ആത്മകഥ... ( കവിത : രമണി അമ്മാൾ )

Published on 13 January, 2022
ആത്മകഥ... ( കവിത : രമണി അമ്മാൾ )

 

എത്രയെഴുതിയാലും മുഴുവനാവാത്ത കദനങ്ങൾ...!

സംഭവബഹുലം, അനുഭവ തീവ്രം,നഗ്നസത്യങ്ങളുടെ വെളിപ്പെടലുകൾ,

പ്രകൃതിയുടെ താണഡവ നടനങ്ങൾ,

ഇരുളിന്റെ പകർന്നാട്ടങ്ങൾ,

പകലിന്റെ നേർക്കാഴ്ചകൾ...!

അനുഭവത്തിന്റെ ചൂടും ചൂരും,

ആവർത്തനങ്ങള- ല്ലാതാവുന്ന

ജീവിത നിമിഷങ്ങൾ...!

കണ്ണിൽ, തിമിർത്തു പെയ്ത മഴ മേഘങ്ങൾ,

പേമാരി തീർത്ത പ്രളയങ്ങൾ,

കാലത്തിന്റെ കുത്തൊഴുക്കിലുമൊഴുകാതെ....!

സന്തോഷ സന്താപങ്ങൾ വേറിട്ടറിയാത്ത

മനസ്സുകളുടെ ധർമ്മദു:ഖങ്ങൾ,

തിരിച്ചറിവു നഷ്ട്ടപ്പെട്ടവരേപ്പോൽ

തോന്നിക്കും പേക്കോലങ്ങൾ....,

എരിപൊരികൊളളും ചിന്തകൾ

ചേക്കേറുമവരുടെ സിരാപടലങ്ങൾ......!

കതിരു വിളയിച്ചു,

വിളവും കൊയ്തെടുത്തറയും പൂട്ടിക്കെട്ടി

വയലിന്റെ പച്ചപ്പിന്നൊരു മരീചിക..

ഈ അനിശ്ചിതത്വമിനി- യെന്നകലാൻ..?

കാലം, മാന്ത്രികത്തൂവലാൽ

ദിനം പ്രതിയെഴുതി നിറയ്ക്കുന്ന കടലാസുകൾ

ദിശാബോധമില്ലാതെ പറന്നു നടക്കുന്നു..

പുതുമുകുളങ്ങൾ പതിയിരിക്കും ദിനരാത്രങ്ങൾ,

മനസ്സു ചോദിക്കുന്നു

കുളിരും കായ്ക്കും മരമുണ്ടോ..?

എവിടെ  നട്ടുച്ച..?

സൂര്യൻ ഉരുകിയൊലിക്കുന്നു

വാടിത്തളർന്ന കാട്ടുചെടികളോടും

വളളിപ്പടർപ്പുകളോടും

ദാഹാർത്തയായ മണ്ണ് യാചിക്കുന്നു..

ഇത്തിരി നനവ്.. എവിടെ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക