മോഹക്കുരു (കവിത-ജസീല.എം.പി)

Published on 05 January, 2022
മോഹക്കുരു (കവിത-ജസീല.എം.പി)

എൻ്റെ കറുത്ത മുഖത്ത്
ഒരു ചുവന്നു തുടുത്ത മുഖക്കുരു വന്നു.
അനിയത്തിയുടെ വെളുത്ത മുഖത്ത്
ഇതുപോലൊന്ന് വന്നപ്പോൾ
മോഹക്കുരുവാണെന്ന് പറഞ്ഞ്
അമ്മ കളിയാക്കിയതെനിക്കോർമ്മയുണ്ട്.
ഞാനെൻ്റെ മോഹക്കുരുവിനെ ലാളിക്കാൻ തുടങ്ങി.
അതിനെ തൊട്ടു തടവി, 
അതിൻ്റെ വലിപ്പമളന്ന്,
സ്പർശിക്കുമ്പോഴുള്ള 
ചെറിയ വേദനയാസ്വദിച്ച്
അതിനെ ഞാൻ 
പരിപാലിക്കാൻ തുടങ്ങി.
അമ്മ പക്ഷേ 
എൻ്റെ മോഹക്കുരു കണ്ടില്ല,
അതിനെക്കുറിച്ച് പറഞ്ഞ് 
എന്നെ കളിയാക്കിയില്ല.
രാത്രിയുടെ തണുപ്പിൽ 
ചേർന്ന് കിടക്കുമ്പോഴും മറ്റും
അമ്മയുടെ 
വെളുത്ത മൃദുലമായ കൈകൾ
എൻ്റെ മോഹക്കുരുവിലൂടെ 
കടന്നു പോയിട്ടും
അമ്മ അതെക്കുറിച്ച് മിണ്ടിയില്ല.
പകരം എന്നെ വെളുപ്പിക്കാനായി
അമ്മ ഒരു ദിവസം മുഖത്തു തേച്ചുതന്ന
മഞ്ഞളിൽ ഉരസി, എരിഞ്ഞ്
എൻ്റെ മോഹക്കുരു പൊട്ടിപ്പോയി.
എൻ്റെ മോഹക്കുരു...
എന്നെയാരോ സ്നേഹിച്ചിരുന്നതിൻ്റെയടയാളം!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക