Image

കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍‍ കുറ്റവിമുക്തന്‍

Published on 14 January, 2022
കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍‍ കുറ്റവിമുക്തന്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍.  ബിഷപ്പ് തെറ്റുകാരന്‍ അല്ലെന്നും കുറ്റവിമുക്തനാണെന്നും കോടതി നിരീക്ഷിച്ചു. ബിഷപ്പിനെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ബിഷപ്പിനെതിരേ ചുമത്തിയ കുറ്റങ്ങളൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. 

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. 

കേസിലെ വിധി കേള്‍ക്കാനായിബിഷപ്പ് ഫ്രാങ്കോ  കോടതിയിലെത്തിയിരുന്നു. കോടതിക്കും പുറത്തും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.

 ദൈവത്തിന് സ്തുതി എന്നായിരുന്നു വിധിയില്‍ ബിഷപ്പിന്റെ പ്രതികരണം. 

അഭിഭാഷകരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബിഷപ്പ് പുറത്തേക്ക് വന്നത്. കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാകാതെ കോടതി  വിട്ടുപോവുകയും ചെയ്തു

കേരളം ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചെന്ന കേസ്. 

105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തിയ കേസിന്റെ വിധിയാണ് ഇത്.

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ വച്ച്‌ 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിലും കേസില്‍ കുറ്റപത്രം വൈകിയതിലും പ്രതിഷേധം തെരുവിലേക്കുവരെ എത്തപ്പെട്ട കേസാണിത്. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യക്ഷ സമരവുമായി ഹൈക്കോടതി കവാടം വരെയത്തുകയുണ്ടായി.

മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാല് ബിഷപ്പുമാരും 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത 7 മജിസ്‌ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ തുടങ്ങിയവരെല്ലാം വിസ്തരിക്കപ്പെട്ടു. 83 സാക്ഷികളില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാട് കൈക്കൊണ്ടെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. പ്രതിഭാഗത്ത് നിന്ന് വിസ്തരിച്ചത് ആറ് സാക്ഷികളെയാണ്. 122 പ്രമാണങ്ങള്‍ കോടതിയില്‍ ഹാജരാക്കി. 

ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച്‌ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ഏഴ് വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ. സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ 2018 സെപ്റ്റംബര്‍ 21നാണ്  പീഡന കേസില്‍ ബിഷപ്പ് അറസ്റ്റിലായത്

വിചാരണ ദിവസങ്ങളില്‍ തൃശൂരിലെ കുടുംബവീട്ടില്‍ തങ്ങിയാണ് ഫ്രാങ്കോ മുളക്കല്‍ കോടതിയില്‍ ഹാജരായത്. നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു മാധ്യമങ്ങള്‍ക്കു കോടതിയുടെ വിലക്കുണ്ടായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക