2024 ൽ ഹിലരിയും ട്രംപും വീണ്ടും ഏറ്റുമുട്ടാൻ സാധ്യതയെന്ന് ഡിക്ക് മോറിസ് 

Published on 17 January, 2022
2024 ൽ ഹിലരിയും ട്രംപും വീണ്ടും ഏറ്റുമുട്ടാൻ സാധ്യതയെന്ന് ഡിക്ക് മോറിസ് 

ഹിലരി ക്ലിന്റണും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ 2024-ൽ വീണ്ടും പ്രസിഡണ്ട് പദത്തിന്   ഏറ്റുമുട്ടുന്നതിന് സാധ്യത ഏറെയുണ്ടെന്ന്  ബിൽ ക്ലിന്റന്റെ ഉപദേശകനായിരുന്ന  ഡിക്ക് മോറിസ് അഭിപ്രായപ്പെട്ടു.

2022ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് കോൺഗ്രസിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയാണെങ്കിൽ, പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും സാധ്യത മങ്ങുമെന്നും ഇത് ഹിലരി ക്ലിന്റന് വീണ്ടും മത്സരക്കളത്തിൽ ഇറങ്ങാൻ  വഴിയൊരുക്കുമെന്നും മോറിസ് ഞായറാഴ്ച റേഡിയോ ഷോയ്ക്കിടെ  പറഞ്ഞു.

മറ്റാർക്കും സാധിക്കാത്ത  മികച്ച തന്ത്രങ്ങളാണ്  ഹിലരി ഒരുക്കിയിരിക്കുന്നതെന്നും ഉയർന്ന ചിന്താശേഷിയുള്ള ഒരാൾക്ക്  (ബിൽ ക്ലിന്റൺ) മാത്രമേ ഇതിന് കഴിയൂ എന്ന് വിശ്വസിക്കുന്നതായും മോറിസ് കൂട്ടിച്ചേർത്തു. ഇടക്കാല തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബൈഡനെയും ഹാരിസിനെയും ഡെമോക്രറ്റുകൾ കയ്യൊഴിയുമെന്നാണ് മോറിസിന്റെ അനുമാനം.

 ഡെമോക്രാറ്റുകൾ ആരും തന്നെ ഇതുവരെ ബൈഡനെ പരസ്യമായി വിമർശിച്ചിട്ടില്ല.

ബൈഡനേക്കാൾ  പ്രായം കുറഞ്ഞ പരിചയസമ്പന്നയായ ദേശീയ നേതാവെന്ന നിലയ്ക്ക് ഹിലരിയിൽ കൂടുതൽ പ്രതീക്ഷയർപ്പിക്കാനാകും. പാർട്ടി നിലവിൽ സ്വീകരിക്കുന്ന അസംഘടിതവും ജനപ്രീതിയില്ലാത്തതുമായ സമീപനത്തിൽ നിന്ന് വ്യത്യസ്തമായ സമീപനം വാഗ്ദാനം ചെയ്യാനും ഇവർക്ക് സാധിക്കുമെന്നാണ് കരുതുന്നത്. 2024 ൽ ഹിലാരിക്ക് 77 വയസ്; ബൈഡനു 82. ട്രംപിന് ൭൮ വയസ്.

ബൈഡന്റെ ബിൽഡ് ബാക്ക് ബെറ്റർ പദ്ധതിയും  തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും ഉൾപ്പെടെയുള്ള  നിയമനിർമ്മാണ അജണ്ടയെച്ചൊല്ലി മിതവാദികളും പുരോഗമനവാദികളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്. ഹിലരിയും  ഭർത്താവ് ക്ലിന്റണും ഡെമോക്രാറ്റിക് പാർട്ടി  നേതൃത്വത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സാധ്യത ഇതിലൂടെ വർദ്ധിക്കുമെന്ന് കഴിഞ്ഞയാഴ്ച പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു.
ക്ഷമയോടെ കാത്തിരുന്ന്  കൃത്യസമയത്ത് തിരിച്ചുവരവ് നടത്താനുള്ള കഴിവ് ഹിലരിക്കുണ്ടെന്നും മോറിസ് വ്യക്തമാക്കി.
  
2024-ൽ താൻ വീണ്ടും മത്സരിക്കുമെന്ന് ട്രംപ്  ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രതീക്ഷ അദ്ദേഹത്തിന്  തന്നെയാണ്.

അടുത്തിടെ നടത്തിയ റോയിട്ടേഴ്‌സ്/ഇപ്‌സോസ് സർവേയിൽ, റിപ്പബ്ലിക്കൻമാരിൽ 54 ശതമാനം പിന്തുണയുമായി  ട്രംപ് തന്നെയാണ് മുന്നിൽ. തൊട്ടു പിന്നിലുള്ള  ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസിന് 11 ശതമാനം പിന്തുണ  മാത്രമേ ലഭിച്ചുള്ളൂ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക