മോരും മുതിരയും : കുമാരി എൻ കൊട്ടാരം

Published on 02 December, 2021
മോരും മുതിരയും : കുമാരി എൻ കൊട്ടാരം
ഇന്ന് മുതിര തോരൻ വയ്ക്കാം. പച്ചക്കറിയെല്ലാം തീർന്നു.എല്ലാത്തിനും തീവിലയല്ലേ. 
തക്കാളിയേക്കാൾ വില കുറവാണ് കോഴിക്ക്. കോഴി വാങ്ങിക്കട്ടെ എന്നൊരാൾ.
മതി മതി ഒരു ദിവസം കോഴി സാമ്പാറുമാകാം ഞാൻ പറഞ്ഞു.
എന്നെ എടുത്ത് പാത്രത്തിലിട്ടിട്ട് സ്വപ്നം കാണുവാണോ എന്ന് മുതിര. 
പണ്ടൊക്കെ കുതിരയ്ക്കു  മാത്രമല്ല  മനുഷ്യർക്കും എന്നെ ഇഷ്ടമായിരുന്നു.
നിറയെ വെള്ളമൊഴിച്ചു വയ്ക്ക് അല്ലെങ്കിൽ ഞാൻ കുതിരില്ല. 
ഊണിന് എനിക്ക് കൂട്ട് ആരാണ്?
" മോര് " എന്നു ഞാൻ.
'ആഹാ ബസ്റ്റ് കോമ്പിനേഷൻ നീയും നിൻ്റെ ജീവിതവും പോലെ .
മോരും മുതിരയും പോലെ എന്ന് നീ കേട്ടിട്ടില്ലേ ?.
" ഉണ്ട്. എന്താ അങ്ങനെ ?.
"എനിക്ക് മോരിനോടോ മോരിന് എന്നോടോ ഒരു ദ്യേഷ്യവുമില്ല. നിങ്ങളെന്തിനാണ് ഞങ്ങളെ ഒരു പഴമൊഴി പ്രയോഗത്തിലൊളിപ്പിച്ച് ശത്രുക്കളാക്കിയതെന്ന് എനിക്കറിയില്ല.
"മനുഷ്യനും മനുഷ്യനും പോലെ 'എന്ന് മൃഗങ്ങൾ നിങ്ങളേക്കുറിച്ച്  ഒരു പുതുമൊഴി പറഞ്ഞു തുടങ്ങി. അറിയുമോ?
ഇല്ല.
വേണ്ടതൊന്നും നിങ്ങളറിയില്ല. 
സ്വയം സമ്പൂർണ്ണരാണെന്ന വിചാരമല്ലേ നിങ്ങൾക്ക്.
നിങ്ങളുടെ പിൻഗാമികളെന്നു പറയാൻ മൃഗങ്ങൾപോലും ലജ്ജിച്ചു തുടങ്ങി .ഞങ്ങളാൽ പരിണാമം പൂർത്തിയായാൽ മതിയായിരുന്നു 
എന്നാ അവരാഗ്രഹിക്കുന്നത്. എങ്കിലെത്ര നന്നായിരുന്നു. ഭൂമി പീഡിതയാകില്ലായിരുന്നു.പ്രകൃതി കാലം തെറ്റിയ കോലമാകില്ലായിരുന്നു. മഴയൊരു തോന്ന്യാസക്കാരി ആകില്ലായിരുന്നു. മലകളും മരങ്ങളും ശിരസ്സറ്റ് മരിക്കില്ലായിരുന്നു.
ജലാശയങ്ങളെല്ലാം നിലക്കണ്ണാടികളായി തുടർന്നേനേം.
മതി --- മതി സംസാരിച്ചത്. 
സമയം പോയി ഞാൻ നിന്നെ വേവിക്കട്ടെ. ചട്ടിയിൽ വയ്ക്കണോ കുക്കറിൽ വയ്ക്കണോ
രണ്ടും ചാവു തന്നെയല്ലേ. നീയങ്ങ് തീരുമാനിക്ക്.

ചോറായില്ലേ.
ഇപ്പോ ആകും ഈ മുതിരയ്ക്ക് നല്ല വേവാണെന്നേ.

പരിണാമ ദശയിൽ അടുക്കളയിലെ വേവ് സ്ത്രീയ്ക്ക് മാത്രമായി പരിണാമപ്പെട്ടത് എങ്ങനെയാണോ എന്തോ
ഇനിയൊരു പരിണാമം അനിവാര്യം തന്നെ. 
അല്ലെങ്കിൽ മോരും മുതിരയും പോലെ  അവളും ജീവിതവും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക