വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ സുന്ദര ഗന്ധർവ്വൻ പ്രേം നസീറിന്റെ 33 -)൦ ഓർമദിനം ജനുവരി 16 ആണെല്ലോ? ഈ വർഷവും എഴുതണമെന്നുണ്ട്. അതിനിടയിൽ ഇന്നലെത്തെ മഴയ്ക്ക് കുരുത്തുവന്ന തകരപോലെ ഒരു നടൻ മറ്റു നടൻ മാർക്കും നാണക്കേടായി രംഗത്ത് വരുന്നു. ഈ മാന്യദേഹത്തിന്റെ മൂവി മേലിൽ കാണില്ല എന്ന സ്ഥിതിയിൽ പല കാണികളെയും എത്തിച്ചു. ഒന്നും എതിർത്ത് പറയാൻ ആവാതെ, മെഗാസ്റ്റാറുകളും നടന്മാരും അന്തിച്ചു നില്കുന്നു. എന്തും കാശു കൊണ്ട്നേടാൻ ആകും എന്ന് ഇതുപോലെ ചിന്തിക്കുന്നവർ, അല്ലെങ്കിൽ അവർക്കൊക്കെ ഒരു പാഠം ആയിരിക്കട്ടെ! ജയിലിൽ പോകേണ്ട ഒരു അവസ്ഥ ഉണ്ടായാലോ? എന്തുണ്ടായാലും, ഏറ്റവും വലുത് സ്വാതന്ത്ര്യ൦. വെളിച്ചം കാണാതെ അകത്തു കിടന്നാൽ എത്ര ഭാര്യമാർ ഉണ്ടായാലും എന്ത് പ്രേയോജനം.
കൈ വെട്ട്, കാലുവെട്ട് എന്നൊക്കെ ആജ്ഞാപിക്കാൻ ഇതെന്താ ബോംബെ അധോലോകമോ? എന്നാൽ പിന്നെ ഹാജി മസ്താനായോ, ദാവൂദ് ഇബ്രാഹിം ആയോ, അതും അല്ലെങ്കിൽ ശോഭ് രാജ് ആയൊക്കെയോ ജീവിച്ചാൽ പോരെ? തീയേറ്റർ മുഴുവൻ വാങ്ങുക, ആരുടെ ഒക്കെ പടം ഓടണം എന്ന് തീരുമാനിക്കുക, എത്ര ദിവസം ഓടണം. അമ്മ അസോസിയേഷൻ ഒക്കെ നോക്കി കുത്തികളായി നോക്കി നിൽക്കുക. കേട്ട് കേൾവിപോലും ഇല്ലാത്ത കാര്യം.
മറുനാടൻ, വിനു, ജോണി ലൂക്കോസ്, പി.ജി. സുരേഷ്‌കുമാർ ഇവരുടെ ഒക്കെ മുൻപിൽ ഭീഷണികൾ വിലപ്പോകില്ല. സാജന്റെയോ വിനുവിന്റോയോ മുൻപിൽ ഇങ്ങേരുടെ അഭ്യാസം എവിടെ? കൊഞ്ചു ചാടിയാൽ മുട്ടോളം, പിന്നെ ചട്ടിയിൽ. ഫ്രൈ ചെയ്യാൻ പാകത്തിൽ അഹങ്കാരം ചട്ടിയിൽ എത്തി നില്കുന്നു. പീഡിപ്പിച്ച ക്വേട്ടേഷൻ ടീമംഗം, ഒന്നാം പ്രതി, അകത്തു പോകുന്നു. മോഹനവാഗ്ദാനങ്ങൾ നല്കിയാണെല്ലോ ആ കൃത്യം ചെയ്യിച്ചത്. ജയിലിൽ ആയപ്പോൾ ഭീഷണിയുണ്ടെന്ന് പറഞ്ഞു അയാൾ അമ്മക്ക് കത്തയക്കുന്നു. അപ്പോൾ സഹായിച്ചവനെ പോലും ആവശ്യം കഴിഞ്ഞു തീർക്കാനുള്ള മനസ്. അതുപോലെ ഉണ്ടാകാം എന്ന് മണത്തറിഞ്ഞാണ് പങ്കാളി പോലും സ്ഥലം കാലിയാക്കിയതെന്നു ചാനൽ ചർച്ചയിൽ കേട്ടു
ആവശ്യും കഴിഞ്ഞാൽ കറിയാപ്പില പോലെ. പ്രേം നസീറും, സത്യനും, കൊട്ടാരക്കരയും, കൊടിയേറ്റം ഗോപിയും, തിലകനും, വേണുവും, മമ്മൂട്ടിയും, ലാലും, എൻ എഫ് വര്ഗീസും, ശങ്കരാടിയും, ജഗതിയും,സുരേഷ് ഗോപിയും, ജയറാമും അങ്ങനെ പലരും തകർത്ത സ്റ്റേജുകളിൽ ഈ കലാകാരനെ ഒരു മിമിക്രി ആര്ടിസ്റ് മാത്രമായേ എനിക്ക് കാണാനാകൂ. ഗോഷ്ഠികൾ, അതിനെ ഞാൻ അതിന്റെ വഴിക്കു വിടുന്നു. അയാൾ ഒരു പൂർണ നടൻ അല്ല. അതിലും എത്രയോ ഭംഗിയായി ആ വേഷങ്ങളിൽ കലാഭവൻ മണി നമ്മെ രസിപ്പിച്ചിട്ടുണ്ട്.
സിബിഐ ഡയറികുറിപ് എന്ന മൂവിയിൽ മകളുടെ മരണത്തിൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു ഫലം കണ്ടില്ലെന്നു വന്നപ്പോൾ കൊല്ലപ്പെട്ട സ്ത്രീയുടെ അച്ഛനായി വരുന്ന ബഹദൂറും മരിച്ച സ്ത്രീയുടെ അനുജത്തി ഉർവശിയും കൂടി ആഭ്യന്തര മന്ത്രിയായി വരുന്ന സി ഐ പോളിന് പരാതികൊടുക്കുമ്പോൾ പറയുന്ന ഡയലോഗ് ഓർമയിൽ വരുന്നു. "പരാതികൊടുക്കാൻ പോലീസ് സ്റ്റേഷനിൽ പോയ ഞങ്ങളെ പോലീസ് അടിച്ചു സർ". പോലീസ് മന്ത്രി, " അടിക്കാൻ ആണെല്ലോ പോലീസ്". റേപ് കേസിലും, മോഷണങ്ങളും മറ്റും തെളിയിക്കാൻ ചിലപ്പോൾ പോലീസ് അവരുടെ മൂന്നാം മുറ പുറത്തെടുത്തെന്നു വരും. അങ്ങനെ ഉള്ള കുറ്റക്കാരെ മാലയിട്ടു സ്വീകരിക്കാൻ അവർക്കു കഴിഞ്ഞെന്നു വരില്ല. ജനപ്രിയ നടനും ആരാധകരും ഒക്കെ പുറത്ത്. പാവപെട്ട ഒരു യുവതിയെ രാത്രിയിൽ കോട്ടെഷൻ കൊടുത്തു അപമാനിച്ച പ്രതികളെ പൂവിട്ടു പൂജിക്കാനോ അല്ലെങ്കിൽ പൂമാലയിട്ടുള്ള സ്വീകരണമോ അവർക്കു കിട്ടികാണില്ല. ഇനിയെങ്കിലും ഇതൊക്കെ അവർക്കൊരു പാഠമായിരിക്കട്ടെ!
നടിയെ ആക്രമിച്ച കേസിൽ സ്ഥിരമായി ചാനാലുകളിൽ വരുന്ന ചർച്ച നാം കേൾക്കാറുണ്ട്. സിറ്റി ന്യൂസ്, റിപ്പോർട്ടർ ടീവി, ക്രൈം റിപ്പോർട്ടർ, ഏഷ്യാനെറ്റ്, കൈരളി, മറുനാടൻ, മനോരമ, 24 ന്യുസ്, ഫ്ലവേർസ് തുടങ്ങി എത്ര ചാനലുകൾ നമ്മുക്കുണ്ട്. വിനു, ജോണി ലൂക്കോസ്, പി ബി രാധാകൃഷ്ണൻ, നികേഷ് ഇവരൊക്കെ പങ്കെടുക്കുന്ന ചർച്ചകളിൽ പങ്കെടുക്കുമ്പോൾ, അവരോടൊപ്പം ഉണ്ടാകുക റിട്ടയേർഡ് ഡിജിപി അടക്കമുള്ള പോലീസ് ഓഫീസർമാർ, ജഡ്ജിമാർ, വക്കിലന്മാർ, വനിതാ പ്രവർത്തകർ, പത്രപ്രവർത്തകർ, മറ്റു മാധ്യമ പ്രവർത്തകർ, സിനിമ മേഖലയിലുള്ള നടൻമാർ, നടികൾ, സംവിധായകർ, നിർമാതാക്കൾ, രാഷ്ട്രീയ നേതാക്കൾ ഒക്കെ തന്നെ, കുറ്റാരോപിതനായ നടനെ അനുകൂലിച്ചും, പ്രതികൂലിച്ചും സംസാരിക്കുന്നു. ചിലർ മനപ്പൂർവം നടനെ അനുകൂലിച്ചു സംസാരിക്കുന്നതായി നാം കാണുന്നു. അതൊക്കെ മിക്കവാറും അവരുടെ നിലനില്പിന്റെ പ്രശ്നമായത് കൊണ്ടാകാം.
ഏഷ്യാനെറ്റിൽ വിനുവിന്റെ ചർച്ചയിൽ പങ്കെടുത്ത റിട്ട. എസ് പി ജോർജ് ജോസഫ് ചർച്ച തുടങ്ങും മുൻപായി, അദ്ദേഹവും കുടുബവും ദിലീപിന്റെ മൂവി കാണാറുണ്ടെന്നും അത് കണ്ടു ചിരിക്കാറുണ്ടെന്നും പറഞ്ഞു തുടങ്ങുന്നു. (സുകുമാരകുറുപ്പിന്റെ കേസ് അന്വേഷിച്ചത് ജോർജ് ജോസഫ് ). ഇടക്ക് കയറി വിനു പറയുന്നു, അദ്ദേഹം ദിലീപിന്റെ മൂവി കാണാറില്ലെന്നും. മൂവി കാണുന്നതും കാണാത്തതും ഓരോരുത്തരുടെ വ്യക്തി പരമായ താല്പര്യ൦. ഞാനും കുടുംബവും അദ്ദേഹത്തിന്റെ സിനിമകൾ കാണാറില്ല.
പുതിയ വെളിപ്പെടുത്തലുമായിവന്ന മൂവി ഡയറക്ടർ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ കേസിലെ വിട്ടു പോയ കണ്ണികൾ കൂട്ടി കൂട്ടിച്ചേർക്കാൻ ഉതകും എന്ന് വിദഗ്ദരുടെ അഭിപ്രായം. ഇത്രയും കാലം എന്തുകൊണ്ട് വൈകി എന്ന് ചോദ്യത്തിനുത്തരമായി, ബാലു പറയുന്നു നേരത്തെ ആയാൽ അല്ലെങ്കിൽ ഇപ്പോൾ ആയാൽ വിധിക്കെന്തു മാറ്റം. എപ്പോൾ പറയണം എന്ന് പറയേണ്ട ആൾ തീരുമാനിക്കും. പൾസർ സുനിയുമായി ദിലീപിനുള്ള ബന്ധം അറിയാവുന്ന ഏക വ്യക്തി ബാലു തന്നെ.
ചിലപ്പോൾ ഒരു സ്ക്രിപ്റ്റർ അല്ലെങ്കിൽ ഒരു സംവിധായകൻ എന്ന നിലയിലുള്ള ഒരാൾ ആയതുകൊണ്ടാകാം കേസിലെ കണ്ണികൾ ഒരു തിരക്കഥയിലെന്നപോലെ കൂട്ടി യോജിപ്പിച്ചു ചീഫ് മിനിസ്റ്ററുടെ അടുത്തെത്തിക്കാൻ കഴിഞ്ഞത്. ഏതെങ്കിലും ഒരു കാരണത്താൽ തുടരന്വേഷണം സാധ്യമായില്ലെങ്കിൽ, എല്ലാ ചാനലുകളിലൂടെയും ജനങ്ങളിലേക്കെത്തിക്കാനും അതിന്റെ കോപ്പികൾ വേണ്ടടുത്തെത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇത് അദ്ദേഹത്തിന്റെ വിജയമായും അതിലേറെ അദ്ദേഹത്തിന് തോന്നിയ ഭയം ഒരു പരിധിവരെ തടയിടാനുള്ള ഉപാധിയായും മാറി. ഒരു പടം നടക്കാതെ പോയതിലുള്ള വൈരാഗ്യമാണ് അദ്ദേഹത്തിനെന്നു ചിലർ പറയുമ്പോൾ, അത് വേണ്ടന്നു വെച്ചതും ബാലു തന്നെ എന്ന് സമര്ഥിക്കാനുള്ള രേഖകൾ അദ്ദേഹത്തിന്റെ കൈവശം ഉണ്ട്.
പൾസർ സുനി അദ്ദേഹത്തിന്റെ അമ്മക്ക് അയച്ച കത്തിൽ, ഒരു പരിധി വരെ അന്വേഷകരുടെ ജോലി കുറയുന്നു. പെട്ടുപോയെന്നും ജീവന് ഭീഷണിയുണ്ടെന്നും ഒക്കെ പറയുമ്പോൾ, ഈ വെളിപ്പെടുത്തലുകൾ യഥാർത്ഥ വ്യക്തിയിലേക്ക് വിരൽ ചൂണ്ടുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ കൂടി കൂട്ടി വായിക്കുമ്പോൾ കപ്പലിൽ തന്നെ കള്ളൻ. ബാലുവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ തിരിച്ചറിവ് കേസ് ഇവിടെ കൊണ്ടെത്തിച്ചു. മുക്കിനു മുക്കിനുള്ള സ്ഥലങ്ങളിൽ ലയൺസ് എന്ന ഗ്രൂപ്പിലുള്ള ആൾകാർ സല്യൂട്ടടിക്കാൻ കാത്തുനിൽകുന്നതും, കണ്ടില്ലെങ്കിൽ, ഉടെനെ നീ എവിടെ പോയി എന്ന് ചോദിക്കുന്നതിനും ഒക്കെ ഗാങ് ലീഡർ ചോദിക്കുന്നതിനും ബാലു സാക്ഷ്യും വഹിച്ചിട്ടുണ്ട് എന്ന് സാഷ്യപെടുത്തുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ ജീവന് ഒന്നര കോടി രൂപ വിലയിടുന്നതിനും ബാലചന്ദ്രകുമാർ സാക്ഷി ആകേണ്ടിവന്നു എന്ന് ചാനൽ അഭിമുഖത്തിൽ സൂചിപ്പിക്കുന്നു. അപ്പോൾ തീർച്ചയായും ബാലു ഭയപെടുന്നതിനെന്തു തെറ്റ് .
ഈ നടനെ കുറെയേറെ വർങ്ങൾക്കു മുൻപ് എന്നുപറയുമ്പോൾ, സല്ലാപം മൂവി ഇറങ്ങിയതിനു ശേഷം. അതായിരുന്നല്ലോ അദ്ദേഹത്തിന്റെ തുടക്കവും തുറുപ്പു ചീട്ടും. ഒരു മധ്യപ്രവർത്തകൻ ന്യൂ യോര്കിൽ ഇന്റർവ്യൂ ചെയ്തതും ഞാൻ ഓർമ്മിക്കുന്നു. ഇവിടെ തങ്ങാൻ താല്പര്യ മുണ്ടോ എന്ന് ചോദ്യത്തിന് മറുപടിയായി ഒരിക്കൽ കൂടി പോയിട്ടു വന്നിട്ട് തീരുമാനിക്കാം. പിന്നെ നാം കാണുന്നത് തികച്ചും മലയാള സിനിമയുടെ, പ്രായ കുറവാണെങ്കിൽ കൂടി, ചുക്കാൻ പിടിക്കുന്ന ഒരാളായ നടനാണ്. ഏതു നടികളെ മാറ്റി നിർത്തണം, എത്ര ദിവസം ഏതൊക്കെ തീയേറ്ററിൽ ഓടണം, ആരുടെ ഒക്കെ പടം ഓടണം. മറ്റുനടന്മാരുടെ മികച്ച പടങ്ങൾ ഫാൻസുകളെ ഇറക്കി തീയേറ്ററിൽ കൂകി വിളിക്കുക. ചുരുക്കി പറഞ്ഞാൽ ഒരു വൺ മാൻ ഷോ. ഒറ്റയാൾ പട്ടാളം എന്നൊക്കെ പറയുംപോലെ. ഈ ആർത്തിയും ഗുണ്ടായിസവും എവിടെ കൊണ്ടെത്തിക്കും?
പീഡിപ്പിക്കപ്പെട്ട നടിയോടൊപ്പം, പ്രതിസ്ഥാനത്തു നിൽക്കുന്ന നടനും ഇപ്പോഴത്തെ ഭാര്യയും അമേരിക്കയിൽ കേസിനു അല്പം മുൻപുണ്ടായ ഷോയും ഓർമയിൽ വരുന്നു. അതിനു ശേഷം സ്പോൺസറിന്റെ വീട്ടിൽ കൂടിയ ബാർബക്യു സന്ധ്യയും പലരെ പോലെ എനിക്കും യൂട്യൂബിൽ കാണാനിടയായി. കുക്കിന്റെ വേഷത്തിൽ കുറ്റാരോപിതൻ, കൂക്കിങ്ങിലും മറ്റും ഇപ്പോഴത്തെ ഭാര്യയും (അന്ന് ആദ്യ ഭാര്യയുമായി ബന്ധം പിരിഞ്ഞിട്ടില്ല), പിന്നെ ഇര ആകേണ്ടി വന്ന നടിയും. അതിനു ശേഷമാണു കൊട്ടേഷനും പീഡനവുമൊക്കെ. മാസങ്ങൾക്കുള്ളിൽ ആരോപിതൻ ജയിലിൽ അകയും ചെയ്തു.
ഒരു പോലീസ് ഓഫീസർ ആയിരുന്നു എന്റെ പിതാവ് . 35 ൽ പരം വര്ഷം സേവനം അനുഷ്ടിച്ചു. പല പ്രമാദ കേസുകളിലും അദ്ദേഹത്തിന്റെസാന്നിധ്യം അറിയിച്ചിട്ടും ഉണ്ട്. അച്ചായന്റെ തലയിൽ തൊപ്പികണ്ടു കൊണ്ടാണ് എന്റെ ജനനവും. പൊൻകുന്നത്തു പോലീസ് സ്റ്റേഷനിൽ മുതിർന്ന പോലീസ് ഓഫീസറുമായുണ്ടായ ഒരു പ്രശ്നത്തിൽ അച്ചായനു ജോലി ഉപേഷിക്കേണ്ടിയും വന്നു. അന്ന് ഞാൻ പൊൻകുന്നത്ത് മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഹൈ കോർട്ടിൽ പോയി തിരികെ പൊൻകുന്നത്ത് തന്നെ നഷ്ട്ടപെട്ട ശമ്പളം അടക്കം തിരികെ കേറുമ്പോൾ ഒൻപതാം ക്ലാസ്സിൽ വീണ്ടും.
പ്രമാദ കേസുകളിൽ സാക്ഷി പറയുന്നവരുടെ ജീവൻ എപ്പോഴു൦ അപകടത്തിൽ തന്നെ. ഒരു അനുബന്ധം എന്നോളം ചെറിയ കഥ കൂടി.
1970- 75 കാലയളവിനുള്ളിൽ പാലായിൽ നടന്ന കൊലപാതകങ്ങൾ. ഞാൻ പാലാ സെന്റ് തോമസ് കോളേജ് ഡിഗ്രി വിദ്യാർത്ഥി. അച്ചായൻ പാലായിൽ പോലീസ് ഓഫീസർ. ഒരു കുടുംബത്തിലെ രണ്ടു സഹോദരങ്ങൾ വര്ഷത്തിന്റേയോ മാസങ്ങളുടെയോ വ്യത്യാസത്തിൽ കൊല്ലപ്പെടുന്നു. ഒരാൾ മരിച്ചതിനു അല്പം സമയത്തിനുള്ളിൽ അച്ചായന്റെ അനുവാദം ചോദിച്ചു ഡെഡ് ബോഡി കിടക്കുന്നതു കാണുന്നു. കുറെ ദിവസങ്ങൾ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. കുറെ മാസങ്ങൾ കഴിഞ്ഞു എന്റെ ഡിഗ്രി ഫൈനൽ എക്സാം വരുന്നു. സ്റ്റഡി ലീവിൽ നന്നായി തയ്യാറെടുത്തു. പരീക്ഷയുടെ തലേ ദിവസം ഞാൻ വായിക്കാറും, പഠിക്കാറും ഇല്ല. മനസ് ശാന്തമായി ഇരിക്കട്ടെ, അതല്ലേ അതിന്റെ ഒരു ഇത്.
സമീപത്തുള്ള കട്ടക്കയം തീയേറ്ററിൽ ഏഴു മണിക്കുള്ള മൂവി കാണാൻ പോകുന്നു. പടം കാണുന്നതിന് മുൻപേ തിരികെ പോരേണ്ടിയും വന്നു. മാസങ്ങൾക്കു മുൻപ് കൊല്ലപ്പെട്ട ആളുടെ ഇളയ സഹോദരൻ നെഞ്ചിൽ കുത്തേറ്റു എന്റെ അമ്മെ എന്ന് അലറി വിളിച്ചു വെളിയിൽ വരുന്ന ആളെയാണ് ഞാൻ കാണുന്നത്. ആ കുടുംബത്തെ മുഴുവൻ ഞങ്ങൾക്ക് അറിയാവുന്നതും ആണ്. കുത്തേറ്റ ആൾ നടന്നു തളർന്നു വെളിയിൽ വരുന്നു. കാപ്പിപ്പൊടി നിറമുള്ള ഷർട്ട് ആയിരുന്നതിനാൽ രക്തത്തിന്റെ നിറവും അത് തന്നെ.
ഇതൊക്കെ കാർണിവൽ കാണുന്നതുപോലെ രണ്ടു സൈഡിലും ഉള്ള കച്ചവടക്കാരും വഴിപോക്കരും ശ്വാസമടക്കി കാണുന്നതും ഞാൻ ശ്രദ്ധിച്ചു. വിട്ടിട്ടു പോകാൻ മനസ് അനുവദിച്ചില്ല. അതുമല്ല എനിക്കും ഞങ്ങളുടെ കുടുംബത്തിനും അറിയാവുന്ന വ്യക്തി. ഞാൻ ന്യായീകരിക്കുന്നില്ല. അടുത്ത് കിടന്ന ജീപ്പിൽ അയാൾ തന്നെ കേറുന്നു. ഞാൻ അടുത്ത് ചെല്ലുന്നു. അമ്മെ അമ്മെ വിളികൾ മാത്രം. വേദനയിൽ പുളയുമ്പോളും ആ വിളി ഞാൻ മറക്കില്ല. ഈ രംഗം ഞാൻ കാണുമ്പോൾ ഒരാൾ ഏതോ കാര്യ൦ സാധിച്ചതുപോലെ മുണ്ടു മടക്കി കുത്തി എതിർ വശത്തു പാർക്ക് ചെയ്തിരുന്ന റോയൽ എൻ ഫീൽഡ് ബുള്ളറ്റിൽ പോകുന്നതിനും ഞാൻ സാക്ഷി ആകേണ്ടി വന്നു. അദ്ദേഹത്തെയും പലപ്പോഴു൦ ഞാൻ പാലായിൽ കണ്ടിട്ടുണ്ട്.
കുത്തേറ്റയാൾ ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഇളയസഹോദരിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. മരിക്കുമെന്ന് ഡോക്ടറിന് അറിയയാവുന്നതുകൊണ്ടാകാം, മരിക്കുന്നതിന് മുൻപേ സഹോദരിയെ എത്തിച്ചു കാണിക്കയും ചെയ്തു. എനിക്കൊന്നുമില്ല എന്നുപറഞ്ഞു മിനിറ്റുകൾക്കുള്ളിൽ ഈ ലോകത്തോട് യാത്ര പറയുകയും ചെയ്തു.
വീട്ടിൽ വന്നു അച്ചായനോട് കാര്യങ്ങൾ പറഞ്ഞു. ചിലപ്പോൾ അച്ചായൻ ഒരു പോലീസ് ഓഫീസർ ആയതുകൊണ്ടാകാം, പറഞ്ഞു നീ മൂവി കാണാൻ പോയിട്ടും ഇല്ല, പരീക്ഷ ആയതിനാൽ അന്ന് നീ വീട്ടിൽ ആയിരുന്നു എന്നും. അത് ഞാൻ എന്നിൽ മാത്രം ഒതുക്കി. ഞാൻ കണ്ട പ്രതി എന്ന് തോന്നിപ്പിച്ച ആൾ രക്ഷപെടുകയും ചെയ്തു. അച്ചായൻ പറഞ്ഞത് ചിലപ്പോൾ പാലായിൽ എനിക്ക് വരാവുന്ന അപകടത്തെപ്പറ്റി മുൻകൂട്ടി കണ്ടതു കൊണ്ടാകാം എന്നെ പിന്തിരിപ്പിച്ചത്. സാക്ഷി പറയുന്നവരുടെ ജീവന് ഭീഷണി ഉണ്ട്. വമ്പന്മാർ ആകുമ്പോൾ അതിന്റെ ആക്കം കൂടും.
ഈ രണ്ടു മരണങ്ങളുമായി ബന്ധപെട്ടു അധികം താമസിയാതെ അച്ചായന്റെ കൂടെ ജോലി ചെയ്ത മറ്റൊരു പോലീസ് ഓഫീസർ കൊല്ലപ്പെടുകയും ചെയ്തു. അതും രാത്രിയിൽ നടന്ന സംഭവം ആണ്. അതിനും എന്റെ വളരെ അടുത്ത സുഹൃത്ത് സാക്ഷി ആകേണ്ടി വന്നു. അതും അദ്ദേഹം എന്നോട് തുറന്നു പറഞ്ഞിട്ടും ഉണ്ട്. അവിടെയും അതിനു സാക്ഷി ഉണ്ടായില്ല. കേസ് വിട്ടു പോയി.
അതിനു ശേഷം പലപ്പോഴും അച്ചായൻ അമ്മയോട് പറയുന്നത് ഞാൻ കേട്ടിട്ടൂണ്ട് ഒരു സ്ഥലം മാറ്റം വാങ്ങി പോയാലോ എന്ന്. രാത്രി താമസിച്ചു ഒറ്റയ്ക്ക് വരുമ്പോൾ എപ്പോഴു൦ തിരിഞ്ഞു തിരിഞ്ഞു നോക്കാറുള്ളതും അമ്മയോട് പറയുന്നതും ഞാൻ കേട്ടിട്ടുണ്ട്. കിരീടത്തിലെ പോലെ ഒരു സേതുമാധവൻ അകാൻ എനിക്ക് പറ്റില്ലല്ലോ? സിനിമയും ജീവിതവും രണ്ടും രണ്ട്.
മിക്ക റേപ്പുകളും സ്ത്രീകളുടെ മേലുള്ള അതിക്രമങ്ങളും അടച്ചിട്ട കോടതി മുറികളിലാണ് കേസുകൾ നടക്കാറ്. പ്രതി ഭാഗം വക്കിൽ ചോദിക്കുന്ന ഹീനമായ ചോദ്യങ്ങൾക്കു മറുപടി പറയേണ്ടി വരുന്നത് കൊണ്ടാകാം പലരും രംഗത്ത് വരാത്തത്. അത് കൊണ്ടാണല്ലോ ബിഷപ്പ് ഫ്രാങ്കോ കുറ്റ വിമുക്തൻ ആയത്. ജഡ്ജ്മെന്റിൽ ഒരു ഭാഗത്തു പറയുന്നു 20-)൦ നമ്പർ മുറിയിൽ പീഡിപ്പിക്കപെട്ടപ്പോൾ ഒരു ശബ്‍ദവും അടുത്ത മുറിയിലോ വെന്റിലേറ്റർ ഉള്ള മുറിയിൽ വെളിയിൽ ആരും കേൾക്കാനോ ഇടയുണ്ടായില്ല എന്ന്. അതെന്താ ഇതൊക്കെ സംഭവിക്കുമ്പോൾ ആൾകാർ മുൻകൂട്ടി സംഭവിക്കും എന്നറിഞ്ഞു ഉണർന്നിരിക്കണോ?
അല്ലെങ്കിൽ മുൻകൂട്ടി കണ്ടു സൗണ്ട് സിസ്റ്റം അറേഞ്ച് ചെയ്തു പബ്ലിക്കായി രാത്രിയിൽ മറ്റുള്ളവരെ കേൾപ്പിക്കണം ഏഷ്യാനെറ്റ് വിനുവിന്റെ ഭാഷയിൽ പറഞ്ഞാൽ ഉണികോരൻ കണ്ടുപിടിത്തം.
പീഡിപ്പിക്കപ്പെട്ട ആൾ മുഖം മൂടി വലിച്ചെറിഞ്ഞു രംഗത്ത് വന്നു പബ്ലിക്കായി മറ്റൊരു കോടതിയെ നേരിടുമ്പോൾ കീഴ്ക്കോടതിയുടെ വിധിയുടെ പ്രസക്തി എന്തായിരുന്നു എന്ന് അപ്പോൾ കാണാം.
ജസ്റ്റിസ് കമൽ പാഷ (റിട്ടയേർഡ്) പറഞ്ഞത്, കന്യാസ്ത്രീ പറഞ്ഞത് മുഴുവൻ നുണയാണെന്ന് സ്ഥാപിക്കാനുള്ള ഗവേഷണമാണ് കോടതി നടത്തിയതെന്നാണ്. " നീതിന്യായ വ്യവസ്ഥയെ ഇതു 40 കൊല്ലം പിന്നോട്ടടിക്കുന്നു ". ഈ ജഡ്ജിന്റെ കയ്യിലായിരുന്നു വിധിയെങ്കിൽ ബിഷോപിന്റെ ശേഷകാലം ജയിലിൽഎന്ന് വ്യക്തം.
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ കോട്ടെഷൻ കൊടുത്തു അത് കുടുംബത്തോടും മറ്റുള്ളവരോടും കൂടി കണ്ട് ആസ്വദിക്കുക. ഇതു പോലെ ഉള്ള ക്രിമിനലുകളുടെ സിനിമ ഒരിക്കലും കാണരുത്. മറ്റു നടന്മാർക്ക് പോലും ഒരു അപമാനം ആണെന്ന് തിരിച്ചറിയുക.
ആക്രമിക്കപ്പെട്ട നടിയുടെ കൂടെ നിന്നിട്ടുള്ള പലനടികൾക്കും അമ്മ എന്ന അസോസിയേഷനിൽ നിന്നും പുറത്തു പോകേണ്ടി വന്നു. അവരിൽ പലരെയും വളരെ വിരളമായി മാത്രമേ പിന്നെ മൂവിയിൽ കണ്ടിട്ടുള്ളു. ഇങ്ങനെ കാര്യങ്ങൾ പോകുമ്പോൾ മറ്റു നടിമാർ എങ്ങനെ ഇരക്കൊപ്പം നിൽക്കും. ഇതൊക്കെ നിലനിൽപ്പിന്റെ കാര്യങ്ങൾ കൂടിയല്ലേ?.