അട്ടപ്പാടിയില്‍ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പെണ്‍കൂട്ടായ്മകള്‍ രൂപീകരിക്കുന്നു: ആരോഗ്യമന്ത്രി

Published on 07 December, 2021
 അട്ടപ്പാടിയില്‍ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പെണ്‍കൂട്ടായ്മകള്‍ രൂപീകരിക്കുന്നു: ആരോഗ്യമന്ത്രി


അട്ടപ്പാടിയില്‍ ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പെണ്‍കൂട്ടായ്മകള്‍ രൂപീകരിക്കപ്പെടുകയാണ്. അംഗനവാടികള്‍ കേന്ദ്രീകരിച്ചാണ് പെണ്‍കൂട്ടായ്മകള്‍ രൂപീകരിക്കുക.  ഈയാഴ്ച 175 ഇടങ്ങളിലും ഇത് നിലവില്‍ വരും. അട്ടപ്പാടിയിലെ ഊരുകളില്‍ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താനും ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുമാണ് ഈ കൂട്ടായ്മ കൊണ്ട് ലക്ഷ്യമിടുന്നത്. അട്ടപ്പാടിയിലെ ഊരുകളില്‍ നേരിട്ടെത്തി കാര്യങ്ങള്‍ മനസ്സിലാക്കിയതില്‍ നിന്നാണ് ഇത്തരമൊരു പെണ്‍കൂട്ടായ്മ രൂപീകരിക്കുന്നത് ഗുണം ചെയ്യുമെന്ന് വ്യക്തമായത്. 
നിലവില്‍ 426 ഗര്‍ഭിണികളാണ് അട്ടപ്പാടിയിലുള്ളത്. 218 പേര്‍ ഇതില്‍ ട്രൈബല്‍ വിഭാഗത്തില്‍ ഉള്ളവരാണ്. ഇവരില്‍ ഹൈ റിസ്‌ക്ക് ക്യാറ്റഗറിയില്‍ ഉള്ളവരാണ് നല്ലൊരു ശതമാനവും. അനീമിയ,ഭാരക്കുറവ്, സിക്കിള്‍ സെല്‍ അനീമിയ,  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ കാരണങ്ങളാണ് ഹൈ റിസ്‌ക്കിന് അടിസ്ഥാനമായിട്ടുള്ളത്. ഇവര്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നവരാണ്. ആദിവാസി സഹോദരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക  intervention plan വകുപ്പ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍, കൗമാരപ്രായക്കാര്‍ , സ്ത്രീകള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ ആരോഗ്യ സംരക്ഷണത്തിന് കൊടുത്താണ് പ്ലാന്‍ തയ്യാറാക്കിയത്.
മന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം രണ്ടാം തവണയാണ് അട്ടപ്പാടിയിലെത്തിയത്. 2021 ജൂണ്‍ 26 തീയതിയായിരുന്നു ആദ്യ യാത്ര. അന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. കോട്ടത്തറ ട്രൈബല്‍ ഹോസ്പിറ്റലും, ആരോഗ്യ കേന്ദ്രങ്ങളും സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. ട്രൈബല്‍ മേഖലയിലെ വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കുന്നതിനും ദുര്‍ഘടങ്ങള്‍ തരണം ചെയ്ത് അതിന് നേതൃത്വം നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതിനുമാണ് അന്ന് അട്ടപ്പാടിയിലെത്തിയത്. കോട്ടത്തറ ട്രൈബല്‍ ഹോസ്പിറ്റലും അഗളി സാമൂഹികാരോഗ്യകേന്ദ്രവും പുതുര്‍ ആരോഗ്യ കേന്ദ്രവും സന്ദര്‍ശിച്ചു. ആരോഗ്യ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. കോട്ടത്തറ ആശുപത്രിയിയുടെ പ്രവര്‍ത്തനം നേരില്‍ കണ്ടു. അവിടെ വിശദമായ യോഗവും ചേര്‍ന്നു. അന്നത്തെ സന്ദര്‍ശനത്തിനു ശേഷം ഈ കാലയളവിനുള്ളില്‍ സ്വീകരിയ്ക്കാന്‍ കഴിയുന്ന ചില നടപടികളും സ്വീകരിച്ചു.
കോട്ടത്തറ ഹോസ്പിറ്റലിന് 5 തസ്തികകള്‍ അനുവദിച്ചു.(ഈ സെപ്റ്റംബര്‍ മാസത്തില്‍)
3 സ്റ്റാഫ് നഴ്‌സ്
1 ലാബ് ടെക്‌നീഷ്യന്‍ 
1 എല്‍ ഡി ക്ലാര്‍ക്ക് 
4 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭരണാനുമതി നല്‍കി.(.(Screening Block-GTSH Kottathara, Construction of store on Canteen, Painting Work- GTSH Kottathara, OP Block- GTSH Kottathara)
പുതിയ ഡയാലിസിസ് യൂണിറ്റിനും, ക്യാന്‍സര്‍ ചികിത്സക്കുള്ള കീമോതെറാപ്പി സംവിധാനം ഒരുക്കുന്നതിനും ഫിസിയോ തെറാപ്പി, കൗണ്‍സിലിംഗ് സെന്റര്‍, ഒ.പി ബ്ലോക്ക് പണി പൂര്‍ത്തിയാകാത്ത സംപിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനും തുക അനുവദിച്ചു. ഇതുകൂടാതെ CT സ്‌കാന്‍ അനുവദിക്കുന്നതിന് തീരുമാനിച്ചു. പ്രൊപ്പോസലായി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ആംബുലന്‍സ് അട്ടപ്പാടിക്ക് അനുവദിച്ചു. ഡി.എച്ച്.എസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു.      
ശിശുമരണങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തയുടനെ റിപ്പോര്‍ട്ട് തേടുകയും, ആരോഗ്യ - വനിതാ ശിശു വികസന വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരെ അട്ടപ്പാടിയിലേക്ക് അയച്ച് ഫീല്‍ഡുതല റിപ്പോര്‍ട്ട് എടുക്കുകയും ചെയ്തു. ബഹു. പട്ടികജാതി- പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണനുമായി ആശയവിനിമയം നടത്തുകയും മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം തിരുവനന്തപുരത്ത് കൂടുകയും ചെയ്തു.
തിരക്കും ബഹളങ്ങളുമില്ലാതെ നേരിട്ട് ഫീല്‍ഡ് തല കാര്യങ്ങള്‍ കൂടി നേരിട്ട് കാണുകയും മനസ്സിലാക്കുകയും ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് ശനിയാഴ്ച അട്ടപ്പാടിയിലെത്തിയത്. ചില ഊരുകളില്‍ സന്ദര്‍ശനം നടത്തി. അംഗന്‍വാടികള്‍ സന്ദര്‍ശിച്ചു. അംഗന്‍വാടി പ്രവര്‍ത്തകര്‍ , ആശമാര്‍ ഉള്‍പ്പടെയുള്ളവരെ കണ്ടു. പ്രവര്‍ത്തനങ്ങള്‍ കണ്ടു. അവര്‍ക്ക് പറയാനുള്ളത് കേട്ടു. അഗളി സാമുഹികാരോഗ്യ കേന്ദ്രത്തിലും കോട്ടത്തറ ട്രൈബല്‍ ഹോസ്പിറ്റലിലും സന്ദര്‍ശനം നടത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ തളര്‍ന്നു പോകരുത് എന്ന സന്ദേശമാണ് അട്ടപ്പാടിയില്‍ പ്രത്യേകിച്ച് കോട്ടത്തറ ഹോസ്പിറ്റലില്‍ കൈമാറിയ സന്ദേശം.പുറത്തുള്ള പ്രചരണങ്ങളില്‍ തളരരുതെന്നും ജോലി നന്നായി ചെയ്യുകയാണ് വേണ്ടതെന്നും അവരോട് പറഞ്ഞു. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടോ എന്ന് അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പരിശോധിച്ചു. അമ്മയും കുഞ്ഞും വാര്‍ഡിലെ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്ന ഉപകരണങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ കാട്ടിത്തന്നു. 
ഈ സന്ദര്‍ശനം ആരെയെങ്കിലും അസ്വസ്ഥതപ്പെടുത്തുന്നുവെങ്കില്‍ അതിന് പിന്നില്‍ എന്തെങ്കിലും കാരണങ്ങളുണ്ടാകാം. ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ തേടുന്നതിനും റിപ്പോര്‍ട്ടുകള്‍ എടുക്കുന്നതിനും അട്ടപ്പാടിയില്‍ പോകണമെന്നില്ല. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ നേരിട്ടു തന്നെ കാണുകയും ജനങ്ങളോട് സംസാരിക്കുകയും ചെയ്യുന്നത് ഇടപെടലുകള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും എന്നതാണ് കരുതുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക