നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, നടിക്ക് നീതി ലഭിക്കണം: ഇന്നസന്റ്

Published on 15 January, 2022
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, നടിക്ക് നീതി ലഭിക്കണം: ഇന്നസന്റ്

കോഴിക്കോട് : നടിയെ ആക്രമിച്ച കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് താരസംഘടനയായ 'അമ്മ'യുടെ മുന്‍ പ്രസിഡന്റ് ഇന്നസന്റ്. നടിക്ക് നീതി ലഭിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഇന്നസന്റ് പറഞ്ഞു. അതേസമയം, നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കൂടുതല്‍ തെളിവുതേടി ക്രൈംബ്രാഞ്ച് സംഘം നടന്‍ ദിലീപിന്റെ വീട് അടക്കം 3 ഇടങ്ങളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി.

ആലുവയിലെ 'പത്മസരോവരം' വീട്ടില്‍ പകല്‍ 11.50ന് ആരംഭിച്ച റെയ്ഡ് 6.50 വരെ നീണ്ടു. ഹാര്‍ഡ് ഡിസ്‌ക്, മൊബൈല്‍ ഫോണുകള്‍, ടാബ്, പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തു. എറണാകുളം ചിറ്റൂര്‍ റോഡില്‍ ദിലീപിന്റെ സിനിമാ നിര്‍മാണക്കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫിസിലും ആലുവ പറവൂര്‍ കവല വിഐപി ലെയ്‌നില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്ടിലും പരിശോധന നടന്നു. ഇവിടെനിന്നും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു. ദിലീപ് ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ അഭിഭാഷകന്റെ ആവശ്യപ്രകാരം പ്രത്യേകം കൈപ്പറ്റു ചീട്ട് എഴുതി നല്‍കിയാണ് കസ്റ്റഡിയിലെടുത്തത്. സിം കാര്‍ഡുകള്‍ തിരികെ നല്‍കി.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക