മയക്കുമരുന്ന് നല്‍കി 17 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍

Published on 08 December, 2021
മയക്കുമരുന്ന് നല്‍കി 17 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയ 17 വിദ്യാര്‍ഥിനികളെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ അറസ്റ്റിലായി.

പിടിയിലായ സ്‌കൂള്‍ മാനേജര്‍ യോഗേഷ് കുമാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മൊഴി രേഖപ്പെടുത്തുന്നതിനായി രണ്ട് വിദ്യാര്‍ഥിനി കളെയും കോടതിയില്‍ ഹാജരാക്കി. ഇവരില്‍ ഒരാളുടെ മൊഴിമാത്രമാണ് രേഖപ്പെടുത്താന്‍ സാധിച്ചത്. നവംബര്‍ 17ന് മുസാഫര്‍ നഗറിലെ സ്വകാര്യ സ്‌കൂളിലായിരുന്നു വിദ്യാര്‍ഥിനി കളെ പീഡിപ്പിച്ച സംഭവമുണ്ടായത്.

പ്രാക്ടിക്കല്‍ പരീക്ഷക്കുവേണ്ടി സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥികള്‍ രാത്രി സ്‌കൂളില്‍ തങ്ങിയിരുന്നു. രാത്രിയാണ് കുട്ടികളെ പ്രതി പീഡിപ്പിച്ചത്. കുട്ടികള്‍ പിറ്റേ ദിവസമാണ് വീടുകളില്‍ തിരിച്ചെത്തിയത്. ക്ലാസില്‍ നടന്ന കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ വിദ്യാര്‍ഥികളെയും കുടുംബാംഗങ്ങളെയും കൊന്നുകളയുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഈ പെണ്‍കുട്ടികളെല്ലാം പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. സംഭവമറിഞ്ഞ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് സ്ഥലം എംഎല്‍എ പ്രമേദ് ഉത്വലിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക