ആ വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ്

ജോബിന്‍സ് Published on 15 January, 2022
ആ വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ്

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച് കേസിലെ പ്രതി താനല്ലെന്ന് കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹബൂബ്. കേസിലെ വിഐപിയെ തിരിച്ചറിഞ്ഞെന്നും കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി ആണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വിഐപി മെഹബൂബാണെന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നതിനിടെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് മെഹബൂബ് രംഗത്തു വന്നിരിക്കുന്നത്. തന്നെ ചേര്‍ത്ത് കഥകള്‍ പ്രചരിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞ് അറിഞ്ഞു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറിയില്ല, കണ്ടതായി ഓര്‍ക്കുന്നുമില്ലെന്നാണ് മെഹബൂബ് ഒരു ചാനലിനോട് പറഞ്ഞത്.

ദിലീപിന്റെ വീട്ടില്‍ പോയത് ഒരു തവണ മാത്രമാണ് അത് മൂന്ന് കൊല്ലം മുമ്പാണ്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല. മെഹബൂബ് പറയുന്നു. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. ദേ പുട്ടിന്റെ ഖത്തര്‍ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പോയത് അന്ന് ചെല്ലുമ്പോള്‍ കാവ്യയും അമ്മയും അച്ഛനും ഒക്കെ ഉണ്ടായിരുന്നുവെന്നും  ഇയാള്‍ പറയുന്നു. ഹോട്ടല്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് അന്ന് പോയത്. അതിന് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് വിശദീകരണം. 

താന്‍ ദിലീപിന്റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാള്‍ അവിടെ എത്തുകയും ദിലീപിന് ഒരു പെന്‍ഡ്രൈവ് കൈമാറുകയും ചെയ്‌തെന്നാണ് ബാലചന്ദ്രകുമാറിന്റെ ആരോപണം. ഈ പെന്‍ഡ്രൈവ് ലാപ്‌ടോപില്‍ ഘടിപ്പിച്ച ശേഷം പള്‍സര്‍ സുനിയുടെ ക്രൂരകൃത്യം കാണാന്‍ ദിലീപ് ക്ഷണിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നു, ഒരു വിഐപിയെ പോലെ പെരുമാറിയ ഇയാള്‍ ദിലീപിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നില്‍ ഇരുന്ന് ചീത്ത പറഞ്ഞാല്‍ മാത്രമെ സമാധാനം ആകൂവെന്ന് പറഞ്ഞതായും വെളിപ്പെടുത്തിയിരുന്നു. ഈ വിഐപി ആരാണെന്ന് അന്വേഷണ സംഘം ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. 

ഈ വിഐപിയെ ആറാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക