ഉത്തര്‍പ്രദേശിലെ കൂട്ടരാജി പ്രശ്‌നമല്ല; ജനങ്ങളുടെ അനുഗ്രഹം മതിയെന്ന് ബിജെപി

ജോബിന്‍സ് Published on 14 January, 2022
ഉത്തര്‍പ്രദേശിലെ കൂട്ടരാജി പ്രശ്‌നമല്ല; ജനങ്ങളുടെ അനുഗ്രഹം മതിയെന്ന് ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉത്തര്‍പ്രദേശിലെ പിന്നോക്ക വിഭാഗ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത് വലിയ കാര്യമല്ലെന്ന് ബിജെപി. തങ്ങള്‍ക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ടെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അവകാശപ്പെട്ടു.

പിന്നോക്ക വിഭാഗനേതാക്കളായ മന്ത്രിമാരും എംഎല്‍എമാരും തുടര്‍ച്ചയായി ബിജെപിയില്‍ നിന്ന് രാജിവെക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ''ഉത്തര്‍പ്രദേശിലെ രാജി വലിയ കാര്യമല്ല. സംസ്ഥാനത്ത് എല്ലായിടത്തുനിന്നും ബിജെപിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ജനങ്ങളുടെ അനുഗ്രഹം ഞങ്ങള്‍ക്കുണ്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ ബിജെപി വിജയിക്കും'', തോമര്‍ പറഞ്ഞു.

രാജസ്ഥാനിലെ അല്‍വാര്‍ പീഡനത്തില്‍ കോണ്‍ഗ്രസിനെതിരെയും തോമര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് ഭരണത്തില്‍ ക്രമസമാധാനം മോശമായതാണ് ഇതിന് കാരണം. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ഉത്തര്‍പ്രദേശ് ബിജെപിയിലെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയെ നടുക്കിയ പശ്ചാത്തലത്തിലാണ് തോമറിന്റെ പ്രതികരണങ്ങള്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക