അനിലാലും സബ്രീനയും (ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 02 December, 2021
അനിലാലും സബ്രീനയും (ഡോ.നന്ദകുമാര്‍ ചാണയില്‍)
'സബ്രീന' യിലെ ചെറുകഥകളെല്ലാം അക്ഷരാര്‍ത്ഥത്തിലും അന്തരാര്‍ത്ഥത്തിലും ചെറു കഥകള്‍ തന്നെയാണ്. ദുരൂഹതകളൊന്നുമില്ലാതെ ലളിതമായ ഭാഷയില്‍ കയ്യൊതുക്കത്തോടെയാണഅ ഗ്രന്ഥകാരന്‍ ഈ പുസ്തകരചന നടത്തിയിട്ടുള്ളത്. നേരെ ചൊവ്വെ കഥ പറയുന്ന ആഖ്യാനരീതി വായനക്കാരന് ക്ലിഷ്ടതയില്ലാതെ വായിച്ചുപോകാന്‍ പറ്റുന്നത് ഈ കൃതിയുടെ ഒരു നേട്ടമായി തോന്നുന്നു. പഴമയേയും പുതുമയേയും ഉള്‍ക്കൊണ്ടുകൊണ്ട് നര്‍മ്മോക്തികളിലൂടെയുള്ള സാരോപദേശങ്ങള്‍, കുറിക്ക് കൊള്ളും വിധമുള്ള ചടുല സംഭാഷണങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ് 119 പുറങ്ങളടങ്ങുന്ന ഈ പുസ്തകം. വളച്ചുകെട്ടുകളില്ലാതെ സംക്ഷിപ്തമായാണ് കഥനാരീതി. അതുപോലെ തന്നെ ഈ കഥാസമാഹാരത്തിലെ പ്രമേയങ്ങളും കഥാപാത്രങ്ങളും പെട്ടെന്നൊന്നും വിസ്മൃതമാവാതെ വായനക്കാരന്റെ ഉള്ളില്‍ തങ്ങിനില്‍ക്കുമെന്നതും ഈ കൃതിയുടെ മേന്മയാണ്. കഥാകൃത്ത് ആര്‍ജ്ജിച്ചിട്ടുള്ള ഈ പാടവം, പ്രശംസനീയമാണ്.

പ്രഥമകഥയായ 'തന്മാത്ര'യില്‍, ഒരു സുപ്രഭാതത്തില്‍ മാലതിക്ക് താനൊരു ദത്തുപുത്രിയാണെന്നുള്ള തിരിച്ചറിവ് തികച്ചും ഞെട്ടിപ്പിക്കുന്നതുതന്നെ ആയിരുന്നു. അതുവരെ സ്വന്തം അച്ഛനുമമ്മയുമായി കരുതിയിരുന്നവര്‍ അങ്ങനെയല്ലെന്ന് വിശ്വസിക്കുവാനുള്ള ഒരു സാഹചര്യവും ഉണ്ടാകാത്ത വിധം ഭദ്രതയുള്ളൊരു കുടുംബമായിരുന്നു അവരുടേത്. എന്നായാലും എന്തായാലും ഈ രഹസ്യം മകള്‍ അറിഞ്ഞിരിക്കേണ്ടതാണെന്ന വെളിപാടില്‍ മാതാപിതാക്കള്‍ മകളോട് ഉള്ളു തുറക്കുന്ന രംഗവും തുടര്‍ന്നുള്ള മകളുടെ വികാരവിക്ഷോഭങ്ങളും വായനക്കാരന്റെ ഉള്ളില്‍ തട്ടും വിധം കഥാകൃത്ത് അനാവരണം ചെയ്തിരിക്കുന്നു.

അന്യഗ്രഹങ്ങളില്‍ എ്ന്നുവേണ്ട, സ്‌പേസില്‍ പോയാലും തക്കം കിട്ടുമ്പോള്‍ എ്‌ന്തെങ്കിലും റാഞ്ചാനും ഇസ്‌ക്കാനുമുള്ള പ്രകൃത്യാലുള്ള ചിലരുടെ വാസന കറിയാച്ചനിലൂടെയും ഭാര്യ മറിയാമ്മയിലൂടെയും ഹൃദ്യമായി വിവരിക്കുന്നുണ്ട് 'ഇര' എന്ന രണ്ടാമത്തെ ഭാര്യ നഷ്ടപ്പെട്ട് ഏകാകിയായ ഒരു ഗ്രാമീണ വൃദ്ധന്റെ വ്യഥകളും, നാട്ടില്‍ ഒറ്റക്കാക്കിയിട്ടുപോയാല്‍ വല്ലതും സംഭവിച്ചുപോയാലോ എന്നുള്ള മകന്റെ അങ്കലാപ്പുകളും, മകന്‍ ജോസൂട്ടിയുടെയും മരുമകള്‍ ഏലിയുടെയും നിര്‍ബ്ബന്ധത്തിനു വഴങ്ങി അമേരിക്കയിലേക്കുള്ള പറിച്ചുനടലും, അതേ സമയം ഭാര്യ തെയ്യാമയ്ക്കരികില്‍ നാട്ടിലെ ആറടിമണ്ണില്‍ അ്ന്ത്യവിശ്രമം കൊള്ളാനുള്ള മോഹവും, അതു മുടക്കിയതിന്റെ ബാക്കിപത്രം, (അന്ത്യശുശ്രൂഷയ്ക്കായി ശവശരീരം നാട്ടിലെത്തിക്കേണ്ട സാമ്പത്തികം ലഭിച്ചതിന്റെ) വീടിനുപിന്നിലെ ഡെക്കായി ഉയര്‍ത്താനുള്ള ഏലിയുടെ കൗശലവും മറ്റും നന്നായി ചിത്രീകരിച്ചിട്ടുണ്ട്. മണവാട്ടിയുടെ തറവാട്ടുമുറ്റത്തെ വലിയ പന്തലിലെ മയിലാഞ്ചി അണിയിക്കലും, അപ്പാപ്പന്മാര്‍ ഇച്ഛപ്പാടു കൊടുക്കുന്നതും, മാര്‍ഗ്ഗംകളിപ്പാട്ടിന്റെ ഓളങ്ങളുമെല്ലാം ഇട്ടിക്കുഞ്ഞിനെപ്പോലെത്തന്നെ വായനക്കാരനെയും പുളകം കൊള്ളിക്കും.
.
ദാമ്പത്യജീവിതം ശരിക്കും ആസ്വദിക്കാന്‍ ആരംഭം കുറിച്ച ഹരിരോഹിണി ദമ്പതികളുടെ മധുവിധു സല്ലാപങ്ങളാല്‍ ഇമ്പമാക്കിയിട്ടുള്ള മറ്റൊരു കഥയാണ് 'രോഹിണിയും ചിത്രശലഭവും'. പെട്ടെന്നുള്ള ഹരിയുടെ അകാലമരണവും, ഹരിയുടെ സ്മരണകള്‍ മുറ്റിനില്‍ക്കുന്ന വീടു വിടാതെയുള്ള രോഹിണിയുടെ,തുടര്‍വാസവും(ജ്യേഷ്ഠന്റെ കൂടെ താമസം മാറ്റാനുള്ള സമ്മര്‍ദ്ദമുണ്ടായിട്ടും) മോഹങ്ങളൊടുങ്ങാനിടവരാതെ ജീവിച്ചു തീര്‍ക്കാന്‍ പറ്റാത്തവര്‍ക്ക് പുനരപി ജനനം ആവശ്യമാവുന്നതും, സ്വപ്‌നത്തിലൂടെ ഹരിയുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്ന ഫ്‌ളാഷ്ബാക്ക് വിവരണങ്ങളും ആസ്വാദ്യമാക്കിയിട്ടുണ്ട് കഥാകൃത്ത്. ഗതകാലസ്മരണകള്‍ ഓരോന്നായി ചുരുളഴിയുന്നതായി തോന്നുന്നത് സരസമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ അവസ്ഥയില്‍ താന്‍ സ്വപ്‌നം കാണുകയായിരുന്നോ!! ഇത്തരം ചിതറിയ ചിന്തകളുടെ വേലിയേറ്റങ്ങളിലൂടെ കടന്നുപോകുന്ന ചിന്താവിഷ്ടയായ രോഹിണിയുടെ വിവരണം ഹൃദയസ്പൃക്കായിരിക്കുന്നു.

തൊഴിലിലെ സാഹചര്യ സമ്മര്‍ദ്ദങ്ങളാല്‍ മൃദുല വികാരങ്ങള്‍ മരവിച്ചുപോയ ഒരു കേരള പോലീസുകാരന്റെ ചേതോവികാരങ്ങളും അഭയാര്‍ത്ഥിയായി ചേക്കേറിയ ബംഗ്‌ളാദേശി ഹാരിസ് ചൗധരിയുടെ ദാരുണകഥയും വിവരിക്കുന്ന 'ഊമക്കൊലുസ്സ്' ആഖ്യാനരീതിയുടെ ചാതുരിയാല്‍ മനസില്‍ മായാതെ തങ്ങിനില്‍ക്കുന്ന മറ്റൊരു കഥയാണ്. നാട്ടിലെ ഒരു പോലീസ് സ്്‌റ്റേഷന്റെ ദൃശ്യസ്പൃക്കാവും വിധത്തിലുള്ള വിവരണമുണ്ട്. ഇക്കിളിന്റെ അസുഖമുള്ള മുരുകന്‍ കോണ്‍സ്റ്റബിളിന്റെ മാനസികവിഹ്വലതകളും മാനസാന്തരത്താല്‍ ഹാരിസിനോട് ഭയാനുഭൂതി തോന്നി, പോലീസ് കസ്റ്റഡിയിലുള്ള മൂക്കുത്തിയും കൊലുസ്സുകളും തന്റെ മകള്‍ക്കു വേണ്ടി വാങ്ങിയവയായിട്ടും, തൊണ്ടിക്കു പകരം വെച്ച് കള്ളത്തരത്തിലൂടെ ഹാരിസിനു കൈമാറുമ്പോള്‍, അവ കോടതിയിലിരിക്കേണ്ടതല്ലെന്നും നിസ്സഹായതയില്‍ കൂട്ടായി അവനൊപ്പം വേണ്ടതാണെന്നും ഒക്കെയുള്ള മുരുകന്‍ കോണ്‍സ്റ്റബിളിന്റെ നിഗമനങ്ങള്‍ ഈ കഥയെ ഓജസ്സുള്ളതാക്കുന്നു. അങ്ങനെ 'ഊമക്കൊലുസ്സ്' വാചാലമാകുന്ന മായാജാലം ശ്രീ.അനിലാല്‍ ഈ കഥയിലൂടെ കൈവരിച്ചു.

ഐ.ടി. പ്രൊഫഷനലായ വിവേകും ഒരു സാധാരണ ജീവിതവുമായി ഒതുങ്ങിക്കൂടാനാഗ്രഹിക്കുന്ന നീതുവും രണ്ടുധ്രുവങ്ങളിലെന്നപോലെയാണ് കുറെക്കാലമായി ജീവിച്ചിരുന്നത്. കോണ്‍ഫറന്‍സിനുപോയാപ്പോള്‍ കണ്ടുമുട്ടാനിടയായ സുന്ദരിയായ സബ്രീനയില്‍ അഭിനിവേശം തോന്നിത്തുടങ്ങിയതോടെ, മദ്യപിച്ച് അവളുമായി കിന്നാരം പറയവേ, വാഹനാപകടം പറ്റി മുടന്തനായി വീട്ടില്‍ കഴിയേണ്ടി വന്നപ്പോഴാളാണ് സ്വപന്തിയുടെ സ്‌നേഹപൂര്‍ണ്ണമായ പരിചരണത്തിലും ശുശ്രൂഷയിലുമുള്ള ശുഷ്‌ക്കാന്തിയെക്കുറിച്ച് അവബോധം ഉദിച്ചത്. ഇത്രയും നാള്‍ മറന്നുപോയ, സ്‌നേഹിക്കാന്‍ മാത്രമറിയുന്ന നീതുവിനെയും അവളുടെ സ്‌നേഹവായ്പിനെയും മനസിലാക്കാന്‍ ഒരു അപകടം മൂലമുള്ള അവസ്ഥാന്തരമാണ് തുണയായെ്ത്തിയത്. അങ്ങനെ 'ഞാനോ കേമന്‍ എന്ന മട്ടില്‍' ഈ ശീര്‍ഷകകഥയും ഈ കഥാസമാഹാരത്തിന് മകുടം ചാര്‍ത്തുന്നു.
എല്ലാ പന്ത്രണ്ടു കഥകളെക്കുറിച്ചും പ്രതിപാദിച്ച വായനക്കാരുടെ രസച്ചരടിന് ഭംഗം വരുത്തുന്നില്ല.

ശ്രീ.എസ്. അനിലാല്‍ വളരെ ഋജ്ജുവും സുന്ദരവുമായ ഭാഷയില്‍ ഉള്ളില്‍ തട്ടും വിധമുള്ള രീതിയിലാണ് 'സബ്രീന' രചിച്ചിട്ടുള്ളത്. പ്രയോഗിക്കുന്ന വാക്കുകളുടെ പ്രത്യക്ഷവും പരോക്ഷവുമായ അര്‍ത്ഥതലങ്ങളിലൂടെയുള്ള ഹാസ്യപ്രഭാവം ഈ കഥകളില്‍ ചിതറിക്കിടക്കുന്നു. ഗ്രന്ഥകാരന്റെ സ്വതസിദ്ധമായ നര്‍മ്മരസവും മാനവികതയുടെ ഉദാത്തമായ ചിന്തയും പ്രസരിപ്പിക്കുന്ന കഥകളാണ് ഓരോന്നും. കഥകളെക്കുറിച്ചോ കഥനാരീതിയെക്കുറിച്ചോ അനുവാചകന് തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനിടം കൊടുക്കാത്ത വിധത്തിലുള്ള രചനാ വൈഭവം ശ്രീ.അനിലാല്‍ പുലര്‍ത്തിയിട്ടുണ്ട്. ഈ പുസ്തകത്തിന്റെ പ്രൂഫ് റീഡിങ്ങ് വേണ്ടവിധമായില്ലെന്ന ഒരു ന്യൂനത കാണാനിടയായി. അത് തിരുത്താവുന്നതേ ഉള്ളൂ.

 കവര്‍ പേജിലെ കണ്ണ് ഈ കഥാ സമാഹാരത്തിലെ കഥകളെ പ്രതിഫലിപ്പിക്കുന്ന പ്രതീകമായി പ്രശോഭിക്കുന്നു. സമൂഹത്തോട് പ്രതിബന്ധതയുള്ള ഒരാളിന്, കണ്ണുണ്ടായാല്‍ മാത്രം പോരാ കാണണം എന്നൊരു സന്ദേശമില്ലേ ഈ ലഘുചിത്രത്തില്‍? നോട്ടം കേവലമൊരു ഇന്ദിയപ്രവര്‍ത്തനമാക്കാതെ, നിരീക്ഷണമായും തന്മൂലമുളവാകുന്ന വീക്ഷണങ്ങളുമായി പരിലസിക്കണം എന്ന ഒരു ആഹ്വാനവും ഇതില്‍ അടങ്ങുന്നില്ലേ!!!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക