ഇള പറഞ്ഞ കഥകള്‍ ( അധ്യായം 16 ): താമരച്ചേരിലെ വിരുന്നുകാര്‍ (ജിഷ യു.സി)

ജിഷ യു.സി Published on 05 December, 2021
ഇള പറഞ്ഞ കഥകള്‍ ( അധ്യായം 16 ): താമരച്ചേരിലെ വിരുന്നുകാര്‍ (ജിഷ യു.സി)
കാര്‍ത്തയും ,ഐക്കോരയും പലരും മറന്നു തുടങ്ങിയ ആകഥാപാത്രങ്ങളായിരുന്നു താമരച്ചേരിന്റെ അന്നത്തെ ആകര്‍ഷണം.

കാലത്തെ ബോട്ടില്‍ വന്നിറങ്ങിയ അവര്‍ക്കൊപ്പം മറ്റു ചിലരും ഉണ്ടായിരുന്നു .രൂപവും ഭാവവും പട്ടണവാസികളെന്നു തോന്നുന്ന കുറച്ചു പേര്‍ പോയതിനു  ആറു വര്‍ഷത്തിനുശേഷമാണ് അവര്‍  തിരിച്ചു വരുന്നത് .

പുളവകൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളൊഴിച്ചാല്‍അപ്പോഴും കാലം താമരച്ചേരിനും അവിടത്തെ ആളുകളിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല

പക്ഷേ കാര്‍ത്തയും ഐക്കോരയും അങ്ങനെയല്ലായിരുന്നു. വേഷവും ഭാഷയും മട്ടും മാതിരിയും മാറിയ. അവരായിരുന്നു അന്ന് താമരച്ചേരിന്റെ സംസാരവിഷയം.

'കറ്ത്ത് നീണ്ട മുടി അപ്പാടെ മുറിച്ചു കണ്ടമാക്കി ഓള്'

കുട്ടമണി തങ്കയോട് ദേഷ്യത്തില്‍ പറഞ്ഞു

'എന്താപ്പാ വേഷത്തിന്റെ ഒരു ചേല് ? ഓളാകെ മാറിക്ക്ണു'

തങ്കയും മൂക്കത്ത് വിരല്‍ വച്ചു കൊണ്ട് പറഞ്ഞു

'ഐക്കോരനെ കണ്ടോ ങ്ങള്? '

'ഓന്റെ കാല്‍സ്രായിം സര്‍ട്ടും' ..

'ഔ എത്താപ്പൊരു പൗറ്
കയ്യ് മ്മേ രു സൊര്‍ണ വാച്ചും ണ്ടേയ്'

നാരായണന്റെ കടയിലിരുന്ന് പലരും പരദൂഷണക്കെട്ടഴിച്ചു.

കാര്യംശരിയായിരുന്നു. കാര്‍ത്തയും ,ഐക്കോരയും ശരിക്കും പട്ടണവാസികളായി മാറിയിരുന്നു. പഠിപ്പും ജോലിയും പണവുമെല്ലാം വരുത്തിയ മാറ്റങ്ങള്‍ അവരുടെ ഓരോ ചലനങ്ങളിലും പ്രതിഫലിച്ചു.

അവര്‍ വന്ന ബോട്ടില്‍ അവര്‍ക്കൊപ്പം വന്ന പട്ടണവാസികള്‍  താമരച്ചേരിന്റെ തെരുവിലും ,കായല്‍ക്കരയിലും ,മുത്തണിക്കുന്നിനു മുകളിലും ,താഴ്വരയിലും കയറിയിറങ്ങി,
കയ്യിലുള്ള ദൂരദര്‍ശിനിയിലൂടെ വീണ്ടും വീണ്ടും താമരച്ചേരി ന്റെ സൗന്ദര്യം ആവോളം കണ്ടു .

'ഫോട്ടം പുട്ക്ക്ണ  മിസീന്‍ കണ്ടാ ങ്ങള് എത്താപ്പൊ മ്മളെ താമരച്ചേര്‌ല് ത്ര ഫോട്ടം പുടിക്കാന്‍'

'ഓല് ഈ താമരേം കൊളോംന്നും കണ്ട് ണ്ടാവൂലാ'

'മ്മളെ മുത്തണി കുന്ന് ന്റെ മണ്ടയ്ക്ക് നിക്ക്ണ ആ പാറപ്പൊറ്ത്ത് നോക്യാജ്ജ്
ചെറ്ക്കമ്മാര് ന്റെ ഫോട്ടം പുടി'

താമരച്ചേരുകാര്‍ പലരുടേയും സംസാരത്തിന് കാതോര്‍ക്കുമ്പോള്‍ കേള്‍ക്കുന്നവയാണ് ഇതെല്ലാം പുതിയ മട്ടിലും ഭാവത്തിലും വന്ന ജനങ്ങളെ അവര്‍ നോക്കിക്കാണുകയാണ്

കുഞ്ചാണനെക്കാണാന്‍ കാര്‍ത്തയും ഐക്കോരയും മറന്നില്ല. കുഞ്ചാണന്‍ കുഞ്ചീരി പോയ വിഷമം പറഞ്ഞ് ഏറെ കരഞ്ഞു. സരസ ക്കൊപ്പം ഇരുന്ന് ഇളയെ തലോലിച്ച് കാര്‍ത്ത അന്ന് ഏറെ നേരം അവിടെ ചെലവിട്ടു. മക്കളില്ലാത്ത ദു:ഖം പങ്കുവച്ച് കരഞ്ഞു. വീണ്ടും വീണ്ടും ഇളയെ ചേര്‍ത്തു പിടിച്ച് ഉമ്മ വച്ചു. പട്ടണത്തില്‍ നിന്നും കൊണ്ടുവന്ന പുതിയ ഫാഷന്‍ വസ്ത്രങ്ങളും , ആഭരണങ്ങളും സമ്മാനിച്ചു. പിന്നീട് മനസ്സില്ലാ മനസ്സോടെ മടങ്ങി.

രണ്ടു ദിവസം നിന്നതിനു ശേഷം കാര്‍ത്തയും ഐക്കോരയും കൂടെവന്ന വര്‍ക്കൊപ്പം  തിരിച്ചു പോകുകയും ചെയ്തു.

പിന്നീട് താമരച്ചേരില്‍ അപരിചിതരായ പലരും വിരുന്നുകാരായെത്തി.

ചങ്ങാടങ്ങളില്‍ ഒറ്റയ്ക്കും കൂട്ടമായും പരിഷ്‌ക്കാരികള്‍ എന്നു താമരച്ചേര് പറയുന്ന പട്ടണക്കാര്‍ വന്നും പോയുമിരുന്നു.

മുത്തണിക്കുന്നിന്റെ മുകളിലേക്ക് കയറിയിറങ്ങിയും കയ്യിലെ ദൂരദര്‍ശിനിയിലൂടെ കാഴ്ചകള്‍ കണ്ടും ധാരാളം ആളുകള്‍ വന്നു

നാരായണേട്ടന്റെ കടയില്‍ ചായക്ക് തിരക്കുകൂടി . പുളവ പാലിന്നളവ് കൂട്ടിക്കൊടുത്തു.

പരിപ്പുവടയും ,ഉണ്ടയും തികയാതായപ്പോള്‍ നാരായണേട്ടന്‍ പട്ടണത്തില്‍പ്പോയി പലതരം ബിസ്‌ക്കറ്റുകളും പാക്കറ്റ് വറവുകളും കൊണ്ടുവന്നു. ശീതളപാനീയക്കുപ്പികള്‍ ,പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം ഇവ താമരച്ചേരിന് പുതുമയുള്ള വസ്തുക്കളായിരുന്നു.

'മ്മളെ താമരച്ചേര് കാണാം വരേവും ഓല്'
'മ്മളെ മുത്തണിക്കുന്ന് ഓര്ക്ക് ഇസ്ടായി തോന്ന്ണു
എത്ര വട്ടായിപ്പൊ അത് മ്മ്ക്ക് ആളോള് കേറിപ്പോണ്'

പുളവ അങ്ങാടിയില്‍ നാരായണേട്ടന്റെ കടയില്‍ പാലു കൊടുത്തു മടങ്ങുന്നതിനിടയില്‍ പറഞ്ഞു.

താമരച്ചേരി ലെ പലരും പുളവ പറഞ്ഞതു ശരിവച്ചു.

എന്നാല്‍  നിഷ്‌ക്കളങ്കരായ താമരച്ചേരിന്റെ മക്കള്‍ ഈ വിരുന്നുകള്‍ക്കു പിന്നിലെ ആ അപകടം ഇത്തിരി പോലും പ്രതീക്ഷിച്ചില്ല.

(തുടരും)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക