വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 07 December, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)
നാഗാലാന്‍ഡ് വെടിവയ്പ്പില്‍ സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഡി ജി പിയുടെ റിപ്പോര്‍ട്ട്. കൈയില്‍ ആയുധങ്ങളില്ലാത്ത തൊഴിലാളികള്‍ക്ക് നേരെ സൈന്യം പകല്‍ വെളിച്ചത്തില്‍ വെടിവച്ചുവെന്ന് ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധന നടത്താതെയാണ് നാട്ടുകാര്‍ക്ക് നേരെ സൈന്യം വെടിവച്ചത്. വെടിവെപ്പിലും പിന്നാലെ നടന്ന സംഭവങ്ങളിലും കുറഞ്ഞത് 14 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ നാഗാലാന്‍ഡ് വെടിവെപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷ സാഹചര്യം തുടരുകയാണ്.
***********************************
ഒമിക്രോണ്‍ വ്യാപനം തീവ്രമായാല്‍ ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍, രാജ്യത്ത് പകുതിയിലധികം പേരും വാക്‌സിന്‍ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവായതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് നിഗമനം.
**********************************
സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ നെഗറ്റീവായത്. ആകെ 10 പേരുടെ ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചവരുടെ സാമ്പിളുകളില്‍ ഇതുവരെ 8 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്.
*************************************
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സര്‍ക്കാരിന്റെ നിര്‍ദ്ദേശം ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്നും മുഖ്യമന്ത്രി സമസ്ത നേതാക്കളെ അറിയിച്ചു. 
***************************************
യുഎഇയിലെ സര്‍ക്കാര്‍ മേഖലയിലെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7:30 മുതല്‍ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 12 മണി വരെയുമായിരിക്കും സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ അവധിയായിരിക്കും. പുതിയ സമയക്രമം 2022 ജനുവരി ഒന്നിന് നിലവില്‍ വരും.
*************************************
വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ ഉടന്‍ വാക്‌സീന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങള്‍ സജ്ജമായത് കൊണ്ടാണ് കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനായാതെന്ന് അവകാശപ്പെട്ട പിണറായി വാക്‌സീന്‍ എടുക്കാത്തവര്‍ രോഗികളായാല്‍ ചെലവ് സ്വയം വഹിക്കണമെന്നും പറഞ്ഞു.
****************************************
അസമീസ് എഴുത്തുകാരന്‍ നീല്‍മണി ഫൂക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മോസോയ്ക്കും ജ്ഞാനപീഠ പുരസ്‌കാരം . കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും ജ്ഞാനപീഠ പുരസ്‌കാരങ്ങളാണ് ഒന്നിച്ച് പ്രഖ്യാപിച്ചത്. അസമീസ് ഭാഷയിലെ പ്രശസ്ത കവിയാണ് കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം നേടിയ നീല്‍മണി ഫൂക്കന്‍ . ഗോവന്‍ ചെറുകഥാകൃത്തും പ്രശസ്ത കൊങ്കണി തിരക്കഥാകൃത്തുമാണ് ഈ വര്‍ഷത്തെ പുരസ്‌കാരം നേടിയ ദാമോദര്‍ മോസോ
*******************************
കാര്‍ഷിക നിയമ വിഷയത്തില്‍ ലോക്‌സഭയില്‍  കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി  . സമരത്തിനിടെ എത്ര കര്‍ഷകര്‍ മരിച്ചു എന്നതിന് കണക്കില്ലെന്ന കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ  പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ പ്രതികരിച്ചത്. ഇതിന് മറുപടിയായി പഞ്ചാബ് സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുത്ത കണക്കുകള്‍ രാഹുല്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. 
***************************
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉടന്‍ പ്രതികരിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ആരെയൊക്കെയോ ഭയക്കുന്നത് പോലെയാണ് സര്‍ക്കാരിന്റെ പെരുമാറ്റമെന്നും ഈ അവസ്ഥ ദയനീയമാണെന്നും സതാശന്‍ പറഞ്ഞു. ഇതിനിടെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് ജോസ്.കെ മാണി എംപി പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക