മരുപ്പച്ച... (കഥ: നൈനമണ്ണഞ്ചേരി)

Published on 11 January, 2022
മരുപ്പച്ച... (കഥ: നൈനമണ്ണഞ്ചേരി)

റെയിൽവെ സ്റ്റേഷനിൽ രാത്രി വണ്ടി കാത്തിരിക്കുമ്പോഴാണ് തികച്ചും അവിചാരിതമായി ആ പെൺകുട്ടി അയാളുടെ കാഴ്ച്ചകളിൽ വന്നു പെട്ടത്.കാത്തിരുപ്പ് ബെഞ്ചിന്റെ ഒരറ്റത്ത് കയ്യിലൊരു ബാഗും കണ്ണുകളിൽ സംഭ്രവുമായി ഇരിക്കുകയായിരുന്നു അവൾ.തേച്ചു മിനിക്കിയിട്ടില്ലെങ്കിലും ഇളം മഞ്ഞനിറത്തിലുള്ള ചുരിദാറിൽ അവൾ സുന്ദരിയായിരുന്നു.വൈകിവരുന്ന വണ്ടികളുടെ അറിയിപ്പ് അതിനിടയിൽ മുഴങ്ങിക്കൊണ്ടിരുന്നു.കൃത്യത പാലിക്കുന്ന ഒരു വണ്ടിയുടെയും കാര്യം ഇതുവരെ പറഞ്ഞ് കേട്ടില്ലല്ലോ എന്ന് അയാൾ ആലോചിക്കാതിരുന്നുമില്ല.ജീവിതം പോലെ പലപ്പോഴും വൈകിയും പാളം തെറ്റിയുമാണ് വണ്ടികളുടെ ഓട്ടവും…

 ഇടക്കിടെ അവൾ ചുറ്റും നോക്കുന്നുണ്ട്.ആരെയോ പ്രതീക്ഷിക്കുന്നത് പോലെ.അതോ  പേടിക്കുന്നത് പോലെയോ..ആരുടെയോ കൂടെ ഒളിച്ചോടാൻ തീരുമാനിച്ച് വന്നതാകണം.പിച്ചവെച്ചു തുടങ്ങുമ്പോൾ മുതൽ കൈപിടിച്ച് നടത്തിയ വീട്ടുകാരെ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ വഴിയിലുപേക്ഷിച്ച് ഇന്നലെ പരിചയപ്പെട്ട ഒരാളുടെ കൈപിടിച്ചു നടക്കാൻ ഈ പെൺകുട്ടികൾക്കെങ്ങനെ കഴിയുന്നു എന്നത് ഇനിയും അയാൾക്ക് മനസ്സിലാകാത്ത കാര്യമാണ്.പരിശുദ്ധസ്നേഹത്തിന് വേണ്ടിയുള്ള ത്യാഗമാണോ ഇതിനു പിന്നിൽ.മണ്ണാങ്കട്ട..എത്രയോ സ്വപ്നങ്ങളുമായി എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ച് കൊടുത്ത് വളർത്തിവലുതാക്കിയ വീട്ടുകാരോടില്ലാത്ത സ്നേഹവും ത്യാഗവും മറ്റൊരാളോട്  തോന്നുന്നതിന്റെ മനഃശാസ്ത്രമെന്താണ്…

 അങ്ങനെ ആരുടെയോ കൂടെ പോകാൻ വന്നതു തന്നെയാകണം അവളും.വിടർന്ന കണ്ണുകളിലെ നിഷ്ക്കളങ്കത വായിച്ചെടുക്കാം.അലസമായിട്ടിരിക്കുന്ന മുടിയിഴകളിൽ പോലും കാവ്യഭംഗി.രാത്രി റെയിൽവേ സ്റ്റേഷനിൽ വന്നിരിക്കണമെങ്കിൽ കൂടുതൽ സാധ്യതയും ഒളിച്ചോട്ടത്തിന് തന്നെയാണ്.റെയിൽവെ സ്റ്റേഷനിൽ ഇടക്കിടെ അറിയിപ്പ് മുഴങ്ങിക്കൊണ്ടിരുന്നു.അയാൾക്ക് പോകാനുള്ള വണ്ടി ഇനിയും ഒരു മണിക്കൂർ വൈകുമത്രെ. ഈ വൈകൽ ഒരിക്കലും അയാൾക്ക് പുതുമയുള്ള കാര്യമായിരുന്നില്ല.അയാളുടെ വണ്ടികൾ എന്നും ലേറ്റായിയിരുന്നു,ജീവിതം പൊലെ തന്നെ..ബിരുദവും ബിരുദാനന്തരബിരുദവുമൊക്കെ ഉണ്ടായിരുന്നിട്ടും എത്ര വൈകിയാണ് അയാൾക്ക് ജോലി കിട്ടിയത്.സാധാരണ വിവാഹപ്രായത്തെക്കാൾ വൈകിയാണ് അയാൾ വിവാഹം കഴിച്ചതും.കാത്തിരുന്ന് മകൾ പിറന്നപ്പോൾ പിന്നെ അവളുടെ സുഖവും ദുഃഖവുമായി അയാളുടെതും…ഒടുവിൽ….

വണ്ടികളുടെ വരവുപോക്കുകളുടെ അറിയിപ്പൊന്നും ശ്രദ്ധിക്കാതെ അപ്പോഴും ആ ബെഞ്ചിൽ തന്നെയിരിക്കുകയാണവൾ.മങ്ങിയ വെളിച്ചത്തിലും മുഖത്തെ സംഭ്രമം തെളിഞ്ഞു കാണാം.ഇനിയും വരാത്ത ആരെയോ തിരിഞ്ഞു നോക്കി ഒരു വിഷാദ ചിത്രം പോലെ അവൾ.അഥവാ ഇനി അവൾ പ്രതീക്ഷിക്കുന്ന ആൾ വന്നില്ലെങ്കിലോ…ആ ചിന്ത തന്നെ ഒരു നടുക്കമായി അയാളിലേക്ക് പടർന്നു കയറി.അങ്ങനെയെങ്കിൽ ഇനി അവൾ എങ്ങോട്ടേക്കാണ് തിരിച്ചു പോകുക.  തിരിച്ചുപോകാതിരുന്നാൽ പിന്നെ എന്തായിരിക്കാം സംഭവിക്കുക.ദിവസേന പത്രത്തിൽ കാണുന്ന വാർത്തകളുടെ ക്രൂരതകൾ അയാളുടെ മനസ്സ് ഓർത്തെടുത്തു.

 തന്റെ മോൾക്കും ഇവളുടെ പ്രായം തന്നെയായിരുന്നില്ലേ.എന്നിട്ടും കോടതി മുറിയിൽ തന്റെയും ഭാര്യയുടെയും  നേരെ ചൂണ്ടി ഇനി ഇവരോടൊപ്പം പോകുന്നില്ലെന്ന്  പറയാനുള്ള ധൈര്യം അവൾക്ക് എവിടെ നിന്നാണ് കിട്ടിയത്.അച്ഛന്റെയും അമ്മയുടെയും  തീ പാറുന്ന നെഞ്ചിലേക്കായിരുന്നല്ലോ അവൾ കനൽ കോരിയിട്ടത്.അന്ന് നീറുന്ന നൊമ്പരമായി മാറിയ അമ്മയുടെ വിഷാദം ഇനിയും പെയ്തൊഴിഞ്ഞിട്ടില്ല.ജീവിതം ജീവിച്ചു തീർക്കുമ്പോഴും എന്നെങ്കിലും ക്ഷമ ചോദിച്ചുകൊണ്ട് മകൾ തിരിച്ചുവരുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ടാവണം.അതിനിടയിൽ ചിലപ്പോൾ ഏതെങ്കിലും വിനോദസഞ്ചാരകേന്ദ്രത്തിലെ തണുപ്പിൽ മധുവിധു ആഘോഷിച്ച് തീർക്കുകയാവണം, അമ്മയുടെയും അച്ഛന്റെയും കണ്ണീർ വീണവഴികളിൽ പുതിയ ജീവിത സ്വപ്നങ്ങൾ നെയ്യുകയാവണം യുവമിഥുനങ്ങൾ.

അവൾ കാത്തിരിക്കുന്നയാൾ ഒരിക്കലും വരാതിരിക്കട്ടെ എന്നയാൾ  ആ  നിമിഷം പ്രാർഥിച്ചു.പോയി. തിരികെ പോയി അച്ഛന്റെയും അമ്മയുടെയും കാലുകൾ കണ്ണീർകൊണ്ട് കഴുകുന്ന ഒരു മകളുടെ ചിത്രം വെറുതെയാണെങ്കിലും അയാൾ സങ്കൽപ്പിച്ചു.

റെയിൽവെ സ്റ്റേഷനിൽ അറിയിപ്പ് മുഴങ്ങിക്കൊണ്ടിരുന്നു.

അയാൾക്ക് പോകാനുള്ള വണ്ടി അപ്പോഴും  വന്നിരുന്നില്ല.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക