പേരിയയില്‍ സായുധ മാവോയിസ്റ്റ് സാന്നിധ്യം; പരിശോധന ശക്തമാക്കി

Published on 14 January, 2022
പേരിയയില്‍ സായുധ മാവോയിസ്റ്റ് സാന്നിധ്യം; പരിശോധന ശക്തമാക്കി

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ പേരിയ ചന്ദനത്തോട് വനത്തില്‍ മാവോയിസ്റ്റ് സംഘമെത്തി. സായുധരായ  സംഘത്തെക്കുറിച്ചു വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പരിശോധന ശക്തമാക്കി. ആന്റി നക്‌സല്‍ സ്‌ക്വാഡിന്റെ പരിശോധന 3 ദിവസമായി  തുടരുകയാണ്. തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബോയ്‌സ് ടൗണ്‍, കമ്പമല, മക്കിമല എന്നിവിടങ്ങളിലും ആന്റി നക്‌സല്‍ സ്‌ക്വാഡിന്റെ പ്രത്യേക സംഘം  പരിശോധന നടത്തി.   

അടുത്ത കാലത്ത് കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് മാവോയിസ്റ്റ് നേതാക്കളായ വി.ജി. കൃഷ്ണമൂര്‍ത്തി, കവിത എന്ന സാവിത്രി എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. കബനി ദളത്തിലെ രണ്ടാമനായ ലിജേഷ് കീഴടങ്ങുകയും ചെയ്തു. ഇതോടെ ജില്ലയില്‍ ഇടയ്ക്കിടെ സാന്നിധ്യം അറിയിക്കുന്ന മാവോയിസ്റ്റ് സംഘത്തിന്റെ ശക്തി കുറഞ്ഞെന്നാണ് പൊലീസിന്റെ നിഗമനം. 

ചില മാവോയിസ്റ്റുകള്‍ കൂടി പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നതായും സൂചനകളുണ്ട്. ഇപ്പോഴും പോരാട്ടം തുടരുന്നവരോട്   സര്‍ക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ പാക്കേജ് പ്രയോജനപ്പെടുത്തി കീഴടങ്ങാന്‍ പ്രേരിപ്പിക്കാനും പൊലീസ് രഹസ്യമായി ശ്രമിക്കുന്നുണ്ട്. ഒളിവിലുള്ള പ്രവര്‍ത്തനം ദുഷ്‌ക്കരമാണെന്നും കീഴടങ്ങലാണു സുരക്ഷിതമെന്നുമുള്ള സന്ദേശം കൂടിയാണ് വന്‍ സന്നാഹത്തോടെയുള്ള തിരച്ചിലിനു പിന്നിലെന്നും സൂചനയുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക