ഒമിക്റോണിന് എതിരെ കോവിഷീല്‍ഡിന്റെ പുതിയ പതിപ്പ് സാദ്ധ്യമാണെന്ന് അദാര്‍ പൂനാവാല

ജോബിന്‍സ് Published on 01 December, 2021
ഒമിക്റോണിന് എതിരെ കോവിഷീല്‍ഡിന്റെ പുതിയ പതിപ്പ് സാദ്ധ്യമാണെന്ന് അദാര്‍ പൂനാവാല
പുതിയ കോവിഡ് വകഭേദമായ ഒമിക്റോണിനെ ചെറുക്കാന്‍ കോവിഷീല്‍ഡിന്റെ പുതിയ പതിപ്പ് പരിഗണിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല പറഞ്ഞു. ഗവേഷണങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ ഇങ്ങനെയൊരു നീക്കമുണ്ടാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒമിക്രോണിനെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും പുതിയ വൈറസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്ന മുറയ്ക്ക് ഈ വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടാവാന്‍ രണ്ടാഴ്ച കൂടി സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

''ഓക്സ്ഫോര്‍ഡിലെ ശാസ്ത്രജ്ഞരും അവരുടെ ഗവേഷണം തുടരുകയാണ്, അവരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, ആറ് മാസത്തിനുള്ളില്‍ ഒരു ബൂസ്റ്ററായി പ്രവര്‍ത്തിക്കുന്ന ഒരു പുതിയ വാക്സിനുമായി ഞങ്ങള്‍ വന്നേക്കാം. ഗവേഷണത്തെ അടിസ്ഥാനമാക്കി, നമുക്കെല്ലാവര്‍ക്കും വേണ്ടിയുള്ള മൂന്നാമത്തെയും നാലാമത്തെയും ഡോസിനെ കുറിച്ച് നമുക്ക് അറിയാന്‍ സാധിക്കും, ' അദാര്‍ പൂനാവാല ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, ഒമിക്റോണിന് വാക്സിന്റെ ഒരു പ്രത്യേക പതിപ്പ് ആവശ്യമായി വന്നേക്കാം എന്ന കാര്യത്തില്‍ നിര്‍ബന്ധമില്ലെന്നും, അദ്ദേഹം പറഞ്ഞു. നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് ഇതുവരെ പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക