ഡേവിഡ് അന്ന് പതിവിലും വൈകിയാണ് ഉണർന്നത്.ഡിസംബറിലെ മഞ്ഞു പെയ്യുന്ന രാത്രികളിൽ യൂദായിലെ മലഞ്ചെരുവുകളിൽ മറ്റുള്ള ഇടയന്മാരോടുകൂടി ആട്ടിൻ കൂട്ടങ്ങൾക്കു കാവൽ നിൽക്കുവാൻ കുഞ്ഞു ഡേവിഡിനെ ആണ് അവന്റെ അപ്പൻ ഏൽപ്പിച്ചിരുന്നത്.. ഇടയന്മാരുടെ ഇടയിലെ പതിവുപോലെ ,ഇളയവനായ ഡേവിഡിനാണ് ആട്ടിന്കൂട്ടത്തിന്റെ ചുമതല . ശരത്കാലങ്ങളിൽ അവന്റെ അപ്പൻ തന്റെ കൂട്ടുകാരായ ഇടയന്മാരുടെകൂടെ അവന്റെ കുഞ്ഞു ആട്ടിന്പറ്റത്തെയും കൂട്ടി അയക്കും.ജെറുസലേം ദേവാലയത്തിൽ കാഴ്ചയായി അർപ്പിക്കപ്പെടുന്ന ആട്ടിൻ പറ്റങ്ങൾ ആണ് അവ. ബെത്‌ലെഹെമിന് അടുത്തുള്ള മലഞ്ചെരുവുകളിൽ ആണ് ഡേവിഡും മറ്റുള്ള ഇടയന്മാരും ഡിസംബറിൽ സാധാരണയായി തങ്ങുക
ആ ഡിസംബറിൽ ഡേവിഡിന് ഒരു ക്രിസ്മസ് സമ്മാനം ലഭിച്ചു. അവനു ഒരു കുഞ്ഞനുജത്തി ഉണ്ടായി. വെറോണിക്ക എന്ന ഒരു കൊച്ചു സുന്ദരി. ആ കുഞ്ഞുമുഖത്തേക്കു നോക്കിയിരിക്കാൻ അവനു എന്ത് ഇഷ്ട്മാണെന്നോ. ആ പൂ പോലുള്ള മേനിയിൽ തൊടുമ്പോൾ അനിയത്തിയോടുള്ള സ്നേഹം കൊണ്ട് അവന്റെ ഹൃദയം നിറയും. അതുകൊണ്ടുതന്നെ ആ പ്രാവശ്യം ആട്ടിൻപറ്റത്തെ മേയ്ക്കാൻ മനസില്ലാമനസോടെയാണ് ഡേവിഡ് പുറപ്പെട്ടത്. പോകാൻ നേരം, അവന്റെ 'അമ്മ ഒരു കുഞ്ഞു കമ്പിളിപുതപ്പു അവന്റെ കയ്യിൽ വെച്ചുകൊടുത്തു. വെറോണിക്കമോൾക്കു വേണ്ടി അവന്റെ 'അമ്മ കൈ കൊണ്ട് നെയ്തുണ്ടാക്കിയത്. അവളെ ആ കമ്പിളിപുതപ്പിനുള്ളിലാണ് 'അമ്മ ആദ്യമായി പൊതിഞ്ഞെടുത്തത്. “മോന് വെറോണിക്കമോളെ തൊടണം എന്ന് തോന്നുമ്പോൾ ഈ കമ്പിളിപുതപ്പിൽ മുഖം ചേർത്തുവെച്ചാൽ മതി കേട്ടോ”. അമ്മക്കൊരു പുഞ്ചിരി സമ്മാനിച്ച് അവൻ തന്റെ ആട്ടിന്പറ്റത്തോടൊപ്പം, മലഞ്ചേരുവിലേക്കു തിരിച്ചു.
ഡിസംബറിലെ ആ തണുത്ത രാത്രിക്കു എന്തൊക്കെയോ പ്രെത്യേകതകൾ ഉള്ളതുപോലെ. കുന്നിൻ മുകളിലെ പാറപ്പുറത്തു ആകാശത്തേക്ക് നോക്കി ഡേവിഡ് കിടന്നു. കാർമേഘങ്ങൾ ഒഴിഞ്ഞു സ്വച്ഛമായ നീലാകാശം നിറയെ പാല്പുഞ്ചിരി പൊഴിച്ചുനിൽക്കുന്ന ഒരായിരം നക്ഷത്രങ്ങൾ. പൂർണ്ണചന്ദ്രന്റെ ശോഭ ഒരു പാലാഴി പോലെ ഭൂമിയെ ആവരണം ചെയ്തതുപോലെ. പതിവില്ലാത്തവിധം ആട്ടിന്പറ്റങ്ങളും വളരെ ശാന്തരായി എന്തോ ശ്രദ്ധിക്കാൻ എന്നവണ്ണം ചെവിയോർത്തു നിൽക്കുന്നു.ഒരു ഇളംതെന്നൽ അവിടെയാകെ ചുറ്റിത്തിരിഞ്ഞു കുഞ്ഞുപുൽക്കൊടികളെ തലോടിക്കൊണ്ടേയിരുന്നു. മിന്നിപ്രകാശിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങൾക്കിടയിൽ അസാധാരണ പ്രഭയോടെ ഒരു നക്ഷത്രം. അത് താഴെ ബെത്‌ലെഹെമിലെ താഴ്വാരത്തെ ലക്ഷ്യമാക്കി ചലിച്ചുകൊണ്ടിരിക്കുന്നതുപോലെ കുഞ്ഞു ഡേവിഡിന് തോന്നി.. 'അമ്മ തന്നയച്ച കുഞ്ഞു കമ്പിളിപുതപ്പു കവിളോട് ചേർത്തുവെച്ചു ആ നക്ഷത്രത്തെ നോക്കിയിരുന്ന കുഞ്ഞു ഡേവിഡിന്റെ കണ്കളിലേയ്ക്ക് ഉറക്കം പതിയെ കടന്നുവന്നു.
“ഡേവിഡ് ഡേവിഡ്” ആരോ വിളിക്കുന്നതുപോലെ. അവൻ വേഗം കണ്ണുതുറന്നു. മറ്റുള്ള ഇടയന്മാർ ഒക്കെ സുഖ സുഷുപ്തിയിൽ. പെട്ടെന്ന് ഒരു ദിവ്യപ്രകാശം അവിടമാകെ പരക്കുന്നതുപോലെ. ജോസഫ്, നോഹ , എഴുന്നേൽക്കൂ , തന്റെ കൂടെയുള്ളവരെ അവൻ തട്ടി വിളിച്ചു. " മാലാഖമാരുടെ വൃന്ദം ആകാശത്തിൽ , അതുന്നതങ്ങളിൽ ദൈവത്തിനു മഹത്വവും, ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനവും”, എന്ന് പാടുന്നു.അങ്ങ് താഴ്‌വരയിൽ ദൈവപുത്രൻ ജനിച്ചിരിക്കുന്നു എന്ന്”. ഒരു സ്വപ്നം പോലെ കാഴ്ചകൾ മാഞ്ഞുപോയി. അഭൗമികമായ ഒരു തേജസ് അവിടമാകെ നിറഞ്ഞുനിന്നിരുന്നു..
വരൂ നമുക്ക് താഴെ ബെത്‌ലഹേം വരെ ഒന്ന് പോയി നോക്കാം. ഡേവിഡ് പെട്ടെന്നുതന്നെ ചാടിയെഴുന്നേറ്റു താഴ്വാരത്തിലേക്കു നടക്കാൻ തുടങ്ങി. ആ കുഞ്ഞു കമ്പിളി പുതപ്പു അവൻ നെഞ്ചോടു ചേർത്തുവെച്ചിരുന്നു. അനുസരണയോടെ അവന്റെ ആട്ടിന്പറ്റങ്ങളും അവന്റെ പുറകെ കുന്നിറങ്ങാൻ തുടങ്ങി.
“ഡേവിഡ് നിനക്കെന്തുപറ്റി. നീ എങ്ങോട്ടാ. ഈ രാത്രി പുലർന്നിട്ടു നമുക്ക് അന്വേഷിക്കാം” ഡേവിഡ് അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. "വരൂ, അവന്റൊപ്പം നമുക്കും പോകാം"
ഡേവിഡിന്റെ കാൽപാദങ്ങൾ അവിടുത്തെ ഒരു പുൽത്തൊഴുത്തിലേക്കു അവനെ നയിച്ചു. വൈക്കോലുകൾ കൊണ്ടുണ്ടാക്കിയ ഒരു കുഞ്ഞു കിടക്കയിൽ കിടക്കുന്ന ശിശു. ആ കുഞ്ഞു കണ്ണുകളിലേക്കു ഡേവിഡ് സൂക്ഷിച്ചുനോക്കി. ഒരു കുഞ്ഞു പുഞ്ചിരി ആ കൺകളിൽ ഒളിപ്പിച്ചുവെച്ചതുപോലെ. ശിശിരത്തിന്റെ തണുത്തകാറ്റു ആ ഇളം മേനിയെ തഴുകുമ്പോൾ ഒരു ചെറിയ അസ്വസ്ഥത ആ കണ്ണുകളിൽ ഡേവിഡ് കണ്ടു. lനെഞ്ചോടു ചേർത്തുവെച്ചിരുന്ന വെറോണിക്കമോളുടെ കുഞ്ഞു കമ്പിളിപുതപ്പു എടുത്തു ഡേവിഡ് ഉണ്ണിയെ പുതപ്പിച്ചു.
ഒരു പാൽപുഞ്ചിരി ആ കുഞ്ഞിളം ചുണ്ടുകളിൽ തത്തി കളിക്കുന്നത് ഡേവിഡ് അത്ഭുതത്തോടെ നോക്കി കണ്ടു. മേരിയുടെയും ജോസഫിന്റെയും കണ്ണുകളിൽ നിന്നും ഒരു സ്നേഹരശ്മി തന്റെ ഹൃദയത്തെ തഴുകി കടന്നുപോകുന്നത് ഡേവിഡ് അറിഞ്ഞു. ആ കുഞ്ഞിപൈതലിനു ആദ്യമായി ലഭിച്ചത് ഡേവിഡിന്റെ പ്രിയപ്പെട്ട സമ്മാനം.
അവാച്യമായ ആനന്ദത്തോടെ ഡേവിഡും കൂട്ടരും തിരിച്ചുപോയപ്പോൾ, ആ കുഞ്ഞുകമ്പിളിപുതപ്പിനുള്ളിൽ ഉണ്ണീശോ കൈകാലുകൾ ഇളക്കികൊണ്ടിരുന്നു. മുപ്പത്തിമൂന്നു വര്ഷങ്ങള്ക്കുശേഷം തനിക്കു ആദ്യമായി ലഭിച്ച സ്നേഹസമ്മാനത്തിനുപകരം, ആ സമ്മാനത്തിന്റെ ഉടമസ്ഥക്ക് ഒരു തൂവാലയിൽ തന്റെ തിരുമുഖം പതിച്ചുനൽകും എന്നുള്ള തീരുമാനം പോലെ.