പുലരികൾക്ക് ഈശ്വര ചൈതന്യം കൂടുതലാണ്, അത് ഊർജ്ജമാണ് (ദീപ.ആർ)

Published on 10 January, 2022
പുലരികൾക്ക് ഈശ്വര ചൈതന്യം കൂടുതലാണ്, അത് ഊർജ്ജമാണ് (ദീപ.ആർ)

പ്രശസ്ത എഴുത്തുകാരനായ ശ്രീ റോബിൻ ശർമ്മ " The 5 Am Club" എന്ന പുസ്തകത്തിലൂടെ "പ്രഭാതത്തെ സ്വന്തമാക്കുക, ജീവിതം ശ്രേഷ്ഠമാക്കുക "എന്ന ഏറ്റവും മൂല്യമുള്ള ജീവിതചര്യ നമ്മളിലേക്ക് എത്തിക്കുകയാണ്. വായനയിലൂടെ നമ്മളും, അതിലെ ഓരോ കഥാപാത്രങ്ങളായി, അദ്ദേഹം അവതരിപ്പിക്കപ്പെടുന്ന ആശയത്തിൻ്റെ ഭാഗമാവുന്നു.
ജീവിതത്തിൽ അവിചാരിതമായുണ്ടായ പ്രതിസന്ധികൾ മൂലം തളർന്നു പോയ ഒരു യുവാവും യുവതിയും,  ആത്മവിശ്വാസം പകർന്നു നൽകുന്ന ഒരു മാർഗ്ഗനിർദ്ദേശകൻ്റെ കൂടെ കുറച്ചു ദിവസങ്ങളിൽ ഒരുമിച്ച് കഴിയുകയും അതിലൂടെ  പ്രഭാതത്തിനെ ശ്രേഷ്ഠമാക്കുക എന്ന ആശയത്തിലേക്ക്  ക്രിയാത്മകമായി സ്വയം തിരുത്തലുകൾ നടത്തി അവരെത്തിച്ചേരുന്നു. കടൽത്തീരത്തായിരുന്നു കൂടുതൽ സമയവും ചിലവഴിച്ചത്. നെൽസൺ മണ്ഡേല തടവിൽ കിടന്ന ജയിലറ അവർ പഠനത്തിൻ്റെ ഭാഗമായി സന്ദർച്ചു.


പ്രഭാതത്തിൽ ഉണരേണ്ടതിന്റെയും,വ്യായാമം, വ്യക്തിത്വ വികസനം എന്നിവയുടെ പ്രാധാന്യം രചനയിലുടനീളം റോബിൻ ശർമ്മ വിശദമാക്കുന്നുണ്ട്. ലോകത്തിലെ എല്ലാ മഹാന്മാരും അതിരാവിലെ എഴുന്നേറ്റ് കർമ്മ നിരതരായി ലക്ഷ്യത്തിലെത്തിയവരാണന്ന് പുസ്തകം പറയുന്നു.


ദിനചര്യയുടെ മാതൃസ്ഥാനം രാവിലെ  അഞ്ചു മണിക്ക് ഉണരുക എന്നതിലാണന്ന് അദ്ദേഹം തെളിവുകൾ സഹിതം പറയുന്നു. തോൽവികളില്ലാത്ത  സാധ്യതകളിലേക്ക് നിങ്ങളെ നയിക്കുന്ന ഒരു സമയസൂചികയാണത്.


ശ്രദ്ധകേന്ദ്രീകരണം, ഊർജ്ജം, ഉത്സാഹം ഗുണമേന്മ ഇവയെല്ലാം നിങ്ങൾ ഓരോ ദിവസവും എങ്ങനെ ആരംഭിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.


ഇതിൽ പറയുംപോലെ "ജീവിതം ഹ്രസ്വമാണ്. അതിനാൽ നിങ്ങളുടെ ജന്മവാസനകൾ പരിപോഷിപ്പിക്കാനുള്ള സമയവും പരിമിതമാണ് ".
"നിങ്ങൾ അനുഭവിക്കേണ്ടി വന്ന വെല്ലുവിളികൾ, നേരിടേണ്ടി വന്ന എതിരാളികൾ, അനുഭവിച്ച യാതനകൾ എന്നിവയെല്ലാം നിങ്ങളെ ഉടച്ചുവാർക്കാൻ സഹായിക്കുന്ന ഉപാധികളായി മാറ്റണമെന്ന് റോബിൻ ശർമ്മ നമ്മളോട് പറയുന്നു.


പരിവർത്തനം എന്നത് അത്ര എളുപ്പമുള്ള വിഷയമല്ല.. ചിത്രശലഭപുഴുവിന്റെ പരിവർത്തനം ഒരു ചിത്രശലഭത്തിന്റെ മനോഹാരിതയിലേക്കാണ്.. അതുപോലെ പുതിയ നിങ്ങളെ സൃഷ്ടിക്കുന്നതിന് മുൻപ് പഴയ നിങ്ങളെ ഇല്ലാതാക്കണമെന്ന് ആവർത്തിച്ചാവർത്തിച്ച് പ്രതിപാദിക്കുന്നു.


കുറഞ്ഞത് 66 ദിവസങ്ങൾ കൊണ്ട് 20-20-20 ഫോർമുലയിലൂടെ ശീലങ്ങൾ എങ്ങനെ സ്ഥിരപ്പെടുത്താം എന്ന് അദ്ദേഹം നമ്മളെ മനസ്സിലാക്കിത്തരുന്നു..


പ്രശസ്ത ഫ്രഞ്ച് ഗണിത ശാസ്ത്രവിദഗ്ധൻ ഇങ്ങനെ എഴുതിയിരിക്കുന്നു "ഒരു മുറിക്കുള്ളിൽ ഒറ്റയ്ക്കിരിക്കാനുള്ള മനുഷ്യന്റെ കഴിവുകേടാണ് മനുഷ്യരാശിയുടെ ഏറ്റവും വലിയ പ്രശ്നം.. "ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ വാക്കുകളാണത്. ക്ഷമയുടെ മനോഹാരിത നിരവധി സന്ദർഭങ്ങളിൽ പറയുന്നുണ്ട്.


"ചഞ്ചലമായ മനസ്സോടെ അലസന്മാരായി ജീവിക്കാതെ ലക്ഷ്യബോധമുള്ള ഒരു മഹാത്മാവാകാൻ ശ്രമിച്ച്, നല്ലൊരു തലമുറയെ വാർത്തെടുക്കാം."
"സമയം വിലപ്പെട്ടതാണ്.. നമുക്കത് പ്രയോജനപ്രദമായി ഉപയോഗിക്കാം."
താജ്മഹലും അവർ സന്ദർശിച്ചു. അത് പണിയുന്നതിനിടയിലെ തടസ്സങ്ങൾ മാറ്റി വീണ്ടും തുടരാനുള്ള ദൃഢനിശ്ചയം പ്രണയത്തെ വസന്തമാക്കി.


ശ്രീമതി ഹെലൻ കെല്ലർ പറഞ്ഞിട്ടുള്ളത് പോലെ ഈ ലോകത്തിലെ ഏറ്റവും മേൻമയുള്ളതും ഏറ്റവും മനോഹരവുമായ വിഷയങ്ങൾ കാണാനോ കേൾക്കാനോ സാധ്യമല്ല.. അത് ഹൃദയം കൊണ്ട് തൊട്ടറിയേണ്ടതാണ്.. അതെ നമുക്ക് വായിച്ചറിയാം...വായിച്ചു വളരാം..
ഈ പുസ്തകത്തിനെ കുറിച്ച് എഴുതാനും മാത്രം ഉള്ള അറിവ് എനിക്കില്ല എങ്കിലും വായിച്ചു തീർന്നപ്പോൾ ചില ചിട്ടകൾ എന്നിലും ജനിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഇതിലെ ബിസനസ് വുമണിനും ചിത്രകാരനും ജീവിത ചിന്തകളിലുണ്ടായ മാറ്റങ്ങളിലൂടെയാണ് ആശയം അവതരിപ്പിക്കുന്നത്. ലളിതമായ ഭാഷ വായനാനുഭം മികച്ചതാക്കുന്നു  ഈ അനുഭവം പങ്കിടണമെന്ന ആഗ്രഹം മാത്രമാണ് ഈ ചെറിയ ശ്രമത്തിന്  പിന്നിലുള്ളത്. 

പുലരികൾക്ക് ഈശ്വര ചൈതന്യം കൂടുതലാണ്, അത് ഊർജ്ജമാണ് (ദീപ.ആർ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക