Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 15 January, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

പീഡനാരോപണത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സ്വന്തം നിലയില്‍ അപ്പീല്‍ പോകാനൊരുങ്ങി. പരാതിക്കാരിയായ കന്യാസ്ത്രി. മഠത്തില്‍ നിന്നു കൊണ്ട് തന്നെയാവും നിയമ പോരാട്ടം നടത്തുക. അതിനിടെ, ബിഷപ്പ് ഫ്രാങ്കോ കേസില്‍ അതിവേഗം അപ്പീല്‍ നല്‍കാനുള്ള സാധ്യത പൊലീസും തേടി. കോട്ടയം ജില്ലാ പൊലീസ് മേധാവി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂറ്ററോട് നിയമോപദേശം തേടി. നിയമോപദേശത്തിന് ശേഷം അപ്പീല്‍ നല്‍കാന്‍ ഡിജിപി മുഖേന സര്‍ക്കാരിന് കത്ത് നല്‍കും.
***********************
ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ വിഐപിയെ സംബന്ധിച്ച സസ്പെന്‍സ് നീളുന്നു. വിഐപി കോട്ടയം സ്വദേശി മെഹബൂബാണെന്ന് ഇന്ന് രാവിലെ മുതല്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെ മെഹബൂബ് ഇത് നിഷേധിച്ച് രംഗത്ത് വന്നു. എന്നാല്‍ വിഐപി മെഹബൂബാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പോലീസ് കാണിച്ച് ഫോട്ടോകളിലൊന്ന് മെഹബൂബിന്റേതായിരുന്നുവെന്നും സംവിദായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞു.
***********************
തൃക്കാക്കര എം.എല്‍.എ യും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.ടി.തോമസിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ വാങ്ങിയ പൂവിന്റെ പേരില്‍ നഗരസഭയില്‍ വിവാദം. പൂക്കള്‍ ഉപയോഗിക്കരുതെന്നും പുഷ്പ ചക്രം അര്‍പ്പിക്കരുതെന്നും അന്ത്യാഭിലാഷം അറിയിച്ചു യാത്രയായ പി.ടി യുടെ പൊതുദര്‍ശന ചടങ്ങില്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ പൂക്കള്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
************************
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ (അര്‍ബന്‍) സീറ്റില്‍ നിന്നും മത്സരിക്കും. ബിജെപി ഉച്ചയ്ക്ക് ശേഷം തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. ഇന്നത്തെ പട്ടികയില്‍ ബിജെപി മറ്റ് 105 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, ഇതില്‍ 83 സീറ്റുകളില്‍ ബി.ജെ.പി 2017-ല്‍ വിജയിച്ചിരുന്നു. വിജയിച്ച 63 എംഎല്‍എമാരെ നിലനിര്‍ത്തിയിട്ടുണ്ട്, ശേഷിക്കുന്ന 20 പേര്‍ പുതുമുഖങ്ങള്‍ ആണ്.
************************
പീഡനാരോപണത്തില്‍ കുറ്റവിമുക്തനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പിസി ജോര്‍ജിനെ സന്ദര്‍ശിച്ചു. പിസി ജോര്‍ജിന്റെ ഈരാട്ടുപേട്ടയിലെ വീട്ടിലെത്തിയാണ് ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയത്. കുറ്റാരോപിതനായ സാഹചര്യങ്ങളില്‍ തനിക്കൊപ്പം നിന്നതിന് നന്ദി പറയാനായിട്ടാണ് ബിഷപ്പ് എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പി.സി. ജോര്‍ജ് പ്രതികരിച്ചു.
***********************
ധീരജ് വധക്കേസില്‍ പ്രതികളെ പ്രതിരോധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊലക്കേസില്‍ അറസ്റ്റിലായ 5 പേര്‍ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് കെ സുധാകരന്റെ വാദം. നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല എന്നും സുധാകരന്‍ പറഞ്ഞു. ധീരജിനെ കുത്തിയത് ആരെന്ന് ദൃക്‌സാക്ഷികള്‍ക്ക് പറയാനാവുന്നില്ലെന്നാണ് സുധാകരന്‍ അവകാശപ്പെടുന്നത്. രക്ഷപ്പെടാന്‍ വേണ്ടിയാണ് നിഖില്‍ ഓടിയത്, കുത്തിയത് ആരും കണ്ടിട്ടില്ല എല്ലാ നിയമസഹായവും പ്രതികള്‍ക്ക് നല്‍കുമെന്ന് സുധാകരന്‍ വ്യക്തമാക്കി.
***************************
സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ കോവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സിപിഎം അടക്കം രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ഇന്ന് 17,755 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. 48 പേര്‍ക്ക് പുതുതായി ഒമിക്രോണും സ്ഥിരീകരിച്ചു.
*************************
സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികളില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എംഎല്‍എ, ഇ ജി മോഹനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ജില്ലാ ഭരണകൂടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.ഇതിന്റെ ഭാഗായി പൊതുയോഗങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും നിയന്ത്രണമുണ്ട്.
************************
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ മാധ്യമ വിചാരണ നടത്തുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും, പൊലീസിനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നിലനില്‍ക്കെ ദിലീപിനെതിരെ നടക്കുന്ന മാധ്യമ വിചാരണകളും, രഹസ്യ വിചാരണ നടത്തുന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉള്‍പ്പെടെ നടത്തുന്ന സമാന്തര മാധ്യമ വിചാരണയും തടയണമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ ശ്രീജിത് പെരുമന നല്‍കിയ ഹര്‍ജിയിലാണ് കേസെടുത്തത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക