'അമ്മ'യെ വീണ്ടും മോഹന്‍ലാല്‍ തന്നെ നയിക്കും

Published on 05 December, 2021
 'അമ്മ'യെ വീണ്ടും മോഹന്‍ലാല്‍ തന്നെ നയിക്കും
കൊച്ചി: താര സംഘടനയായ അമ്മയെ വീണ്ടും മോഹന്‍ലാല്‍ തന്നെ നയിക്കും. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.

മോഹന്‍ലാലിനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇടവേള ബാബുവിനും എതിരില്ല. ട്രഷററായി സിദ്ദിഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും എത്തും. ഔദ്യോഗിക പക്ഷത്തിന് ഈ തെരഞ്ഞെടുപ്പിലും വ്യക്തമായ മുന്‍തൂക്കം കിട്ടുമെന്നാണ് സൂചന. മോഹന്‍ലാലിനൊപ്പമാണ് മമ്മൂട്ടിയുടേയും ദിലീപിന്റെയും മനസ്സ്.

മൂന്ന് സ്ഥാനങ്ങളില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയ ഷമ്മി തിലകന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളി. പത്രികയില്‍ ഷമ്മി ഒപ്പിടാന്‍ മറന്നതാണ് ഇതിന് കാരണം.

 തിരുവനന്തപുരത്തുകാരായ ബൈജുവും പ്രേംകുമാറുമായിരുന്നു ഷമ്മിക്ക് വേണ്ടി നാമനിര്‍ദ്ദേശ പത്രികയില്‍ നിര്‍ദ്ദേശകനായും പിന്താങ്ങുന്ന വ്യക്തിയായും ഒപ്പിട്ടത്. എന്നാല്‍ ഷമ്മി ഒപ്പിടാന്‍ മറന്നുവെന്നാണ് സൂചന. ഇതോടെ നാമനിര്‍ദ്ദേശ പത്രിക തള്ളി.  ഇതോടെയാണ് ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുത്തത്.

ബാക്കി എല്ലാ സ്ഥാനങ്ങളിലേക്കും ഒന്നിലധികം പേര്‍ മത്സരരംഗത്തുണ്ട്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന ദിവസവും മത്സരിക്കാന്‍ ആളുണ്ടെങ്കില്‍ അമ്മയിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. വൈസ് പ്രസിഡന്റായിരുന്ന കെബി ഗണേശ് കുമാര്‍ മത്സരരംഗത്തുണ്ടാകില്ല. പത്തനാപുരം എംഎല്‍എ സ്വയം മത്സരത്തിനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക