യുവ കന്യാസ്ത്രീയുടെ മരണം: മകള്‍ ജീവനൊടുക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് പിതാവ്

Published on 01 December, 2021
യുവ കന്യാസ്ത്രീയുടെ മരണം: മകള്‍ ജീവനൊടുക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്ന് പിതാവ്


ചേര്‍ത്തല: ജലന്ധര്‍ രൂപതയില്‍പെട്ട ഫരീദ്‌കോട്ടില്‍ ഫാന്‍സിസ്‌ക്കന്‍ ഇമ്മാകുലേറ്റിന്‍ സിസ്റ്റേഴ്‌സിന്റെ സാദിക്ക് കമ്മ്യൂണിറ്റിയിലെ അംഗമായ സി. മേരി മേഴ്‌സിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പിതാവ് കാക്കിരിയില്‍ ജോണ്‍ ഔസേഫ്. മകള്‍ മരിക്കേണ്ട സാഹചര്യമില്ലായിരുന്നു. അധികൃതരുടെ ഭാഗത്തുനിന്നുള്ള നടപടിയില്‍ സംശയമുണ്ട്. 29ന് വീട്ടിലേക്ക് വിളിക്കുമ്പോള്‍ സന്തോഷവതിയായിരുന്നുവെന്നും ഡിസംബര്‍ 2ന് ജന്മദിനത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും പിതാവ് പറയുന്നു. കലക്ടര്‍ക്ക് അടക്കം പരാതി നല്‍കിയിട്ടുണ്ട്. 

മരണത്തെ കുറിച്ച് കോണ്‍വെന്റ് അധികൃതര്‍ വ്യക്തമായി ഒന്നും പറയുന്നില്ല. അവിടെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലും സംശയമുണ്ട്. വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും നീതി ലഭിക്കണമെന്നൂം പിതാവ് പരാതിയില്‍ പറയുന്നു. 
ഇന്നലെ രാവിലെയാണ് സി.മേരി മേഴ്‌സിയെ മഠത്തിലെ ചാപ്പലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചേര്‍ത്തല അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് പള്ളി ഇടവകാംഗമാണ് ഇവര്‍. അവരുടെ ആത്മഹത്യാകുറിപ്പിലെ ആവശ്യപ്രകാരം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. 
അതേസമയം, ഫ്രാന്‍സിസ്‌ക്കന്‍ ഇമ്മാക്കുലേറ്റന്‍ സിസ്റ്റേഴ്‌സ് ഡെലഗേറ്റ് വികാരി സി.മരിയ ഇന്ദിര
മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പഞ്ചാബിലെ ഫരിദ്‌കോട്ടിലുള്ള ഫ്രാന്‍സിസ്‌ക്കന്‍ ഇമ്മാകുലേറ്റിന്‍ സിസ്റ്റേഴ്‌സിന്റെ സാദിക്ക് കമ്മ്യൂണിറ്റിയിലെ അംഗമായ സി. മേരി മേഴ്‌സി (30) യുടെ അകാലവിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും സിസ്റ്ററിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുകയും, ഒപ്പം സിസ്റ്ററിന്റെ കുടുംബാംഗങ്ങളുടെയും സമൂഹാംഗങ്ങളുടെയും വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നു.

1881 ല്‍ ഇറ്റലിയില്‍ സ്ഥാപിതമായ ഫ്രാന്‍സിസ്‌ക്കന്‍ ഇമ്മാകുലേറ്റിന്‍ സിസ്റ്റേഴ്‌സ് എന്ന സന്യാസസഭ 1991 മുതല്‍ കേരളത്തില്‍  സേവനം അനുഷ്ഠിച്ചുവരുന്നു. സന്യാസിനി ആകണമെന്നുള്ള തീക്ഷ്ണമായ ആഗ്രഹത്തോടെ 2008 ല്‍ സന്യാസസഭയില്‍ പ്രവേശിച്ച സി. മേരി മേഴ്‌സി 6 വര്‍ഷത്തെ പരിശീലനത്തിനും പഠനത്തിനും ശേഷം 2014 ഓഗസ്റ്റ് 2 ന് ആദ്യ വ്രതവാഗ്ദാനം ചെയ്തു.

മിഷന്‍ പ്രദേശത്ത് സേവനം ആരംഭിക്കുന്നതിനായി മറ്റ് മൂന്ന് സഹസന്യാസിനികളോടൊപ്പം 2018 ഓഗസ്റ്റ് 21ന് ഫരിദ്‌കോട്ടിലെത്തി. 2015 മുതല്‍ സിസ്റ്റര്‍ മധ്യപ്രദേശില്‍ സേവനം ചെയ്തിരുന്നു. 2018 മുതലുള്ള പുതിയ സേവനമേഖലയില്‍ സോഷ്യല്‍ വര്‍ക്കിന് ഒപ്പം തന്നെ MA പഠനവും നടത്തിവരികയായിരുന്നു സിസ്റ്റര്‍ മേരി മേഴ്‌സി. മെയ് മാസത്തില്‍ അവധിക്കു നാട്ടില്‍ പോയി തിരിച്ചു വന്ന സിസ്റ്റര്‍ മേരി മേഴ്‌സി നിത്യവ്രതം ചെയ്യാനുള്ള ഒരുക്കത്തിനായി ജനുവരിയില്‍ തിരിച്ചു കേരളത്തിലേക്ക് വരാനിരിക്കുകയായിരുന്നു. ശാന്ത സ്വഭാവവും സേവന തല്പരതയും പ്രകടിപ്പിച്ചിരുന്ന സിസ്റ്റര്‍ മേരി മേഴ്‌സിയുടെ അകാലമരണത്തില്‍ കുടുംബാംഗങ്ങളെ പോലെ തന്നെ സന്യാസ സമൂഹങ്ങളും അതീവ ദുഃഖിതരാണ്.

ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ഇടവകാംഗമായ സിസ്റ്റര്‍ മേരി മേഴ്‌സി മരണത്തിന് മുമ്പായി എഴുതിയിരുന്ന കുറിപ്പില്‍ സ്വന്തം കുടുംബങ്ങളോടും സന്യാസ സഭയിലെ അംഗങ്ങളോടും ക്ഷമ യാചിച്ചിരുന്നതോടൊപ്പം സ്വന്തം ഇടവകയില്‍ മൃതസംസ്‌കാരം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നവംബര്‍ 30 രാവിലെ ആറുമണിക്ക് സി. മേരി മേഴ്‌സിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സമൂഹാംഗങ്ങള്‍ ഉടന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അന്വേഷണം ആരംഭിക്കുകയും പിന്നീട് മാതാപിതാക്കളുടെ അനുമതിയോടെ പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തു. പോലീസ് അന്വേഷണത്തിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ആത്മഹത്യയാണെന്നും മറ്റ് അസ്വാഭാവികത ഒന്നുമില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സന്യാസസഭയുടെ ഭാഗത്തുനിന്ന് എല്ലാവിധ സഹകരണവും ഉണ്ടായിരിക്കുന്നതാണ്.

സി. മേഴ്സി മരണത്തിന് മുമ്പ് എഴുതിയിരുന്ന കുറിപ്പില്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതനുസരിച്ച് ഭൗതികശരീരം നാട്ടിലെത്തിക്കുകയും സ്വന്തം ഇടവകയില്‍ സംസ്‌കാരം നടത്തുകയും ചെയ്യുന്നതാണ്. സിസ്റ്റര്‍ മേരി മേഴ്‌സിയുടെ ആത്മാവിന് വേണ്ടിയും, സിസ്റ്ററിന്റെ അകാലമരണത്തില്‍ വേദനിക്കുന്ന മാതാപിതാക്കള്‍ക്കും സന്യാസസമൂഹ അംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു.

സി. മരിയ ഇന്ദിര
ഡെലഗേറ്റ് വികാര്‍
ഫ്രാന്‍സിസ്‌ക്കന്‍ ഇമ്മാക്കുലേറ്റന്‍ സിസ്റ്റേഴ്‌സ്മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക