെന്ന് വെള്ളിയാഴ്ചയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ കേന്ദ്രം പുനരാലോചന നടത്തുന്നത്.

ഇതിനിടെ അന്താരാഷ്ട്ര വിമാനയാത്രക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ മന്ത്രാലയം പുതുക്കി. 14 ദിവസത്തെ യാത്രാവിവരങ്ങളുടെ സത്യവാങ്മൂലം എയര്‍ സുവിധ പോര്‍ട്ടലില്‍ നല്‍കണം. യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കോവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തം ചിലവില്‍ പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാന്‍ പാടില്ല. നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധം. പോസിറ്റീവായാല്‍ ജിനോം സ്വീകന്‍സിങ്ങും ഐസൊലേഷനും വേണം. ഡിസംബര്‍ ഒന്ന് മുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.


ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ 'അറ്റ് റിസ്‌ക്' പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ചൈ
ന, ബോട്സ്വാന, യുകെ, ബ്രസീല്‍, ഇസ്രായേല്‍, ബംഗ്ലാദേശ്, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്വെ, സിംഗപ്പൂര്‍, ഇസ്രായേല്‍, ഹോങ്കോംഗ് തുടങ്ങിയ 
രാജ്യങ്ങളെയാണ് 'അറ്റ് റിസ്‌ക്' പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കു വേണ്ടിയാണിത്.  

അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തുന്നവരുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് സംസ്ഥാനതലത്തില്‍ അവലോകനം ചെയ്യാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തുന്ന വിമാനയാത്രക്കാരുടെ, പ്രത്യേകിച്ച് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ പരിശോധനയും നിരീക്ഷണവും എങ്ങനെ വേണമെന്ന കാര്യവും സര്‍ക്കാര്‍ അവലോകനം ചെയ്യും. 

കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ഒമിക്രോണ്‍ ആശങ്ക പരത്തുന്നതിനിടെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഊര്‍ജിത നടപടികള്‍ സ്വീകരിക്കാനും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി. വാക്‌സിനേഷന്‍ കൂടുതലാളുകളിലേക്ക് എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക