സിയാറ്റിലിൽ റീ-കോൾ ഇലക്ഷനിൽ ക്ഷമാ സാവന്ത് പിന്നിൽ

Published on 08 December, 2021
സിയാറ്റിലിൽ  റീ-കോൾ  ഇലക്ഷനിൽ ക്ഷമാ സാവന്ത്  പിന്നിൽ
വാഷിംഗ്ടൺ: സിയാറ്റിൽ സിറ്റി കൗൺസിൽ അംഗം ക്ഷമ സാവന്ത് പുറത്തായേക്കും. അവരെ  തിരിച്ചുവിളിക്കാനുള്ള  വോട്ടെണ്ണലിൽ   ആദ്യഫലസൂചനകൾ സാവന്തിന് എതിരാണ്.  ചൊവ്വാഴ്ച രാത്രി എണ്ണിത്തീർന്ന വോട്ടുകൾ അനുസരിച്ച്  53% പേർ അവരെ അധികാരത്തിൽ നിന്ന് നീക്കുന്നതിന് അനുകൂലിച്ചു. 

അവശേഷിക്കുന്ന വോട്ടുകൾ വെള്ളിയാഴ്ച വരെ തുടർന്നുള്ള ഓരോ ദിവസവും എണ്ണി വൈകുന്നേരം 4 മണിയോടെ കണക്കുകൾ പുറത്തുവിടുമെന്ന്  കിംഗ് കൗണ്ടി ഇലക്ഷൻസ് ചീഫ് ഓഫ് സ്റ്റാഫ് കെൻഡൽ ഹോഡ്‌സൺ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം നാടകീയമായ ഒരു ചാഞ്ചാട്ടം മുൻപും ഉണ്ടായിട്ടുള്ളതുകൊണ്ട്  സാവന്ത്  വിജയപ്രതീക്ഷ കൈവിടുന്നില്ല . അന്തിമ ഫലത്തെക്കുറിച്ച്  ഉറപ്പുനൽകാൻ കഴിയില്ലെങ്കിലും, മുൻകാല പ്രവണതകൾ പരിശോധിക്കുമ്പോൾ, ഈ  പോരാട്ടത്തിൽ അധ്വാനിക്കുന്ന ജനവിഭാഗം വിജയം കൊയ്യുമെന്ന പ്രത്യാശയാണ് അവർ ഇപ്പോഴും പ്രകടിപ്പിക്കുന്നത്. 

ജയിച്ചാലും തോറ്റാലും, ഭരണവർഗം തൊഴിലാളിവർഗത്തെ  പിന്തുടരുന്നത്  മറക്കരുതെന്ന് സാവന്ത് ഓർമ്മപ്പെടുത്തി. തൊഴിലാളിവർഗത്തിന് എങ്ങനെ വിജയിക്കാമെന്ന് മുൻകാലങ്ങളിൽ  
ഒന്നല്ല, രണ്ടുതവണ തെളിയിച്ചത് ചൂണ്ടിക്കാട്ടി അത് ആവർത്തിക്കുമെന്ന വിശ്വാസം അവർ പങ്കുവച്ചു.

ഡിസ്ട്രിക്ട് 3-ലെ 41 ശതമാനം വോട്ടുകളാണ് എണ്ണിയത്. ആകെ വോട്ട് 77,579. 

ഇതാദ്യമായാണ് സിയാറ്റിലിൽ  കൗൺസിൽ അംഗത്തെ റീകോൾ ചെയ്യാനുള്ള  വോട്ടെടുപ്പ് .

താങ്ക്സ് ഗിവിംഗിനും ക്രിസ്മസിനും ഇടയിൽ  ഇലക്ഷൻ വന്നത്  വോട്ടർമാർക്ക് അസൗകര്യമുണ്ടാക്കിയെന്നും പലരും വോട്ട് ചെയ്യാൻ എത്തുന്നില്ലെന്നും സാവന്നതിന്റെ  അനുയായികൾ  വിമർശിച്ചു. 

എന്നാൽ,ഇലക്ഷൻ  സമയം ശ്രദ്ധാപൂർവ്വം തന്നെയാണ്  തിരഞ്ഞെടുത്തതെന്ന്  കിംഗ് കൗണ്ടി ഡയറക്ടർ ഓഫ് ഇലക്ഷൻസ് ജൂലി വൈസ്  പ്രസ്താവനയിൽ പറഞ്ഞു.

റീ കോളിംഗ് നടന്നാൽ , ഡിസംബർ 17-ന് ഫലം സാക്ഷ്യപ്പെടുത്തുന്നതോടെ  അവരെ ഓഫീസിൽ നിന്ന് നീക്കം ചെയ്യും. 

2022 നവംബറിൽ നടക്കുന്ന പ്രത്യേക തിരഞ്ഞെടുപ്പ് വരെ,  ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കാൻ പകരമൊരാളെ നിയമിക്കാൻ ശേഷിക്കുന്ന എട്ട് കൗൺസിൽ അംഗങ്ങൾക്ക്  20 ദിവസത്തെ സമയമുണ്ട്.
പ്രത്യേക തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന വ്യക്തി , 2023-ൽ  സാവന്തിന്റെ അധികാര  കാലാവധി  അവസാനിക്കുന്നതു വരെ തുടരും. 

പ്രത്യേക തിരഞ്ഞെടുപ്പിലോ ഭാവി തിരഞ്ഞെടുപ്പുകളിലോ മത്സരിക്കാൻ സാവന്തിന്  യോഗ്യതയുണ്ടായിരിക്കും.

സാവന്തിനെ നീക്കം ചെയ്യുന്നതിനായി  ഒരു വർഷത്തിലേറെയായി ' റീകോൾ കാമ്പെയ്ൻ' സജീവമാണ്.
ഐടി പ്രൊഫഷണലായ സാവന്ത് സാമ്പത്തിക ശാസ്ത്ര പഠനത്തിനാണ്  യുഎസിൽ എത്തിയത്. പൊതുപ്രവർത്തക എന്ന നിലയിൽ  സാമൂഹിക നീതിക്കുവേണ്ടി ശബ്ദമുയർത്തിയാണ് സാവന്ത് ജനശ്രദ്ധ ആകർഷിച്ചത്.

 സാവന്ത് 2013-ൽ കൗൺസിലിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് അന്നത്തെ  സിറ്റിംഗ്  കൗൺസിൽ അംഗം   റിച്ചാർഡ് കോൺലിനെ പരാജയപ്പെടുത്തിയാണ്. 
വാടക നിയന്ത്രണത്തിനുവേണ്ടിയും  മണിക്കൂറിന് $15 മിനിമം വേതനത്തിനു വേണ്ടിയും  വാദിച്ചുകൊണ്ടാണ് സാവന്ത്  സിയാറ്റിലെ  രാഷ്ട്രീയരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.  

2015-ൽ നഗരത്തിൽ  ഏഴ് ഡിസ്ട്രിക്ടുകൾ രൂപീകരിച്ചപ്പോൾ സാവന്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു, ക്യാപിറ്റോൾ ഹിൽ, സെൻട്രൽ ഡിസ്ട്രിക്റ്റ്, ഫസ്റ്റ് ഹിൽ, മാഡിസൺ പാർക്ക്, ലിറ്റിൽ സൈഗോൺ, മഡ്രോണ , മൗണ്ട് ബേക്കർ എന്നിവയുൾപ്പെടുന്ന ഡിസ്ട്രിക്റ്റ് 3-യുടെ  പ്രതിനിധിയായി 2019-ൽ  വിജയം ആവർത്തിച്ചു.

സോഷ്യലിസ്റ്റ് ആൾട്ടർനേറ്റീവ് അംഗവും അമേരിക്കയിലെ പൊതു ഓഫീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെയും പാർട്ടിയിലെ ഏക അംഗവുമാണ് സാവന്ത്. അധികാര ദുർവിനിയോഗമാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്ന പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നഗര ഫണ്ട് ദുരുപയോഗം ചെയ്തെന്നും കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ചെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ്  ഉന്നയിക്കപ്പെട്ടത്.

തിരിച്ചുവിളിക്കൽ ശ്രമം രാഷ്ട്രീയ പ്രേരിതമാണെന്ന് കാണിച്ച്  ഹർജി തള്ളാൻ സാവന്ത്  2021 ഏപ്രിലിൽ മേൽക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഉയർന്ന ആരോപണങ്ങൾ  തിരിച്ചുവിളി അഭിമുഖീകരിക്കാൻ മതിയായവയാണെന്ന്  വാഷിംഗ്ടൺ സുപ്രീം കോടതി വിധിച്ചു.

2021 സെപ്തംബർ 8-ന് തിരിച്ചുവിളിക്കൽ ഹർജിയെ പിന്തുണയ്ക്കുന്നവർ ഒപ്പ്  ശേഖരിച്ച് സമർപ്പിക്കുകയും ഒക്ടോബർ 19 സമയപരിധിയായി നിശ്ചയിക്കുകയും ചെയ്തിരുന്നു.

വോട്ടെടുപ്പിന് മുന്നോടിയായി 16,273 ഒപ്പുകൾ സമർപ്പിച്ചതായി  'റീകോൾ  സാവന്ത് ക്യാമ്പയിൻ ' അവകാശപ്പെടുന്നു.

2013 ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ, അധ്വാനിക്കുന്ന ജനവിഭാഗത്തിനുവേണ്ടി സാവന്ത് പോരാടിയിരുന്നു. തിരിച്ചുവിളിക്കൽ ഹർജിക്ക് പിന്നിൽ വലതുപക്ഷ ഗ്രൂപ്പാണെന്ന വാദം അതിനാൽ തന്നെ ശക്തമാണ്. വെർമോണ്ടിൽ നിന്നുള്ള മുതിർന്ന സെനറ്റർ ബെർണി സാൻഡേഴ്‌സ് ഉൾപ്പെടെയുള്ളവർ സാവന്തിനെ പിന്തുണയ്ക്കുന്നു.

 സോഷ്യലിസ്റ്റ് സമൂഹത്തിനായുള്ള  പോരാട്ടമാണ്  സാവന്തിനെ  കോർപ്പറേറ്റുകളുടെയും വലതുപക്ഷത്തിന്റെയും വിരോധത്തിന് പാത്രമാക്കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക