കരുണത്തണൽ, കനിവിൻ മഴ (കവിത : മൃദുല രാമചന്ദ്രൻ)

Published on 07 January, 2022
കരുണത്തണൽ, കനിവിൻ മഴ (കവിത : മൃദുല രാമചന്ദ്രൻ)

സഹസ്ര സൂര്യപ്രഭയിൽ 
ഹൃദയത്തില,മ്മയുടെ 
തേജോമയ രൂപം..
അഭയ, വരദ മുദ്രയിൽ
കരുണയുടെ വീണാരവം..
ചെമ്പകമാലകൾ ചാർത്തിയ മാറിൽ...
എന്നുമെനിക്കഭയം ....
പൊൻമഞ്ജീരം പുണരും
പദതാരിൽ ചേരും മമഹൃദയം...
കാമം, ക്രോധം, മോഹം ,ലോഭം
ഉള്ളിൽ പല നേരമുണർന്നു  നുരക്കും
ആസുരഭാവങ്ങൾ,
തിരുനെറ്റിക്കണ്ണിലെ തീയാൽ എരിച്ചു കളയണമേ....
നേരെതെന്നും, നെറിവേതെന്നും അറിയാതുഴലുമ്പോൾ 
തിരുമിഴി തൂകും കനിവു
വഴിയാകാണമേ..
ആശങ്കകളാൽ ഹൃദയം
സങ്കട മഴയിൽ കുതിരുമ്പോൾ
അമ്മേ, ആശ്രയമേകും 
തണലായ് ഉള്ളിൽ നിറയണമേ....
ശോകം പെരുകി പടർന്നു
തീ പോൽ ഉയിരിൽ കത്തുമ്പോൾ...
അലിവിൻ മഴയായ് 
ആർദ്രത പെയ്‌തെൻ..
അമ്മേ, നിറയണമേ!
അമ്മേ, അമ്മേ, അമ്മേ 
എന്നുള്ളു പിടഞ്ഞു വിളിക്കുമ്പോൾ..
ചന്ദനഗന്ധം ചേരും 
വിരൽ കൊണ്ടെന്നെ തഴുകണമേ...
അമ്മേ, അക്ഷരമായും, പൊരുളായും
എന്നും എന്നോട് ഒപ്പമിരിക്കണമേ..
 
 
കരുണത്തണൽ, കനിവിൻ മഴ (കവിത : മൃദുല രാമചന്ദ്രൻ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക