എന്തിനീ ഒളിച്ചോട്ടം? ആരില്‍നിന്നും?(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 04 December, 2021
എന്തിനീ ഒളിച്ചോട്ടം? ആരില്‍നിന്നും?(ദല്‍ഹികത്ത് : പി.വി.തോമസ്)
കാര്‍ഷീക നിയമങ്ങള്‍ വന്നതുപോലെ തന്നെ റദ്ദാക്കിയതും ജനാധിപത്യവിരുദ്ധം ആയിട്ടാണ്. കാര്‍ഷിക ബില്ലുകള്‍ ഒരുവര്‍ഷം മുമ്പ് ലോകസഭ പാസാക്കിയത് ചര്‍ച്ചകള്‍ ഇല്ലാതെയാണ്. രാജ്യസഭയില്‍ ചര്‍ച്ച ഉണ്ടായില്ലെന്നുമാത്രമല്ല പ്രതിപക്ഷത്തിന്റെ അഭാവത്തിലും ആണ് ബില്ലുകള്‍ ശബ്ദവോട്ടോടെ പാസാക്കിയത്. ബില്ലുകളുടെ അന്തസത്തയില്‍ പ്രതിഷേധിച്ച് അവ ഒരു സെലക്ട് കമ്മറ്റിക്കോ പാര്‍ലിമെന്ററി സ്റ്റാന്റിംങ്ങ് കമ്മറ്റിക്കോ വിടണമെന്ന് പ്രതിപക്ഷം വാദിച്ചപ്പോള്‍ അത് അംഗീകരിക്കപ്പെട്ടില്ല. പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചപ്പോള്‍ രാജ്യസഭയും ശബ്ദവോട്ടോടെ മൂന്ന് ബില്ലുകളും പാസാക്കി. യാതൊരുവിധ ചര്‍ച്ചയോ സംവാദമോ ഇ്ല്ലാതെ ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷകസമരത്തിന് ആധാരമായ കര്‍ഷകനിയമങ്ങള്‍ റദ്ദാക്കുവാനുള്ള ബില്ലുകള്‍ ഗവണ്‍മെന്റ് പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം നവംബര്‍ 29-ന് ശബ്ദവോട്ടോടെ പാസാക്കി. ബില്ലുകള്‍ അവതരിപ്പിച്ചതും സ്വാഭാവികമായി അന്നുതന്നെ ആയിരുന്നു. ഇതാണോ പാര്‍ലിമെന്ററി ജനാധിപത്യം? കര്‍ഷകസമരത്തില്‍ പങ്കെടുക്കവെ മരിച്ചുപോയ അല്ലെങ്കില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തീക സഹായ നല്‍കണമെന്ന് പ്രതിപക്ഷവും കര്‍ഷകരും ആവശ്യപ്പെട്ടപ്പോള്‍ ഗവണ്‍മെന്റ് പറഞ്ഞത് അവരുടെയൊന്നും കണക്കുകള്‍ സൂചിപ്പിച്ചിട്ടില്ല എന്നാണ്. എ്‌ന്തൊരു നിരുത്തരവാദപരമായ മറുപടിയാണ് ഇത്. സമരത്തില്‍ ഏഴുനൂറിലേറെ കര്‍ഷകര്‍ മരിച്ചുവെന്ന് കര്‍ഷകസംഘടനകള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. അതൊന്നും സര്‍ക്കാരിന്റെ ചെവിയില്‍ കയറുന്നില്ല. മരണത്തിന്റെ കണക്ക് സര്‍ക്കാരിന്റെ കൈവശം ഇല്ലെങ്കിലും സമരം മൂലം ഉണ്ടായ സാമ്പത്തീകനഷ്ടത്തിന്റെ കണക്ക് തീര്‍ച്ചയായും സര്‍ക്കാരിന്റെ കൈവശം ഉണ്ട്. ഇത് പാര്‍ലിമെന്റില്‍ നിരത്തുകയും ചെയ്തു. റ്റോള്‍ ഇനത്തില്‍ മാത്രം നാഷ്ണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്‍ഡ്യക്ക് നഷ്ടമായത്. 2731 കോടിരൂപ ആണത്രെ. റെയില്‍വെക്കും മറ്റ് പൊതുമുതലിനും ഉണ്ടായ നഷ്ടം വേറെയും കോടികള്‍. മനുഷ്യജീവന്, പ്രത്യേകിച്ച് കര്‍ഷകരുടെ ജീവന്, വിലയും കണക്കും ഇല്ലെന്നാണോ? അതുപോലെ തന്നെ സമരത്തോടനുബന്ധിച്ച് കര്‍ഷകര്‍ക്ക് എതിരായിട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടപ്പോള്‍ ഗവണ്‍മെന്റ് പാര്‍ലിമെന്റില്‍ പറഞ്ഞത് അതിന്റെയും കണക്കുകള്‍ ഗവണ്‍മെന്റിന്റെ കയ്യില്‍ ഇല്ലെന്നാണ്. ഈ രാജ്യത്തെ ഓരോ പൗരനും എതിരായെടുക്കുന്ന കേസുകളും തടവും രേഖാമൂലം സര്‍ക്കാര്‍ സൂക്ഷിക്കേണ്ടത്. അല്ലേ? കേസുകളുടെ കാര്യത്തില്‍ കര്‍ഷകസംഘടനകള്‍ പറഞ്ഞത് അമ്പതിനായിരത്തിലേറെ കേസുകള്‍ പോലീസ് സമരക്കാരായ കര്‍ഷകര്‍ക്കെതിരെ എടുത്തിട്ടുണ്ടെന്നാണ്. ഇതു കൂടാതെ റെയില്‍വെയുടെ വക വേറെയും. ഈ കേസുകള്‍ നിരുപാധികം പിന്‍വലിക്കാതെ സമരം പിന്‍വലിച്ച് വീട്ടില്‍ പോയാല്‍ ആയുഷ്‌ക്കാലം കര്‍ഷകര്‍ക്ക് പോലീസ് സ്‌റ്റേഷനും കോടതിയും കയറി ഇറങ്ങുവാനെ സമയം കാണുകയില്ല. അതിനെകുറിച്ച് സര്‍ക്കാര്‍ ഒന്നും പറഞ്ഞില്ല. ലഖിംപൂര്‍ ഖേരിയില്‍ വച്ച് (ഉത്തര്‍്പ്രദേശ്) കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന പ്രതിയുടെ പിതാവായ കേന്ദ്ര ആഭ്യന്തര ഉപമന്ത്രിയുടെ രാജി കര്‍ഷകരും പ്രതിപക്ഷവും ആവശ്യപ്പെട്ടെങ്കിലും ഇതെക്കുറിച്ച് സര്‍ക്കാരിന്റെ യാതൊരുവിധ പരാമര്‍ശനവുംപ പാര്‍ലിമെന്റഇല്‍ ഉണ്ടായില്ല. പാര്‍ലിമെന്റിനു പുറത്തു ബി.ജെ.പി. മന്ത്രിയെ പിന്തുണക്കുകയാണുണ്ടായത്. ഈ സംഭവത്തില്‍ മന്ത്രിക്ക് ധാര്‍മ്മീകമായ യാതൊരു ഉത്തരവാദിത്വവും ഇല്ലെ? മാത്രവുമല്ല കര്‍ഷകരുടെ മുഖ്യ ഡിമാന്റായ താങ്ങുവിലയ്ക്ക് നിയമസംരക്ഷണം നല്‍കുകയെന്നതും സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ പരിഗണിച്ചില്ല. പ്രധാനമന്ത്രി പ്രസ്താവിച്ച ഫാം പാനലിലേക്ക് കര്‍ഷകരുടെ പേരുകള്‍ നിര്‍ദ്ദേശിക്കണമെന്ന് കൃഷിമന്ത്രാലയത്തില്‍ നിന്നും ഏതോ ഉദ്യോഗസ്ഥന്‍ ഫോണ്‍ ചെയ്ത് പറഞ്ഞെങ്കിലും ഗവണ്‍മെന്റില്‍ നിന്നും യാതൊരുവിധ ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അറിയിപ്പ്. എന്തുകൊണ്ട്. എന്നിട്ടും ബില്ലുകള്‍ പാസായി. ഡിസംബര്‍ ഒന്നാം തീയതി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഫാം ലോസ് റിപ്പീല്‍ ആക്ട്, 2021-ല്‍ ഒപ്പുവച്ചു. അതോടെ മൂന്നു കാര്‍ഷികനിയമങ്ങളും- Farmser's Produce Trade and commerce(promotion And Facilitation)Act 2020, Farmers(Empowerment and Protection) Agreement in Price Assurance and Farm Services Act 2020, Essential Commodities (Amendment) Act, 2020 ഔദ്യോഗീകമായി റദ്ദാക്കപ്പെട്ടു. നവംബര്‍ 19-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പൊടുന്നനെ യാതൊരു പ്രകോപനവും ഇല്ലാതെ ഈ മൂന്നുനിയമങ്ങളും റദ്ദാക്കുവാനുള്ള തീരുമാനം ഒരു ദേശീയ പ്രക്ഷേപണത്തിലൂടെ രാഷ്ട്രത്തെയും കര്‍ഷകരെയും അറിയിച്ചത്. അതിന് അദ്ദേഹം പറഞ്ഞകാരണം ഒരു വിഭാഗം കര്‍ഷകരെ ഈ നിയമങ്ങള്‍കൊണ്ട് കര്‍ഷകര്‍ക്ക് ലഭിക്കാവുന്ന നേട്ടങ്ങള്‍ പറഞ്ഞു. മനസിലാക്കുവാന്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടു പോയി എന്നാണ്. ഇത് ഗവണ്‍മെന്റിന് പുറത്തു ആരും തന്നെ വിശ്വസിച്ചില്ല. കാരണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പഞ്ചാബും ഉത്തര്‍പ്രദേശും ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുവാന്‍ പോവുകയാണ്. കര്‍ഷകരുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ ബി.ജെ.പി. ഇവിടങ്ങളില്‍ തകര്‍ന്നടിഞ്ഞു പോകുമെന്ന കാര്യത്തില്‍ സംശയമില്ല. നിയമങ്ങള്‍ റദ്ദാക്കിയാലും കര്‍ഷകരുടെ പിന്തുണ ലഭിക്കണമെന്നും ബി.ജെ.പി. ജയിക്കണമെന്നും ഉറപ്പില്ലെങ്കിലും സര്‍ക്കാര്‍ ഒരു കാര്‍ഷിക നിയമങ്ങള്‍ കൊണ്ട് ഒരു ചൂതാട്ടത്തിന് തയ്യാറായി.
എന്തുകൊണ്ട് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഗവണ്‍മെന്റും പാര്‍ലിമെന്റിന്റെ ഇരുസഭകളെയും അവരിലൂടെ ജനങ്ങളെയും കര്‍ഷകരെ അഭിമുഖീകരിച്ച് കാര്യങ്ങള്‍ വിശദീകരിക്കാതെ, പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറായതെ ഒരു വിസ്താരത്തിന്റെ തയ്യാറാകാതെ ഒളിച്ചോടിയത്. കാരണം ഈ നിയമങ്ങളും അത് റദ്ദാക്കിയ ബില്ലുകളും വളരെ പ്രധാനപ്പെട്ടവയാണ്. കാര്‍ഷിക നിയമങ്ങള്‍ മൂലം ഉണ്ടായ കര്‍ഷകസമരത്തെ ഇന്‍ഡ്യയുടെ രണ്ടാമത്തെ സ്വാതന്ത്ര്യ സമരം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഒരു വര്‍ഷകാലം നീണ്ടു നിന്ന, ഇപ്പോഴും തുടരുന്ന, ഒരു സമരം ഉണ്ടായിട്ടില്ല. ഒരു ഗവണ്‍മെന്റ് ഇതുപോലെ മുട്ടുമടക്കേണ്ടതായി വന്ന ഒരു സമരവും ഉണ്ടായിട്ടില്ല. എന്തുകൊണ്ട് ഗവണ്‍മെന്റ് ഒരു വിചാരണക്ക് വിധേയം ആകുവാനോ പ്രതിപക്ഷത്തിന്റെയും കര്‍ഷകരുടെയും ജനങ്ങളുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാനും തയ്യാറായില്ല. ഇതാണ് ഇവിടത്തെ പ്രധാന ചോദ്യം.

ലോകസഭ നിയമങ്ങള്‍ റദ്ദാക്കുവാനുള്ള ബില്ലുകള്‍ പാസാക്കിയത് നാല് മിനിട്ടുകള്‍ കൊണ്ടാണ്. രാജ്യസഭ രണ്ട് മണിക്കൂറും. അവിടെയും ചര്‍ച്ചയോ ഡിബേറ്റോ ഒന്നും ഉണ്ടായില്ല. ലോകസഭയില്‍ ഉച്ചകഴിഞ്ഞ് 12.06-ന് റ്റേബിള്‍ ചെയ്ത ബില്ലുകള്‍ 12.10-ന് പാസാക്കി. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവിനെ മാത്രം ഏതാനു മിനിറ്റ് നേരത്തേക്ക് പ്രസംഗിക്കുവാന്‍ അനുവദിച്ചു. രണ്ട് സഭകളില്‍ ശബ്ദവോട്ടോടെ ബില്ലുകള്‍ പാസാക്കുകയും ചെയ്തു. പ്രതിപക്ഷത്തിന്റെ ബഹളത്തിനും പ്രതിഷേധത്തിനും ഇടയില്‍. ഒരു വര്‍ഷം മുമ്പ് മൂന്നു ബില്ലുകളും പാസാക്കി നിയമം ആക്കിയത് ഇതുപോലെ ധൃതഗതിയിലായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. എന്താണ് ഗവണ്‍മെന്റിന് മറയ്ക്കുവാന്‍ ഉള്ളത്? എന്തുകൊണ്ടാണ് ഗവണ്‍മെന്റ് സുതാര്യമാകാത്തത്?

കൃഷിമന്ത്രി നരേന്ദ്രസിംങ്ങ് തോമസിന്റെ ന്യായീകരണം ഒന്നും തൃപ്തികരമല്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സമരക്കാര്‍ക്കും പ്രതിപക്ഷത്തിനും ഒരേ ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. നിയമങ്ങള്‍ റദ്ദാക്കുക. അത് ചെയ്യുകയും ചെയ്തു. അതുകൊണ്ട് യാതൊരു വിധ ചര്‍ച്ചയും ആവശ്യമില്ല. കൃഷിമന്ത്രിയുടെയും ഗവണ്‍മെന്റിന്റെയും ഈ ന്യായീകരണം യാഥാര്‍ത്ഥ്യത്തില്‍ നിന്നുമുള്ള ഒളിച്ചോട്ടം ആണ്. റദ്ദാക്കല്‍ എന്ന ആവശ്യം മാത്രമല്ല സമരക്കാരുടെ ഡിമാന്റ്, എങ്കില്‍ തന്നെ എന്തുകൊണ്ട് അതിനായി ഒരു വര്‍ഷവും 11 വട്ട ചര്‍ച്ചകളും എഴുന്നൂറില്‍പ്പരം മനുഷ്യരുടെ കുരുതിയും, ലഖിംപൂര്‍ഖേരി - ഉള്‍പ്പെടെ നിരവധി ക്ലേശങ്ങള്‍ വേറെയും ഗവണ്‍മെന്റ് സൃഷ്ടിച്ചു. കുറ്റകരമായ അനാസ്തയോ ഭരണതകര്‍ച്ചയോ ഇത്? ഇതിന് ആര് ഉത്തരം പറയും? ഗവണ്‍മെന്റ് പറയേണ്ടതല്ലെ? ഇത് ചോദിക്കുവാനുള്ള അവകാശം പ്രതിപക്ഷത്തിനില്ലേ? അതിനായിട്ടല്ലേ ജനം അവരെ തെരഞ്ഞെടുത്ത് പാര്‍ലിമെന്റിലേക്ക് അയച്ചിരിക്കുന്നത്? അതിന്റെ അഭാവത്തില്‍ പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടുകയല്ലേ?

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ പാര്‍ലിമെന്റഇല്‍ നിലവാരമുള്ള ഡിബേറ്റുകള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉച്ചൈസ്തരം ഘോഷിക്കും. പക്ഷേ, അതിന് ഇടയുണ്ടാകുവാന്‍ അനുവദിക്കാറില്ലെന്നതാണ് സത്യം. ഈ കാര്‍ഷിക നിയമറദ്ദാക്കല്‍ ബില്ലുകളുടെ പാസാക്കല്‍ ഒരുദാഹരണം ആണ്. അങ്ങനെ എത്രയെത്ര ബില്ലുകള്‍! കഴിഞ്ഞ സെഷനില്‍ 15 ബില്ലുകള്‍ ആണ് യാതൊരു ചര്‍ച്ചയും ഡിബേറ്റും ഇല്ലാതെ പാസാക്കിയത്! പ്രധാനമന്ത്രി മാത്രം അല്ല ലോകസഭസ്പീക്കറും രാജ്യസഭ ചെയര്‍മാനും ഡിബേറ്റുകളുടെ ആവശ്യകതയെകുറിച്ചും സജീവമായ ചര്‍ച്ചകള്‍ പാര്‍ലിമെന്ററി ജനാധിപത്യത്തെ അര്‍ത്ഥവത്താക്കുന്നതിനെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കും. പക്ഷേ ഇതൊന്നും സംഭവിക്കുവാന്‍ അനുവദിക്കാറില്ല എന്നതാണ് പരമാര്‍ത്ഥം. ഇത് ഒരു ഗവണ്‍മെന്റിന്റെ മാത്രം പ്രശ്‌നം അല്ല. പക്ഷേ, ഈ ഗവണ്‍മെന്റ് ആണ് ഇ്‌പ്പോഴത്തെ ഇവിടത്തെ പരാമര്‍ശന വിഷയം എന്നതിനാലും ഇതിലാണ് വളരുന്ന ഫാസിസ്റ്റ്, ജനാധിപത്യവിരുദ്ധ പ്രവണത ഇപ്പോള്‍ കൂടുതല്‍ കാണുന്നതിനാലും ഇവിടെ ഗൗരവമായി വീക്ഷിക്കുന്നു. അല്ലെങ്കില്‍ കാര്‍ഷിക നിയമങ്ങളെ റദ്ദാക്കുന്ന ബില്ലുകളെ ഒരു വര്‍ഷത്തെ കര്‍ഷകസമരത്തിന്റെയും യാതനകളുടെയും അവസാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ന്യായീകരിക്കുന്ന രീതി നോക്കുക: സ്വാതന്ത്ര്യത്തിന്റെ ഈ 75-ാം വാര്‍ഷഇകത്തില്‍ ആസാദി കി അമൃത് മഹോത്സവം കൊണ്ടാടുന്ന വേളയില്‍ എല്ലാവരുടെയും വികസനത്തിനായി എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ട് മുമ്പോട്ട് പോകുമ്പോള്‍ ഒരു ചെറിയ സംഘം കര്‍ഷകരുടെ വിയോജിപ്പ് ആണ് നിയമങ്ങള്‍ക്കെതിരെ ഉള്ളതെങ്കിലും നിയമങ്ങള്‍ റദ്ദാക്കുന്നു. ഒരു വര്‍ഷം വൈകിവന്ന വിവേകം. എന്തൊരു കാപട്യം! എത്രപൊള്ളയായ ന്യായീകരണം. ഇതാണ് നിര്‍ഭാഗ്യവശാല്‍ ഈ ഗവണ്‍മെന്റിന്റെ മുഖമുദ്രയും. 40 കര്‍ഷക സംഘടനകളുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച് ചര്‍ച്ച ഇല്ലാത്തെ റദ്ദാക്കല്‍ ബില്ലുകള്‍ പാസാക്കിയതിനെ ചോദ്യം ചെയ്തതൊന്നും ഗവണ്‍മെന്റിന് വിഷയം അല്ല. കാരണം ഗവണ്‍മെന്റിന് ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടണം. കര്‍ഷകര്‍ക്ക് ആകട്ടെ അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണം.

പ്രധാനമന്ത്രിയുടെ ദേശവ്യാപകമായ ടെലിവിഷന്‍ സംപ്രേക്ഷണം ഇതിനുള്ള മറുപടി അല്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണം. അതിനുള്ള വേദി ജനാധിപത്യത്തില്‍ പാര്‍ലിമെന്റ് ആണ്. പക്ഷേ, അതില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടി. ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ആണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് പറയുന്നവര്‍ക്ക് ഇത് എന്ത് ദേശീയതാല്‍പര്യം ആണെന്നും കര്‍ഷകരുടേതോ കുത്തക വ്യവസായികളുടേതെന്നോ വ്യക്തമാക്കുവാനുള്ള ഉത്തരവാദിത്വം ഉണ്ട്. അതിനുള്ള വേദി പാര്‍ലിമെന്റ് ആണ്. കാര്‍ഷികസമരം തെരുവില്‍ ആണ് ആരംഭിച്ചതും അവസാനിച്ചതും. അത് ഇത് എഴുതുമ്പോഴും തെരുവില്‍ തന്നെ നില്‍ക്കുന്നു. ജനാധിപത്യത്തില്‍ പാര്‍ലിമെന്റിന്റെ സ്ഥാനം ചെറുതായി ഗവണ്‍മെന്റ് കാണരുത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക