പാസ്റ്റര്‍ കെ. ഏബ്രഹാം തോമസിന്റെ (81) സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണില്‍

ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) Published on 04 December, 2021
പാസ്റ്റര്‍ കെ. ഏബ്രഹാം തോമസിന്റെ (81) സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളും, വിവിധ സംസ്ഥാനങ്ങളില്‍ പെന്തക്കോസ്ത് സഭകള്‍ സ്ഥാപിക്കുകയും, ആധ്യാത്മിക രംഗത്തും, സാധുജന സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പാസ്റ്റര്‍ കെ. ഏബ്രഹാം തോമസിന്റെ (തോമസുകുട്ടി, 81) വേര്‍പാടില്‍ വിശ്വാസി സമൂഹത്തിന്റെ അശ്രുപൂജ. നവംബര്‍ 28-ന് ഹൂസ്റ്റണില്‍ അന്തരിച്ച അദ്ദേഹത്തിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ചയും സംസ്‌കാരം ശനിയാഴ്ചയും ഹൂസ്റ്റണില്‍ നടക്കും.

ക്രൈസ്തവ ദര്‍ശനങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ച കാഴ്ചപ്പാടുകളുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഇതര സഭാ വിഭാഗങ്ങളെ ഏറെ ബഹുമാനത്തോടെ കരുതുന്നതോടൊപ്പം പൗരസ്ത്യവിശ്വാസ സംഹിതകളെ സ്വാംശീകരിക്കുകയും തന്റെ ശുശ്രൂഷകളില്‍ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു.

പുതുപ്പള്ളി കാഞ്ഞപ്പള്ളില്‍ കുടുംബാംഗം തോമസിന്റേയും, അന്നമ്മയുടേയും പുത്രനായി ജനിച്ച ഏബ്രഹാം തോമസ് നന്നെ ചെറുപ്പത്തില്‍ തന്നെ വേദശാസ്ത്ര തത്വസംഹിതകളില്‍ ആകൃഷ്ടനായി, മൂന്നാമത്തെ വയസില്‍ മാതാവിന്റെ വേര്‍പാടിനെ തുടര്‍ന്ന് പിതാവിനോടൊപ്പം ശ്രീലങ്കയിലേക്ക് പോയി സിലോണ്‍ പെന്തക്കോസ്ത് മിഷനില്‍ അംഗമായി. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം കേരളത്തിലേക്ക് മടങ്ങി മുളക്കുഴയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് ബൈബിള്‍ കോളജില്‍ ചേര്‍ന്നു. വേദശാസ്ത്ര ബിരുദത്തിനുശേഷം ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യയുടെ സണ്‍ഡേ സ്‌കൂള്‍ - യൂത്ത് ഡയറക്ടറായി നിയമിതനായി.

1964-ല്‍ ഉപരിപഠനത്തിനായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന പാസ്റ്റര്‍ ഏബ്രഹാം തോമസ് കെന്റക്കിയിലെ മിഡ് കോണ്ടിനെന്റ് ബൈബിള്‍ കോളജില്‍ നിന്നും ഉന്നത ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ ചിക്കാഗോയിലെ പിയോറിയയില്‍ സോഷ്യല്‍ വര്‍ക്കറായി സേവനം ചെയ്തു. 1973-ല്‍ ചിക്കാഗോയിലെ പ്രഥമ പെന്തക്കോസ്ത് ദേവാലയമായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഗോഡിന് ആരംഭം കുറിച്ചത് അദ്ദേഹമാണ്. 1972-ല്‍ കുടുംബമായി ജോര്‍ജിയയിലേക്ക് താമസം മാറിയശേഷം രണ്ട് ദേവാലയങ്ങള്‍ക്ക് തുടക്കംകുറിക്കുകയും പാസ്റ്ററായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. തുടര്‍ന്നുള്ള മൂന്നു പതിറ്റാണ്ടുകളില്‍ കാലിഫോര്‍ണിയ, ടെക്‌സസ് തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ പെന്തക്കോസ്ത് ദേവാലയങ്ങള്‍ക്ക് തുടക്കംകുറിച്ച് ശുശ്രൂഷ നിര്‍വഹിച്ചു.

വിശ്രമ ജീവിത കാലയളവില്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളെ ഏകോപിപ്പിച്ച് ദേവാലയങ്ങള്‍ സ്ഥാപിക്കാനും, ആരാധനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. അതോടൊപ്പം ഒട്ടനവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും, നിര്‍മ്മല സുവിശേഷദൗത്യം നിര്‍വഹിക്കുകയും ചെയ്തു. വലിയ സുഹൃദ് വലയത്തിന്റെ ഉടമയായിരുന്ന അദ്ദേഹം സാമൂഹ്യരംഗങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തില്‍ നിലനില്‍ക്കുവാന്‍ ഏറെ കഷ്ടപ്പെട്ടിരുന്ന പെന്തക്കോസ്ത് ദേവാലയങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി പരിപാലിച്ചിരുന്നു. രോഗത്തിലും ദാരിദ്ര്യത്തിലും കഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് നിശബ്ദ സേവനം നല്‍കിയ മഹദ് വ്യക്തിത്വമായിരുന്നു.

അമ്പത്തൊമ്പതര വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തില്‍ പ്രിയ സഖിയായിരുന്നു ശോശാമ്മ തോമസ് (റിട്ട. ആര്‍.എന്‍) തിരുവല്ല സ്വദേശിനിയാണ്. ഹൂസ്റ്റണിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. ആനി വര്‍ഗീസ് പുത്രിയും, ഡോ. ഏബ്രഹാം തോമസ് പുത്രനുമാണ്. ബാബു വര്‍ഗീസ്, അന്റോണിയോ എന്നിവര്‍ മരുമക്കളും, എലിസബത്ത് - റോബിന്‍, സൂസന്ന, പ്രിയ, അലക്‌സ് - നിക്കോള്‍ എന്നിവര്‍ കൊച്ചുമക്കളും, സാക്കറി, ലോഗന്‍ എന്നിവരാണ് പേരക്കുട്ടികള്‍.

Memmorial Service (Friday december 3, 5 pm at MIMS Baptist Church 1609 Porter Rd, Conroe TX.
Funeral Service (saturday Dec 4, 9.00 am) Spring First Church, 1857 Spring Cypres Rd, Spring, TX.
Interment Cemetry
Saturday December 4, 2021 - 11. PM@ Forest Park the Woodlands.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക