ഡാലസില്‍ സംയുക്ത ക്രിസ്തുമസ് പുതുവത്സരാഘോഷം ശനിയാഴ്ച്ച വൈകിട്ട് 5 ന്.

ഷാജീ രാമപുരം Published on 04 December, 2021
ഡാലസില്‍ സംയുക്ത ക്രിസ്തുമസ് പുതുവത്സരാഘോഷം ശനിയാഴ്ച്ച വൈകിട്ട് 5 ന്.
ഡാലസ്: കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ഡാലസില്‍ നടത്തപ്പെടുന്ന നാല്പത്തിമൂന്നാമത്  സംയുക്ത ക്രിസ്തുമസ്  പുതുവത്സരാഘോഷങ്ങള്‍   ശനിയാഴ്ച്ച  വൈകിട്ട് 5 മണിക്ക് ക്രൈസ്റ്റ് ദി കിംഗ്  ക്‌നാനായ കാതോലിക്  ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് (13565 Webb Chapel Road, Farmers Branch,Texas 75234)  നടത്തപ്പെടും. മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ്  ക്രിസ്തുമസ് - ന്യുഇയര്‍ സന്ദേശം നല്‍കും. ഡാളസിലെ വിവിധ സഭകളില്‍പ്പെട്ട ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും. 
 
ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് ഗാര്‍ലാന്റില്‍ സ്ഥിതിചെയ്യുന്ന സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാലസ്  ഇടവകയാണ്. വിവിധ സഭാവിഭാഗത്തില്‍പ്പെട്ട  ഇരുപത്തി ഒന്ന് ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 42 വര്‍ഷമായി നടത്തിവരുന്ന ക്രിസ്തുമസ് - ന്യുഇയര്‍ ആഘോഷം. 
 
ഈ വര്‍ഷത്തെ ആഘോഷങ്ങളില്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം ആയ ഫേസ്ബുക്,  www.keral.tv, www.kecfdallas.org തുടങ്ങിയ വെബ് സൈറ്റിലൂടെ  തത്സമയം ഏവര്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. വൈദീകര്‍ ഉള്‍പ്പടെ 24 അംഗങ്ങള്‍ അടങ്ങുന്ന ഒരു എക്‌സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  മേല്‍നോട്ടം വഹിക്കുന്നത്. 
 
എല്ലാ വിശ്വാസ സമൂഹത്തെയും നാളെ നടത്തപ്പെടുന്ന ക്രിസ്തുമസ് -  ന്യുഇയര്‍ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി റവ.ജിജോ എബ്രഹാം (പ്രസിഡന്റ്), ഫാ.ജേക്കബ് ക്രിസ്റ്റി (വൈസ്.പ്രസിഡന്റ്), അലക്‌സ് അലക്സാണ്ടര്‍ (ജനറല്‍ സെക്രട്ടറി), ബില്‍ ചെറിയാന്‍ (ട്രഷറാര്‍ ), ജോണ്‍ തോമസ് (ക്വയര്‍ കോര്‍ഡിനേറ്റര്‍), റവ.ഫാ.ബിനു തോമസ് (ക്ലര്‍ജി സെക്രട്ടറി), എന്നിവര്‍ അറിയിച്ചു.
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക