പെഞ്ചിൻ്റെ ശ്രീക്കു വിട (ദുർഗ മനോജ് )

Published on 18 January, 2022
പെഞ്ചിൻ്റെ ശ്രീക്കു വിട (ദുർഗ മനോജ് )

ഇതൊരു അമ്മയെക്കുറിച്ചാണ്. നിഷ്ഠൂരം മക്കളെ കൊല ചെയ്യുന്ന അമ്മമാർ നിറയുന്ന ലോകത്ത് അത്ഭുതമാണ് ഈ അമ്മ. ഒന്നും രണ്ടുമല്ല 29 മക്കളെയാണവൾ സമ്മാനിച്ചത്.
അതിനാൽത്തന്നെ സൂപ്പർ മോം എന്നാണു കോളർ വാലി അറിയപ്പെട്ടിരുന്നത്.


ഉറപ്പായും ഇതു മനുഷ്യരുടെ കഥയല്ല. എന്നാലോ മനുഷ്യരേക്കാൾ ഭംഗിയായി മക്കളെ പെറ്റു പോറ്റിയ ഒരു അമ്മക്കടുവയുടെ ജീവിത ചിത്രമാണ്. ഇവൾ മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിൻ്റെ മുഖശ്രീ ആണ്. ശനിയാഴ്ച വൈകുന്നേരം  കടുവാ സങ്കേതത്തിൽ വച്ചായിരുന്നു വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാൽ അവൾ മരിച്ചത്. സാധാരണ കടുവകളുടെ ശരാശരി ആയുസ്സ് പന്ത്രണ്ട് ആയിരിക്കെ ഈ അമ്മക്കടുവ 17 വയസ്സുവരെ ജീവിച്ചത് ഒട്ടും ചെറിയ കാര്യമല്ല. ചെറിയ അവശതകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവളെ നിരീക്ഷിച്ചുവരികയായിരുന്നു. 2010 ൽ അവളുടെ കഴുത്തിൽ നിരീക്ഷണത്തിനായി കോളർ ഘടിപ്പിച്ചിരുന്നു. അതിനാൽ അവളെ ഗ്രാമവാസികൾ കോളർ വാലി എന്നാണു വിളിച്ചിരുന്നത്.
ഭാരതത്തിലെ കടുവകളുടെ എണ്ണം, ലോകത്തിലെ ആകെ കടുവകളുടെ മൂന്നിൽ രണ്ടു വരും.അതിൽ മധ്യപ്രദേശിൻ്റെ സംഭാവനയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്.

നമുക്കു കടുവകൾ എന്നാൽ ഓർമ്മ വരുക, അനുവാദമില്ലാതെ മനുഷ്യവാസ ഇടങ്ങളിൽ കടന്നു ചെന്ന് ആടുമാടുകളേയോ ചിലപ്പോൾ മനുഷ്യരെത്തന്നെയോ ആക്രമിക്കുന്ന ക്രൂര മൃഗം എന്ന നിലയിലാവും. പഴയ നരഭോജിക്കടുവകളുടെ കഥകൾ അതിന് എരിവു കൂട്ടും. ഓർമ്മയുണ്ടല്ലോ നമ്മുടെ ജിം കോർബറ്റിനെ. നരഭോജികടുവയെ നായാടിക്കൊന്ന ആ വീരപുരുഷൻ്റെ പേര് ഒരു നാഷണൽ പാർക്കിനു നൽകുകയും ചെയ്തു നമ്മൾ.എന്നാൽ ഗ്രാമവാസികളെ തീരെ കണ്ട ഭാവം വയ്ക്കാതെ, മനുഷ്യരോട് ഏറെക്കുറെ ഇണങ്ങി ജീവിക്കുന്ന കടുവകളും ഉണ്ട്. ഏതു ശിക്കാരി ശംഭുവിനും ധൈര്യമായി കണ്ടു പോകാം ഇവരെ.കോളർ വാലിയും സംഘവും അതിൽപ്പെടും. കുഞ്ഞുങ്ങളുമായി അലസമായി നടന്നു പോകുമ്പോൾ വേണമെങ്കിൽ ഒന്നു പോസ് ചെയ്തു നിൽക്കാനും മടിക്കില്ല. നല്ല തിളങ്ങുന്ന മഞ്ഞയും കറുപ്പും വരകൾക്കുള്ളിലെ ഉജ്ജ്വല സൗന്ദര്യം പകർത്താത്ത എത്ര വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുണ്ടാകും. അത്തരത്തിൽ പെഞ്ചിലേക്കു കടന്നു ചെന്നവരെ സൂപ്പർ മോം ഏതായാലും നിരാശരാക്കി മടക്കിയിട്ടില്ല. ഒരു പക്ഷേ ഏറ്റവും കൂടുതൽ ചിത്രങ്ങൾ എടുക്കപ്പെട്ടിട്ടുള്ള അമ്മക്കടുവയും ഇവൾ ആകാം.

പെഞ്ച് കടുവാ സങ്കേതത്തിൽ എത്തുന്നവർക്കെല്ലാം സുപരിചിത ആയിരുന്നു ഈ അമ്മക്കടുവ. ഇവിടുത്തെ കടുവകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുവാൻ ഏറെ സഹായിച്ചതും കോളർ വാലിയാണ്. വെറുമൊരു കടുവയായിക്കണ്ടല്ല കോളർ വാലിയെ സംസ്ക്കരിച്ചത്. എല്ലാവിധ ബഹുമതികളോടും കൂടി പൂക്കൾ കൊണ്ടലങ്കരിച്ച്, ചിതയൊരുക്കിയായിരുന്നു അവളുടെ സംസ്ക്കാരം. ധാരാളം പേര് അവൾക്ക് അന്തിമോപചാരം അർപ്പിക്കുവാനും എത്തിയിരുന്നു. ഈ അമ്മക്കു പ്രണാമം. ഇതുപോലൊരു സൂപ്പർ മോം ഇനിയുണ്ടാകുമോ വേറെ?

പെഞ്ചിൻ്റെ ശ്രീക്കു വിട (ദുർഗ മനോജ് )പെഞ്ചിൻ്റെ ശ്രീക്കു വിട (ദുർഗ മനോജ് )പെഞ്ചിൻ്റെ ശ്രീക്കു വിട (ദുർഗ മനോജ് )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക