മഹാരാഷ്ട്രയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്തെ നാലാമത്തെ കേസ്

Published on 04 December, 2021
 മഹാരാഷ്ട്രയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്തെ നാലാമത്തെ കേസ്

മുംബൈ: കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം (ബി 1.1.529) സ്ഥിരീകരിച്ചു. മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.  33 വയസ്സുകാരനായ ഇയാള്‍ നവംബര്‍ 23നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ് വഴി ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നുതന്നെ കോവിഡ് പരിശോധനയ്ക്കായി സാംപിള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് മുംബൈയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്തു. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്നവരെ കണ്ടെത്തി പരിശോധന നടത്താനുള്ള ശ്രമം തുടരുകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. അര്‍ച്ചന പാട്ടീല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. 


രാജ്യത്ത് ശനിയാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ആളാണ് ഇത്. ഗുജറാത്തിലെ ജാംനഗറില്‍ സിംബാബ്വേയില്‍ നിന്ന് വന്നയാള്‍ക്കാണ് ശനിയാഴ്ച ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 50-കാരനായ ഇയാള്‍ രണ്ട് ദിവസം മുമ്പാണ് ജാംനഗറില്‍ എത്തിയത്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക