ഞാനിപ്പം നിൽക്കണോ പോണോ? എന്നു സ്വന്തം കൊറോണ (ദുർഗ മനോജ് )

Published on 20 January, 2022
ഞാനിപ്പം നിൽക്കണോ പോണോ? എന്നു സ്വന്തം കൊറോണ (ദുർഗ മനോജ് )

ചോദ്യം കൊറോണയുടേതാണ്. കാര്യം എന്തായാലും 2019 ൽ എഴുന്നെള്ളി, 2020നെ കുട്ടിച്ചോറാക്കി, 21 ലും 22 ലും രൂപം മാറി ഭീഷണി തുടരുന്ന ലോകത്തിൻ്റെ സ്വന്തം കൊറോണ യാണു മേൽപ്പറഞ്ഞ ചോദ്യം ചോദിക്കുന്നത്. വന്നപ്പോൾ പഴയ കവലച്ചട്ടമ്പിയെപ്പോലെ മുണ്ടു മടിക്കുത്തി, വള്ളി ട്രൗസർ പുറത്തു കാണിച്ച്, പേനാക്കത്തി ചൂണ്ടി വിറപ്പിച്ച വിറപ്പീര് ഇനി വേണ്ട മോനെ എന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ മൂക്കിനു കീഴെ ഇരുന്ന് ഒരാൾ പ്രഖ്യാപിച്ചു കഴിഞ്ഞു.  നമ്മുടെ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ആ നിലപാട് സ്വീകരിച്ചിരിക്കുന്നത്.ആ രാജ്യത്തെ ഒട്ടു മുക്കാൽ പേർക്കും രോഗം വന്നു പോയിട്ടുണ്ട്. ഏതാണ്ട് എല്ലാവരും രണ്ടു ഡോസും പോരാഞ്ഞ് ബൂസ്സ്റ്റർ ഡോസും എടുത്തു കഴിഞ്ഞു. ഇനിയും പാവം ജനങ്ങളെ വട്ടു തട്ടണ്ട എന്നാണു മൂപ്പരുടെ നിലപാട്. ഹൈ സ്ക്കൂളുകളിൽ ക്ലാസ് മുറിയിൽ മാസ്ക് വേണ്ടതില്ല. പിന്നെ തിരക്ക് കൂടുതലുള്ള ഭാഗത്തു സഞ്ചരിക്കമ്പോൾ മാസക് ഉപയോഗിക്കുന്നതു നല്ലതാണ് എന്നൊക്കെയാണ് പുതിയ നിർദ്ദേശങ്ങൾ. കൂടാതെ ഇനി വർക്ക് ഫ്രം ഹോമും മതിയാക്കാം എന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. സത്യത്തിൽ ഈ വാർത്ത കേട്ടു സന്തോഷിക്കുന്നത് യു കെക്കാർ മാത്രമായിരിക്കില്ല. കാരണം അത്രയേറെ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു ലോകമെമ്പാടുമുള്ള മനുഷ്യർ. ഏതാണ്ട് അമ്പത്തഞ്ചു ലക്ഷം പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ടൂറിസത്തിൻ്റെ കാര്യം ഹുദാ ഗവാ. ഏവിയേഷൻകാർ കൊറോണ വരാൻ കാത്തിരുന്ന പോലെ അറഞ്ചം പുറഞ്ചം ഫ്ലൈറ്റുകൾ നിർത്തലാക്കി. ജനം ആകെ പിടി വിട്ട അവസ്ഥയിൽ. അതിനാൽത്തന്നെ
ലോകം മുഴുവൻ കാത്തിരിക്കുകയാണ് മൂക്ക് മറ ഒഴിവാക്കുന്ന ആ സുവർണ്ണകാലം.

കാര്യങ്ങൾ യു.കെയിൽ ഇങ്ങനാണെങ്കിലും, അതങ്ങനല്ല ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ. യു. എസ്സിൽ നാന്നൂറു ദശലക്ഷം മാസ്ക്കുകൾ ജനങ്ങൾക്കു സൗജന്യമായി വിതരണം ചെയ്യാൻ പോവുകയാണ്. മാസ്ക് എന്നു വച്ചാൽ നാട്ടിൽ ചിലർ ചെയ്യുന്ന പോലെ കിട്ടുന്ന എല്ലാ പഴന്തുണിയും കോണകം പോലെ മൂക്കിനു കീഴെ, താടിയെ പൊതിഞ്ഞു സംരക്ഷിക്കാൻ വേണ്ടി കെട്ടുന്ന പോലെയുള്ളതല്ല, നല്ല ഒന്നാം തരം എൻ 95 ആണ് വിതരണത്തിനു നൽകുക. ഒപ്പം മറ്റുമുൻകരുതലുകളും വാക്സിനേഷനും യു.എസ്, കോവിഡിന് എതിരായി സ്വീകരിക്കും. എന്നാൽ ചൈനയുടെ കാര്യം ഇതൊന്നുമല്ല. അവരിപ്പോഴും ഈ ജനങ്ങൾ കാരണമാണ് കോവിഡ് വർദ്ധിക്കുന്നത് അതുകൊണ്ട് എങ്ങാനും എവിടെങ്കിലും പോയി കോവിഡും പിടിപ്പിച്ചു വന്നാൽ, പണ്ടത്തെ ചില അമ്മമാർ മക്കൾ ഓടിക്കളിച്ചു വീണു മുട്ടു പൊട്ടിച്ചാൽ തൂക്കി എടുത്ത് മുതുകിനിട്ടു രണ്ടു പെടയ്ക്കുന്നതു പോലെ, അഹങ്കാരി, എങ്ങാണ്ട് തെണ്ടിത്തിരിഞ്ഞു കോവിഡും പിടിപ്പിച്ചു വന്നേക്കുന്നു എന്നു പറഞ്ഞ് നേരെ കോറൻറ്റൈൻ കേന്ദ്രത്തിലാക്കും. അതു പേടിച്ച്, വേലി നൂണ്ടു ചാടിയും പത്തായത്തിലൊളിച്ചും രക്ഷപ്പെടാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇനി, ലോകം മുഴുവൻ കുത്തിവെപ്പുകാര്യത്തിൽ വെരി വെരി പുവർ സർട്ടിഫിക്കറ്റുകൊടുത്ത ആഫ്രിക്കയിൽ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. അവിടെ കേസുകൾ കുറയുന്നുവെന്നു പുതിയ റിപ്പോർട്ടുകൾ. അപ്പോൾ ദാ വരുന്നു പുതിയ വാർത്ത അങ്ങ് ഹോങ്ങ്കോങ്ങിൽ നിന്ന്. അവിടത്തെക്കാര്യം നോക്കിയാലോ, അവിടെ പെറ്റ് ഷോപ്പുകളിൽ എലി വർഗ്ഗത്തിൽപ്പെടുന്ന ഓമന മൃഗങ്ങളിൽ ഡെൽറ്റ വേരിയൻ്റു കണ്ടെത്തിയതിനാൽ എല്ലാറ്റിനേം തട്ടിയേക്കാൻ തീരുമാനിച്ചു കഴിഞ്ഞു. പെറ്റ് ഷോപ്പുകൾക്കു താഴു വീണു. ഓമനിച്ചു വളർത്തി കുഞ്ഞുമക്കൾക്കൊപ്പം കളിച്ചു നടന്നവയെ ഒക്കെ വീട്ടുകാർ കൈയ്യൊഴിയേണ്ട സ്ഥിതി. മനുഷ്യരിലേക്കു പകരും എന്ന കാരണവും, സീറോ കോവിഡ് സിറ്റി ആകണം എന്ന നിലപാടും അങ്ങനെ ഓമനകളായ വളർത്തുമൃഗങ്ങളുടെ കാര്യത്തിലും ഒരു തീരുമാനമാക്കി. പണ്ടു പക്ഷിപ്പനി സമയത്തു കോഴി ഫാമുകളിൽ കൂട്ടക്കുരുതി കണ്ടു ശീലമായതുകൊണ്ട് ഇതും മനുഷ്യരങ്ങു സഹിക്കും അല്ലാതെ വേറെ വഴിയില്ലല്ലോ.

യു കെ എന്തു പറഞ്ഞാലും ഡബ്ലിയു എച്ച് ഒ ഇപ്പോഴും പറയുന്നത്. സൂക്ഷിക്കണം എന്നു തന്നെയാണ്. അതു മാത്രമോ പുതിയ ഒമി അവതാരം കാഴ്ചയിൽ വാമനനാണെങ്കിലും ചിലപ്പോൾ ജീവൻ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്താനും മതി. അതു കൊണ്ടു സൂക്ഷിച്ചാ നിങ്ങൾക്കു കൊള്ളാം എന്ന ലൈനിലാണ് അവരുടെ പത്ര പ്രസ്ഥാവനകൾ. പക്ഷേ ഉള്ളതു പറയാമല്ലോ പഴയതുപോലുള്ള ഒരു ഗുമൊന്നുമില്ല ടിയാൻ്റെ പത്രസമ്മേളന പ്രസ്ഥാവനകൾക്ക്. മാരകമാണ് എന്ന് ആസ്ഥാനത്തിരുന്നു ലോകാരോഗ്യക്കാർ പറയുമ്പോൾ രണ്ടു വട്ടം കോവിഡ് വന്നു പോയ, രണ്ടു വാക്സിനും പിന്നെ നാലു ബൂസ്റ്ററും എടുത്തവർ ഒന്നു കുലുങ്ങിച്ചിരിക്കും. പിന്നെ ഒന്നുണ്ട് ഈ ആക്കിയ ചിരി ചിരിക്കാൻ മേൽപ്പറഞ്ഞ കുത്തിവയ്പ്പും, ബൂസ്റ്റർ ഡോസ് പരിരക്ഷയും വേണമെന്നു മാത്രം.

അപ്പോൾ ഇനി ഉത്തരം കൊടുക്കാമല്ലേേേ കൊറോണയ്ക്ക്?
യുകെയിലെപ്പോലെ വാക്സിനേഷൻ പൂർത്തി ആയിരുന്നുവെങ്കിൽ നമുക്കും പറയാമായിരുന്നു,
"ഒന്നു പോടേ.... നിൻ്റെ മെരട്ട് ദാ ഈ ഒന്നു രണ്ടു മാസം കൂടി മതി. വിട്ടോണം ഈ ഭൂമീന്ന്. അല്ല പിന്നെ." എന്ന്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക